Thursday, August 11, 2011

വൈദ്യരുടെ ഓര്‍മകളില്‍ ഇന്നും എ കെ ജി

അഖിലേന്ത്യാ കിസാന്‍സഭ 75 ാം വാര്‍ഷികം ആഘോഷിക്കുകയാണ്. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നടന്നുകഴിഞ്ഞു. വയനാടിന്റെ കാര്‍ഷിക ഭൂപടത്തില്‍ കര്‍ഷക സമരങ്ങള്‍ക്കുള്ള പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്. കുടിയേറ്റ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ; ജീവിക്കാനായുള്ള അവരുടെ പോരാട്ടങ്ങള്‍ .... കാലം മായ്ക്കാത്ത സമരങ്ങളില്‍ മുന്നണിപ്പോരാളികളായിരുന്നവരേറെയുണ്ട്. അവരില്‍ ചിലരുടെ ഓര്‍മകളിലൂടെ...

കല്‍പ്പറ്റ:

എ കെ ജി 1951ല്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ സമയം. മലബാറില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് സ്വീകരണം. സ്വീകരണയോഗം കഴിഞ്ഞതും ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് വെളുത്തുമെലിഞ്ഞ പയ്യനെ എ കെ ജി കൈചൂണ്ടിവിളിച്ചു. "മൂവാറ്റുപുഴക്കാരനല്ലേ, എന്താണിവിടെ?" എ കെ ജി മുഖത്തു നോക്കി ചോദിച്ചപ്പോള്‍ കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാനായില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് മൂവാറ്റുപുഴയില്‍ പൊതുയോഗത്തില്‍ ഹാരാര്‍പ്പണംചെയ്ത പയ്യനെ എ കെ ജിയെന്ന വലിയമനുഷ്യന്‍ ഓര്‍ത്തിരിക്കുക. പ്രായം ഓര്‍മകളെ മായ്ക്കാന്‍ ശ്രമിക്കുമ്പോഴും വര്‍ഗീസ് വൈദ്യരുടെ ഓര്‍മയില്‍ ഇന്നും തിളങ്ങി നില്‍ക്കുകയാണ് ഈ രംഗം. പിന്നീട് എ കെ ജി വര്‍ഗീസ് വൈദ്യരെ ഇ എം സിനെ പരിചയപ്പെടുത്തുകയും പുരോഗമന പ്രസ്ഥാനത്തിന്റെയും കിസാന്‍സഭയുടെയും പ്രവര്‍ത്തനം വയനാട്ടില്‍ വ്യാപിപ്പിക്കുകയുമായിരുന്നു.

കിസാന്‍സഭ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പഴയ കാലപ്രവര്‍ത്തനങ്ങളെക്കുറിച്ച് 89ാം വയസ്സിലും ചെറുപ്പക്കാരന്റെ ആവേശത്തോടെ വര്‍ഗീസ് വൈദ്യര്‍ വാചാലനായി. ജന്മിമാരുടെയും ഗവണ്‍മെന്റിന്റേയും ചൂഷണത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ എണ്ണമറ്റ പോരാട്ടങ്ങളാണ് വര്‍ഗീസ് വൈദ്യരുടെ നേതൃത്വത്തില്‍ വയനാട്ടില്‍ നടന്നത്. കിസാന്‍സഭയുടെ മെമ്പര്‍ഷിപ്പ് പുസ്തകങ്ങള്‍ എ കെ ജിയില്‍നിന്ന് നേരിട്ട് വാങ്ങിയാണ് വൈദ്യര്‍ ജില്ലയില്‍ കര്‍ഷകരെ സംഘടിപ്പിച്ചുതുടങ്ങിയത്. മലബാര്‍ കിസാന്‍സഭ ജില്ലാക്കമ്മിറ്റിയിലേക്ക് കോ-ഓപ്റ്റ് ചെയ്യപ്പെട്ട വര്‍ഗീസ്വൈദ്യര്‍ മീനങ്ങാടിയില്‍നിന്ന് ഒറ്റക്കാളയെ കെട്ടിയ വില്ലുവണ്ടിയില്‍ അമ്പലവയല്‍ , ബത്തേരി, കല്‍പ്പറ്റ പ്രദേശങ്ങളില്‍ പോയി കുടിയേറ്റ കൃഷിക്കാരെ കണ്ട് സംസാരിച്ച് കൃഷിക്കാര്‍ ഒറ്റകെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബോധവാന്മാരാക്കി. കുടിയേറ്റ കൃഷിക്കാരില്‍ മഹാഭൂരിപക്ഷവും അന്ന് ദരിദ്രാവസ്ഥയിലായിരുന്നു. വയനാട്ടിലെ കുടിയേറ്റ കര്‍ഷകര്‍ സര്‍ക്കാറിന്റെയും നാടന്‍ ജന്മിമാരുടെയും ചൂഷണത്തിന് വിധേയരായിരുന്നു.

1952ല്‍ എ കെ ജിയും സി എച്ച് കണാരനും വയനാട്ടില്‍ വന്ന് സംഘം പ്രവര്‍ത്തനം ശക്തമാക്കാനുള്ള പ്രവര്‍ത്തനം നടത്തി. വയനാട് താലൂക്ക് ലാന്‍ഡ് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ രൂപീകരിച്ചു. മീനങ്ങാടിയിലെ അബൂബക്കര്‍ മുതലാളി പ്രസിഡന്റും വര്‍ഗീസ് വൈദ്യര്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചത്. റവന്യു ഭൂമിയിലടക്കം കൃഷി കൈവശംവെച്ചിട്ടുള്ള മുഴുവന്‍ കൃഷിക്കാര്‍ക്കും പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചീങ്ങേരി, കണിയാമ്പറ്റ, മുട്ടില്‍ , നൂല്‍ലപ്പുഴ, വാഴവറ്റ തുടങ്ങിയ കുടിയിരിപ്പു കേന്ദ്രങ്ങളിലെല്ലാം കര്‍ഷകര്‍ പ്രത്യക്ഷ സമരത്തിനിറങ്ങി. ഇതേത്തുടര്‍ന്ന് അന്നത്തെ മദ്രാസ് മുഖ്യമന്ത്രി കാമരാജ് നാടാര്‍കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അന്ന് മദിരാശി ഗവണ്‍മെന്റില്‍ തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസുകാരായിരുന്നു. ഇവരാകട്ടെ കര്‍ഷകരുടെ ഭാഗത്ത് നില്‍ക്കുന്നതിന് പകരം ജന്മിമാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് ശ്രമിച്ചത്. 1934ല്‍ മാഹാത്മാഗാന്ധിയെ കല്‍പ്പറ്റയില്‍ കൊണ്ടു വരുന്നതിന് പിന്നില്‍ കോണ്‍ഗ്രസുകാര്‍ക്കൊപ്പം ജന്മിമാരുടെ പ്രയത്നവും ഉണ്ടായിരുന്നതായി വൈദ്യര്‍ ഓര്‍മിക്കുന്നു.
(കെ സി രമേശന്‍)

ദേശാഭിമാനി 110811

1 comment:

  1. അഖിലേന്ത്യാ കിസാന്‍സഭ 75 ാം വാര്‍ഷികം ആഘോഷിക്കുകയാണ്. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നടന്നുകഴിഞ്ഞു. വയനാടിന്റെ കാര്‍ഷിക ഭൂപടത്തില്‍ കര്‍ഷക സമരങ്ങള്‍ക്കുള്ള പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്. കുടിയേറ്റ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ; ജീവിക്കാനായുള്ള അവരുടെ പോരാട്ടങ്ങള്‍ .... കാലം മായ്ക്കാത്ത സമരങ്ങളില്‍ മുന്നണിപ്പോരാളികളായിരുന്നവരേറെയുണ്ട്. അവരില്‍ ചിലരുടെ ഓര്‍മകളിലൂടെ...

    ReplyDelete