കോവിഡ്–-19 ന്റെ അടിയന്തര സാഹചര്യത്തിൽ സ്‌പ്രിങ്ക്‌ളറിന്റെ സേവനം പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് സിപിഐ എമ്മിന്റെ പൊതു നയപരിധിക്കകത്തുനിന്നാണെന്ന് പൊളിറ്റ്‌ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഫെയ്‌സ്‌ബുക്ക് ലൈവ് പേജിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇത് ശ്ലാഘനീയമാണ്. ഇക്കാര്യത്തിൽ സിപിഐ എം കേരള ഘടകത്തിന്റെ വിശദീകരണം കേന്ദ്രനേതൃത്വം തള്ളിയെന്ന വാർത്തകൾ അടിസ്ഥാനരഹിതവും അസംബന്ധവുമാണ്. പ്രതിപക്ഷം സ്‌പ്രിങ്ക്‌ളറിന്റെ പേരിൽ തെറ്റിദ്ധാരണ പരത്തുകയാണ്.
ലോകാരോഗ്യ സംഘടന അംഗീകരിച്ച സ്ഥാപനമാണത്. സർക്കാരും ജനങ്ങളും കൈകോർത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കലാണ് പ്രതിപക്ഷ ലക്ഷ്യം. ആളുകൾ മരിച്ചാലും വേണ്ടില്ല; സിപിഐ എമ്മിനെയും സർക്കാരിനെയും ചെളിവാരിയെറിയാനാണ് പ്രതിപക്ഷ നീക്കം.
ഇത് ജനങ്ങൾ തിരിച്ചറിയും. കൊവിഡ് പ്രതിസന്ധി മാസങ്ങളോ വർഷങ്ങളോ നീണ്ടേക്കാം. ഈ പശ്ചാത്തലത്തിൽ സിപിഐ എം പ്രവർത്തനരീതികളിലും കാലോചിതമായ മാറ്റങ്ങൾ വേണ്ടിവരും. സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം–- എസ്‌ആർപി പറഞ്ഞു.
മനോരമവായിക്കുന്നവരോട് ; നുണ വൈറസുണ്ട്, സൂക്ഷിക്കുക ; വ്യാജവാര്‍ത്ത അച്ചടി സജീവമാക്കി മലയാള മനോരമ പത്രം.
കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ, പാരമ്പര്യത്തില്‍ മുറുകെപിടിച്ച് വ്യാജവാര്‍ത്ത അച്ചടി സജീവമാക്കി മലയാള മനോരമ പത്രം. കോവിഡ്കാലത്ത് മാധ്യമങ്ങൾ അങ്ങേയറ്റം ജാഗ്രത പുലർത്തണമെന്നും സ്ഥിരീകരണം ഉറപ്പാക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവും കേന്ദ്രനിര്‍ദേശവുമൊന്നും വിലങ്ങുതടിയല്ല.
കോവിഡ് പ്രതിരോധത്തിനായി നൂതന സാങ്കേതികത ലഭ്യമാക്കാൻ വിദേശ മലയാളി മുന്നോട്ടുവച്ച സൗജന്യ സേവനവാഗ്‌ദാനത്തോട് കേരള സർക്കാർ സ്വീകരിച്ച സമീപനത്തെ സിപിഐ എം കേന്ദ്രനേതൃത്വം തള്ളിയെന്നാണ് പുതിയ നുണകഥ. പൊളിറ്റ്‌ബ്യൂറോ നിരാകരിച്ചതോടെ വ്യാജവാർത്തയുടെ ആയുസ്സറ്റെങ്കിലും ലവലേശമില്ല മനോരമയ്‌ക്ക് ഖേദം. വ്യാജവാർത്ത പത്രത്തിലും വെബ്സൈറ്റിലും പ്രാമുഖ്യത്തോടെ പ്രസിദ്ധപ്പെടുത്തിയവർ പിബിയുടെ പ്രസ്‌താവന കണ്ടില്ലെന്ന നാട്യത്തില്‍. തിങ്കളാഴ്‌ച രാവിലെ ഇറക്കിയ പിബി പ്രസ്താവന വെബ്സൈറ്റില്‍ നല്‍കാന്‍ പത്രം തയ്യാറായില്ല. വ്യാജവാർത്തയിൽ ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതങ്ങനെ തുടരട്ടെയെന്നാണ് വക്രബുദ്ധി. കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനത്തിന് ആഗോളസ്വീകാര്യത കൈവന്നതോടെ കോൺഗ്രസും മനോരമയും അസ്വസ്ഥരാണ്.
ഒന്നും കിട്ടാതെവന്നപ്പോഴാണ് വിദേശമലയാളിയുടെ ഐടി സേവനവാഗ്‌ദാനം ശ്രദ്ധയിൽവന്നത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര സർക്കാരുകളും കേന്ദ്രസര്‍ക്കാരും കോവിഡ് വ്യാപനം തടയാന്‍ നൂതനസാങ്കേതികതവിദ്യയ്ക്കായി സ്വകാര്യ–- വിദേശ കമ്പനികളുടെ സേവനം തേടിയിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് മനോരമയുടെയും പ്രതിപക്ഷത്തിന്റെയും പ്രചാരണം.
“കേരളഘടകത്തിന്റെ നിലപാട് കേന്ദ്രനേതൃത്വം തള്ളി’യെന്നാണ് തലക്കെട്ടിൽ മനോരമ അസന്ദിഗ്‌ധമായി പറയുന്നത്. എന്നാൽ, വാർത്തയിലേക്ക് കടക്കുമ്പോൾ അതുവെറും “സൂചന’യായി പരിവർത്തനപ്പെട്ടു. “അറിയുന്നു’, “അത്രെ’ അങ്ങനെപോകുന്നു ലേഖകന്റെ ബോധ്യം.
മനോരമയുടെ വ്യാജവാർത്താ വിഭാഗത്തിലെ നിർണായക കണ്ണിയായ ഡൽഹി ലേഖകന്റെ പേരിലാണ് വാര്‍ത്ത. ഇയാളുടെ നിരവധി കള്ളവാർത്തകൾ മുമ്പും പിബി തള്ളിയിട്ടുണ്ട്. എന്നാൽ, അതിന് ശേഷവും മാന്യത ലവലേശമില്ലാതെ വ്യാജവാർത്താസൃഷ്ടി തുടരുന്നു.
കോവിഡ് പശ്‌ചാത്തലത്തിൽ വാർത്തകൾ കൈകാര്യംചെയ്യുമ്പോൾ മാധ്യമങ്ങൾ അങ്ങേയറ്റം ജാഗ്രത പുലർത്തണമെന്നും സ്ഥിരീകരിക്കാത്തതും വ്യാജവുമായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും മാർച്ച് 31 നാണ് സുപ്രീംകോടതി നിർദേശിച്ചത്. വ്യാജവാർത്ത പ്രചരിക്കുന്നത് തടയാൻ സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കണമെന്ന് പിന്നാലെ കേന്ദ്രസർക്കാർ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ടെലി മെഡിസിനെതിരെയും നുണ ; ബിനാമി കമ്പനിയെന്ന് യുഡിഎഫ് ആക്ഷേപം
രോഗികൾക്ക് വീട്ടിലിരുന്ന് ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ ഒരുക്കിയ ടെലി മെഡിസിൻ സംവിധാനത്തെയും ആക്ഷേപിച്ച് യുഡിഎഫ്. ലോക്‌ഡൗൺ സാഹചര്യത്തിൽ വീഡിയോവഴി ഡോക്ടറെ കാണാൻ സൗകര്യമൊരുക്കിയതിന് എതിരെയാണ് കോൺഗ്രസ് നേതാക്കളുടെ പുതിയ ആരോപണം. സംസ്ഥാന സർക്കാർ സംരംഭമായ കേരള സ്‌റ്റാർട്ടപ് മിഷനു (കെഎസ്‌യുഎം) കീഴിലുള്ള സ്‌റ്റാർട്ടപ്പായ ക്വിക് ഡോക്ടർ കമ്പനിയാണ് പദ്ധതിക്ക് സാങ്കേതിക സഹായം സൗജന്യമായി നൽകുന്നത്. ഈ സംരംഭം ബിനാമി കമ്പനിയെന്നാണ് യുഡിഎഫ് ആക്ഷേപം.
കോവിഡ് വ്യാപിച്ചതോടെ മറ്റ് അസുഖങ്ങളുള്ളവർ ആശുപത്രികളിൽ പോകുമ്പോഴുള്ള രോഗവ്യാപന സാഹചര്യം തടയാനാണ് ടെലി മെഡിസിൻ സംവിധാനം ഒരുക്കിയത്. ഡോക്ടർമാരുടെ സേവനം സൗജന്യമായി നൽകാൻ ഐഎംഎ തയ്യാറായി. തുടർന്നാണ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന ഐടി മിഷനെ ചുമതലപ്പെടുത്തിയത്.
മേഖലയിൽ വൈദഗ്‌ധ്യമുള്ളതും സൗജന്യ സേവനം നൽകാൻ സന്നദ്ധതയുമറിയിച്ച രണ്ട് സ്‌റ്റാർട്ടപ്പുകളെയാണ് കെഎസ്‌യുഎം കണ്ടെത്തിയത്. ആരോഗ്യവകുപ്പ്, ഐടി മിഷൻ, സംസ്ഥാന ഇ- മിഷൻ ടീം (എസ്ഇഎംടി), സ്റ്റാർട്ടപ് മിഷൻ എന്നിവയുടെ പ്രതിനിധികളടങ്ങുന്ന മൂല്യനിർണയ സമിതി പരിശോധിച്ചാണ് ഇതിൽനിന്ന് ക്വിക് ഡോക്ടർ കമ്പനിയെ തെരഞ്ഞെടുത്തത്. ഈ കമ്പനിയുടെ മാതൃകമ്പനിയായ ട്രാൻസ്മിയോ ഐടി സൊല്യൂഷൻസ് സ്‌റ്റാർട്ടപ് ഇന്ത്യയിലും കേരള സ്റ്റാർട്ടപ് മിഷനിലും രജിസ്റ്റർചെയ്തത് 2017 ജൂൺ 20നാണ്. ക്വിക് ഡോക്ടറിനെ കേരള സ്റ്റാർട്ടപ് മിഷൻ 2018 ജനുവരിയിൽ സ്കെയിൽഅപ് ഗ്രാൻഡിനായി തെരഞ്ഞെടുത്തു.
വിവരം സംസ്ഥാന ഡാറ്റാ സെന്ററിൽ
സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ സെർവറുകളിലാണ് മുഴുവൻ വിവരവും ശേഖരിക്കുന്നത്. ടെലിമെഡിസിൻ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട ഡാറ്റാബേസും എല്ലാ ഇടപാടുകളും എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡാറ്റാ സ്വകാര്യതയും വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളുടെ പരിരക്ഷയും ഉറപ്പുവരുത്തുന്ന ഡാറ്റാ അനോണിമൈസേഷൻ നടപ്പാക്കിയിട്ടുമുണ്ട്. ഡോക്ടർ രോഗിയെ പരിശോധിക്കുന്ന വീഡിയോ റെക്കോഡ് ചെയ്യുന്നുമില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽമാത്രം ടോൾ ഫ്രീ നമ്പരിൽ വിളിക്കണം. ഐഎംഎ വളന്റിയേഴ്‌സാണ് ഈ സേവനം നൽകുന്നത്.
പ്രവീൺ ചക്രവർത്തിക്ക് എന്താണ് കോണ്‍ഗ്രസില്‍ കാര്യം ;ചക്രവർത്തിയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കൂടിയാലോചന സമിതിയിൽ ഉൾപ്പെടുത്തിയത് വിവാദത്തിൽ
വിവരമോഷണ കേസിൽ അമേരിക്കൻ കോടതി ശിക്ഷിച്ച പ്രവീൺ ചക്രവർത്തിയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കൂടിയാലോചന സമിതിയിൽ ഉൾപ്പെടുത്തിയത് വിവാദത്തിൽ. മുതിർന്ന നേതാക്കളിൽ പലർക്കും ഇടംനൽകാതെ രണ്ട് ദിവസംമുമ്പാണ് സമിതി രൂപീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണം അണിയറയിൽ നിയന്ത്രിച്ചത് ചക്രവർത്തിയാണ്. കോണ്‍ഗ്രസ് ദയനീയമായി തോറ്റെങ്കിലും ചക്രവർത്തിക്ക് ഹൈക്കമാൻഡിൽ ശക്തമായ സ്വാധീനമാണുള്ളത്. കോൺഗ്രസിനുവേണ്ടി ദേശീയമാധ്യമങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്.
എഐസിസി വിവരവിശകലന വിഭാഗം തലവന്‍കൂടിയായ ചക്രവർത്തി വിവാദങ്ങളിൽനിറഞ്ഞ വ്യക്തിയാണ്. അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ തോമസ് വീസൽസിന്റെ ഇന്ത്യയിലെ ഗവേഷണവിഭാഗം തലവനായിരുന്നു. 2007ൽ ഫ്രഞ്ച് ബാങ്ക് പിഎൻബി പാരിബയുടെ ഏഷ്യൻ രാജ്യങ്ങളിലെ ചുമതലക്കാരനായി മുംബൈയിൽ സ്ഥാനമേറ്റു. വീസൽസിന്റെ 18 ജീവനക്കാരും ചക്രവർത്തിയോടൊപ്പം പാരിബയിലെത്തി. വ്യാപാരരഹസ്യവും ഇടപാടുകാരുടെ വിവരവും ചക്രവർത്തി ചോർത്തിയെന്ന് വീസൽസ് കാലിഫോർണിയ കോടതിയിൽ കേസ് നൽകി. വിവരമോഷണം നടന്നുവെന്ന് രണ്ടുവർഷം നീണ്ട നിയമപോരാട്ടത്തിൽ തെളിഞ്ഞു. പാരിബ വൻ തുക പിഴയൊടുക്കി.
പിന്നീട് ചക്രവർത്തി നന്ദൻ നിലേക്കനി നയിച്ച ആധാർ ടീമിലെ പ്രധാനിയായി. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നു ഇത്. അതിനിടെ ആധാർവിവരങ്ങൾ ചോരുന്നതായി വാർത്തകള്‍ നിരന്തരം വന്നു. 2018ൽ എഐസിസി വിവരവിശകലനവിഭാഗം തലവനായപ്പോഴാണ് കോൺഗ്രസിനുവേണ്ടി ‘ശക്തി ആപ്’ തയ്യാറാക്കിയത്. ആപ് ദുരുപയോഗം ചെയ്യപ്പെടുന്നതായി കോണ്‍ഗ്രസിനുള്ളില്‍ വ്യാപക പരാതി ഉയർന്നു. ലോക്‌സഭാ തോല്‍വിക്കു പിന്നാലെ ചക്രവർത്തിക്കെതിരെ നിരവധി നേതാക്കള്‍ പരാതിയുയര്‍ത്തി. എന്നിട്ടും ഉന്നതതല സമിതിയിൽ ചക്രവര്‍ത്തി കയറിക്കൂടി. ചക്രവർത്തി ഉൾപ്പെട്ട കേസും സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നു.
അനലറ്റിക്ക–-കോൺഗ്രസ് ബന്ധം ചർച്ചയാകുന്നു
വിവരമോഷണത്തിന് ആഗോള കുപ്രസിദ്ധി നേടിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്‌ജ് അനലറ്റിക്ക(സിഎ) ഇന്ത്യയില്‍ വിവരങ്ങള്‍ ചോര്‍ത്തി വിറ്റത് കോണ്‍ഗ്രസിന്. വിവരങ്ങൾ മോഷ്ടിച്ചുനൽകുന്ന സേവനത്തിന് ഇന്ത്യയിൽ സിഎയുടെ ഉപഭോക്താവ് കോണ്‍ഗ്രസ് ആണെന്ന തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മുന്‍ ജീവനക്കാരന്‍ ക്രിസ്‌റ്റഫർ വൈലീയുടെ വെളിപ്പെടുത്താനല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി.
സിഎയിൽ ഗവേഷണവിഭാഗം തലവനായിരുന്ന വൈലീ ബ്രിട്ടീഷ് പാർലമെന്ററി സെലക്ട് കമ്മിറ്റി നൽകിയ മൊഴിയിലാണ് വെളിപ്പെടുത്തൽ നടത്തിയത്. അമേരിക്കയിൽ സിഎ അഞ്ച് കോടി ഫെയ്‌സ്‌ബുക്ക് ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തിയെന്ന കേസിനെ തുടർന്നാണ് ബ്രിട്ടീഷ് പാർലമന്ററി സമിതി അന്വേഷണം നടത്തിയത്. ഇന്ത്യയിൽ സിഎയ്‌ക്ക് ഓഫീസുകളുണ്ടെന്നും കോൺഗ്രസ് ഇവരുടെ ഗുണഭോക്താവ് ആയിരുന്നെന്നും വൈലി മൊഴിയിൽ പറഞ്ഞു.
ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും വിവരങ്ങൾ ചോർത്തി വോട്ടർമാരെ സ്വാധീനിക്കാനുള്ള പദ്ധതിക്ക് 2019ലും രൂപം നൽകി. സിഎ മേധാവിയായിരുന്ന അലക്‌സാണ്ടർ നിക്‌സ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. എന്നാൽ, 2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കാൻ സിഎ ഇടപെട്ടത് വിവാദമായതോടെ കോൺഗ്രസ് പിന്മാറി.അഞ്ച് കോടി ഫെയ്‌സ്‌ബുക്ക് ഇടപാടുകാരുടെ വിവരങ്ങൾ സിഎ ചോർത്തിയെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മൂന്ന് കോടിപേരുടെ വിവരങ്ങൾ കൈക്കലാക്കിയെന്ന് സിഎ സമ്മതിച്ചു.
No comments:
Post a Comment