ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറി കൗണ്‍സിലുകളെ സ്വേച്ഛാധിപത്യപരമായും നിയമവിരുദ്ധമായും പിരിച്ചു വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗ്രന്ഥശാലാ ദിനമായ ശനിയാഴ്ച എല്ലാ ഗ്രന്ഥശാലകളിലും പ്രതിഷേധദീപം തെളിച്ച് അക്ഷരസംരക്ഷണ ദിനമായി ആചരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി കെ മധുവും സെക്രട്ടറി പി കെ രാജ്മോഹനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൗണ്‍സിലുകളെ പിരിച്ചുവിടുന്നതിന് ആധാരമായി സര്‍ക്കാര്‍ പറയുന്നത് 2005ലും 2006ലുമായി നിയമിച്ച 44 ജീവനക്കാരെ പിരിച്ചുവിടണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെന്നാണ്. ഇതിനെതിരെ ജീവനക്കാര്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയ സാഹചര്യത്തിലും നിയമപ്രകാരമാണ് ഇവരുടെ നിയമനമെന്നതിനാലും ഇതു സാധിക്കില്ല. ആസ്ഥാനമന്ദിരം പണിയുന്നതിന് അനധികൃതമായി കെട്ടിടം പൊളിച്ചുവെന്നതും ഓഡിറ്റ് പരാമര്‍ശങ്ങള്‍ക്ക് തൃപ്തികരമായി മറുപടി നല്‍കിയില്ലെന്നതും വസ്തുതാവിരുദ്ധമാണ്. ഇതുസംബന്ധിച്ച് കൗണ്‍സില്‍ നല്‍കിയിട്ടുള്ള വിശദീകരണങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. മുസ്ലിംലീഗിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്നില്ലെന്നതാണ് ഗ്രന്ഥശാലപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് കാരണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സമയബന്ധിതമായി ഇതുവരെ ഗ്രാന്റുകള്‍ നല്‍കിയിട്ടില്ല. 2013-14 വര്‍ഷത്തെ ഗ്രാന്റിനത്തില്‍ രണ്ടു ഗഡു അനുവദിക്കേണ്ട ഘട്ടം കഴിഞ്ഞിട്ടും ഒരു രൂപപോലും അനുവദിക്കാതെ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തടഞ്ഞുവച്ചിരിക്കുകയാണ്.
2009ല്‍ പ്രഖ്യാപിച്ച ശമ്പളപരിഷ്കരണം ഇതുവരെ ജീവനക്കാര്‍ക്ക് ലഭ്യമായിട്ടില്ല. ധനവകുപ്പ് അംഗീകരിച്ചിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ടു തടഞ്ഞു. ആ ഫയലില്‍തന്നെ കൗണ്‍സിലുകളെ പിരിച്ചുവിടാന്‍ തക്കവണ്ണം രേഖകള്‍ ഉണ്ടാക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി യുഡിഎഫ് സര്‍ക്കാരും വിദ്യാഭ്യാസമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ടിയും ചേര്‍ന്ന് ഗ്രന്ഥശാലകളെ തകര്‍ക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഇരുവരും പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ എസ് വിനോദ്, സ്റ്റേറ്റ് എക്സിക്യൂട്ടീവംഗം പി ഗിരിജാഭായി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കേരളത്തെ സംസ്കാരദരിദ്രമാക്കാനുള്ള നീക്കം അനുവദിക്കരുത്: എം എ ബേബി
ലൈബ്രറി കൗണ്‍സിലിനെ തകര്‍ത്ത് കേരളത്തെ വിദ്യാഭ്യാസ വിമുക്തവും സംസ്കാര ദരിദ്രവുമാക്കാനുള്ള സര്‍ക്കാര്‍നീക്കം അനുവദിക്കരുതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ലൈബ്രറി കൗണ്‍സിലുകളുടെ ജനാധിപത്യം തകര്‍ക്കാനുള്ള സര്‍ക്കാര്‍നീക്കത്തില്‍ പ്രതിഷേധിച്ച് ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമത്തിന്റെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കൗണ്‍സിലിന് സഹായങ്ങള്‍ നിഷേധിച്ച് ഞെരിച്ചുകൊല്ലാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിന് അധികാരമില്ലാത്ത കാര്യമാണ് ചെയ്യുന്നത്. പ്രക്ഷോഭം നടത്തുന്നവരുടെ മര്‍മസ്ഥാനങ്ങളില്‍ പ്രഹരിക്കാന്‍ നിര്‍ദേശംകൊടുത്ത് യുവാവിനെ ജീവച്ഛവമാക്കിയതുപോലെയാണ് ലൈബ്രറി കൗണ്‍സിലിനെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ശ്രമവും. സാമ്പത്തിക സഹായം നിഷേധിച്ചുകൊണ്ടാണ് ലൈബ്രറികളുടെ മര്‍മസ്ഥാനത്ത് പ്രഹരമേല്‍പ്പിക്കുന്നത്. ദൂരവ്യാപകവും നിഷേധാത്മകവുമായ ഫലം ഉണ്ടാക്കുന്ന സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്. കേരളത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും അടിസ്ഥാനമായ ജനകീയ വിദ്യാഭ്യാസത്തിനും സാംസ്കാരിക നവോത്ഥാനത്തിനും കരുത്തുപകര്‍ന്ന ജനകീയ ലൈബ്രറിപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കരുത്. സാംസ്കാരിക സമൂഹമാകെ ഒറ്റസ്വരത്തില്‍ ഈ കിരാതനീക്കത്തിനെതിരെ രംഗത്തുവരണം- എം എ ബേബി പറഞ്ഞു.
കെ ശ്രീകുമാര്‍ അധ്യക്ഷനായി. പിരപ്പന്‍കോട് മുരളി, പ്രൊഫ. വി എന്‍ മുരളി, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, വി കെ മധു, ഐ സാജു, പി ഗിരിജാഭായ്, പി കെ രാജ്മോഹന്‍, എന്‍ എസ് വിനോദ് എന്നിവര്‍ സംസാരിച്ചു. ഇ ശ്രീകണ്ഠന്‍ സ്വാഗതം പറഞ്ഞു.
deshabhimani

No comments:
Post a Comment