Friday, March 23, 2012

ഭരണവിരുദ്ധ വികാരത്തിന് തടയിട്ടത് നെറികേടുകളിലൂടെ: പിണറായി

കണ്ണൂര്‍ : തെരഞ്ഞെടുപ്പില്‍ പാടില്ലാത്തതെല്ലാം നല്ലപോലെ ഉപയോഗിച്ചാണ് യുഡിഎഫ് പിറവത്ത് വിജയിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . എ കെ ജി സ്മൃതിമണ്ഡപത്തില്‍ പുഷ്ചാര്‍ച്ചന നടത്തിയശേഷം അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തിനെതിരെ ഉയര്‍ന്ന വികാരം നെറികേടുകളിലൂടെയാണ് തടഞ്ഞുനിര്‍ത്തിയത്. എല്ലാ പൊതുപ്രവര്‍ത്തന മൂല്യങ്ങളും ഇല്ലാതാക്കി. ഗവണ്‍മെന്റിനെതിരായ ജനവികാരം അതേരീതിയില്‍ പ്രതികരിക്കാതിരിക്കാന്‍ വഴിവിട്ട ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ജാതി-മത ശക്തികള്‍ക്ക് വേണ്ടത് നല്‍കി ഒന്നിച്ചുനിര്‍ത്തി. മതപ്രീണനത്തിന് ഒരു പരിധിയുമുണ്ടായില്ല. പണത്തിന്റെ കുത്തൊഴുക്ക് തന്നെയായിരുന്നു. ആളുകളെ ബോധമില്ലാത്ത അവസ്ഥയിലാക്കുന്നതിന് വേണ്ടതെല്ലാം നല്‍കി. ആളുകള്‍ കൂടുന്നിടത്ത് ഇതിനെല്ലാം സൗകര്യമൊരുക്കിയെന്ന് മാത്രമല്ല, ആവശ്യമുള്ളവര്‍ക്ക് പോകുമ്പോള്‍ കൈയില്‍ കൊണ്ടുപോകാനും കഴിയുമായിരുന്നു. ഇതൊക്കെയായിട്ടും പിറവത്ത് എല്‍ഡിഎഫിന്റെയും സിപിഐ എമ്മിന്റെയും ബഹുജനാടിത്തറയ്ക്ക് പോറലേറ്റില്ല. കഴിഞ്ഞ തവണത്തെക്കാള്‍ എല്‍ഡിഎഫിന് നാലായിരത്തിലേറെ വോട്ട് കൂടുതല്‍ ലഭിച്ചു. എല്‍ഡിഎഫ് മണ്ഡലമല്ല പിറവം. വിരളമായേ അവിടെ എല്‍ഡിഎഫ് ജയിച്ചിട്ടുള്ളൂ. അതും യുഡിഎഫിനകത്ത് കാര്യമായ ഭിന്നത നിലനിന്നപ്പോള്‍ .

എ കെ ജിയുടെ ജീവിതകാലത്തെന്നപോലെ ഇപ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ കടുത്ത ആക്രമണം നടത്തുന്നു. എല്ലാ ഘട്ടങ്ങളിലും ജനങ്ങളെ അണിനിരത്തിയാണ് എ കെ ജി ആക്രമണങ്ങളെ നേരിട്ടത്. പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ കിരാതമായ ആക്രമണമാണ് നടക്കുന്നത്. ഭരണമാറ്റത്തിനു ശേഷം നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇത് ഒറ്റപ്പെട്ട നീക്കമല്ല. രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ സിപിഐ എമ്മിനെതിരെ നീങ്ങുന്നു. കേരളത്തില്‍ ജാതി- മത ശക്തികളുടെ വ്യൂഹം തീര്‍ത്താണ് സിപിഐ എമ്മിനെതിരെ യുഡിഎഫ് നീങ്ങുന്നത്. ഇതിനെയെല്ലാം മറികടക്കാന്‍ എ കെ ജി കാണിച്ചുതന്ന മാതൃക സ്വീകരിക്കേണ്ടതുണ്ടെന്ന് പിണറായി പറഞ്ഞു.

deshabhimani 230312

1 comment:

  1. തെരഞ്ഞെടുപ്പില്‍ പാടില്ലാത്തതെല്ലാം നല്ലപോലെ ഉപയോഗിച്ചാണ് യുഡിഎഫ് പിറവത്ത് വിജയിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . എ കെ ജി സ്മൃതിമണ്ഡപത്തില്‍ പുഷ്ചാര്‍ച്ചന നടത്തിയശേഷം അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete