Monday, April 20, 2020

സ്‌പ്രിങ്ക്‌ളർ സേവനം സൗജന്യം; ചോർച്ചയ്‌ക്ക്‌ പഴുതില്ല: ഐടി സെക്രട്ടറി

തിരുവനന്തപുരം> കോവിഡ്‌ പ്രതിരോധത്തിന്‌ സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം സൗജന്യമാണെന്നും ജനങ്ങളുടെ വിവരങ്ങൾ ചോർത്താൻ‌ പഴുതില്ലെന്ന്‌  ഉറപ്പുവരുത്തിയിരുന്നതായും ഐടി സെക്രട്ടറി എം ശിവശങ്കർ വ്യക്തമാക്കി. വികസിത രാജ്യങ്ങളിൽ പോലും മരണനിരക്ക്‌ വർധിച്ചതോടെ ഏത്‌ സാഹചര്യവും നേരിടാനുള്ള കർമ്മ പദ്ധതിയും അതിന് യോജിച്ച‌  ഐടി സംവിധാനവും തെരഞ്ഞെടുക്കുകയായിരുന്നെന്നും  അദ്ദേഹം ‘ദേശാഭിമാനി’യോടു പറഞ്ഞു.

ശ്രേണീകൃതമായ വിവര ശേഖരണത്തിന്‌ വെബ് ഫോമുകൾ, അനലിറ്റിക് ടൂളുകൾ എന്നിവ തയ്യാറാക്കണമായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിക്കുംമുൻപ് വിമാനം,  ട്രെയിൻ, മറ്റു വാഹനങ്ങൾ എന്നിവയിൽ വന്നവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക്‌ നൽകുക പ്രധാനമാണ്.

ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്‌ത സംസ്ഥാനമായി കേരളം മാറി.  ഏതു സാഹചര്യവും നേരിടാനുള്ള  ഐടി സംവിധാനം  ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരുക്കാൻ ഐടി മിഷൻ, സി-ഡിറ്റ്, എൻഐസി  തുടങ്ങി സ്ഥാപനങ്ങൾക്ക് സാധിക്കില്ല.

അന്താരാഷ്ട്ര യാത്ര നടത്തിയവർ, അന്തർ സംസ്ഥാന യാത്ര നടത്തിയവർ,  രോഗപ്രതിരോധ ശേഷി കുറഞ്ഞവരും  പ്രായമായവരും, ആരോഗ്യപ്രവർത്തകർ എന്നീ നാല്‌ തരത്തിലാണ്‌ വിവരം ശേഖരിച്ചത്‌. സർക്കാരിന്റെ  കൈവശമുള്ള മറ്റു ഡാറ്റകളുമായി  ഇത്‌ താരതമ്യം ചെയ്യുകയും അതിന്റെ  ഫലം ലഭ്യമാക്കി അവരുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നതും പ്രധാനമാണ്.

സമ്പർക്കവിലക്കിലുള്ളവർക്ക്‌  ലക്ഷണങ്ങൾ ഉണ്ടോ, സമ്പർക്കത്തിൽ വയോജനങ്ങളുണ്ടോ, അവർക്കെല്ലാം ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്നുണ്ടോ എന്നതും ഉറപ്പിക്കണം.   വിവരം ശേഖരിക്കുക, ക്രോഡീകരിക്കുക, അർഹർക്ക് ആവശ്യ സേവനം നൽകുക, ചികിത്സ ലഭ്യമാക്കുക തുടങ്ങിയവയ്‌ക്ക്‌  ഡാറ്റ ഉപയുക്തമാക്കണം. കുറഞ്ഞ സമയത്തിനുള്ളിൽ ഇങ്ങനെ വിവിധ കാര്യങ്ങൾക്കുള്ള പരിഹാരം എന്ന രീതിയിലാണ് സ്പ്രിങ്ക്ളർ കമ്പനി പരിഗണനയിലെത്തിയത്‌.
സദുദ്ദേശത്തോടെയും നിയമങ്ങൾ പാലിച്ചും സർക്കാരിന് ഒരു രൂപ പോലും ചെലവു വരാത്ത തരത്തിലാണ്‌ ഐടി വകുപ്പ് ഈ സംവിധാനം ജനങ്ങൾക്ക് ലഭ്യമാക്കാൻ ശ്രമിച്ചത്‌. നേരത്തെ  സ്വകാര്യത  ഉറപ്പാക്കിയിരുന്നെങ്കിലും പ്രതിപക്ഷം ആശങ്ക അറിയിച്ചപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള സെർവറുകളിലേക്ക് ഡാറ്റ മാറ്റി.  ആർക്കും സംശയമുണ്ടാകാൻ പാടില്ല എന്നതിനാലാണ് ഡാറ്റ മാറ്റിയത്. ഇതിന്റെ  രേഖകൾ പരസ്യപ്പെടുത്തി.

ലോകാരോഗ്യ സംഘടനവരെ സേവനം സ്വീകരിക്കുന്ന കമ്പനിയെ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെയാണ്‌ തെരഞ്ഞെടുത്തത്‌. ശേഖരിച്ച വിവരം ദുരുപയോഗപ്പെടുത്തുമോയെന്ന ചോദ്യം  അറിവില്ലായ്‌മയിൽ നിന്നാണ്‌. അല്ലെങ്കിൽ മന:പ്പൂർവം തെറ്റിദ്ധാരണ പരത്താനുള്ള ലക്ഷ്യത്തോടെയാകാമെന്നും എം ശിവശങ്കർ പറഞ്ഞു.

സൗജന്യ സേവനത്തിന്‌ ടെണ്ടർ വേണ്ട ; തീരുമാനം ഉമ്മൻചാണ്ടി സർക്കാരിന്റേത്‌

സ്‌പ്രിങ്ക്‌ളർ സേവനത്തിന്‌ ടെൻഡറില്ലാതെ നടപടി സ്വീകരിക്കാൻ ഐടി സെക്രട്ടറിക്ക്‌ വിവേചനാധികാരം നൽകിയത്‌ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013ൽ സ്‌റ്റോർ പർച്ചേസ്‌ മാനുവലിൽ വരുത്തിയ ഭേദഗതി. പർച്ചേസ്‌ ചെയ്യേണ്ട ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ വില 15,000 രൂപയിൽ താഴെയാണെങ്കിൽ വകുപ്പ്‌ മേധാവിക്ക്‌ ടെൻഡർ ക്ഷണിക്കാതെ നടപടി എടുക്കാമെന്നാണ്‌ ഈ വ്യവസ്ഥ. സ്‌പ്രിങ്ക്‌ളർ സേവനത്തിന്‌ ഒരു രൂപപോലും പ്രതിഫലമില്ലെന്ന്‌ കരാറിൽ വ്യക്തമാക്കിയതിനാൽ ടെൻഡർ വേണ്ട.

ദേശീയ ദുരന്തമായോ സംസ്ഥാന ദുരന്തമായോ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ അത്‌ നേരിടാൻ എന്ത്‌ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‌ അധികാരമുണ്ട്‌. ദുരന്ത നിവരാണ അതോറിറ്റി നിയമത്തിലാണ്‌ ഈ വ്യവസ്ഥ. 2020 മാർച്ച്‌ 19ന്‌ കോവിഡ്‌ ബാധ സംസ്ഥാന ദുരന്തമായി വിജ്ഞാപനം ചെയ്‌തിട്ടുമുണ്ട്‌.

കോവിഡിനെതിരായ യുദ്ധം : ക്ലൗഡ്‌ കംപ്യൂട്ടിങ് അനിവാര്യമായ ആയുധം
എം പ്രശാന്ത‌്

കോവിഡ്‌ മ​ഹാമാരിയെ ചെറുക്കാനുള്ള യുദ്ധത്തില്‍ നിര്‍മിതബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എഐ), ബിഗ്‌ ഡാറ്റാ അനാലിസിസും ഉപയോ​ഗപ്പെടുത്തിയുള്ള  ക്ലൗഡ്‌ കംപ്യൂട്ടിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന്  നിതി ആയോഗിന്റെ  ഐടി വിഭാ​ഗം ചുമതലക്കാരനായ അർണബ്‌ കുമാർ. നിലവിൽ ഇന്ത്യയിൽ ഈ സംവിധാനമില്ല. ഐരാവത്‌ എന്ന പേരിൽ  എഐ ക്ലൗഡ്‌ കംപ്യൂട്ടിങ്‌ സംവിധാനം ആലോചനാഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് മഹാമാരിയുടെ വ്യാപനം ചെറുക്കാന്‍ ഐടിവിദ​ഗ്ധരായ സ്വകാര്യവ്യക്തികളുടെ സഹായത്തോടെ ‘ആരോഗ്യസേതു’ എന്ന ആപ്പ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ബഹുദൂരം മുന്നേറിയ കേരളം ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതിവിദ്യ അടിസ്ഥാനമാക്കി വിവരശേഖരണം നടത്തിയതിന്റെ കാരണവും അനിവാര്യതയും വെളിപ്പെടുത്തുന്നതാണ് നിതി ആയോഗിന്റെ  ഐടി മേധാവിയുടെ വാക്കുകള്‍.

ഇന്ത്യ സ്വന്തമായി ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം വികസിപ്പിക്കാത്തിടത്തോളം ഈ പരിമിതി തുടരുമെന്ന്‌ ഐടി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എപ്പോഴും ആരിലേക്കും പടരാവുന്ന മഹാമാരിയുടെ സാഹചര്യത്തിൽ ​ബിഗ്‌ ഡാറ്റാ അനാലിസിസ് ഒഴിവാക്കാനുമാകില്ല. കോവിഡ്‌ ബാധിതമായ മറ്റ്‌ രാജ്യങ്ങളും ബിഗ്‌ ഡാറ്റാ അനലറ്റിക്‌സിനായി ആപ്പുകളെയും സ്വകാര്യസോഫ്‌റ്റ്‌വെയറുകളെയുമാണ് ആശ്രയിക്കുന്നത്.

ആരോ​​ഗ്യസേതു ആപ്പ്

രാജ്യത്ത് ദിവസങ്ങള്‍ക്കിടയില്‍  അഞ്ചുകോടിയിലേറെ പേർ ഇൻസ്‌റ്റാൾ ചെയ്‌ത ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ സ്വകാര്യ ക്ലൗഡ്‌ സെർവറിലാണ്‌ ശേഖരിക്കപ്പെടുകയെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. രോഗികളെയും സമ്പർക്ക സാധ്യതയുള്ളവരെയും നിരീക്ഷണത്തിൽ നിർത്തി ഹോട്‌സ്‌പോട്ടുകളും ക്ലസ്‌റ്ററുകളും നിർണയിക്കുകയാണ്‌ ആപ്പിന്റെ ലക്ഷ്യം. ജിപിസി, ബ്ലൂടൂത്ത്‌ സംവിധാനങ്ങൾ ഉപയോഗിച്ചാണ്‌ നിരീക്ഷിക്കുന്നത്‌. പേര്‌, പ്രായം, ഫോൺനമ്പർ, ലിംഗം, തൊഴിൽ, സന്ദർശിച്ച രാജ്യങ്ങൾ, രോഗലക്ഷണങ്ങൾ, മറ്റ്‌ ആരോഗ്യവിവരങ്ങൾ തുടങ്ങിയവ ആപ്പിലൂടെ ശേഖരിക്കപ്പെടും. ആപ്പ്‌ ഉപയോഗിക്കുന്ന വ്യക്തി എവിടെയാണെന്നത്‌ ഓരോ 15 മിനിറ്റ്‌ ഇടവേളയിൽ ശേഖരിക്കും.

മൊബൈലിൽ ആപ്പ്‌ തുടരുന്നിടത്തോളം വ്യക്തിവിവരങ്ങൾ സെർവറിൽ സൂക്ഷിക്കപ്പെടും.  അസാധാരണ ഘട്ടങ്ങളിൽ ഇത്തരം സാങ്കേതികസംവിധാനം അനിവാര്യമായിവരും.‘ഒരു താൽക്കാലിക പ്രശ്‌നത്തിന്‌ താൽക്കാലിക പരിഹാരമാണ്‌ ലക്ഷ്യമിടുന്നത്‌’–-  അർണബ്‌ പറഞ്ഞു.

വിവരവിശകലനം ജീവൻ രക്ഷിക്കാൻ: എസ്‌ ആർ പി

കോവിഡ്‌–- 19  രോഗവ്യാപനവും മരണവും തടയുന്നതിനുള്ള അടിയന്തരനടപടി എന്ന നിലയിലാണ്‌ വിവരവിശകലനത്തിന്‌ സ്‌പ്രിങ്ക്‌ളറുമായി സർക്കാർ ധാരണയുണ്ടാക്കിയതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള. കോവിഡിനുമുമ്പിൽ ലോകം പകച്ചുനിൽക്കുമ്പോൾ ജനങ്ങളെ രക്ഷിക്കാൻ  സാധ്യമായതെല്ലാം ചെയ്യുകയെന്നതാണ്‌ ഒരു സർക്കാരിന്റെ കടമ.

അസാധാരണ സ്ഥിതിവിശേഷം നേരിടാനുള്ള അസാധാരണ നടപടിയായി കണ്ടാൽമതി. അതിനെ ആക്ഷേപിക്കുന്നതിന്‌ പകരം മഹാമാരി തടയുന്നതിന്‌ സർക്കാർ എടുത്ത നടപടിക്കൊപ്പം  നിൽക്കുകയാണ്‌ പ്രതിപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്‌ രോഗംമൂലമുള്ള മരണം ഒന്നരലക്ഷം കടന്നു. ലോകമാകെ  പകച്ചു നിൽക്കുകയാണ്‌. എല്ലാ രാജ്യങ്ങളും രോഗം തടയാൻ അസാധാരണ നടപടി സ്വീകരിക്കുകയാണ്‌. നമ്മുടെ രാജ്യവും അടച്ചിട്ടിരിക്കുകയാണ്‌.  ഭരണഘടന ഉറപ്പ്‌ നൽകുന്ന മൗലികാവകാശങ്ങൾപോലും രോഗം പടരാതിരിക്കാൻ ഫലത്തിൽ മരവിപ്പിച്ചു.  കേരളത്തിൽ അതിവേഗമാണ്‌ രോഗവ്യാപനം വന്നത്‌. മരണവും തുടങ്ങി. എന്നാൽ,  തുടക്കംമുതൽ രോഗവ്യാപനം തടയുന്നതിനും ചികിത്സയ്‌ക്കും സർക്കാർ നടപടി സ്വീകരിച്ചു.  ലോകത്തിന്‌ തന്നെ മാതൃകയായി കേരളം. അടച്ചൂപൂട്ടൽ കാരണമുള്ള പ്രയാസങ്ങൾ ലഘൂകരിക്കാൻ ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചു.

ഈ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണവും വിശകലനവും നടത്തി അടിസ്ഥാനപരമായ നടപടി എന്തെന്ന തീരുമാനത്തിൽ എത്തിച്ചേരേണ്ടതുണ്ട്‌. ഇതിന്‌ സർക്കാരിനെ സമീപിച്ച ഒരു സ്ഥാപനത്തെയാണ്‌ ചുമതലപ്പെടുത്തിയത്‌. സാധാരണ നില പുനഃസ്ഥാപിച്ചാൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തലുണ്ടാകും. കോവിഡ്‌ ഭീഷണി മാറിയിട്ടില്ല. സമ്പർക്കം ഇല്ലാത്തതിനാൽ രോഗവ്യാപനം തടയാൻ കഴിഞ്ഞിട്ടുണ്ട്‌. നാളെ ഏത്‌ സാഹചര്യവും വരാം. അതിനാൽ സർക്കാരിന്റെ നടപടികളെ സഹായിക്കുന്ന നിലപാടാണ്‌ പ്രതിപക്ഷം സ്വീകരിക്കേണ്ടത്‌–-എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു.


സ്‌പ്രിങ്ക്‌ളർ ഡബ്ല്യുഎച്ച്‌ഒയുടെ സാങ്കേതികവിദ്യാ പങ്കാളി
ലെനി ജോസഫ്‌

കോട്ടയം: കോവിഡ്‌ രോഗം സംബന്ധിച്ച  വിവരശേഖരണത്തിനും വിതരണത്തിനും  ലോകാരോഗ്യസംഘടന ( ഡബ്ല്യുഎച്ച്‌ഒ) ആശ്രയിക്കുന്നത്‌ മലയാളി സംരംഭകന്റെ ഉടമസ്ഥതയിലുള്ള സ്‌പ്രിങ്ക്‌ളർ കമ്പനിയെ.  വിശ്വസനീയമായ ഡാറ്റ  കൃത്യമായും വേഗത്തിലും  ലഭിക്കാനുള്ള സംവിധാനം സ്‌പ്രിങ്ക്‌ളറുമായി ചേർന്ന്‌  അപ്‌ഡേറ്റ്‌ ചെയ്‌തെന്ന്‌ ഡബ്ല്യുഎച്ച്‌ഒയുടെ വെബ്‌സൈറ്റിലുണ്ട്‌. ഏപ്രിൽ 14ന്‌ പ്രസിദ്ധീകരിച്ച ന്യൂസ്‌ ലെറ്ററിൽ സ്‌പ്രിങ്ക്‌ളറിനെ  ‘പ്രോ ബോണോ' (പ്രതിഫലം വാങ്ങാതെ സന്നദ്ധപ്രവർത്തനം നടത്തുന്ന) കമ്പനിയെന്നാണ്‌ വിശേഷിപ്പിച്ചത്‌.

ടെക്‌നോളജി ഫോർ കോവിഡ്‌–-19ന്റെ മുൻകൈയിൽ സ്‌പ്രിങ്ക്‌ളറിന്റെ സഹായത്തോടെ നടത്തിയ പരിഷ്‌കാരത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകത അതിന്റെ മൊബൈൽ സൗഹൃദ സംവിധാനമാണ്‌.  കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു പ്ലാറ്റ്‌ഫോം വികസിപ്പിച്ച  ഡബ്ല്യുഎച്ച്‌ഒ ടീമിനെയും സാങ്കേതികവിദ്യാ പങ്കാളി സ്‌പ്രിങ്ക്ള‌റിനെയും ഡബ്ല്യുഎച്ച്‌ഒ ഡിജിറ്റൽ ഹെൽത്ത്‌ ആൻഡ്‌ ഇന്നവേഷൻ ഡയറക്ടർ ബെർണാർഡോ മരിയാനോ ജൂനിയർ  അഭിനന്ദിച്ചു.

കോവിഡിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ പ്രചാരണം ചെറുക്കാൻ  സ്‌പ്രിങ്ക്‌ളറുമായി സഹകരിച്ച്‌  ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിൽ ചാറ്റ്‌ ബോക്സും  ആരംഭിച്ചു. ഡബ്ല്യുഎച്ച്‌ഒയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിൽ ‘സെൻഡ്‌ മെസേജി’ൽ പോയാലും ‘ ഡെഡിക്കേറ്റഡ്‌ മെസഞ്ചർ ലിങ്ക്‌’വഴിയും വിവരങ്ങൾ കിട്ടും.

പ്രതിപക്ഷം തുരങ്കം വയ്‌ക്കുന്നത്‌ കേരളത്തിന്റെ ഭാവിയെ ; സ്‌പ്രിങ്ക്‌ളറിന്റേത്‌ രോഗപ്രതിരോധത്തിനും ആരോഗ്യ ദൗത്യങ്ങൾക്കും നിർണായകമാകുന്ന ഇടപെടൽ

രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ള ആരോപണങ്ങളിലൂടെ കേരളത്തിന്റെ ഭാവി ആരോഗ്യദൗത്യങ്ങൾക്കും രോഗപ്രതിരോധ സംവിധാനങ്ങൾക്കും മുതൽക്കൂട്ടാകുന്ന ചുവടുവയ്‌പിനെ തകർക്കാനുള്ള ശ്രമത്തിലാണ്‌ പ്രതിപക്ഷം. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രോഗസാധ്യതകൾ മുൻകൂട്ടി അറിയാനും അതിനെ പ്രതിരോധിക്കാനുമാണ്‌ സ്‌പ്രിങ്ക്‌ളർ കമ്പനിയുമായി സംസ്ഥാനം കരാറിൽ ഏർപ്പെട്ടത്‌.

നിലവിൽ രോഗികളെയും രോഗാവസ്ഥയെയും പറ്റിയുള്ള വിവരങ്ങൾ മാത്രമാണ്‌ ലഭ്യമായിട്ടുള്ളത്‌. അതിൽനിന്ന്‌ വ്യത്യസ്തമായി ഫെയ്‌സ്ബുക്ക്, ട്വിറ്റർ, വാട്ട്സാപ്, ഇ മെയിൽ, ഫോൺ കോളുകൾ എന്നിവയിൽനിന്നും ആരോഗ്യപ്രവർത്തകർ നേരിട്ടും ശേഖരിച്ച വിവരങ്ങൾ വളരെവേഗം വിശകലനംചെയ്ത് ആവശ്യമുള്ള വിവരവിശകലനം ലഭ്യമാക്കുക എന്ന ദൗത്യമാണ്‌ സ്‌പ്രിങ്ക്‌ളർ നിർവഹിക്കുക.

വിപുലമായ വിവരശേഖരങ്ങളുടെ വിശകലനം നിലവിൽ സംസ്ഥാനത്തിനോ രാജ്യത്തിനോ സാധ്യമാകാത്ത സാഹചര്യത്തിലാണ്‌ സൗജന്യമായി ആ സംവിധാനം നൽകാമെന്നേറ്റ കമ്പനിയുമായി സർക്കാർ ധാരണയിലെത്തിയത്‌.  കോവിഡ്‌, നിപാപോലുള്ള രോഗങ്ങളുണ്ടായാൽ അതിനെ പ്രതിരോധിക്കാൻ ഇപ്പോൾ ശേഖരിക്കുന്ന വിവരം ഗുണം ചെയ്യും. ലോകത്ത്‌ ഏതെങ്കിലും ഒരു കോണിൽ പകർച്ചവ്യാധിയോ വൈറസ്‌ ബാധയോ ഉണ്ടായാൽ അത്‌ അപഗ്രഥിച്ച്‌ കൈവശമുള്ള ഡാറ്റകൾ വിശകലനം നടത്തി കേരളത്തിൽ രോഗം എത്താൻ സാധ്യതയുണ്ടോ എന്ന്‌ പ്രവചിക്കാനാകും. ഏതൊക്കെ സാഹചര്യത്തിലാണ്‌ രോഗം വരുന്നത്‌, ഏത്‌ പ്രായത്തിലുള്ളവരെ ബാധിക്കും, എത്രത്തോളം വ്യാപ്തിയുണ്ടാകും എന്തൊക്കെ ഒരുക്കങ്ങളാണ് നടത്തേണ്ടത്, അതിന് വേണ്ടിവരുന്ന വിഭവശേഷി എന്നിങ്ങനെയുള്ള വിവരങ്ങളും മുൻകൂട്ടി അറിയിക്കാനാകും.

വിവരചോർച്ചയ്‌ക്കുള്ള അവസാന സാധ്യതയും അടച്ചു

ശേഖരിക്കുന്ന വിവരങ്ങൾ പൂർണമായും സംസ്ഥാന സർക്കാരിന്‌ കീഴിലുള്ള സി–-ഡിറ്റിനായിരിക്കുമെന്ന്‌ ഇതിനകം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. വിവരശേഖരണത്തിനും സംഭരണത്തിനും വിശകലനത്തിനും ഉപയോഗിക്കുന്ന എല്ലാ സോഫ്‌റ്റ്‌വെയറുകളും സിഡിറ്റ്‌ ഒരുക്കുന്ന ആമസോൺ ക്ലൗഡ്‌ പശ്‌ചാത്തല സൗകര്യത്തിനുള്ളിലാകും വിന്യസിക്കുക. സ്‌പ്രിങ്ക്‌ളർ സൗജന്യമായി നൽകുന്ന സാസ്‌ ആപ്ലിക്കേഷനും ഈ രീതിയിലാണ്‌ വിന്യസിക്കുക എന്നിരിക്കെ സ്‌പ്രിങ്ക്‌ളറുടെ ഭാഗത്തുനിന്നുള്ള വിവരച്ചോർച്ചയ്‌ക്കുള്ള അവസാന സാധ്യതയും അടയും. വിവരങ്ങൾ വിശകലനംചെയ്ത്‌ ഡാഷ് ബോർഡുകളും ടേബിളുകളും തയ്യാറാക്കി നൽകുന്ന ചുമതല മാത്രമാണ്‌ സ്‌പ്രിങ്ക്‌ളറിനുള്ളത്‌.

പ്രതിപക്ഷം കേരളത്തെ അപമാനിക്കുന്നു ; വിവാദങ്ങൾ രാഷ്ട്രീയ മുതലെടുപ്പെന്ന് എ വിജയരാഘവൻ

അനാവശ്യവിവാദങ്ങളുയർത്തി  പ്രതിപക്ഷം കേരളത്തെയും ജനങ്ങളെയും കരിവാരിത്തേക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ എ  വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കാനല്ല കോൺഗ്രസ് നേതാക്കൾക്കും പ്രതിപക്ഷത്തിനും താൽപ്പര്യം. വിമോചന സമരത്തിന്റെ രാഷ്ട്രീയ അപസ്മാരം  കോൺഗ്രസ് നേതാക്കൾക്ക് വിട്ടുപോയിട്ടില്ല.

കോവിഡ് പ്രതിരോധത്തിൽ കേരളം കാണിച്ച മികവിനെ ലോകത്തെമ്പാടും ആരോഗ്യപ്രവർത്തകരും സാമൂഹ്യശാസ്ത്രജ്ഞരും പ്രകീർത്തിച്ചു. കേരളജനതയെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിൽ സർക്കാർ മികവു കാട്ടി. ഈ ഒരുമയെ  അസഹിഷ്ണുതയോടെയാണ് പ്രതിപക്ഷം കാണുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്  വികലമാണ്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും മന്ത്രിമാരും കോൺഗ്രസ് നേതാക്കളുമെല്ലാം സോളാർ കമീഷനുമുന്നിൽ ഹാജരായിരുന്ന കാലം ഓർമയില്ലേ ? അന്നും അവരുടെ കുടുംബാംഗങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിട്ടില്ല. ഓഖിയും പ്രളയവും നിപ്പയുംമുതൽ കോവിഡ്വരെയുള്ള വെല്ലുവിളികളെ എൽഡിഎഫ് സർക്കാർ ജനകീയ ഐക്യത്തോടെയാണ് നേരിട്ടത്.  സ്പ്രിങ്ക്ളറുമായുള്ള ഇടപാട്  മികച്ച സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിൽ അഴിമതിയോ ഡാറ്റചോർച്ചയോ ഒന്നുമില്ല. ഇതുസംബന്ധിച്ച്  മുഖ്യമന്ത്രിമുതൽ ഐടി സെക്രട്ടറിവരെ മറുപടി പറഞ്ഞിട്ടുണ്ട്.  എന്നിട്ടും പത്രസമ്മേളനപരമ്പര നടത്തുകയാണ് പ്രതിപക്ഷ നേതാവും സംഘവും. പ്രതിപക്ഷകാപട്യം തിരിച്ചറിഞ്ഞ് ജനം സർക്കാരുമായി സഹകരിച്ചു മുന്നോട്ടുപോകണം.  ഭരണപരമായ കാര്യങ്ങളിൽ എൽഡിഎഫുമായി ചർച്ചചെയ്താണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും വിജയരാഘവൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസും പങ്കെടുത്തു.

കോൺഗ്രസ്‌ നേതാക്കളുടേത്‌ തുരങ്കംവയ്‌പ്‌ രാഷ്‌ട്രീയം: എ വിജയരാഘവൻ

കേരളത്തിൽ മികച്ച രീതിയിൽ നടക്കുന്ന കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളെ വിവാദം സൃഷ്‌ടിച്ച്‌ തുരങ്കം വയ്‌ക്കാനാണ്‌ കോൺഗ്രസ്‌ നേതാക്കൾ ശ്രമിക്കുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു. കോവിഡ്‌ വ്യാപനം ചെറുക്കാനും അടച്ചുപൂട്ടലിൽ ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കാനും ഏറ്റവും സുതാര്യമായ നിലയിലാണ്‌ സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാതൃകാപ്രവർത്തനമാണ്‌ നടക്കുന്നതെന്ന്‌ രാജ്യമാകെ വിലയിരുത്തുമ്പോഴാണ്‌ കുത്തിത്തിരിപ്പിന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും സംയുക്തമായി ശ്രമിക്കുന്നത്‌.

ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴെങ്കിലും രാഷ്‌ട്രീയം മാറ്റിവച്ച്‌ സഹകരിക്കുന്നതിനുപകരം ലോകത്തിന്‌ മുമ്പിൽ കേരളത്തിന്റെ ഒരുമയെ ഇകഴ്‌ത്താനാണ്‌ പ്രതിപക്ഷനേതാവിന്റെ ശ്രമം. സാലറി ചലഞ്ചിന്റെ പേരിലും ഇരട്ടത്താപ്പ്‌ നയമാണ്‌ കോൺഗ്രസിന്‌. കോവിഡ്‌ പ്രതിരോധത്തിന്‌ അമേരിക്കൻ മോഡൽ സ്വീകരിക്കണമെന്ന്‌ നിയമസഭയിൽ ഉളുപ്പില്ലാതെ  പ്രസംഗിച്ചയാളാണ്‌ പ്രതിപക്ഷനേതാവ്‌. അത്‌ സ്വീകരിച്ചിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന്‌ അദ്ദേഹം സ്വയം ആലോചിക്കണം.

കേരളം സ്വീകരിച്ചതുപോലുള്ള ഒരു നടപടിയും കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽപോലും ഉണ്ടായിട്ടില്ല. ജനങ്ങളിൽ സർക്കാരിന്‌ കിട്ടിയ സ്വീകാര്യതയാണ്‌ നേതാക്കളുടെ ഉറക്കം കെടുത്തുന്നത്‌. ഇതിൽ വിറളി പൂണ്ടാണ്‌ വസ്‌തുതാവിരുദ്ധ ആക്ഷേപങ്ങളുമായി വന്നിരിക്കുന്നത്‌. ഈ സമീപനം തിരുത്തി ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ കോൺഗ്രസ്‌ നേതൃത്വം സ്വയം അപഹാസ്യരാകുമെന്ന്‌ വിജയരാഘവൻ പറഞ്ഞു.

No comments:

Post a Comment