Monday, October 26, 2020

ഇഞ്ചികടിച്ച്‌ ഷാജി ; വാദങ്ങൾക്ക്‌ പരസ്പര ബന്ധമില്ല

 സ്വത്തുവിവരത്തിലെ കള്ളം പുറത്തായതിന്റെ ജാള്യത്തിൽ കെ എം ഷാജി എംഎൽഎ പറയുന്ന വാദങ്ങൾ കൂടുതൽ പരിഹാസ്യം. തെരഞ്ഞെടുപ്പ്‌ നാമനിർദേശപത്രികയിൽ സ്വത്തുവിവരം കുറച്ചുകാണിച്ചതിനെ ഷാജി ന്യായീകരിച്ചത്‌ ‘കാർഷികവരുമാനം എല്ലാക്കാലത്തും ഒരുപോലെയാവില്ലല്ലോ’ എന്നു ചോദിച്ചാണ്‌. വയനാട്ടിൽ നാലരയേക്കർ കൃഷിഭൂമിയുണ്ടെന്നും കർണാടകത്തിൽ പതിവായി ഇഞ്ചിക്കൃഷി നടത്താറുണ്ടെന്നുമാണ്‌  പറഞ്ഞത്‌. എന്നാൽ, ഇതൊന്നും സ്വത്തുവിവര സത്യവാങ്‌മൂലത്തിൽ കാണിച്ചിരുന്നില്ല. 

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ നാമനിർദേശപത്രികയ്‌ക്കൊപ്പം നൽകിയ സ്വത്തുവിവരപ്പട്ടികയിൽ മൂന്നിടത്തായി 143 സെന്റ്‌ സ്ഥലമാണ്‌ കാണിച്ചത്‌. ഇതിൽ കണിയാമ്പറ്റയിൽ 55 സെന്റ്‌ സ്ഥലത്തിന്‌ 2011ലെ തെരഞ്ഞെടുപ്പു കാലത്ത്‌ 26 ലക്ഷം രൂപ വില കാണിച്ചിരുന്നു. 2016ൽ വെറും മൂന്നു ലക്ഷം. ഇതേ സ്ഥലത്ത്‌ ഭാര്യയുടെ പേരിലുള്ള 40.3 സെന്റിന്‌ 2011ൽ ആറു ലക്ഷമായിരുന്നു. 2016ൽ 70,000 രൂപയായി കുറഞ്ഞു. ഇതെങ്ങനെ സംഭവിച്ചുവെന്നാണ്‌ ഷാജി വിശദീകരിക്കേണ്ടത്‌. ഇഞ്ചിയുടെയും മറ്റു കാർഷിക വിളകളുടെയും വിലനിലവാരവുമായി ഇതിന്‌ ബന്ധമില്ല.   

വാദങ്ങൾക്ക്‌ പരസ്പര ബന്ധമില്ല

അഴീക്കോട്‌ സ്‌കൂൾ മാനേജ്‌മെന്റിൽനിന്ന്‌ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാര്യം പുറത്തുവന്നതുമുതൽ ഷാജി പരസ്‌പരബന്ധമില്ലാതെയാണ്‌ ഓരോന്നു പറയുന്നത്‌. ‘25 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണം ഒരു വ്യക്തി ഉർത്തിയിട്ടുണ്ട്‌. അഴിമതിക്കെതിരായ ശബ്ദത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ പരാതി വിജിലൻസിനു കൈമാറണം’ എന്ന്‌ 2017 സെപ്‌തംബർ 17ന്‌ ഫെയ്‌സ്‌ബുക്കിലുടെ വെല്ലുവിളിച്ച ഷാജി, വിജിലൻസ്‌ കേസെടുത്തതോടെ വാക്കുമാറി. പിണറായിയുടെ പകയാണ്‌ കേസിനു കാരണമെന്നായി ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽപോലും ഉന്നയിക്കാത്ത ആരോപണമാണിതെന്നും ഷാജി വാദിച്ചു. 2017 ജൂലൈയിൽ പുറത്തുവന്ന കോഴക്കാര്യം 2016 മേയിലെ തെരഞ്ഞെടുപ്പിൽ എങ്ങനെ ഉയർന്നുവരാൻ.

പിഴയടയ്‌ക്കാം; തടികഴിച്ചിലാക്കണമെന്ന്‌

ആഡംബര വീടിന്റെ മറവിൽ നടത്തിയ നികുതിവെട്ടിപ്പ‌് പുറത്തായതോടെ പിഴയടച്ച‌് തലയൂരാൻ കെ എം ഷാജി എംഎൽഎയുടെ ശ്രമം. വീട‌് പൊളിച്ചുമാറ്റാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നറിയിച്ച‌് കോർപറേഷൻ നോട്ടീസ‌് നൽകിയതോടെയാണ‌് കീഴടങ്ങൽ. പ്ലസ‌്ടു കോഴ വിവാദം അന്വേഷിക്കുന്ന എൻഫോഴ‌്സ‌്മെന്റ‌് ആവശ്യപ്പെട്ടതനുസരിച്ച്‌ കോർപറേഷൻ അധികൃതർ വീട്‌ അളന്നപ്പോഴാണ്‌ അനധികൃത നിർമാണം കണ്ടെത്തിയത്‌.

റിപ്പോർട്ട‌് ഇഡിക്ക‌് കൈമാറുംമുമ്പ് ‌നികുതിയടച്ചോളാം എന്നാണ്‌ ഷാജി ഇപ്പോൾ പറയുന്നത്‌.

പുതുക്കിയ പ്ലാൻ  നൽകി കംപ്ലീഷൻ സർട്ടിഫിക്കറ്റിന‌് അപേക്ഷിക്കാമെന്നും ഇതുവരെയുള്ള നികുതിയും പിഴയും ഒടുക്കാൻ തയ്യാറാണെന്നും ഷാജിയുടെ ഭാര്യ ആശ കോർപറേഷൻ അധികൃതരെ അറിയിച്ചിട്ടുണ്ട‌്.

ഇതനുസരിച്ച‌്  കെട്ടിടനികുതിയും ആഡംബര നികുതിയും  മൂന്നിരട്ടി  പിഴയും അടയ‌്ക്കേണ്ടിവരും. ഇതെത്രയെന്ന‌്  കണക്കാക്കിവരികയാണ‌്.

ആഡംബര വീട‌്: റിപ്പോർട്ട‌് നാളെ ഇഡിക്ക‌്  കൈമാറും

ആഡംബര വീടിന്റെ മറവിൽ കെ എം ഷാജി എംഎൽഎ നികുതിവെട്ടിച്ച സംഭവത്തിൽ കോർപറേഷൻ ചൊവ്വാഴ‌്ച എൻഫോഴ‌്സമെന്റ്‌ ഡയറക്ടറേറ്റിന‌് റിപ്പോർട്ട‌് കൈമാറും. ഭാര്യയുടെ പേരിൽ നിർമിച്ച വീടിന‌് അനുവദിച്ചതിലധികം വിസ‌്തൃതിയുണ്ടെന്നും അനധികൃതമായാണ‌് വലിപ്പം കൂട്ടിയതും മൂന്നാംനില പണിതതെന്നുമാണ‌്  കണ്ടെത്തൽ.അഴീക്കോട‌് ഹൈ‌സ‌്കൂളിൽ പ്ലസ‌്ടു അനുവദിച്ചതിന‌് 25 ലക്ഷം രൂപ ഷാജി കൈക്കൂലി വാങ്ങിയെന്ന കേസാണ‌് ഇഡി അന്വേഷിക്കുന്നത‌്. ഇതേ കാലയളവിലാണ‌്  ആഡംബര വീടും നിർമിച്ചത‌്.

ലീ​ഗിനായി ഷാജി വക റിയൽ എസ്‌റ്റേറ്റും

പ്ലസ്‌ടു കോഴയും അനധികൃത വീട്‌ നിർമാണവുമായി ബന്ധപ്പെട്ട്‌  അന്വേഷണം നേരിടുന്ന മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരെ നേതൃത്വത്തിന്‌ മുന്നിലും  നിരവധി പരാതികൾ. ഭൂമിതട്ടിപ്പ്‌,  വഞ്ചന എന്നിങ്ങനെ  എംഎൽഎമാരടക്കം പ്രമുഖ ലീഗ്‌ നേതാക്കളാണ്‌ പരാതിക്കാർ. കോഴിക്കോട്ട്‌‌ മുസ്ലിം യൂത്ത്‌ ‌‌ലീഗ്‌ സംസ്ഥാന കമ്മിറ്റിക്കായി വാങ്ങിയ ഭൂമി ഇടപാടിലും ഷാജി പ്രതിക്കൂട്ടില്‍‌.

കോഴിക്കോട്‌ വീട്‌ നിർമിച്ച സ്ഥലം വാങ്ങിയതിനെക്കുറിച്ചായിരുന്നു എംഎൽഎയടക്കം രണ്ട്‌ നേതാക്കളുടെ പരാതി.  മലപ്പുറം ജില്ലയിലെ എംഎൽഎയും കോഴിക്കോട്ടെ  നേതാവുമായിരുന്നു പരാതിക്കാർ. ഭൂമി ഷാജി തനിച്ച്‌ സ്വന്തമാക്കി  എന്ന പരാതിയുമായി ‌ സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങളെയടക്കം ഇവർ സമീപിച്ചു.  എംപിയടക്കം ഇടപെട്ട്‌ വർഷങ്ങൾക്കുശേഷമാണ്‌  ഇരുവർക്കും പണം തിരിച്ചുകിട്ടിയത്‌.

കോഴിക്കോട് ജാഫർഖാൻ കോളനി റോഡ്‌ പരിസരത്ത്‌  യൂത്ത്‌‌ ലീഗിനായി നടത്തിയ ഭൂമി ഇടപാടിലും  ആരോപണമുണ്ടായി.  കേസുള്ള സ്ഥലമായതിനാൽ ഇവിടെ നിർമാണം നടന്നില്ല. മധ്യസ്ഥ ചർച്ചക്കുശേഷം പാർടി  നേതൃത്വവുമായി ബന്ധപ്പെട്ട ആൾ ഭൂമി വാങ്ങി. എന്നാൽ  പണം പൂർണമായി യൂത്ത് ‌‌ലീഗിന്റെ അക്കൗണ്ടിലെത്തിയില്ലെന്നാണ് ആരോപണം. ഷാജിയുടെ റിയൽ എസ്റ്റേറ്റ്‌ ഇടപാടുകൾ,  തുടർച്ചയായ ഗൾഫ്‌ യാത്ര എന്നിവയെക്കുറിച്ചും ലീഗിന്റെ  പല ഘടകങ്ങളിലുംനിന്ന്‌ പരാതിയുണ്ട്‌.

കംപ്ലീഷൻ സർട്ടിഫിക്കറ്റിലും തട്ടിപ്പിന‌് ശ്രമം

ആഡംബര വീട‌് നിർമിച്ച കെ എം ഷാജി എംഎൽഎ അനധികൃതമായി കംപ്ലീഷൻ സർട്ടിഫിക്കറ്റ‌് സമ്പാദിക്കാനും ശ്രമിച്ചതായി ആക്ഷേപം. 5260 ചതുരശ്ര അടി വിസ‌്തീർണമുള്ള വീട‌്  299.90 ചതുരശ്ര മീറ്റർ മാത്രമേയുള്ളൂവെന്ന‌് കാണിച്ചാണ‌് ഷാജി ഭാര്യയുടെ പേരിൽ കോർപറേഷനിൽ അപേക്ഷ നൽകിയത‌്. ഇത‌് കൈയോടെ പിടികൂടിയ അധികൃതർ അപേക്ഷ നിരസിച്ചു. 2013 മാർച്ച‌് ആറിനാണ‌് ഷാജിയുടെ വീട‌് നിർമാണത്തിന‌് കോർപറേഷൻ അനുമതി നൽകിയത‌്.

രണ്ട‌് നിലകളിലായി 299.90 ചതുരശ്ര മീറ്റർ വിസ‌്തീർണത്തിൽ വീട‌് നിർമിക്കാനായിരുന്നു പ്ലാൻ. ഇതുപ്രകാരം കോർപറേഷൻ നിർമാണാനുമതി നൽകുകയും ചെയ‌്തു. നിർമാണം പൂർത്തിയാക്കി  2016 ഫെബ്രുവരി 16ന‌് കംപ്ലീഷൻ സർട്ടിഫിക്കറ്റിന‌് അപേക്ഷ നൽകി.

വീട‌്  പരിശോധനക്കെത്തിയപ്പോഴാണ‌് പ്ലാനിൽ കാണിച്ചതിനേക്കാൾ കൂടുതൽ തറ വിസ‌്തീർണമുണ്ടെന്നും അനുവദിച്ചതിലും ഒരു നില അധികം നിർമിച്ചെന്നും  ശ്രദ്ധയിൽപ്പെട്ടത‌്. നിർമാണ അനുമതിയില്ലാതെ വിസ്‌തീർണം വർധിപ്പിച്ച‌തും അനുമതിയില്ലാതെ ഒരു നില കൂടുതൽ പണിതതും നിയമവിരുദ്ധമാണെന്നും നികുതിയടച്ച‌് ക്രമപ്പെടുത്താനുമായിരുന്നു കോർപറേഷൻ നൽകിയ നിർദേശം. ഇക്കാര്യങ്ങളെല്ലാം ഷാജി പാടെ അവഗണിച്ചു. പിന്നീട‌് അപേക്ഷ നൽകാനോ നിർമാണം നിയമാനുസൃതമാക്കാനോ  തയ്യാറായില്ല.

കെ ടി ശശി

കെ എം ഷാജിയുടെ ‘ക്വട്ടേഷൻ’ പരാതിയിൽ ദുരൂഹത

കെ എം ഷാജിയെ ‘വധിക്കാനുള്ള ക്വട്ടേഷൻ’ പരാതിയിൽ ദുരൂഹത. മുംബൈ സംഘത്തിന്‌ ക്വട്ടേഷൻ നൽകിയ ഫോൺ സംഭാഷണം വച്ചായിരുന്നു ഷാജിയുടെ പരാതി. ഈ ഫോൺ സംഭാഷണത്തിന്റെ ആധികാരികതയെക്കുറിച്ചാണ്‌ സംശയമുയർന്നിട്ടുള്ളത്‌.

തന്നെ വധിക്കാൻ മുംബൈയിലെ സംഘത്തിന്‌ ക്വട്ടേഷൻ നൽകിയതുസംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും ഡിജിപിക്കും സ്‌പീക്കർക്കും പരാതി നൽകിയ വിവരം വാർത്താസമ്മേളനത്തിലാണ്‌ ഷാജി പറഞ്ഞത്‌. മുംബൈയിലെ സംഘവുമായി ‘പാർടി ഗ്രാമമായ പാപ്പിനിശേരിയിലെ പ്രവർത്തകൻ’ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം നൽകിയതായും മാധ്യമപ്രവർത്തകരോട്‌ പറഞ്ഞിരുന്നു.

ഷാജിയുടെ പരാതി വളപട്ടണം പൊലീസിനാണ്‌ ഡിജിപി കൈമാറിയത്‌. വളപട്ടണം സിഐ പി ആർ മനോജ്‌ കേസെടുത്ത്‌  അന്വേഷണവും തുടങ്ങി. സംഭാഷണത്തിന്റെ ക്ലിപ്പും ഭീഷണിയും മെയിലിൽ അയച്ചുതന്നതെന്നായിരുന്നു പരാതിയിൽ. ഏത്‌ മെയിലിൽനിന്നാണ്‌ വന്നതെന്ന്‌ പരാതിയിലുണ്ടായിരുന്നില്ല. ഫോൺ സംഭാഷണം അയച്ച മെയിൽ ഐഡി ആരുടേതെന്ന്‌ അറിയാൻ അന്വേഷകസംഘം ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്‌. ജില്ലാ പൊലീസ്‌ മേധാവിയാണ്‌ ഗൂഗിളിന്‌ കത്തയച്ചത്‌.

പരാതിയിൽ പരാമർശിക്കുന്ന യുവാവിനെയും  കണ്ടെത്താനായിട്ടില്ല. യുവാവിന്റെ സംഭാഷണവും പരാതിക്കൊപ്പം നൽകിയ ഓഡിയോ ക്ലിപ്പും തമ്മിൽ സാമ്യമുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്‌. അതിനിടെ, സംഭാഷണത്തിൽ എവിടെയും കെ എം ഷാജിയുടെ പേര്‌ പരാമർശിക്കുന്നില്ലെന്നതും ദുരൂഹതയുണർത്തുന്നു. ഷാജിക്കെതിരെ അനധികൃത സ്വത്ത്‌ സമ്പാദനത്തിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അന്വേഷണം നടത്തുന്നത്‌ പുറത്തുവരുമെന്ന ഘട്ടത്തിലാണ്‌ ‘ക്വട്ടേഷൻ’ പരാതിയുമായി ഇറങ്ങിയത്‌.  അഴീക്കോട്‌ ഹൈസ്‌കൂളിൽ പ്ലസ്‌ടു അനുവദിച്ചതിന്‌ 25 ലക്ഷം കൈക്കൂലി വാങ്ങിയതും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അന്വേഷണത്തിന്റെ ഭാഗമായതോടെ ശ്രദ്ധ തിരിക്കുകയായിരുന്നോ ലക്ഷ്യമെന്ന്‌ സംശയമുണ്ട്‌. ഓഡിയോ ക്ലിപ്പും ഭീഷണിയും അയച്ച ഇ മെയിൽ അക്കൗണ്ട്‌ വ്യാജ വിലാസം നൽകി ഉണ്ടാക്കിയതാണോയെന്ന സംശയവും ഉയരുന്നു.

എൻ കെ സുജിലേഷ്‌

No comments:

Post a Comment