Friday, March 22, 2013

മനസില്‍ തെളിയുന്നു കാലം നമിക്കുന്ന എ.കെ.ജി


മനസ്സില്‍ തെളിയുന്നു കാലം നമിക്കുന്ന എ കെ ജി

പി സുരേശന്‍

പെരളശേരി: ഈ 83ാം വയസ്സിലും കെ വി കൃഷ്ണന്റെ മനസ്സില്‍ എ കെ ജിയെകുറിച്ചുള്ള സ്മരണകള്‍ തിളങ്ങുകയാണ്. മറവിയുടെ മാറാല കെട്ടാത്ത സ്മരണകളില്‍ ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ തെളിഞ്ഞുവരുമ്പോള്‍ ചരിത്രമാണ് പുനര്‍ജനിക്കുന്നത്. സമരമുഖത്തെ സൂര്യതേജസ്സും സംഘര്‍ഷഭൂമിയിലെ ആത്മവിശ്വാസത്തിന്റെ ആള്‍രൂപവുമായിരുന്ന എ കെ ജിക്കെതിരെ കോണ്‍ഗ്രസുകാര്‍ പതിച്ച പോസ്റ്ററും നാടാകെ തൂക്കിയിട്ട ചെരുപ്പുമാലയും കൃഷ്ണന്റെ ഓര്‍മയിലുണ്ട്.

1952ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കീഴറയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല കൃഷ്ണനായിരുന്നു. പെരളശേരി സ്കൂളിനുസമീപം എ കെ ജിക്ക് സ്വീകരണം നല്‍കുന്നുണ്ടെന്നറിഞ്ഞാണ് കോണ്‍ഗ്രസുകാര്‍ "എ കെ ഗോപാലന്‍ ഗോ ബാക്ക്" എന്നെഴുതിയ പോസ്റ്റര്‍ പതിക്കുകയും ചെരുപ്പുമാല തൂക്കിയിടുകയും ചെയ്തത്. ഇതിനെ നേരിടാന്‍ എ കെ ജി കാണിച്ച ചങ്കൂറ്റം കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പകര്‍ന്ന ആവേശം വാക്കുകളില്‍ ഒതുങ്ങുന്നതല്ല. കാടാച്ചിറയില്‍നിന്ന് എ കെ ജിയെ പൊതുയോഗം നടക്കുന്ന പെരളശേരിയിലേക്ക് സ്വീകരിച്ച് ആനയിക്കുകയായിരുന്നു. ""ഞാന്‍ ഈ നാട്ടുകാരനാണ്. എവിടെ പോകണമെന്നാണ് നിങ്ങള്‍ പറയുന്നത്. അതുകൂടി എഴുതിവയ്ക്കൂ""-എ കെ ജിയുടെ പ്രസംഗത്തിലെ ഈ വാക്കുകള്‍ കോണ്‍ഗ്രസിന്റെ അധമ സംസ്കാരത്തിനുനേരെയുള്ള പ്രതികരണമായിരുന്നു. ചെരുപ്പുമാല അറുത്തുകളഞ്ഞ എന്‍കെബിടി ബസ് കണ്ടക്ടറായിരുന്ന കുഞ്ഞിക്കണ്ണന്‍ നാടിന്റെ മാനം കാത്തുവെന്നും എ കെ ജി പ്രസംഗത്തില്‍ പറഞ്ഞു.

സഹോദരന്‍ എ കെ രാഘവന്‍മാസ്റ്ററുടെ വീട്ടില്‍ പഴയകാല പാര്‍ടി പ്രവര്‍ത്തകരെയടക്കം പങ്കെടുപ്പിച്ച് നടക്കുന്ന ജനറല്‍ബോഡിയുടെ മുഖ്യ സംഘാടകന്‍, ജനാധിപത്യം ധ്വംസിക്കപ്പെട്ട അടിയന്തരാവസ്ഥയില്‍ അസുഖം വകവയ്ക്കാതെ പെരളശേരിയില്‍ ഓടിയെത്തി പാര്‍ടി പ്രവര്‍ത്തകര്‍ക്ക് കരുത്തുപകരുന്ന ജനനായകന്‍...കൃഷ്ണന്റെ സ്മരണകളില്‍ എ കെ ജി നിറഞ്ഞുനില്‍ക്കുന്നു. സിപിഐ എം കീഴറ എ ബ്രാഞ്ച് അംഗമായ കൃഷ്ണന്‍ പൊതുരംഗത്ത് സജീവമാണ്. ബോള്‍ഷെവിക് എന്നറിയപ്പെടുന്ന പുതിയാണ്ടി കുഞ്ഞിരാമന് എ കെ ജി ഇന്നും ത്രസിപ്പിക്കുന്ന അനുഭവമാണ്. അടിയന്തരാവസ്ഥയില്‍ പെരളശേരിയിലെ കടകള്‍ അടപ്പിച്ച് ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ എ കെ ജി രോഗം മറന്നു. കടകളെല്ലാം തുറപ്പിക്കാനും ജനങ്ങളോട് വീട്ടില്‍നിന്ന് പുറത്തിറങ്ങാനും ആഹ്വാനംചെയ്ത എ കെ ജി യെക്കുറിച്ച് പറയുമ്പോള്‍ മൂന്നുപെരിയ ബി ബ്രാഞ്ചംഗം ബോള്‍ഷെവിക് കുഞ്ഞിരാമന് പഴയ ആവേശം തിരിച്ചുകിട്ടി. 1964-ല്‍ സിപിഐ എം പെരളശേരി ലോക്കല്‍ സെക്രട്ടറിയായിരുന്ന കുഞ്ഞിരാമനോട് ബാലസംഘത്തിന്റെയും കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എ കെ ജി ആവര്‍ത്തിക്കുമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി അനന്തന്‍, സഹോദരന്‍ രാഘവന്‍മാസ്റ്റര്‍ എന്നിവരുടെ വീടുകളില്‍ നടക്കുന്ന പാര്‍ടി ജനറല്‍ബോഡികളിലെ എ കെ ജിയുടെ സാന്നിധ്യം കുഞ്ഞിരാമന്റെ മനസ്സില്‍ പച്ച പിടിച്ചുനില്‍ക്കുന്നു.

No comments:

Post a Comment