Thursday, March 21, 2013

തുളുനാട് മറക്കില്ല,എ കെ ജിയുടെ എടനീര്‍ മഠം മാര്‍ച്ച്


കാസര്‍കോടന്‍ ജനതയെ ഭൂമിയുടെ അവകാശിയാക്കിയ പോരാട്ടത്തിന്റെ ആവേശത്തിലാണ് ഇരിയണ്ണിയിലെ വി നാരായണന്‍ ഇപ്പോഴും. പാവങ്ങളുടെ പടത്തലവന്‍ എ കെ ജി നേതൃത്വം നല്‍കിയ ഈ സമരത്തിന്റെ ജ്വലിക്കുന്ന സ്മരണകളാണ് ഈ പോരാളിയുടെ മനസ്സുനിറയെ. കര്‍ഷകസംഘത്തിന്റെ ജന്മിത്തവിരുദ്ധ പോരാട്ടത്തില്‍ ആകൃഷ്ടനായി കൗമാരപ്രായത്തില്‍ കര്‍ഷകസംഘം പ്രവര്‍ത്തകനായ നാരായണന്റെ ജീവിതത്തില്‍ ഏറ്റവും പ്രചോദനമേകിയ നേതാവും എ കെ ജിയാണ്.

1962-ല്‍ എടനീര്‍ മഠത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നില്ലെങ്കില്‍ കാസര്‍കോട് താലൂക്കിലെ കര്‍ഷകര്‍ക്ക് ഇന്നുള്ളതുപോലെ സ്വന്തമായി ഭൂമി കിട്ടുമായിരുന്നില്ലെന്ന് സമരത്തില്‍ പങ്കെടുത്ത നാരായണന്‍ പറഞ്ഞു. ഇരുനൂറോളം പേര്‍ പങ്കെടുത്ത മാര്‍ച്ചില്‍ ജീവിച്ചിരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗമായ വി നാരായണന്‍. എ കെ ജിയുടെ ആജ്ഞാശക്തിക്കുമുന്നില്‍ ജന്മിമാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. പാട്ടക്കുടിയാന് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും പാട്ട ഭൂമിക്ക് രശീതി ലഭിക്കാനും ഇടയാക്കിയത് എ കെ ജി യുടെ നേതൃത്വത്തില്‍ എടനീര്‍ മഠത്തിലേക്ക് നടത്തിയ മാര്‍ച്ചാണ്. തുടര്‍ന്ന് മറ്റു ജന്മിമാരുടെ വീട്ടിലേക്കും കര്‍ഷകര്‍ മാര്‍ച്ച് നടത്തി അവകാശം പിടിച്ചുവാങ്ങുകയായിരുന്നു. എടനീര്‍ മഠവും വോര്‍ക്കാടി അടുക്കളകട്ടയിലെ രാമയ്യനായ്ക്കുമായിരുന്നു താലൂക്കിലെ പ്രധാന ജന്മിമാര്‍. മറ്റു ചില ചെറുകിട ജന്മിമാരുമുണ്ടായിരുന്നു. ഇവരാരും പാട്ടത്തിന് കൊടുത്ത ഭൂമിക്ക് രശീതി നല്‍കിയിരുന്നില്ല. ഏത് സമയവും പാട്ടഭൂമി മറിച്ച് കൊടുക്കാമെന്ന അവസ്ഥ. ഇതിന് പരിഹാരമായാണ് കര്‍ഷകര്‍ രശീതി ആവശ്യപ്പെട്ടത്.

1952 മുതല്‍ പാര്‍ലമെന്റില്‍ കാസര്‍കോടിനെ പ്രതിനിധീകരിക്കുന്ന എ കെ ജിയെ കര്‍ഷകരുടെ ഈ ദയനീയാവസ്ഥ ഏറെ വേദനിപ്പിച്ചു. ചെറുതും വലുതുമായ സമരങ്ങള്‍ക്ക് പാവങ്ങളുടെ പടത്തലവന്‍ നേതൃത്വം നല്‍കി. ഒടുവില്‍ ജന്മിമാരുടെ വീട്ടിലേക്ക് കര്‍ഷകര്‍ സംഘടിച്ച് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. കൂടുതല്‍ ഭൂമി കൈവശം വച്ച എടനീര്‍ മഠത്തിലേക്ക് ആദ്യ മാര്‍ച്ചിന് രൂപം നല്‍കി. ഇരിയണ്ണിയില്‍നിന്നും കൊളത്തൂരില്‍നിന്നും പെരുമ്പള ഭാഗത്തുനിന്നും കര്‍ഷകസംഘം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരക്കണമെന്നായിരുന്നു തീരുമാനം. മാര്‍ച്ച് ഉദ്ഘാനംചെയ്തതും എ കെ ജിയായിരുന്നു. മാര്‍ച്ച് തടയാന്‍ മഠത്തിന് മുന്നില്‍ മുള്ളുവേലികെട്ടി ഗൂര്‍ഖമാരെ കാവല്‍നിര്‍ത്തിയിരുന്നു. മാര്‍ച്ച് എത്തിയ ഉടനെ ജന്മി നാലുപേരെ ചര്‍ച്ചക്കായി വിളിച്ചു. ചര്‍ച്ച കഴിഞ്ഞിറങ്ങിയ എ കെ ജി തീരുമാനം കാസര്‍കോട് നഗരത്തില്‍ പ്രഖ്യാപിക്കുമെന്നറിയിച്ചു. തുടര്‍ന്ന് പ്രകടനം നഗരത്തിലെ മല്ലികാര്‍ജുന ക്ഷേത്രപരിസരത്തേക്ക് നീങ്ങി. ഇവിടെയാണ് പാട്ട രശീതി ജന്മിമാര്‍ തരുമെന്ന് സമ്മതിച്ച കാര്യം എ കെ ജി പ്രഖ്യാപിച്ചത്. പ്രധാന ജന്മിമാര്‍ കൂടിയാലോചിച്ചാണ് ഈ ആവശ്യം അംഗീകരിച്ചത്. ഈ രശീതി പിന്നീട് ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശത്തിന്റെ രേഖയായി സര്‍ക്കാര്‍ പരിഗണിച്ചു.

(എം ഒ വര്‍ഗീസ്)

deshabhimani

No comments:

Post a Comment