Sunday, June 6, 2021

അമരാവതി സമരത്തിന്‌ 60...ഐ ബി സതീഷ്‌ എഴുതുന്നു

ഐക്യ കേരള ചരിത്രത്തിൽ ശ്രദ്ധേയമായ അമരാവതി സമരത്തിന്‌ ജൂൺ ആറിന്‌ ആറുപതിറ്റാണ്ട്‌ പൂർത്തിയാകുന്നു. കേരളത്തിന്റെ പടത്തലവനായ എകെജിയുടെ നേതൃത്വമാണ്‌ ആ കർഷകസമരത്തെ പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാക്കി മാറ്റിയത്‌. 1961 ജൂൺ ആറിനാണ്‌ എകെജി നിരാഹാര സമരം ആരംഭിച്ചത്‌.  പ്രശ്‌നം പരിഹരിക്കുന്നതു വരെ താൻ സമരം നിർത്തില്ലെന്ന്‌ എകെജി പ്രഖ്യാപിച്ചു. കർഷകരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചാണ് 12 ദിവസം നീണ്ട സമരം എ കെ ജി അവസാനിപ്പിച്ചത്.

എവിടെ ജനങ്ങൾ കഷ്‌ടത അനുഭവിക്കുന്നുവോ അവിടെ ഞാനും എന്റെ പാർടിയും ഉണ്ടാകുമെന്ന്‌ പ്രഖ്യാപിച്ച ജനനായകനായിരുന്നു എകെജി. ഇന്ത്യയിൽ എവിടെയും കർഷകരും തൊഴിലാളികളും പീഡനങ്ങൾ നേരിടുന്നുവോ അവിടെയെല്ലാം അദ്ദേഹം ഓടിയെത്തി. ഉത്തരേന്ത്യയില്‍ കര്‍ഷകസംഘം പരിപാടിക്കിടെയാണ്‌  ഇടുക്കിയിലെ ബലംപ്രയോഗിച്ചുള്ള കുടിയിറക്കും ജനങ്ങളുടെ നരകയാതനയും എ കെ ജി  അറിഞ്ഞത്‌. ഉടൻ പരിപാടി അവസാനിപ്പിച്ച് അദ്ദേഹം കേരളത്തില്‍ എത്തി. ജൂണ്‍ ഒന്നിന് കുമളിയില്‍ കുടിയിറക്കപ്പെട്ട ജനങ്ങളെ സന്ദര്‍ശിച്ചു. ജൂണ്‍ അഞ്ചിന് മുമ്പ് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ആറ് മുതല്‍ നിരാഹാരം ആരംഭിക്കുമെന്ന് കോട്ടയത്ത്‌ പൊതുയോഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ജൂൺ ആറിന് ഇഎംഎസുമൊത്ത് കുമളിയിലെത്തി  നിരാഹാരം ആരംഭിക്കുകയായിരുന്നു.  ജൂൺ 14ന് എ കെ ജിയെ അറസ്റ്റ് ചെയ്ത് കോട്ടയം ആശുപത്രിയിലാക്കിയെങ്കിലും അദ്ദേഹം അവിടേയും നിരാഹാരം തുടർന്നു. ലോക് സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ കെജി നിരാഹാരമാരംഭിച്ചതോടെ അമരാവതി പ്രശ്നം ദേശീയ ശ്രദ്ധയുമാകർഷിച്ചു. അതോടെ സർക്കാർ മുട്ടുമടക്കി . ആഭ്യന്തരമന്ത്രി പി ടി ചാക്കോ കോട്ടയത്തു എത്തി ചർച്ചയാരംഭിച്ചു. രണ്ടു ദിവസം നീണ്ട കൂടിയാലോചനയ്ക്ക് ശേഷം ഗവൺമെന്റിന് വേണ്ടി ആഭ്യന്തരമന്ത്രി രേഖാമൂലം കൊടുത്ത ഉറപ്പിൻമേൽ ജൂൺ 17ന്  എ കെ ജി നിരാഹാരം പിൻവലിച്ചു.

സമരം തുടങ്ങുന്ന വാര്‍ത്ത‍ ദേശാഭിമാനിയില്‍

 മെയ് മാസത്തിലാണ് പട്ടംതാണു പിള്ളയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മനുഷ്യത്വരഹിതമായി 1700 കുടുംബങ്ങളെ അയ്യപ്പന്‍കോവില്‍ പ്രദേശത്ത് നിന്ന് ബലമായി കുടിയിറക്കിയത്. മെയ് 2 ന് കർഷകരുടെ വീടുകൾ തീവച്ച് നശിപ്പിച്ചു. രണ്ടായിരത്തോളം കുടുംബങ്ങളെ ബലം പ്രയോഗിച്ച് 40 മൈൽ അകലെയുള്ള അമരാവതിയിൽ ഇറക്കിവിട്ടു. പട്ടിണിയും പേമാരിയും ജനങ്ങളെ ദുരിതത്തിലാക്കി. പലരും മരിച്ചുവെങ്കിലും സർക്കാർ തിരിഞ്ഞു നോക്കിയില്ല. പതിറ്റാണ്ടുകള്‍അധ്വാനിച്ച് കര്‍ഷകര്‍ രക്തംവിയര്‍പ്പാക്കി വിളയിച്ചെടുത്ത നെല്ല്, മരച്ചീനി, കുരുമുളക് എന്നിവയെല്ലാം വെട്ടി തീയിട്ടു. എതിര്‍ത്തവരെ പട്ടത്തിന്റെ പൊലീസ് മൃഗീയമായ മര്‍ദിച്ചു.

പ്രദേശത്തെ കോണ്‍ഗ്രസ്‌ അനുഭാവികൾ കരുതിയത്‌ തങ്ങളെ സര്‍ക്കാര്‍ ഒരിക്കലും കുടിയിറക്കില്ലെന്നായിരുന്നു.  എന്നാല്‍ അതെല്ലാം ചവിട്ടി അരച്ചാണ് സര്‍ക്കാര്‍ കുടിയിറക്ക് പൂര്‍ത്തിയാക്കിയത്. ഇടുക്കി ഡാം നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു ബലമായി കുടിയിറക്കൽ. ജലസേചന പദ്ധതി പ്രദേശങ്ങളിൽ നിന്ന് പദ്ധതിയുടെ ആവശ്യാർത്ഥം ഭൂമി ഒ ഴിപ്പിച്ചെടുക്കേണ്ടി വരുമ്പോൾ ഒഴിപ്പിക്കപ്പെടുന്ന കർഷകകുടുംബങ്ങൾക്ക് ഓരോ ഏക്കർ ഭൂമി വീതം പകരം നല്കുന്നതിന് ആദ്യ കേരള മന്ത്രിസഭാകാലത്ത് ചുരുളി- ചീനാർ പ്രദേശത്ത് ആവശ്യമായ സ്ഥലം കരുതിയിരുന്നെങ്കിലും അതു നൽകാതെയാണ് അമരാവതിയിലേക്ക് എത്തിച്ചത് .  പക്ഷേ ചെളിയും വെള്ളവും നിറഞ്ഞ ജീവിക്കാൻ കഴിയാത്ത സ്ഥലത്തായിരുന്നു കർഷകരെ പാർപിച്ചത്‌. അതിനെത്തുടർന്ന് കർഷകർ സമരം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ കൈവശസ്ഥലമോ വിറ്റുകിട്ടിയ തുകയുമായി ഇടുക്കിയിലേക്ക് കുടിയേറിയ കർഷകർ അയ്യപ്പൻ കോവിലടക്കമുള്ള പ്രദേശങ്ങളിൽ കൈവശക്കാരിൽ നിന്നുമാണ്‌ ഭൂമി സ്വന്തമാക്കിയത്. കർഷകർ കഷ്ടപ്പാടുകൾ സഹിച്ച് കെട്ടിയുയർത്തിയ കുടിലുകൾ കത്തിക്കുകയും രക്തം വിയർപ്പാക്കി അവർ നട്ടുവളർത്തിയ കാർഷിക വിളകൾ നശിപ്പിക്കുകയും തല ചായ്ക്കാൻ ഇടമില്ലാതെ അനാഥരാക്കപ്പെടുകയും ചെയ്ത അവസ്ഥകണ്ട് എകെജി രോഷാകുലനായി. അവരെ തിരിഞ്ഞു നോക്കാൻ തയാറാകാത്ത സർക്കാർ നിലപാടിൽ അദ്ദേഹം അതിശക്‌തമായ പ്രതിഷേധം അറിയിച്ചു. 1961 ജൂണ്‍ അഞ്ചിന് കോട്ടയത്ത് നടന്ന വമ്പിച്ച കര്‍ഷക സമ്മേളനത്തിലാണ് കുടിയിറക്കിനെതിരെ നിരാഹാരസമരം പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം കുമളി അമരാവതിയില്‍ കര്‍ഷകരോടൊപ്പം നിരാഹാരം തുടങ്ങിയത് രാജ്യത്താകെ ചര്‍ച്ചയായി.

കോണ്‍ഗ്രസ് സര്‍ക്കാര്‍  അയ്യപ്പന്‍കോവിലില്‍ നിന്ന് കുടിയിറക്കി കുമളിയിലെ ആനക്കാട്ടില്‍ തള്ളിയ ആ കര്‍ഷകരുടെ പിൻമുറക്കാരുടെ മനസിൽ ഇന്നും എകെജിക്ക്‌ ഒരിടമുണ്ട്‌.  അമരാവതി എ കെ ജിയെ ഇന്നും ആദരവോടെയാണ് സ്മരിക്കുന്നത്. എ കെ ജിക്കൊപ്പം സമരത്തില്‍ പങ്കെടുത്ത നിരവധി പേര്‍ ഇപ്പോഴും അമരാവതിയിലുണ്ട്. അന്ന് കൊച്ചുകുട്ടികളായിരിക്കെ മാതാപിതാക്കളോടൊപ്പം സമരത്തില്‍ പങ്കെടുത്തതിന്റെ  ഓര്‍മകളുമായി ജീവിക്കുന്ന നിരവധിപേരും എകെജിയിലെ മനുഷ്യ സ്നേഹിയെ ആദരവോടെയാണ് കാണുന്നത്. എല്ലാം നഷ്ടപ്പെട്ട്് രോഗവും പട്ടിണിയും മൂലം ചെളിക്കുണ്ടില്‍ മരിക്കുമെന്ന് വിശ്വസിച്ച ആയിരങ്ങള്‍ക്ക് സമരപാത വെട്ടിത്തുറന്ന് നല്‍കിയത് എകെജിയായിരുന്നു. ഉയര്‍ത്തിയ ആവശ്യങ്ങളെല്ലാം നേടിയെടുത്തു. തങ്ങളുടെ രക്ഷയ്ക്ക് കമ്യൂണിസ്റ്റ്പാര്‍ടിയേ ഉള്ളെന്ന തിരിച്ചറിവ് കര്‍ഷകരില്‍ സൃഷ്ടിക്കാനും എകെജിയുടെ സമരത്തിന് കഴിഞ്ഞു. എ കെ ജിയും പാര്‍ടിയും നയിച്ച ആ സമരത്തിന് കത്തോലിക്കാ സഭയുടെയും ഫാ. വടക്കന്റേയും   സഹായവും ലഭിച്ചു.  

എണ്ണമറ്റ സമരങ്ങള്‍ക്ക് എ കെ ജി നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും ഇത്രയേറെ ക്ലേശവും ബുദ്ധിമുട്ടും സഹിച്ച സമരം മുമ്പും ശേഷവും ഉണ്ടായിട്ടില്ലെന്ന് എകെജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാൻ  മണ്ണുതേടി മലനാട്ടിലെത്തി പ്രതികൂല സാഹചര്യങ്ങളെ കീഴടക്കി ജീവിതം മെല്ലെ പുഷ്ടിപ്പെടുത്തുമ്പോഴായിരുന്നു കര്‍ഷകരെ നിരാലംബരാക്കി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടത്. ഒരു ഘട്ടത്തില്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെ കര്‍ഷകജനതയുടെ അന്തകരായി മാറി. ഭൂമിയില്ലാത്തവരും തൊഴില്‍രഹിതരുമായ പാവങ്ങളെയാണ് ഹൈറേഞ്ചില്‍ സര്‍ക്കാര്‍ കുടിയിരുത്തിയത്. കൈവശക്കാരെ ഒഴിപ്പിക്കില്ലെന്നും ഭൂരഹിതര്‍ക്ക് എവിടെയെങ്കിലും ഭൂമി നല്‍കുമെന്നും 1957ലെ ഇ എം എസ് മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചുള്ള പരിരക്ഷയും ആ മന്ത്രിസഭയുടെ അവസാന നാളുകള്‍വരെ കര്‍ഷകര്‍ക്ക് നല്‍കി.

എന്നാല്‍ ആ ജനകീയ സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ തകര്‍ത്തെറിഞ്ഞ രാഷ്ട്രീയ ശക്തികളും പിന്നീട് അധികാരത്തില്‍വന്ന മുക്കൂട്ട് മുന്നണി മന്ത്രിസഭയും കുടിയേറ്റ കര്‍ഷകരോട് കൊടുംപാതകം ചെയ്യുകയായിരുന്നു. ഈ കര്‍ഷക വിരുദ്ധ നിലപാട് വീണ്ടും ആവര്‍ത്തിക്കുന്നത് കേരളം പലതവണ കണ്ടെങ്കിലും കര്‍ഷകര്‍ക്കായി മുതലക്കണ്ണീരൊഴുക്കുന്ന രാഷ്ട്രീയ നയം പലതവണ പരീക്ഷിക്കപ്പെട്ടു. വേണ്ടിവന്നാല്‍ രക്തരൂക്ഷിതമായ ബലപ്രോയോഗത്തിലൂടെ കര്‍ഷക ജനതയെ കുടിയൊഴിപ്പിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന പട്ടംതാണുപിള്ളയും ഉപമുഖ്യമന്ത്രി ആര്‍ ശങ്കറും പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. കര്‍ഷകരുടെ പ്രതിഷേധശബ്ദം അടയ്ക്കാന്‍ പട്ടാളത്തെയും ഇറക്കി.

നാട്ടിലെവിടെയും കര്‍ഷകദ്രോഹ നടപടിയുണ്ടായെന്നറിഞ്ഞാല്‍ ഓടിയെത്തുന്ന എ കെ ജി സ്വന്തം ജീവന്‍പോലും അവഗണിച്ചാണ് അമരാവതി സമരഭൂമിയിലെത്തിയത്.

സമരകേന്ദ്രത്തിലെത്തിയ എകെജിയെയും ഇഎംഎസിനെയും മറ്റ് നേതാക്കളെയും സ്ത്രീകളും കുട്ടികളും അഭയാര്‍ഥികളും അടങ്ങുന്ന വന്‍ജനാവലി സ്നേഹപൂര്‍വം വരവേറ്റു. ഞങ്ങള്‍ രാവിലെ മുതല്‍ മഴ നനഞ്ഞ് നില്‍ക്കുകയാണെന്നും ഇനിയും എത്രനേരം വേണമെങ്കിലും കാത്തുനില്‍ക്കാന്‍ തയ്യാറാണെന്നും ജനാവലി അറിയിച്ചതോടെ എകെജി അനാരോഗ്യം മറന്ന് സമരപ്പന്തലില്‍ നിരാഹാര സമരം ആരംഭിച്ചു. സമരപ്പന്തലിലേക്ക് നാനാതുറകളിലുള്ളവരുടെ വന്‍ പ്രവാഹം തന്നെയുണ്ടായി. ക്രിസ്ത്യാനി സ്ത്രീകള്‍ ബൈബിളുമായി എകെജിയുടെ സമീപം നിന്ന് ജീവനുവേണ്ടി പ്രാര്‍ഥിച്ചു. പിന്നീട് സര്‍വമത പ്രാര്‍ഥനയും നാടാടെ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും അലയടിച്ചു.   ഏത് എ കെ ജി, എന്ത് സമരം എന്ന് പുഛിച്ച് തള്ളിയ പട്ടംതാണുപിള്ളതന്നെ പാവങ്ങളുടെ പടത്തലവന് മുമ്പില്‍ കീഴ്പ്പെടുന്ന ചരിത്രം കുറിക്കപ്പെട്ടു. ഈ സമരം പിന്നീട് മറ്റ് സമരങ്ങള്‍ക്ക് ആവേശവും ഉന്‍മേഷവും പകരുന്നതായി.

1965 ജൂണ്‍ ഒന്നുമുതല്‍ തുടരെ 105 ദിവസം നടന്ന കേസ് കര്‍ഷകര്‍ക്ക് അനുകൂലമായി വിധിയെഴുതി.  അന്നത്തെ ഗവര്‍ണര്‍ ഭരണം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ കേസ് പിന്നെയും നീണ്ടു. 1967ല്‍ ഇ എം എസ്  വീണ്ടും അധികാരത്തില്‍വന്നു.  ഹൈക്കോടതിയില്‍നിന്നും കേസ് പിന്‍വലിച്ചു. കര്‍ഷകര്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചു. ചുരുളി കീരിത്തോട്ടില്‍നിന്നും കുടിയിറക്കിയ മുഴുവന്‍ കര്‍ഷകര്‍ക്കും അതേ ഭൂമിതന്നെ നല്‍കി ചരിത്രം തിരുത്തി.

*

ഐ ബി സതീഷ് 

(കാട്ടാക്കടയില്‍ നിന്നുള്ള എംഎല്‍എയാണ് ലേഖകന്‍)

No comments:

Post a Comment