Friday, April 24, 2020

നുണശാലയും ഡാറ്റാ വിവാദവും

കോവിഡ് –-19ന്റെ വ്യാപന അപകടത്തിൽനിന്ന്‌ കേരളം മോചിതമായിട്ടില്ല. എന്നിട്ടും എൽഡിഎഫ് സർക്കാരിനെതിരെ നുണഫാക്ടറി സ്ഥാപിച്ച് വ്യാജ വിവാദ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത് പ്രതിപക്ഷത്തെ ഒരുവിഭാഗം വിനോദമായി സ്വീകരിച്ചിരിക്കുകയാണ്. പകർച്ചവ്യാധി പടർന്ന് മനുഷ്യർ മരിച്ചുവീണാലും വേണ്ടില്ല എൽഡിഎഫ് ഭരണത്തിന് അവസാനമുണ്ടാകണം, മുഖ്യമന്ത്രി പിണറായി വിജയന്റെ ജനസ്വീകാര്യത ഇല്ലാതാക്കണം. അത്തരമൊരു ഹീനരാഷ്ട്രീയത്തിലാണ് കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തെ ഒരുവിഭാഗം.

അത്തരക്കാരുടെ അധികാര ആർത്തിക്ക് കടിഞ്ഞാൺ ഇടുന്നതിനല്ല, കള്ളുകുടിച്ച കുരങ്ങന് ഇഞ്ചികൂടി കൊടുക്കുന്ന തരം പണിയാണ് ഇവിടത്തെ ഒരുവിഭാഗം മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരെല്ലാം ചേർന്ന് തട്ടിക്കൂട്ടി കെട്ടിപ്പൊക്കിയിരിക്കുന്നതാണ് ‘ഡാറ്റാ വിവാദം'. ഇവരുടെ ശബ്ദഘോഷത്തിൽ വീണുപോകുന്ന നിഷ്‌‌പക്ഷമതികളും നിഷ്കളങ്കരുമുണ്ട്. എന്നാൽ, വൈകാതെ ഇവരെല്ലാം സത്യം മനസ്സിലാക്കും. ഒരുവർഷം കഴിഞ്ഞ് ആരു ഭരിക്കും, ആരുടെ മുന്നണി അധികാരത്തിൽ വരും എന്നത് അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലത്തിന് വിട്ടുകൊടുക്കുക. ഇപ്പോൾ മരണ വൈറസിന്റെ ആക്രമണത്തിൽനിന്ന്‌ ജനജീവൻ രക്ഷിക്കുന്നതിന് കേരളം ഒന്നായി നിൽക്കുക. ഇതാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം.

എന്നാൽ, എൽഡിഎഫ് സർക്കാരിനെ താഴ്ത്തിക്കെട്ടുന്നതിന് നുണശാലയിൽനിന്ന്‌ ദിനംപ്രതി ആരോപണങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് സർക്കാർ നടപടിയെ സിപിഐ എം കേന്ദ്രനേതൃത്വം തള്ളിയെന്നും എൽഡിഎഫിനുള്ളിൽ വിള്ളലുണ്ടെന്നും എല്ലാമുള്ള അസംബന്ധവാർത്തകൾ. രോഗവ്യാപനം തടയുന്നതിന് രോഗികളുടെയും സമ്പർക്കത്തിലുള്ളവരുടെയും വിവരങ്ങൾ വേഗത്തിലും കൃത്യമായും വിലയിരുത്തേണ്ടതുണ്ട്. അതിന് അമേരിക്കൻ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്പ്രി‌ങ്ക്‌ളർ കമ്പനിയുടെ സാങ്കേതികവിദ്യ സൗജന്യമായി സംസ്ഥാന സർക്കാർ ഉപയോഗപ്പെടുത്തി. ഇതിനെ വലിയൊരു പാതകമായും ഭൂമികുലുക്കമായും പ്രതിപക്ഷവും അവരെ പിന്തുണച്ച് ഒരുവിഭാഗം മാധ്യമങ്ങളും ചിത്രീകരിക്കുകയാണ്. ഇത് ഒരുവിഭാഗം ജനങ്ങളിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, കൊറോണ വ്യാപനകാലത്തെ സർക്കാർ ഇടപെടലിലെ മേൻമയും പ്രതിപക്ഷരാഷ്ട്രീയ പ്രവർത്തനത്തിലെ വഴിതെറ്റലും മാധ്യമങ്ങൾ പുലർത്തേണ്ട മിതത്വം ലംഘിക്കുന്നതുമെല്ലാം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം എ കെ ജി സെന്ററിൽ ചേർന്നു വിലയിരുത്തുകയും അതൊരു പ്രസ്താവനയായി പുറപ്പെടുവിക്കുകയും ചെയ്തു.

സ്പ്രിങ്ക്ളറുമായി സൗജന്യസേവനത്തിന് കരാറുണ്ടാക്കിയ സർക്കാർ നടപടിയെ സെക്രട്ടറിയറ്റ് യോഗം അംഗീകരിച്ചു. ലോകത്തിനു മാതൃകയാകുന്നവിധത്തിൽ കേരളത്തെ മാറ്റിയ എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങളെ സെക്രട്ടറിയറ്റ് പിന്തുണച്ചു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ സ്വീകരിക്കേണ്ടിവരും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനംതന്നെ പരിമിതപ്പെട്ടിരിക്കുന്ന അവസരത്തിൽ കാലതാമസം ഒഴിവാക്കാൻ സാങ്കേതിക നടപടിക്രമങ്ങൾ മറികടക്കേണ്ടിവരും. അതുപോലെ വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ വ്യക്തിവിവരങ്ങൾ ശേഖരിച്ച് രോഗവ്യാപനം തടയുന്നതിനായി ഉപയോഗിക്കേണ്ടിവരുമെന്നും പാർടി സെക്രട്ടറിയറ്റ് വിലയിരുത്തി. സർക്കാർ സ്വീകരിച്ച എല്ലാ നടപടിയും സാധാരണനില പുനഃസ്ഥാപിച്ചശേഷം വിശദമായി പരിശോധിച്ച് അനുഭവങ്ങൾ സ്വാംശീകരിക്കുകയും ഭാവിപ്രവർത്തനങ്ങൾക്ക് പാഠം ഉൾക്കൊള്ളുകയും ചെയ്യാനും പാർടി നിശ്ചയിച്ചു.

തോന്നുംപടി നുണവാർത്തകൾ

എന്നാൽ, ഈ പ്രമേയത്തെയും പാർടി നിലപാടിനെയും വക്രീകരിക്കാൻ ചില മാധ്യമങ്ങളും ചില കേന്ദ്രങ്ങളും ഉത്സാഹിച്ചു. പാർടി സെക്രട്ടറിയറ്റിന്റെ തീരുമാനം ഇടതുപക്ഷത്തിന്റെ ദേശീയ രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഇക്കൂട്ടരുടെ നിരീക്ഷണം. അത്തരമൊരു നിഗമനത്തിലെത്താൻ ഒരു പത്രം സ്വീകരിച്ച വിലയിരുത്തൽ വിചിത്രമാണ്. നാല്‌ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അസാധാരണ സാഹചര്യത്തിൽ വ്യക്തിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം ഇല്ലെന്ന നിലപാട് എടുത്തെന്നാണ് എഴുതിപ്പിടിപ്പിച്ചത്. ഇതിലൂടെ വ്യക്തിയുടെ സ്വകാര്യവിവരങ്ങൾ വിദേശത്തേക്ക് മറിച്ചുവിൽക്കപ്പെടുന്നതിന് സിപിഐ എമ്മും എൽഡിഎഫ് സർക്കാരും അനുകൂലമാണെന്ന ധ്വനിയാണ് നൽകിയിരിക്കുന്നത്. ഇത് അസംബന്ധമാണ്.

കൊറോണക്കാലം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും മാർക്സിസം –- ലെനിനിസത്തിന്റെയും പ്രസക്തി വർധിപ്പിച്ചിരിക്കുകയാണ്. നവ ഉദാരവൽക്കരണ സാമ്പത്തികനയമാണ് അമേരിക്കയുടെ നേതൃത്വത്തിൽ ലോകത്തെമ്പാടുമുള്ള മുതലാളിത്ത രാജ്യങ്ങൾ സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി പൊതുജനാരോഗ്യ രംഗങ്ങളിലുൾപ്പെടെ സർക്കാർ ഇടപെടൽ ദുർബലമാക്കി. ഇതിന്റെ ദുരന്തം അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ നേരിടുകയാണ്. ജനങ്ങൾ കൂട്ടത്തോടെ കൊറോണ വന്ന് മരിച്ചുവീണപ്പോൾ ചികിത്സിക്കാൻ ലാഭക്കൊതി തീണ്ടാത്ത ആശുപത്രികൾ ഇല്ലാത്തത് സ്പെയിനിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. അതേതുടർന്ന് ആശുപത്രികൾ സ്പെയിൻ സർക്കാർ ദേശവൽക്കരിച്ചു. കോവിഡ് –-19നെ പ്രതിരോധിക്കുന്നതിന് മതിയായ ആരോഗ്യസംവിധാനങ്ങൾ ഇല്ലാതെ മുതലാളിത്തലോകം വിറങ്ങലിച്ചുനിൽക്കുകയാണ്. എന്നാൽ, ചൈന, ഉത്തരകൊറിയ, ക്യൂബ, വിയറ്റ്നാം, ലാവോസ് തുടങ്ങിയ സോഷ്യലിസ്റ്റ് ഭരണക്രമമുള്ള രാജ്യങ്ങളും കമ്യൂണിസ്റ്റ് നേതൃഭരണമുള്ള കേരളവും വ്യത്യസ്തമായ അനുഭവം ലോകത്തിന് കാഴ്ചവച്ചു. ഇതിന്റെ ഫലമായി ഇവിടങ്ങളിൽ കോവിഡിന്റെ ആപത്ത് കുറയ്ക്കാനും മരണസംഖ്യ പിടിച്ചുനിർത്താനും കഴിഞ്ഞു. ഇതിന്റെയെല്ലാം ഫലമായി നവ ഉദാരവൽക്കരണ സാമ്പത്തികനയം കടലിൽ തള്ളാനുള്ള ആഹ്വാനം ലോകത്ത് എങ്ങുനിന്നും ഉയരുകയാണ്. ഇവിടെ പ്രസക്തമാകുന്നത് കമ്യൂണിസ്റ്റ് ആശയമാണ്. കോവിഡ് അനന്തരലോകം ചൂഷിതനും ചൂഷകനും ഇല്ലാത്തതാകണമെന്ന്‌ ഫ്രാൻസിസ് മാർപാപ്പ ഈസ്റ്ററിന്റെ വേളയിൽ പ്രകടിപ്പിച്ച ആഗ്രഹം വെറുതെയല്ല. ഇങ്ങനെയെല്ലാം കമ്യൂണിസ്‌റ്റ്‌ ആശയഗതിക്ക്‌ വ്യാപക സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തിലാണ് എൽഡിഎഫ് സർക്കാരിന്റെ യശസ്സ് ചോർത്താൻ വലതുപക്ഷ രാഷ്ട്രീയക്കാർ നുണക്കഥകളുമായി ഇറങ്ങിയിരിക്കുന്നത്.

സ്പ്രിങ്ക്ളർ സേവനം മുന്നൊരുക്കത്തിന്റെ ഭാഗം

കോവിഡ് –-19നെ തടയുന്നതിൽ കേരളം വിജയിച്ചത് സ്പ്രിങ്ക്ളർ വന്നതുകൊണ്ടാണെന്ന അവകാശവാദം സർക്കാർ നടത്തിയെന്ന ആക്ഷേപം ചില പ്രതിപക്ഷനേതാക്കൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് അവരുടെ നുണ ഫാക്ടറിയിലെ മറ്റൊരു ഉൽപ്പന്നമാണ്.  കോവിഡ് യുദ്ധത്തിൽ വലിയൊരു അളവിൽ കേരളം വിജയിച്ചതിന്റെ ക്രെഡിറ്റ് ജനങ്ങൾക്കുള്ളതാണെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും ആശാ വർക്കർമാരും പൊലീസും അഗ്നിരക്ഷാസേനക്കാരും സർക്കാർ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും അടച്ചുപൂട്ടലിന് വിധേയരായവരുമെല്ലാം ഉൾപ്പെടുന്നതാണ് ഈ ജനങ്ങൾ. ഇവരെയെല്ലാം ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ചെയ്തത് മഹത്തായ കാര്യമാണ്. രോഗം വന്നവരെ നിരീക്ഷിക്കാനും രോഗം വരാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് സ്പ്രിങ്ക്ളർ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പും സി‐ഡിറ്റും അവരുടെ പ്രവർത്തനത്തിന്  ഇവരുടെ സഹായം സ്വീകരിച്ചു.

സ്പ്രിങ്ക്ളർ ഒരു ബിഗ് ഡാറ്റാ അനലൈസിങ്‌ കമ്പനിയാണ്. കേരളത്തിൽ 80 ലക്ഷം കോവിഡ് കേസുകൾവരെ എത്തിയാലും സൂക്ഷ്മമായ വിവരവ്യാഖ്യാനം നടത്തണം. അതിനെ മൾട്ടിപ്പിൾ മീഡിയ ഡാറ്റ, വാട്‌സാപ്‌, ഫെയ്സ്ബുക്ക് തുടങ്ങി ഇപ്പോൾ നാട്ടിൽനിന്ന്‌ ശേഖരിച്ച ചോദ്യങ്ങളിലെ വിവരങ്ങൾവരെ ഏകോപിപ്പിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഓരോ പ്രദേശത്തെയും രോഗവ്യാപനം തടയാനുള്ള വിവരം കിട്ടണം. അതിനെ അമേരിക്കൻ മലയാളിയുടെ കമ്പനിയുടെ സാങ്കേതികവിദ്യക്ക്‌ സഹായം നൽകാൻ കഴിയുമെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യസംഘടനയുടെ പ്രവർത്തനങ്ങളിൽവരെ പങ്കാളിയായ ഈ കമ്പനി 16,000 കോടി രൂപയുടെ ആസ്തിയുള്ളതാണ്. സ്വകാര്യവിവരങ്ങൾ പുറത്തുവിടില്ലെന്ന ഉറപ്പിൽ പ്രവർത്തിക്കുന്ന കമ്പനിയുമാണ്. അത്തരമൊരു സ്ഥാപനം കേരളത്തിൽനിന്നു ലഭിച്ച വിവരങ്ങൾ വിറ്റ് കാശാക്കിയാൽ ആ കമ്പനി എന്നെന്നേക്കുമായി പൂട്ടപ്പെടും.

വിദേശ കമ്പനിയെ സോഫ്ട്‌‌വെയർ കാര്യങ്ങളിൽ പങ്കാളിയാക്കുന്നത് മഹാ അപരാധമാണെങ്കിൽ എഐസിസിയും രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകളും കേന്ദ്രസർക്കാരുമൊക്കെ പ്രതിക്കൂട്ടിലാകില്ലേ! അമേരിക്കൻ കമ്പനിയായ ടാബ്ലോയുമായാണ് രാജസ്ഥാൻ സർക്കാർ കരാറിലേർപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ ചെന്നിത്തല കോടതിയിൽ പോകുമോ.

മഹാമേരുവിനെ ചിതൽപ്പുറ്റാക്കാനും കുഴിയാനയെ കൊമ്പനാന ആക്കാനുമുള്ള ചെപ്പടിവിദ്യയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന അപവാദവ്യവസായം. ഇക്കൂട്ടത്തിലാണ് കൊറോണ രോഗവുമായി ബന്ധപ്പെട്ട്‌ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ ബഹുരാഷ്ട്രമരുന്നു കമ്പനികൾക്ക് വിറ്റ് കാശുണ്ടാക്കുന്നുവെന്ന ചെന്നിത്തലയുടെയും കൂട്ടരുടെയും ആക്ഷേപം. ലോകം ഭയക്കുന്ന മരണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ഒറ്റമൂലി കേരളത്തിലെ രോഗബാധിതരായ 400ൽ താഴെ പേരുടെ വ്യക്തിവിവരങ്ങളാണെന്ന നിഗമനം അത്ഭുതകരംതന്നെ. ഏതു ഘട്ടത്തിലാണെങ്കിലും ഒരാളുടെയും വ്യക്തിവിവരം ചോരാൻ പാടില്ലെന്നതാണ് സിപിഐ എം നയം. അതിന് എൽഡിഎഫ് സർക്കാർ പ്രാധാന്യം നൽകുന്നു. അതുകൊണ്ടാണ് സ്പ്രിങ്ക്ളറിന്റെ ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾത്തന്നെ അതിന്റെ പൂർണനിയന്ത്രണം സംസ്ഥാന സർക്കാർ സ്ഥാപനമായ സി‐ഡിറ്റിനെ ഏൽപ്പിച്ചത്. അതിനാൽ ഡാറ്റ ചോരുന്ന പ്രശ്നമില്ല. ഡാറ്റ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണെന്നും അത് രാജ്യത്തെ സെർവറുകളിൽ സൂക്ഷിക്കുമെന്നും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും നിലവിലുള്ള കരാറിൽത്തന്നെ വ്യവസ്ഥയുണ്ടാക്കി. വിവരങ്ങൾ നൽകുന്നവരോട് ഡാറ്റ എന്തിനൊക്കെ ഉപയോഗിക്കുമെന്ന് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് പ്രതിപക്ഷം സംസ്ഥാന സർക്കാരിനും വിശിഷ്യാ മുഖ്യമന്ത്രിക്കുമെതിരെ ആക്ഷേപം പ്രചരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ ചെന്നിത്തലയ്ക്ക് കൂട്ടായി രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ റേഷൻ കാർഡ് വിവരങ്ങളും ചോർന്നുവെന്ന വ്യാജ ബ്രേക്കിങ്‌ ന്യൂസും കോൺഗ്രസ് നേതാക്കളുടെ വാർത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളിൽ ഇടംകണ്ടു. റേഷൻ കാർഡ് സംബന്ധിച്ച വിവരങ്ങളൊന്നും ചോർന്നിട്ടില്ല. എന്നിട്ടും അപവാദങ്ങളുടെ മൺകോട്ട കെട്ടുന്നതിന് ഒരു മനഃസാക്ഷിക്കുത്തും ഇല്ല. കോവിഡ് പ്രതിരോധയുദ്ധത്തിൽ സമാനതകളില്ലാത്ത ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിന് സിപിഐ എം കേന്ദ്ര–-സംസ്ഥാന ഘടകങ്ങൾ കലവറയില്ലാത്ത പിന്തുണയാണ് നൽകുന്നത്. എന്നിട്ടും സ്പ്രിങ്ക്ളർ കരാറിനെ പാർടി കേന്ദ്രനേതൃത്വം തള്ളിയെന്ന വ്യാജവാർത്ത മനോരമ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അത് അറിഞ്ഞുകൊണ്ട് സൃഷ്ടിച്ച വ്യാജവാർത്തയാണ്. ആ വാർത്ത തള്ളി പാർടി പൊളിറ്റ്ബ്യൂറോ പ്രസ്താവന പുറപ്പെടുവിച്ചു.

കോവിഡിനെ പ്രതിരോധിക്കുന്നതിൽ മാത്രമല്ല, ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും എൽഡിഎഫ് സർക്കാരിന്റെ നടപടികൾ ഇന്ത്യയും ലോകവും അംഗീകരിക്കുകയാണ്. ഇത് കാരണം വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ എൽഡിഎഫിനെ വലിയതോതിൽ പിന്തുണയ്ക്കുമെന്നു കണ്ടാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർടികളും സർക്കാർ വിരുദ്ധപ്രചാരണത്തിന് ആക്കംകൂട്ടിയിരിക്കുന്നത്. പക്ഷേ, ഇത് മരണ വൈറസിനെ തോൽപ്പിക്കുന്നതിനുള്ള വേളയാണെന്ന തിരിച്ചറിവ് ഇക്കൂട്ടർക്ക് നൽകുന്നതിനു പകരം അവർക്ക് ഊർജംപകരുന്ന വ്യാജവാർത്തകൾ പടയ്ക്കുന്നത് കോവിഡ് വിരുദ്ധ പ്രവർത്തനത്തെ ദുർബലപ്പെടുത്തലാണ്. ഈ തിരിച്ചറിവ് മാധ്യമങ്ങൾക്കും ഉണ്ടാകണം.

കോടിയേരി ബാലകൃഷ്ണൻ

No comments:

Post a Comment