Tuesday, February 2, 2021

‘ഭാവി വീക്ഷണത്തോടെ കേരളം' ത്രിദിന സമ്മേളനം തുടങ്ങി

നാളെയിലേക്ക്‌ ഉറ്റുനോക്കുന്ന കേരളത്തിന്‌ പുതിയ കാലത്തെ പുതിയ ലക്ഷ്യങ്ങളിലേക്ക്‌ വഴികാട്ടുന്ന ‘ഭാവി വീക്ഷണത്തോടെ കേരളം' സമ്മേളനത്തിന്‌ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാവ്, കൊളംബിയ സർവകലാശാലയിലെ പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ്, ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ എന്നിവർ മുഖ്യപ്രഭാഷകരായി. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ്‌ സെക്രട്ടറി വിശ്വാസ്‌ മേത്ത എന്നിവർ സംസാരിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ്‌ ഉപാധ്യക്ഷൻ പ്രൊഫ. വി കെ രാമചന്ദ്രൻ സ്വാഗതവും മെമ്പർ സെക്രട്ടറി ഡോ. വി വേണു നന്ദിയും പറഞ്ഞു. 

വ്യവസായ പ്രമുഖരായ രത്തൻ ടാറ്റ, കുമാർ മംഗളം ബിർള, അസിം പ്രേംജി, ആനന്ദ് മഹേന്ദ്ര, നെബേൽ സമ്മാന ജേതാവ് പ്രൊഫ. അമർത്യ സെൻ, ഡോ. എം വി ഗുപ്ത (വേൾഡ്‌ ഫുഡ്‌ പ്രൈസ്‌ ജേതാവ്‌), ഡോ. തിലോചൻ മഹാപാത്ര (ഡയറക്ടർ ജനറൽ, ഐസിഎആർ), ജു ഹോ ലീ (ദക്ഷിണ കൊറിയൻ മുൻ വിദ്യാഭ്യാസ മന്ത്രി), എസ് ഡി ഷിബുലാൽ, പ്രോ പാട്രിക്ക് ഹെല്ലർ തുടങ്ങിയ വിദഗ്‌‌ധർ സംവാദങ്ങളുടെ ഭാഗമാകും. 11 രാജ്യങ്ങളിൽനിന്ന്‌ 190പേർ ചർച്ചയിൽ പങ്കെടുക്കും.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ പൂർണമായും ഓൺലൈനായാണ് സമ്മേളനം. പ്രത്യേക രജിസ്ട്രേഷനില്ല. ആർക്കും  ഏതു സെഷനും കാണാൻ സാധിക്കുംവിധമാണ് സമ്മേളനത്തിന്റെ ക്രമീകരണം. ‘www.keralalooksahead.com’ എന്ന സൈറ്റിൽ എല്ലാ സെഷനുകളും ലൈവായി കാണാം.

കേരളം വലിയ പരിവർത്തനത്തിന്റെ പാതയിൽ: മുഖ്യമന്ത്രി

കേരളം വലിയ പരിവർത്തനത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ്‌ സംഘടിപ്പിച്ച ‘കേരള ലുക്ക്സ് എഹെഡ്’ ത്രിദിന അന്തർദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പുതു സാങ്കേതിക വിദ്യകളുടെയും ആശയങ്ങളുടെയും അടിത്തറയിൽ കേരളത്തെ യഥാർഥ വിജ്ഞാന സമ്പദ്ഘടനയായി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്.

മഹാമാരിയിൽ നിന്നുള്ള പാഠങ്ങളിൽനിന്ന് കൂട്ടായ ചിന്തകളിലൂടെ എങ്ങനെ മുന്നോട്ടു നീങ്ങാനാകുമെന്നാണ് നോക്കുന്നത്. ഇതിനായി മികച്ച ആശയങ്ങളും രീതികളും രാജ്യത്തുനിന്നും രാജ്യാന്തരതലങ്ങളിൽനിന്നും ഉൾക്കൊള്ളുന്നുണ്ട്. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്ന ആധുനിക സമ്പദ്‌ വ്യവസ്ഥയാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് ലോകരാജ്യങ്ങളുടെ മികച്ച ആശയങ്ങളും മാതൃകകളും ഉൾക്കൊള്ളേണ്ടത് അനിവാര്യമാണ്‌.

ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, അധികാര വികേന്ദ്രീകരണം എന്നിവയിലെ നേട്ടങ്ങളുൾക്കൊണ്ട് വലിയ പരിവർത്തനത്തിന് കേരളം സജ്ജമാണ്. വിദ്യാസമ്പന്നരായ നൈപുണ്യമുള്ള പൗരൻമാർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിൽ  വിജയം നേടാനാകും.

പതിനാലാം പഞ്ചവത്സര പദ്ധതിക്കും പുതിയ സർക്കാരിനും സംസ്ഥാനം തയ്യാറെടുക്കുമ്പോൾ പുതിയ ദൗത്യങ്ങൾക്കും പദ്ധതികൾക്കും അനുയോജ്യ സമയമാണിത്. സമ്മേളനത്തിൽ ഉരുത്തിരിയുന്ന ആശയങ്ങൾ പുതിയ പദ്ധതികളുടെ രൂപീകരണത്തിനും നിലവിലെ പദ്ധതികളുടെ അവലോകനത്തിലും മൂല്യവത്താണ്‌.

ജനങ്ങളുടെ ക്ഷേമത്തിനായി മികച്ച ജനകീയ ഇടപെടലുണ്ടായതിന്‌ രാജ്യത്തെ മികച്ച ഉദാഹരമാണ്‌ കേരളം. മാനവിക വികസനത്തിൽ നാം നേടിയ നേട്ടങ്ങളെ സംരക്ഷിക്കാനും മികച്ചതാക്കാനുമാണ്‌ ഈ സർക്കാർ മുൻഗണന നൽകിയത്‌. കോവിഡ്‌ മഹാമാരിയുടെ സാഹചര്യം മറികടന്ന്‌ മുന്നോട്ടുപോകാൻ കൂട്ടായ ചിന്തയും പ്രവർത്തനവും ആവശ്യമാണ്‌. സംസ്ഥാനത്ത് കാർഷിക, കന്നുകാലി, മത്സ്യ സമ്പത്ത്  എന്നിവ വർധിപ്പിക്കാനുള്ള മാർഗങ്ങളും സമ്മേളനം ചർച്ച ചെയ്യും.

ഭൂമിയുടെ ലഭ്യതയും ജനസംഖ്യാവർധനയും  കണക്കിലെടുത്തുള്ള വ്യാവസായിക നേട്ടങ്ങൾ,  ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിലവാരം വർധിപ്പിക്കൽ, സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കി പൗരൻമാർക്ക്  ഗുണമേൻമയേറിയ സേവനം ലഭ്യമാക്കൽ, നൈപുണ്യ തൊഴിലുകളിൽ കേരളത്തെ രാജ്യത്തെ ഹബ്ബാക്കി മാറ്റുക എന്നീ വിഷയങ്ങളും ചർച്ചയ്‌ക്ക് വിധേയമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം തദ്ദേശീയ തൊഴിൽസാധ്യത ഉയർത്തണം: പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ്

തദ്ദേശീയ തൊഴിൽസാധ്യതകൾ ഉയർത്തുന്നതിലായിരിക്കണം കേരളം കൂടുതൽ ഊന്നൽ നൽകേണ്ടതെന്ന്‌ സാമ്പത്തികശാസ്ത്ര നൊബേൽ സമ്മാന ജേതാവും കൊളംബിയ സർവകലാശാലയിലെ പ്രൊഫസറുമായ ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ് പറഞ്ഞു. ലോക സാമ്പത്തികരംഗം വല്ലാതെ മാറി.‌ മറ്റു രാജ്യങ്ങളിൽ തൊഴിൽ സാധ്യത എത്രത്തോളമെന്ന്‌‌ പ്രവചിക്കാനാകില്ല‌. ഇത്‌ തിരിച്ചറിഞ്ഞുള്ള മാറ്റം ആവശ്യമാണ്‌. ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും, അതുവഴിയുള്ള തൊഴിൽ സാധ്യത ഉയർത്തുകയുമാണ്‌ പ്രധാനം. സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ ഇത്‌ കേരളത്തെ സഹായിക്കും. സ്‌ത്രീകൾക്കും‌ കൂടുതൽ തൊഴിൽ ലഭിക്കും. സംസ്ഥാന ആസൂത്രണ ബോർഡിന്റെ‌ ‘ഭാവി വീക്ഷണത്തോടെ കേരളം' ത്രിദിന സമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുനരുപയോഗ ഊർജസ്രോതസുകളിലും‌ ശ്രദ്ധ ചെലുത്തണം. എണ്ണയെയും പ്രകൃതി വാതകത്തെയും ആശ്രയിക്കുന്ന കാലം കഴിയുകയാണ്‌. ഇക്കാര്യത്തിൽ സ്വന്തം പാത തുറക്കാനാകണം. ലോകമാകെ കടുത്ത പ്രയാസങ്ങളിലൂടെ‌ കടന്നുപോകുന്നു‌. അവിടെയാണ്‌ സ്വന്തം വിഭവങ്ങളിലൂന്നിയ ഭാവി രൂപപ്പെടുത്തേണ്ടത്‌‌. ഉൽപ്പാദന വ്യവസായങ്ങൾക്കും ടൂറിസത്തിനും മുൻഗണന നൽകണം. ലോക സമ്പദ്‌ഘടനയുടെ മാറ്റം നിരന്തരം വീക്ഷിച്ച്‌ ആനുപാതികമായി നൈപുണ്യ പരിശീലനം ലഭ്യമാക്കുന്ന തൊഴിൽ സമൂഹത്തെ സജ്ജമാക്കണം. ഉന്നത പരിശീലനവും നൈപുണ്യ വികസനവും അനിവാര്യമാക്കണം. ആരോഗ്യ മേഖലയിൽ കേരളത്തിന്‌ വലിയ സാധ്യതയുണ്ട്‌. ടെലിമെഡിസിൻ മേഖലയിലെ സാധ്യതകൾ പരമാവധി  പ്രയോജനപ്പെടുത്താനാകുംവിധം സാങ്കേതികവിദ്യാ മാറ്റങ്ങൾ ആർജിക്കണം‌. മരുന്ന്‌ ഉൽപ്പാദന മേഖലയും വലിയ സാധ്യതകളുണ്ടെന്നും സ്റ്റിഗ്ലിറ്റ്സ് പറഞ്ഞു.

കേരളത്തിന്റെ സൗന്ദര്യം നുകരാൻ താൻ മനസ്സാൽ തയ്യാറെടുത്തതായി സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാന ജേതാവ്‌ പ്രൊഫ. ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതോടെ കേരളത്തിലേക്ക്‌ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment