Wednesday, April 22, 2020

പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊല: പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ബിജെപി ക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും: സിപിഐ എം

മുംബൈ> പാല്‍ഘര്‍ ജില്ലയില്‍ നടന്ന ആള്‍ക്കൂട്ടക്കൊലയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന ബിജെപിക്കാര്‍ക്കെതിരായി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം അറിയിച്ചു. പാല്‍ഘര്‍ ജില്ലയിലെ ദഹാനു താലൂക്കില്‍ ഏപ്രില്‍ 16നു രാത്രി ആള്‍ക്കൂട്ടക്കൊല നടന്ന ഗഡ്ചിഞ്ചലേ ഗ്രാമം ഒരു ബിജെപി ശക്തികേന്ദ്രമാണ്. കഴിഞ്ഞ 10 വര്‍ഷമായി ഈ ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണ്.

 ഗ്രാമത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിലും സന്യാസികളെ കൊലപ്പെടുത്തിയതിലുമുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഈ ഗ്രാമത്തിലെ പ്രബല രാഷ്ട്രീയ കക്ഷിയായ ബിജെപിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഈ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പ്രമുഖ പ്രതികളായ 5 പേരുകളുണ്ട്. അവരാരും സിപിഐ എമ്മുകാരല്ല. ഈ സന്യാസിമാരുടെ കൊലപാതകവുമായി ബന്ധപെട്ടു ഇതുവരെ അറസ്റ്റ് ചെയ്തവരില്‍ ബഹുഭൂരിഭാഗവും ബിജെപി പ്രവര്‍ത്തകരാണ്.എന്നാല്‍ സിപിഐ എമ്മിനെയും ചില മതവിഭാഗങ്ങളെയും ബന്ധപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ ബിജെപിക്കാര്‍ വ്യാപകമായി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്.

നുണപ്രചാരണത്തിന് മുന്‍കയ്യെടുക്കുന്ന സംബിത് പത്ര, സുനില്‍ ദേവധര്‍ തുടങ്ങിയ ബിജെപിക്കാര്‍ക്കും 'ഞാന്‍ ദേവേന്ദ്ര' എന്ന ഫേസ്ബുക് പേജിന്റെ അഡ്മിന്‍ പ്രകാശ് ഗാഡെ എന്നയാള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്നു  ആദം മാസ്റ്റര്‍ അറിയിച്ചു. മൂന്നു പേരുടെ ദാരുണമായ മരണത്തിനു കാരണമായ ആള്‍ക്കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റക്കാരെയും  വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തുകയും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും വേണമെന്നു  സിപിഐ എം ആദ്യം തന്നെ ആവശ്യപ്പെടുകയുണ്ടായി.   ഈ വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള പ്രതികരണത്തില്‍ പ്രധാനമായും 5  കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

1. കഴിഞ്ഞ ആറു വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗീയമായ ആള്‍ക്കൂട്ട കൊലയുടെ സ്വഭാവമുള്ളതല്ല  പാല്‍ഘറില്‍ കഴിഞ്ഞ ദിവസം നടന്നത്. പാല്‍ഘറിലും  പരിസരത്തും കള്ളന്മാര്‍ ചുറ്റിനടക്കുന്നുണ്ട് എന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ്  ഈ ദാരുണ സംഭവം നടന്നത്.

2. ഈ സംഭവത്തിന് വര്‍ഗീയമായ യാതൊരു ഉള്ളടക്കവുമില്ല, അങ്ങനെ വ്യാഖാനിക്കാന്‍ ആരും തന്നെ ശ്രമിക്കരുത്.

3. കൊലപാതക സംഘത്തിന്റെ തലവന്മാരായ അഞ്ചു പേരുള്‍പ്പെടെ  ഏതാണ്ട് നൂറോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും

4. രണ്ടു പൊലീസുകാരെ ഇതുമായി ബന്ധപ്പെട്ട്  സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്

5. ഗൗരവപൂര്‍ണമായ അന്വേഷണം ഈ വിഷയത്തില്‍ നടത്തുന്നതായിരിക്കും.

വസ്തുതകളില്‍ ഊന്നിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സ്വാഗതാര്‍ഹമാണ്.
ഈ സംഭവത്തിന്റെ പേരില്‍ നുണപ്രചരണം നടത്തി  രാഷ്ട്രീയ വിദ്വേഷവും മതവിദ്വേഷവും പരത്താന്‍  സംഘപരിവാര്‍ ശക്തികള്‍  കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നു സിപിഐ എം സംസ്ഥാനക്കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

 ആള്‍ക്കൂട്ടക്കൊലയിലെ എല്ലാ കുറ്റവാളികളെയും  നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സംസ്ഥാനക്കമ്മിറ്റി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു

No comments:

Post a Comment