Wednesday, April 22, 2020

സ്‌പ്രിങ്ക്‌ളര്‍: അടിസ്ഥാനമില്ലാത്ത വിവാദം


ഐബിഎസ്‌ സോഫ്‌റ്റ്‌ വെയർ സർവീസസിന്റെ മുൻ വൈസ്‌ പ്രസിഡന്റും ക്ലൗഡ്‌ സർവീസസ്‌ മേധാവിയുമായിരുന്ന സേതുനാഥ്‌ ചോദ്യങ്ങളോട്‌ പ്രതികരിക്കുന്നു

" സത്യം ചെരിപ്പുമിട്ട് വരുമ്പോഴേക്കും നുണ ലോകംമുഴുവൻ ചുറ്റി തിരികെ എത്തിയിട്ടുണ്ടാകും ’ എന്നൊരു ചൊല്ലുണ്ട്. സ്‌പ്രിങ്ക്‌ളർ വിവാദവുമായി ബന്ധപ്പെട്ട്‌ സാങ്കേതികവിദ്യ, വിവരസുരക്ഷ എന്നിവയെക്കുറിച്ചുള്ള നുണകൾ ഉലകംചുറ്റി തിരികെ എത്തി. സത്യം ചെരിപ്പിന്റെ വള്ളി കെട്ടി തുടങ്ങിയിട്ടില്ല. വിവര സ്വകാര്യത, പബ്ലിക് ക്ലൗഡ്  എന്നിവയെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ തിരുത്തപ്പെടുവാന്‍ വേണ്ടിയുള്ള ശ്രമമാണ്. ഐബിഎസ്‌  സോഫ്‌റ്റ്‌ വെയർ സർവീസസിന്റെ മുൻ വൈസ്‌ പ്രസിഡന്റും ക്ലൗഡ്‌ സർവീസസ്‌  മേധാവിയുമായിരുന്ന സേതുനാഥ്‌ ചോദ്യങ്ങളോട്‌ പ്രതികരിക്കുന്നു.

ചോദ്യം: മികച്ച ഐടി ക്യാമ്പസുകളായ ഇൻഫോപാർക്ക്, ടെക്നോപാർക്ക് എന്നിവ ഉള്ള, വളരെ മികച്ച ഐടി വിദഗ്‌ധർ ഉള്ള കേരളത്തിൽ അനലറ്റിക്‌സ്‌ അടിസ്ഥാനമുള്ള ഒരു പ്ലാറ്റ്ഫോം  ഉണ്ടാക്കാൻ സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സഹായം ആവശ്യം ഉണ്ടോ?

ഉത്തരം: “വളരെ മികച്ച ഐടി വിദഗ്‌ധ‌ർ ഉണ്ടായിട്ടും’ എന്നത് ആപേക്ഷികമായ സങ്കല്പമാണ്. മൂവായിരവും അതിലധികവും സോഫ്റ്റ്‌വെയർ വിദഗ്ധരുള്ള ഒരു കമ്പനിയിൽ പ്രത്യേകം ചില ഡൊമെയിൻ അല്ലെങ്കിൽ ഡൊമെയിനുകളിലെ യൂസ് കെയ്സുകൾക്കേ കേപ്പബിലിറ്റി കാണുകയുള്ളൂ. അതാണ് അവരുടെ ഫോക്കസും. ആ ഫോക്കസാണ് അവരുടെ ബിസിനസ്‌ വിജയത്തിനു കാരണവും.  ബാക്കി എന്ത് ആവശ്യം വന്നാലും വേറെ കമ്പനിയിൽനിന്ന്‌ വാങ്ങിക്കണം. കേരള സർക്കാരിന്റെ ഐടി ഡിപ്പാർട്മെന്റിന്റെ  വൈദഗ്ധ്യത്തെയും അങ്ങനെ കണ്ടാൽ മനസ്സിലാകും.

ചോദ്യം:  ബിഗ് ഡാറ്റ–-അനലിറ്റിക്സ്  മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽത്തന്നെ ഉള്ളപ്പോൾ എന്തിന് സ്‌പ്രിങ്ക്‌ളറിന്‌ കരാർ കൊടുത്തു?

ഉത്തരം: കേരളത്തിലെ കമ്പനികളെ  സമീപിച്ചിട്ടുണ്ടോ എന്നൊക്കെ സർക്കാർ മറുപടി പറയേണ്ട കാര്യമാണ്. ബിഗ് ഡാറ്റ, അനലിറ്റിക്സ് എന്നീ ടെക്നോളജി ടേമുകൾക്ക് അപ്പുറം ഒരു പ്രോഡക്ട് അല്ലെങ്കിൽ പ്ലാറ്റ്ഫോം “വൃത്തിയായി “ ഡെവലപ്‌ ചെയ്യാൻ നല്ല പണിയുണ്ട്. അത് വളരെ കേന്ദ്രീകൃതമായ ഒരു ലക്ഷ്യത്തിൽ പരമാവധി ശ്രദ്ധിച്ചുകൊണ്ട്‌ സൃഷ്ടിക്കപ്പെടുന്ന ഒരു സോഫ്‌റ്റ്‌വെയർ ആണ്. അതിന്‌ കൃത്യമായ ഒരു ലക്ഷ്യമുണ്ട്.  സ്‌പ്രിങ്ക്‌ളറിനു സമാനമായ ഏതെങ്കിലും പ്ലാറ്റ്‌ഫോം ഉള്ള കമ്പനി കേരളത്തിൽ ഉണ്ടെങ്കിൽ, അവർ സർക്കാരിന് സേവനം ഓഫർ ചെയ്യാൻ മുന്നോട്ട് വന്നോ? അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കിൽ ഈ വിവാദം ഉണ്ടായതിനുശേഷം എങ്കിലും മുമ്പോട്ട് വരില്ലായിരുന്നോ?. ഒരു ദിവസംപോലും വർക് ഫ്രം ഹോം പോളിസി അനുവദിക്കാത്ത കമ്പനികൾ, സൂംപോലെ, സ്‌കൈപ്പുപോലെ  ഉള്ള സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കാത്ത കമ്പനികൾ ലോക്ക്ഡൗൺ വന്നതോടെ വർക്ക്ഫ്രം ഹോം അനുവദിച്ചു. അതാണ് ദുരന്തസമയത്തുള്ള തീരുമാനങ്ങളുടെ പ്രസക്തി. കോവിഡ്‌–- 19ന്റെ വ്യാപ്തിയും സങ്കീർണതയും പ്രത്യേകതകളും ഡാറ്റാ പാറ്റേണും മനസ്സിലാക്കിയ ഒരു രാജ്യവും ലോകത്തില്ല. എല്ലാവരും ഇതുപോലെയുള്ള സേവനദാതാക്കളെ ആശ്രയിക്കുകയാണ്.

ചോദ്യം: കോവിഡ് നിരീക്ഷണത്തിലുള്ള ആളുകളുടെ വിവരം ശേഖരിക്കപ്പെടുമ്പോൾ, ഈ ഡാറ്റ സ്‌പ്രിങ്ക്‌ളർ മറ്റാർക്കെങ്കിലും മറിച്ചുകൊടുക്കാൻ സാധ്യതയുണ്ടോ

ഉത്തരം: എട്ട്‌ ബില്യൺ ഡോളർ വാല്യൂവേഷനുള്ള, 300 മില്യൺ ഡോളർ വരുമാനം ഉള്ള ഒരു മൾട്ടി നാഷണൽ കമ്പനിയാണ്  സ്‌പ്രിങ്ക്‌ളർ. അത് ഈ നിലയിലേക്ക് വളർന്നെത്തിയത് ഒരുപാട് കടമ്പകൾ കടന്നാണ്. ലോകത്തിലെ മുന്തിയ അക്കൗണ്ടിങ് കമ്പനികളാൽ ഓഡിറ്റ് ചെയ്യപ്പെടുന്നു എന്നതും വിശ്വാസ്യതയ്ക്ക് ഒരു സുപ്രധാനഘടകമാണ്. അതിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാസ്റ്റർ സർവീസ് എഗ്രിമെന്റിൽ സ്‌പ്രിങ്ക്‌ളർ പ്ലാറ്റ്ഫോമിലെ ഡാറ്റ എന്തുചെയ്യും, ചെയ്യില്ല എന്ന്‌ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടുകാർക്ക്‌ സ്‌പ്രിങ്ക്‌ളറിന്റെ പ്ലാറ്റ്ഫോം ഓഡിറ്റ് ചെയ്യാവുന്നതുമാണ്. ഇത് നിയമവിധേയമായ, പ്രതിജ്ഞാബദ്ധമായ ഒരു രേഖയാണ്. ഇതിൽനിന്ന്‌ വ്യതിചലിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരവുമാണ്.  കേരള സർക്കാരിന്റെ ഡാറ്റാ കലക്‌ഷൻപോർട്ടലായ  https://housevisit.kerala.gov.in ൽ സർക്കാർ നിർബന്ധിതമാക്കിയിരിക്കുന്ന ചില നിബന്ധനകൾ ഉണ്ട് . അതിൽ സർക്കാർ ഈ ഡാറ്റ, വളരെ കൃത്യമായ, നിയതമായ ലക്ഷ്യങ്ങൾക്കുമാത്രമേ ഉപയോഗിക്കൂ എന്നും,  പ്രൈവസി പോളിസിയിൽ പറഞ്ഞിരിക്കുന്നവരുമായി അല്ലാതെ മറ്റാർക്കും പങ്കുവയ്‌ക്കില്ല എന്നും പറയുന്നുണ്ട്. സ്‌പ്രിങ്ക്‌ളറിന്‌ ഒരു കാരണവശാലും ഡാറ്റയിൻമേൽ അവകാശം  ഉണ്ടായിരിക്കുന്നതല്ല എന്നു പറഞ്ഞിട്ടുണ്ട്.

ചോദ്യം: കേരള സർക്കാർ സ്‌പ്രിങ്ക്‌ളറിന്റെ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം, ഡാറ്റ ഹോസ്റ്റ് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ സർവറുകളിൽ ആണെന്ന് ആദ്യം പറഞ്ഞു . പിന്നീട് ആമസോൺ ക്ലൗഡിൽ ആണെന്നു പറഞ്ഞു. ഇതിൽ വൈരുധ്യമില്ലേ?

ഉത്തരം: വൈരുധ്യമില്ല. ആമസോൺ ക്ലൗഡ് ഇന്ത്യയിൽ ഉള്ളത് മുംബൈ മേഖലയിലാണ്. അവിടെ മൂന്ന്‌ അവയബിലിറ്റി സോണുകളാണുള്ളത്. ഓരോ സോണുകൾ പ്രത്യേകം ഡാറ്റ സെന്ററുകൾ ആണെന്ന് സങ്കൽപ്പിക്കുക. ഒരു ആപ്ലിക്കേഷൻ ഒരിക്കലും ഡൗണായി പോകാതെ (ആപ്ലിക്കേഷൻ കിട്ടാതെ ) ഇരിക്കാനായി ഒന്നിലധികം സെർവറുകൾ സമാന്തരമായി ചെയ്യുകയാണ്‌. മുംബൈയിലുള്ള മുഴുവൻ സെർവറുകളും ഇവയെ എല്ലാം ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക്  ഇന്റർകണക്ടുകളും ഈ മൂന്ന് മേഖലകളിലായി പരന്നുകിടക്കുന്നു. ഇവിടെ ഡാറ്റ സൂക്ഷിക്കുന്നു എന്നുവച്ചാൽ ഇന്ത്യയിൽ സൂക്ഷിക്കുന്നുവെന്നർഥം. ഉപയോക്താവായ സർക്കാർ ആ സേവനം അഥവാ സോഫ്റ്റ്‌വെയർ ആസ്എ സർവീസുമാത്രം ഉപയോഗിക്കുന്നു. ഇത്‌ ഒരു സേവന നിലവാര നിബന്ധന കരാറാണ്‌. സ്‌പ്രിങ്ക്‌ളറിന് അതിന്റെ ആപ്ലിക്കേഷൻ കോഡ്, പിന്നിലുള്ള സർവറുകൾ, സ്റ്റോറേജ് എന്നിവയിൽ ഒക്കെ നിയന്ത്രണം ഉണ്ടെങ്കിലും അതിൽ ഡാറ്റ എന്റർ ചെയ്യുന്ന ആൾക്കാരുടെ മേലും ഡാറ്റയുടെ മേലും ഉള്ള നിയന്ത്രണം പൂർണമായും സർക്കാരിനാണ്. സ്‌പ്രിങ്ക്‌ളറിന്റെ ഉപയോക്താവിന് ഈ ഡാറ്റ എങ്ങോട്ട് കൊണ്ടുപോകണം എന്ന്‌ തീരുമാനിക്കാനുള്ള പൂർണ അവകാശമുണ്ട്. ആമസോണിനോ സ്‌പ്രിങ്ക്‌ളറിനോ ഒരു അവകാശവുമില്ല.

ചോദ്യം: പബ്ലിക് ക്ലൗഡ് എന്നാൽ “പൊതുവായ ക്ലൗഡ്’ എന്നല്ലേ അർഥം? അങ്ങനെ ഒരിടത്ത്‌ വിവരങ്ങൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യാമോ ?

ഉത്തരം: പബ്ലിക് ക്ലൗഡ് എന്നാൽ ലോകത്തെ ആർക്കും സ്വന്തമായി എന്നാൽ സ്വകാര്യമായി സെർവർ, നെറ്റ്‌വർക്ക്, സ്റ്റോറേജ്, പ്ലാറ്റ്ഫോം, ആസ്എ സർവീസ് തുടങ്ങി അനേകം സേവനങ്ങളാണ്‌. വളരെ ചെറിയ സെർവർമുതൽ ഭീമൻ കപ്പാസിറ്റിയുള്ള സെർവറുകൾ ഒക്കെ  ആവശ്യമുള്ള കാലത്തേക്കുമാത്രം  ഉപയോഗിക്കാം.  പബ്ലിക് ക്ലൗഡ് കമ്പനികൾ ഇത്തരം സേവനങ്ങൾ നൽകുന്നതിനായി വളരെ വലിയ ഡാറ്റ സെന്ററുകൾ ഓരോ രാജ്യത്ത്‌ ഉണ്ടാക്കുകയും സേവനസൗകര്യം നല്കുകയും ചെയ്യുന്നു. അതിനുള്ളിലേക്ക് പബ്ലിക് ക്ലൗഡ് ഉടമസ്ഥനായ ആമസോണിനുപോലും പ്രവേശനം ഇല്ല. പബ്ലിക് ക്ലൗഡ് എന്നാൽ ഒരു മ്യൂസിയംപോലെയോ ബസ്‌സ്‌റ്റാൻഡുപോലെയോ അല്ല. “എല്ലാവർക്കും സ്വന്തമാക്കാവുന്ന ഡാറ്റ സെന്റർ സേവനങ്ങൾ’ എന്നുമാത്രമേയുള്ളൂ.

ചോദ്യം: വ്യക്തിഗത വിവരങ്ങൾക്ക്‌ വിലയുണ്ടോ?

ഉത്തരം: ഉണ്ട്. വിലയുണ്ട്. എന്തു തരത്തിലുള്ള വിവരമാണ് എന്നതിനനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുന്നത്. ഒരു ഉദാഹരണത്തിന് ഒരു ഫെയ്‌സ്ബുക്ക് പ്രൊഫൈലിലുള്ള ഒരു അമേരിക്കൻ പൗരന്റെ വിവരത്തിന്റെ മാർക്കറ്റ് വില ഏകദേശം 40 സെന്റ്‌ അതായത് 0.4 ഡോളർ (31 രൂപ) ആണെന്ന്‌ പറയപ്പെടുന്നു. അതിൽ പേരും ഫോൺനമ്പരും റേഷൻകാർഡുമൊന്നുമല്ല പ്രധാനം.  നമ്മൾ ഫ്രീയായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമ്പോൾ ഫെയ്‌സ്ബുക്ക് ഇത്തരം ചില വിവരങ്ങളും ഘടകങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

ചോദ്യം: സ്‌പ്രിങ്ക്‌ളർവഴി വ്യക്തിഗത വിവരങ്ങൾ വിൽക്കപ്പെടുന്നുണ്ടോ. 200 കോടി രൂപയുടെ ഡാറ്റ കച്ചവടം ചെയ്തു എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിനു പിന്നിൽ എന്താണ്?

ഉത്തരം: ഇത് ഡാറ്റ ആർക്കെങ്കിലും വിറ്റ് കാശാക്കാനുള്ള ഒരു സംരംഭമല്ല. കോവിഡ് നിരീക്ഷണത്തിൽ ഉള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരുടെ നീക്കങ്ങൾ അവർ ബന്ധപ്പെടുന്നത് ആരൊക്കെ തുടങ്ങിയ കോവിഡ് വ്യാപിക്കാൻ സാധ്യതയുള്ള മാർഗങ്ങൾ ഒക്കെ തിരിച്ചറിയാനും അതുവഴി ലഭ്യമാകുന്ന നിഗമനംവഴി നയപരമായ തീരുമാനങ്ങൾ വളരെ മുൻകൂറായി എടുത്ത് രോഗവ്യാപനത്തെ തടയാനും വേണ്ടിയാണ് ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നത്. ഈ വിവരത്തിന് ആളൊന്നിന്‌ ‘എന്ത്‌ വില’യുണ്ടെന്ന് അറിയില്ല. ആരോപണം ഉന്നയിച്ച രമേശ്‌ ചെന്നിത്തലയ്‌ക്ക് അറിയുമായിരിക്കണം. 200 കോടി രൂപയുടെ അഴിമതിയെക്കുറിച്ചും ഇന്ന് അദ്ദേഹത്തിനുമാത്രമേ (എന്തെങ്കിലും അറിയാമെങ്കിൽ) പറയാൻ കഴിയൂ.

ചോദ്യം: എന്താണ്‌ സ്‌പ്രിങ്ക്‌ളർ പ്ലാറ്റ്‌ഫോം ,അതുകൊണ്ടുള്ള പ്രയോജനം എന്താണ് ?

ഉത്തരം: സ്‌പ്രിങ്ക്‌ളർ എന്നത് കസ്റ്റമർ എക്‌സ്‌പീരിയൻസ്‌ മാനേജ്‌മെന്റ്‌ പ്ലാറ്റ്‌ഫോം ആണ്, ഉപയോക്താക്കളുടെ വിവരങ്ങൾ, അവർ നേരിട്ടു നൽകുന്ന വഴിയിലൂടെയോ  (ഉദാ: കേരള സർക്കാർ പോർട്ടലിലൂടെ) ശേഖരിക്കുക. ശേഖരിക്കുന്ന വിവരങ്ങൾ കൂട്ടിച്ചേർത്ത്‌ തീരുമാനങ്ങൾ നേരത്തെ എടുക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർമാത്രം ആണത്‌.

No comments:

Post a Comment