Friday, March 22, 2013
സിബിഐയെ നാലാംകിട ഏജന്‍സിയാക്കി: പിണറായി
രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സിബിഐയെ നാലാംതരം ഏജന്‍സിയായി അധഃപതിപ്പിച്ചിരിക്കയാണ് മന്‍മോഹന്‍സിങ് സര്‍ക്കാരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ എ കെ ജി അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ വീട്ടില്‍ നടന്ന സിബിഐ റെയ്ഡ് മറ്റുകക്ഷികള്‍ക്കുള്ള മുന്നറിയിപ്പാണ്. ഡിഎംകെ പിന്തുണ പിന്‍വലിച്ച് 24 മണിക്കൂറിനകമാണ് സിബിഐ ഉദ്യോഗസ്ഥര്‍ സ്റ്റാലിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയത്. പിന്തുണ പിന്‍വലിച്ചാല്‍ സിബിഐയെ ഉപയോഗിക്കുമെന്ന വ്യക്തമായ സൂചനയും സന്ദേശവുമാണിത്. ഡിഎംകെ പോയാലും സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന ചില കക്ഷികളുണ്ട്. അവരില്‍ പലതിന്റെയും നേതാക്കള്‍ സിബിഐ അന്വേഷണം നേരിടുന്നവരാണ്. സിപിഐ എമ്മിന്റെ സമുന്നത നേതാവായിരിക്കെ ബഹുജനങ്ങളും രാജ്യവുമാകെ അംഗീകരിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എ കെ ജി. രാഷ്ട്രീയമായി സിപിഐ എമ്മിനെ എതിര്‍ത്തവര്‍പോലും എ കെ ജിയെ ആദരവോടെയാണ് കണ്ടിരുന്നതെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്.
അതേസമയം, ആര്‍എസ്എസ്-വിഎച്ച്പി നേതാക്കള്‍ ഹിന്ദു നേതാവായി കണ്ട് എ കെ ജിയെ ആദരിക്കുന്നത് തികഞ്ഞ നെറികേടാണ്. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ എ കെ ജി പങ്കെടുത്തത് ഹിന്ദു നേതാവായിട്ടല്ല. നാട്ടില്‍ അന്ന് നിലനിന്നിരുന്ന ഉച്ചനീചത്വം അവസാനിപ്പിക്കാന്‍ ക്ഷേത്രപ്രവേശന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു. പയ്യന്നൂര്‍ കണ്ടോത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വഴിനടക്കാനായി ജാഥ നടത്തി ഭീകര മര്‍ദനം ഏറ്റുവാങ്ങിയതും ഹിന്ദുനേതാവായല്ല. നാടിന്റെ സാമൂഹ്യാന്തരീക്ഷം മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. തലശേരിയില്‍ ആര്‍എസ്എസ് കലാപം അഴിച്ചുവിട്ടപ്പോള്‍ എ കെ ജി ഓടിയെത്തിയതും ഹിന്ദുനേതാവായല്ല. പീഡനമനുഭവിക്കുന്ന മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകനായിട്ടാണ്. അധ്വാനിക്കുന്ന, കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ കണ്ണീരൊപ്പാന്‍ ജീവിതംതന്നെ പോരാട്ടമാക്കി മാറ്റിയ മഹാനായ മനുഷ്യസ്നേഹിയെ അംഗീകരിക്കുന്നത് അഭിമാനമായി കാണുന്നു. എന്നാല്‍, ആര്‍എസ്എസും വിഎച്ച്പിയും അംഗീകരിക്കുകയല്ല, അപമാനിക്കുകയാണ്- പിണറായി പറഞ്ഞു. അനുസ്മരണ യോഗത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി.
deshabhimani 230313
Subscribe to:
Post Comments (Atom)
No comments:
Post a Comment