Saturday, April 25, 2020

വിവാദത്തിനു പിന്നിൽ ചിലരുടെ അജൻഡകൾ - ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

എന്താണ്  സ്‌പ്രിങ്ക്‌ളർ  ഇടപാട്

കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ശേഖരിക്കുന്ന ആരോഗ്യവിവരങ്ങൾ കംപ്യൂട്ടർ സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് ഒരു മൊബൈൽ ആപ്ലിക്കേഷനും അത്‌ വിശകലനം ചെയ്യാനുള്ള  ക്ലൗഡ് സോഫ്റ്റ് വെയറും ഐടി വകുപ്പ്‌  സംഭാവനയായി സ്വീകരിച്ചു.  ഇതാണ് ഒറ്റവാക്യത്തിൽ സ്‌പ്രിങ്ക്‌ളർ ഇടപാട്.

ആരാണ് സ്‌പ്രിങ്ക്‌ളർ

വൻവിവര സഞ്ചയങ്ങൾ വിശകലനം ചെയ്യുന്ന സോഫ്റ്റ് വെയറുകളും സേവനങ്ങളും നൽകുന്ന ലോകത്തെ പ്രധാന കമ്പനികളിൽ ഒന്നാണ് സ്‌പ്രിങ്ക്‌ളർ. അതിന്റെ സിഇഒ മലയാളിയാണ്. ഇതുപോലുള്ള കമ്പനികളെ കേരളത്തിലേക്ക് കൊണ്ടുവരാൻ നമ്മുടെ ഐടി വകുപ്പ്‌ പരിശ്രമം നടത്തിവരികയായിരുന്നു. ഒരു ഡസനിലേറെ കമ്പനി കേരളത്തിൽ വന്നുകഴിഞ്ഞു.  കോവിഡ് പ്രതിസന്ധിയിൽ സൗജന്യമായി നമ്മെ സഹായിക്കാനാണ്‌ സ്‌പ്രിങ്ക്‌ളർ‌ മുന്നോട്ടുവരുന്നത്.

സർക്കാരിന് ഇത്  നേരിട്ട്‌ ചെയ്തുകൂടേ

സ്‌പ്രിങ്ക്‌ളർ പോലെയുള്ള കമ്പനിയുടെ സേവനം ആവശ്യമുണ്ടെന്നാണ് കേരളത്തിലെ ഐടി വകുപ്പ്‌  തീരുമാനിച്ചത്. അവരാണ് ഈ തീരുമാനമെടുക്കാൻ യോഗ്യരും  ചുമതലപ്പെട്ടവരും. ഇത് നമ്മൾ സ്വയമുണ്ടാക്കാൻ ശ്രമിച്ചാൽ  നീണ്ടനാൾ സമയമെടുക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ, നമുക്ക് ഇക്കാര്യം വച്ചുതാമസിപ്പിക്കാനും പാടില്ല. കോവിഡ് സംബന്ധിച്ച വിവരങ്ങൾ വിശകലനംചെയ്ത്‌ അടിയന്തരമായി ഉത്തരങ്ങൾ  കിട്ടിയേ തീരൂ.

ഇതിന് ടെൻഡർ വിളിച്ചോ

സംഭാവന വാങ്ങിക്കാൻ  ടെൻഡർ വിളിക്കേണ്ട. 15,000 രൂപയിൽ താഴെയുള്ള ഒരു പർച്ചേസിനും ടെൻഡർ വിളിക്കേണ്ടതില്ല. ഫിനാൻസ് വകുപ്പിന്റെ  അനുവാദവും വേണ്ടാ.

ആറു മാസം കഴിഞ്ഞ്‌ സേവനത്തിന് പണം കൊടുക്കേണ്ടിവരില്ലേ

ആറുമാസം കഴിഞ്ഞ്‌ നമുക്ക് താൽപ്പര്യമുണ്ടെങ്കിൽ  മാത്രം  ഈ സേവനം തുടർന്നാൽ  മതി. അപ്പോൾ  പർച്ചേസ് 15,000 രൂപയേക്കാൾ കൂടുതലാണെങ്കിൽ ഫയൽ ധനവകുപ്പിൽ  വരണം. ദീർഘകാല കരാറാണെങ്കിൽ  നിയമവകുപ്പിനെയും കാണിച്ച്‌ അഭിപ്രായങ്ങൾ തേടണം. ആറുമാസം കഴിഞ്ഞ്‌ ഇതുതന്നെ തുടരണമെന്ന്‌ ഒരു ബാധ്യതയും നമ്മൾ ഏറ്റെടുത്തിട്ടില്ല.

എന്തുകൊണ്ട്  നിയമവകുപ്പിന്റെ അംഗീകാരം  തേടിയില്ല

എന്തെല്ലാം  കാര്യങ്ങൾക്കാണ്  നിയമവകുപ്പിന്റെ മുൻ‌കൂർ അനുവാദം വാങ്ങേണ്ടതെന്ന്‌ സർക്കാരിന്റെ  ബിസിനസ് നടപടിച്ചട്ടങ്ങളിൽ പറഞ്ഞിട്ടുണ്ട്. അപ്രകാരം ഇത്തരത്തിൽ പർച്ചേസുകളുമായി ബന്ധപ്പെട്ട് വരുന്ന കരാറുകളിൽ  നിയമവകുപ്പിന്റെ  മുൻ‌കൂർ അനുവാദം തേടേണ്ടതില്ല. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കേണ്ട  കാര്യമേയുള്ളൂ. ഉത്തമബോധ്യത്തോടെ  ബന്ധപ്പെട്ട സെക്രട്ടറിമാർക്കുതന്നെ തീരുമാനമെടുക്കാം. ഉത്തരവാദിത്തം സെക്രട്ടറിക്ക് ആയിരിക്കുമെന്നു മാത്രം. ആ ഉത്തരവാദിത്തം ഏൽക്കുന്നുവെന്ന്‌ ഐടി സെക്രട്ടറി പറഞ്ഞിട്ടുമുണ്ട്.

സോഫ്റ്റ് വെയറും ആപ്ലിക്കേഷനും വാങ്ങുന്നതോടെ സ്‌പ്രിങ്ക്‌ളറിന്റെ  പങ്ക് തീർന്നോ

ഇല്ല,  അവർ ആപ്ലിക്കേഷനും സോഫ്റ്റ്‌വെയറുകളും നൽകുക മാത്രമല്ല ചെയ്യുന്നത്. നമ്മൾ നൽകുന്ന ഡാറ്റ വിശകലനം ചെയ്ത്‌ അതത് സമയത്തെ ആവശ്യങ്ങളനുസരിച്ചുള്ള റിപ്പോർട്ടുകൾ ലഭ്യമാക്കുകയും ചെയ്യും. അതുകൊണ്ടാണ് ഇവരെ സോഫ്റ്റ്‌വെയർ സേവനദാതാവ് എന്നുവരെ വിളിക്കുന്നത്. ഭീമൻ ബഹുരാഷ്ട്ര കമ്പനികളും ലോകാരോഗ്യസംഘടന പോലുള്ള സ്ഥാപനങ്ങളും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നു. ഇവയൊക്കെ സ്വയം  ചെയ്യുന്നതിനേക്കാൾ ചുരുങ്ങിയ ചെലവിലും സമയത്തിനുള്ളിലും ആവശ്യങ്ങൾ സാധിക്കാൻ  കഴിയുമെന്നതാണ് ഒരു സേവനം വാങ്ങുമ്പോഴുള്ള ഗുണം.

നമ്മൾ നൽകുന്ന നടപടികൾ സ്വീകരിച്ചു. അവർക്ക്  ദുരുപയോഗപ്പെടുത്തിക്കൂടേ

ഡാറ്റ ദുരുപയോഗത്തിനെതിരെ  ജാഗ്രത പുലർത്തേണ്ടതുണ്ട്. എന്ത് സോഫ്റ്റ്‌വെയർ വാങ്ങുമ്പോഴും  അത് വിൽക്കുന്നയാളും വാങ്ങുന്നയാളും തമ്മിൽ  ഇതെല്ലാം സംബന്ധിച്ച വ്യവസ്ഥകളുണ്ട്. ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് എടുക്കുമ്പോൾ  പോലും ഇത്തരമെരു കരാറിൽ ഏർപ്പെടുന്നു. ഐടി വകുപ്പ്‌ ഇത്തരത്തിൽ വ്യവസ്ഥകൾ  പരിശോധിച്ച് ഡാറ്റാ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തി.

ഡാറ്റായുടെ ഉടമസ്ഥത കേരള സർക്കാരിന് ആയിരിക്കും, നമ്മൾ ആവശ്യപ്പെട്ട കാര്യത്തിനല്ലാതെ  മറ്റൊന്നിനും  ഇത് ഉപയോഗിക്കാൻ പാടില്ല. ഇത് ചോരുകയോ അന്യരുടെ കൈകളിൽ എത്തുകയോ ചെയ്താലും, എന്ത്  വീഴ്ചവന്നാലും  സ്‌പ്രിങ്ക്‌ളർ ആയിരിക്കും ഉത്തരവാദി. കരാറിന്റെ  കാലാവധി കഴിഞ്ഞാൽ ശേഖരിച്ച എല്ലാ ഡാറ്റായും സ്റ്റോറേജിൽ നിന്നു നീക്കണം. ഇതിൽക്കൂടുതൽ നിബന്ധനകൾ വേണമെന്ന് ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അതും ചെയ്യാം.

എന്തിനാണ് അമേരിക്കൻ നിയമത്തിനു കീഴിൽ  തർക്കപരിഹാരം സമ്മതിച്ചത് 

വളരെ കർശനമായ നിയമങ്ങളാണ് അമേരിക്കയിലും യൂറോപ്പിലും ഇക്കാര്യത്തിലുള്ളത്, നിയമങ്ങളുടെ ലംഘനത്തിന്  ഒരു കമ്പനി ആഗോള വിറ്റുവരുമാനത്തിന്റെ  നാലു ശതമാനം 20 ദശലക്ഷം  യൂറോ ഏതാണോ വലുത്  അത്രയും പിഴ അടയ്‌ക്കേണ്ടിവരും. അമേരിക്കയിലും  സമാനമായ  നിയമങ്ങൾ നിലവിലുണ്ട്. സാധാരണ  ഇങ്ങനെയൊരു കേസ് വന്നാൽ കമ്പനിതന്നെ പൂട്ടിപ്പോകും. അതുകൊണ്ട് അമേരിക്കയിൽ കേസ് നടത്തുന്നതിനെ ക്കുറിച്ച് പ്രയാസപ്പെടേണ്ടതില്ല. ഡാറ്റാ ചോർച്ചയുണ്ടെന്ന് തെളിവുണ്ടെങ്കിൽ അവിടെയുള്ള  അഭിഭാഷകർ  നമ്മുടെ കേസ്  ഏറ്റെടുക്കും.

ഇക്കാര്യത്തിൽ ഇന്ത്യൻ നിയമമൊന്നും ബാധകമല്ലേ 

ഇന്ത്യയിൽ ബിസിനസ് ചെയ്യുന്ന ഏതൊരു കമ്പനിക്കും  ഇന്ത്യൻ നിയമങ്ങൾ  ബാധകമാണ്. അതുകൊണ്ടാണ് ഇന്ത്യൻ നിയമവ്യവസ്ഥയിൽ പറയുന്നതുപോലെ അവരുടെ മാസ്റ്റർ എഗ്രിമെന്റിൽ ഡാറ്റ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന നിബന്ധന ഉൾപ്പെടുത്തിയത്. വിശകലനം ചെയ്യുന്ന ഡാറ്റ മുഴുവൻ സർക്കാർ സ്ഥാപനമായ സി–-ഡിറ്റിന്റെ  ക്ലൗഡ് അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്.

എന്തിനാണ് സി ഡിറ്റ് ആമസോണിന്റെ  ക്ലൗഡ് അക്കൗണ്ട് എടുത്തിരിക്കുന്നത്

വിവരങ്ങൾ സൂക്ഷിക്കാനുള്ള സെർവറുകൾ നമ്മുക്ക് പരിചിതമാണല്ലോ. ഇങ്ങനെയുള്ള ഭീമൻ സർവറുകളുടെ ഒരു നിരയാണ് ക്ലൗഡ്. ഇവിടെ സ്റ്റോറേജ്  സ്‌പേസും പ്രോസസിങ്‌ ശേഷിയും  നമുക്ക് വാടകയ്ക്ക് എടുക്കാം. ഡാറ്റ  സൂക്ഷിക്കുകയും  വിശകലനം ചെയ്യുകയും ചെയ്യാം. നമ്മൾതന്നെ ഇത്രയും വലിയ സ്റ്റോറേജ് സൗകര്യങ്ങളൊരുക്കാനും  ഭീമൻ  കംപ്യൂട്ടർ പ്രോസസിങ്‌ ശേഷിയുണ്ടാക്കാനും വേണ്ട സജ്ജീകരണങ്ങൾക്ക്‌ വേണ്ടിവരുന്നതിന്റെ വളരെ ചെറിയ ചെലവേ ക്ലൗഡിൽ വാടകയ്ക്ക് എടുക്കാൻ വേണ്ടിവരുന്നുള്ളൂ.

ക്ലൗഡ് സൗകര്യങ്ങൾ ഇന്ത്യയിൽ എൻഐസിക്ക്  ഉൾപ്പെടെയുണ്ട്. കോവിഡ്–- 19 പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ ബിഗ് ഡാറ്റാ അനലറ്റിക്സ് ടൂളുകൾ അവരുടെ പക്കലുണ്ടെന്നതിന് ഉറപ്പില്ലെന്നാണ് നമ്മുടെ വിലയിരുത്തൽ. അതുണ്ടാക്കാൻ കാലതാമസമെടുക്കും.  അത്രയും കാത്തിരിക്കാൻ കഴിയില്ല.

എന്തിനാണ് സ്‌പ്രിങ്ക്‌ളറുടെ ഇന്ത്യൻ അക്കൗണ്ടിൽ ആദ്യഘട്ടത്തിൽ അപ്‌ലോഡ്  ചെയ്തത്

ഉത്തരം ലളിതമാണ്. സി–-ഡിറ്റ്   വാങ്ങിയ  ക്ലൗഡ് അക്കൗണ്ടിൽ വേണ്ട ക്രമീകരണം വരുത്തുന്നതിനുവേണ്ട സമയത്തേക്ക് മാത്രമാണ് സ്‌പ്രിങ്ക്‌ളർ  അക്കൗണ്ട്  ഉപയോഗിച്ചത്.

ചോർച്ചയുണ്ടായിട്ടില്ലെന്ന്‌ എങ്ങനെ ഉറപ്പിക്കും

ചോർച്ചയെന്ന്‌ ആരോപിക്കുന്നവരല്ലേ തെളിവ് ഹാജരാക്കേണ്ടത്. ഡാറ്റ ചോരുന്നില്ലെന്ന്‌ എങ്ങനെയാണ് തെളിവ് ഹാജരാക്കുക. ഡാറ്റാ സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങൾ മുമ്പേ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എന്തുകൊണ്ടാണ് ഈ വിവാദം

പല കാരണങ്ങളുമുണ്ട്. ഇതിൽ തർക്കവിഷയമായി വന്ന പല കാര്യവും സംജ്ഞകളും സംബന്ധിച്ച് ഐടി മേഖലയിലുള്ളവർക്കേ ഒരുവിധം ധാരണയുള്ളൂ. അതിൽത്തന്നെ ക്ലൗഡിൽ  സ്പെഷ്യലൈസ് ചെയ്തവർക്കാണ്  ആധികാരികമായി എന്തെങ്കിലും പറയാൻ കഴിയുക. ഒരു ഡസനെങ്കിലും സാങ്കേതികവിദഗ്‌ധർ സോഷ്യൽ മീഡിയയിലും ബ്ലോഗുകളിലുമൊക്കെ എഴുതിയത്  വായിച്ചുകഴിഞ്ഞാണ് എനിക്കും ഇതിലെ സാങ്കേതികത്വമൊക്കെ പിടികിട്ടിയതുതന്നെ. ഈ ധാരണക്കുറവ് പലരുടെ ചർച്ചയിലും പ്രതിഫലിക്കുന്നുണ്ട്. പൊതുജനത്തിന്റെ  ഈ ധാരണക്കുറവ് മുതലാക്കാൻ ചില നിക്ഷിപ്‌ത താൽപ്പര്യക്കാരും കളത്തിലിറങ്ങി. അവർക്കും  ഇതേക്കുറിച്ചൊന്നും വലിയ വിവരമില്ലെന്നു വ്യക്തമാണ്. മുഖ്യമന്ത്രി  ‘മാധ്യമ സിൻഡിക്കേറ്റ്' എന്നു ഭംഗ്യന്തരേണ സൂചിപ്പിച്ച ചില കുബുദ്ധികൾ  നല്കിയ രേഖകളും വിവരങ്ങളും ആവർത്തിക്കുക മാത്രമാണ് ഇവരൊക്കെ ചെയ്തത്. ഇതിനൊക്കെ പിന്നിൽ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങളാണ്. നാടിന്റെ സുരക്ഷിതത്വമോ  മഹാമാരിയുടെ പ്രതിരോധമോ അല്ല.

ഡാറ്റാ സ്വകാര്യത പ്രശ്നമില്ലേ

യഥാർഥത്തിൽ ഇതാണ് ഗൗരവമായ പ്രശ്നം. രോഗികളോട് വിവരങ്ങൾ ശേഖരിക്കുമ്പോൾ  ഇത് അവരുടെ ചികിത്സയ്ക്കും രോഗവ്യാപനം തടയുന്നതിനുമാണെന്ന് വ്യക്തമാക്കുന്നുണ്ട്. അഞ്ചുതരം വിവരമാണ് ഇപ്പോൾ നല്കുന്നത്. അതിൽ നാലെണ്ണവും വ്യക്തികളോ അവരുടെ ബന്ധുക്കളോ അപ്‌ലോഡ് ചെയ്യുന്നതാണ്. അപ്പോൾ തന്നെ അവർ അതിന് സമ്മതപത്രവും നല്കുന്നുണ്ട്. ഇനി ഒരുവിഭാഗം ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ ഇരിക്കുന്നവരെ സന്ദർശിക്കുമ്പോൾ ശേഖരിക്കുന്നതാണ്. അതിനുംകൂടി സമ്മതപത്രം വാങ്ങണമെങ്കിൽ ചെയ്യാവുന്നതേയുള്ളൂ.

ഒന്ന് ആലോചിക്കുക. മഹാമാരിയെ പ്രതിരോധിക്കുന്നതിനുവേണ്ടി പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം, വിശ്വാസസംബന്ധിയായ അവകാശങ്ങൾ, തൊഴിൽ ചെയ്യാനുള്ള അവകാശം തുടങ്ങിയ കാര്യങ്ങളിൽ എത്രയെത്ര  നിയന്ത്രണങ്ങളാണ് നമ്മൾ കൈക്കൊണ്ടത്. ഇത് അസാധാരണമായ കാലഘട്ടമാണ്. അസാധാരണമായ നിലപാടുകളും നടപടികളും ഈ സമയത്ത് വേണ്ടിവരും.

വിവാദം നീണ്ടാലുള്ള പ്രത്യാഘാതം

ഇത് ഈ മഹാമാരിക്കെതിരായ കേരളത്തിന്റെ  പ്രതിരോധത്തെ ദുർബലപ്പെടുത്തും. നമ്മൾ ഇതുവരെ കണ്ടതിനേക്കാൾ  വലിയൊരു ആപത്തിനെ നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നുവെന്നാണ് സർക്കാരിന്റെ അഭിപ്രായം. അഞ്ചു ലക്ഷത്തോളം വരുന്ന; വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും ഇവിടേക്ക് എത്താൻ പോകുന്ന മലയാളികളെ മുഴുവൻ ക്വാറന്റൈൻ ചെയ്യണം. 30 ലക്ഷത്തോളം വരുന്ന പ്രായം ചെന്നവരെയും തീവ്രരോഗങ്ങൾ ഉള്ളവരെയും വീടുകളിൽത്തന്നെ നിരീക്ഷണത്തിലാക്കണം. ഇവ ഉറപ്പുവരുത്തിക്കൊണ്ട്  ആരോഗ്യമുള്ളവരെക്കൊണ്ട് സമ്പദ്ഘടന ചലിപ്പിക്കണം. അവരെയും നിരന്തരം നിരീക്ഷിക്കണം. ഇതിന് ബിഗ് ഡാറ്റാ അനലിറ്റിക്സ് എന്നുപറയുന്ന സങ്കേതം അനിവാര്യമാണ്. നമ്മൾ ഇവിടെനിന്നു ശേഖരിക്കുന്ന വിവരങ്ങൾ  മാത്രമല്ല, ലോകാരോഗ്യസംഘടന കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ശേഖരിച്ച വലിയതോതിലുള്ള വിവരങ്ങളുണ്ട്. അവയെല്ലാം സമന്വയിപ്പിച്ച് ബിഗ് ഡാറ്റാ അനലിറ്റിക്‌സ് നടത്തിത്തന്നെ തീരുമാനങ്ങളെടുക്കണം. അതിന് സ്‌പ്രിങ്ക്‌ളർ പോലുള്ള കമ്പനികളുടെ  പ്രാപ്തി ഉപയോഗപ്പെടുത്തണം.

ഡോ. ടി എം തോമസ് ഐസക് 

No comments:

Post a Comment