Wednesday, June 5, 2013

കിനാലൂര്‍ കേസ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത് റൂറല്‍ എസ് പി

ബാലുശേരി: ഡിവൈഎസ്പി ഉള്‍പ്പെടെ 12 പൊലീസുകാര്‍ക്ക് നേരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചാണകവെള്ളം തളിക്കുകയും ചെയ്ത കിനാലൂര്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കിയത് റൂറല്‍ എസ് പി. ഇത് പൊലീസുകാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കി. 2010 മെയ് ആറിനാണ് കിനാലൂരില്‍ സര്‍വെക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കോണ്‍ഗ്രസ്-ലീഗ്-ബിജെപി-സോളിഡാരിറ്റി സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞത്. കേരളത്തിന്റെ സമര ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത രൂപത്തില്‍ പൊലീസിനു നേരെ ചാണകം തളിക്കുകയും അന്നത്തെ താമരശേരി ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ തലക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നത്തെ ബാലുശേരി എസ്ഐ എന്‍ സുനില്‍കുമാറിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം, സോളിഡാരിറ്റി പ്രവര്‍ത്തകരും തുടങ്ങി 60ഓളം പേര്‍ കേസില്‍ പ്രതികളായിരുന്നു.
സാധാരണയായി കേസ് തീര്‍ക്കുമ്പോള്‍ കേസിലെ പ്രതികളോ പ്രതികള്‍ക്കുവേണ്ടി വക്കീലോ ഹാജരാവണമെന്നാണ് ചട്ടം. എന്നാല്‍ കിനാലൂര്‍ കേസില്‍ ഇതൊന്നുമില്ലാതെ പ്രത്യേക താല്‍പര്യപ്രകാരം കേസ് പിന്‍വലിക്കുകയായിരുന്നു. മാര്‍ച്ച് 16നാണ് കേസ് പിന്‍വലിച്ചതായി ഉത്തരവിറങ്ങിയത്. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരും കേസ് പിന്‍വലിക്കുന്നതിന് ആക്കംകൂട്ടി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന ഒരു വിഭാഗത്തിന്റെ നിലപാടും ഇതിന് ആക്കം കൂട്ടിയതാണെന്നാണ് സൂചന. കിനാലൂര്‍ കെഎസ്ഐഡിസി ഭൂമിയില്‍ വ്യവസായ വികസനം ലക്ഷ്യമാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ റോഡ് നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയത്. കിനാലൂരിലെ വികസനം അട്ടിമറിക്കാനാണ് ജനജാഗ്രത സമിതിയുണ്ടാക്കി യുഡിഎഫും ബിജെപിയും സോളിഡാരിറ്റിയും ശ്രമിച്ചത്.

deshabhimani

No comments:

Post a Comment