Tuesday, March 20, 2012

എ കെ ജി ദിനം സമുചിതമായി ആചരിക്കുക: സിപിഐ എം

നിസ്വവര്‍ഗത്തിന്റെ അവകാശപോരാട്ടങ്ങളില്‍ ആവേശമായി പടര്‍ന്ന എ കെ ജിയുടെ 35-ാമത് ചരമദിനം 22ന് സമുചിതമായി ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന എ കെ ജി 1952 മുതല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ച ഘട്ടത്തില്‍ ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തിയ ഇടപെടലുകള്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ തിളങ്ങുന്ന സംഭവങ്ങളാണ്. നവോത്ഥാനപ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയിലും എ കെ ജി നേതൃനിരയില്‍ ഉണ്ടായിരുന്നു. പ്രക്ഷോഭങ്ങളെ ജീവിതമായി സ്വീകരിച്ച എ കെ ജി നടത്തിയ സമരങ്ങള്‍ , കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആവേശകരമായ നിരവധി അധ്യായങ്ങളാണ് സംഭാവനചെയ്തത്. കിസാന്‍സഭയുടെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചു. ഇടതുപക്ഷ തീവ്രവാദത്തിനും വലതുപക്ഷ വ്യതിയാനത്തിനുമെതിരായ സമരത്തിലും എ കെ ജി സജീവമായി പങ്കുകൊണ്ടു.
ജനദ്രോഹനയങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന ഘട്ടത്തിലാണ് ഇക്കുറി എ കെ ജിയുടെ ചരമദിനം ആചരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് കോര്‍പറേറ്റ് മേഖലയ്ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവുനല്‍കുമ്പോള്‍ , പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന ആഗോളവല്‍ക്കരണ നയസമീപനം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് 30,000 കോടി രൂപയുടെ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റ് വ്യക്തമാക്കുന്നു. പശ്ചാത്തലസൗകര്യമേഖല ഉള്‍പ്പെടെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നയം ഇതിന്റെ ഭാഗമാണ്. തൊഴിലാളികളുടെ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ തയ്യാറാകാത്തത് അടിസ്ഥാന ജനവിഭാഗത്തോടുള്ള സര്‍ക്കാരിന്റെ സമീപനവും വ്യക്തമാക്കുന്നു. ഇതിനെതിരായ പോരാട്ടങ്ങള്‍ക്ക് പാര്‍ലമെന്ററി സംവിധാനത്തെയും ബഹുജനങ്ങളെയും കണ്ണിചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകുന്നതിന് എ കെ ജിയുടെ പ്രവര്‍ത്തനപാത നമുക്ക് കരുത്തുപകരും. പാവങ്ങള്‍ക്കുവേണ്ടി എന്നും പോരാടിയ സഖാവിന്റെ അനുസ്മരണപരിപാടികള്‍ സമുചിതമായി സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് എല്ലാ പാര്‍ടിഘടകങ്ങളോടും അഭ്യര്‍ഥിച്ചു.

deshabhimani 200312