Friday, September 14, 2012

ഇന്ന് ഗ്രന്ഥശാലാദിനം: വായനയുടെ പ്രസ്ഥാനത്തിന് 67 വയസ്സ്


കണ്ണൂര്‍: "സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകരാന്‍ അക്ഷരം അറിയണം, അന്ധവിശ്വാസങ്ങള്‍ മാറ്റണം. അതിന് ഗ്രാമങ്ങള്‍ തോറും വായനശാല തുടങ്ങണം"- 1936ല്‍ കെപിസിസി സെക്രട്ടറിയായിരുന്ന ഇ എം എസിന്റെ ആഹ്വാനം. ഈ വാക്കുകളുടെ പ്രചോദനത്തില്‍ പുസ്തകങ്ങള്‍ വഴി മലയാളത്തിന്റെ ആര്‍ജവം വീണ്ടെടുക്കാന്‍ പ്രയത്നിച്ച ഗ്രന്ഥശാലാസംഘത്തിന് ഇന്ന് 67 വയസ് പൂര്‍ത്തിയാകുന്നു.

1945 സെപ്തംബര്‍ 14ന് അമ്പലപ്പുഴയില്‍ പി എന്‍ പണിക്കരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ ഭാരവാഹികളുടെ യോഗത്തിലാണ് ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. നൂറുകണക്കിന് ഗ്രന്ഥശാലകള്‍ക്ക് സമ്മേളനത്തിന്റെ ക്ഷണക്കത്തയച്ചിരുന്നുവെങ്കിലും 47 ഗ്രന്ഥശാലകള്‍ മാത്രമേ പങ്കെടുത്തുള്ളൂ. ഈ സമ്മേളനത്തിന്റെ ഓര്‍മയ്ക്കായാണ് എല്ലാം വര്‍ഷവും സെപ്തംബര്‍ 14 ഗ്രന്ഥശാലാ ദിനമായി ആചരിക്കുന്നത്. 1948ല്‍ മദ്രാസ് സര്‍ക്കാര്‍ പാസാക്കിയ നിയമമനുസരിച്ച് മലബാറില്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റി തുടങ്ങി. പട്ടിണിയിലാകാന്‍ സാഹചര്യമൊരുക്കിയവനോട് നിവര്‍ന്നു നിന്ന് ചോദ്യം ചോദിക്കാനുള്ള ആയുധമാകാന്‍ പുസ്തകങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിക്കുകയായിരുന്നു ആദ്യകാലത്ത് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍.

1829ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച പബ്ലിക് ലൈബ്രറിയാണ് തിരുവിതാംകൂറിലെ ആദ്യ ലൈബ്രറി. 1948ല്‍ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന്റെ നേതൃത്വത്തില്‍ ഗ്രന്ഥാലോകം മാസിക ആരംഭിച്ചു. "56ല്‍ സംസ്ഥാന രൂപീകരണത്തോടെ ഗ്രന്ഥശാലാ സംഘം രൂപീകൃതമായി. 1989ല്‍ കേരള പബ്ലിക് ലൈബ്രറീസ് ആക്ട് നിയമസഭ പാസാക്കിയെങ്കിലും 1991ലാണ് ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നത്. ദീര്‍ഘകാല നടപടികള്‍ പൂര്‍ത്തിയായി ഒന്നാം ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വരാന്‍ വീണ്ടും മൂന്നുവര്‍ഷമെടുത്തു. ലൈബ്രറി കൗണ്‍സില്‍ നിയമമായി വരുന്നതിന് വേണ്ടി നിരവധി പ്രക്ഷോഭംനടന്നിട്ടുണ്ട്. മികച്ച നിലയിലുള്ള സാക്ഷരതാ പ്രവര്‍ത്തനത്തിന് 1975ല്‍ യുനസ്കോയുടെ ക്രുപ്സ്കായ പുരസ്കാരം സംഘത്തിന് ലഭിച്ചു. 7500 ലധികം ലൈബ്രറികള്‍ ഗ്രന്ഥശാലാ സംഘത്തില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്. എ മുതല്‍ എഫ് വരെ ഗ്രേഡ് തിരിച്ചുള്ള ലൈബ്രറികള്‍ക്ക് 7500 മുതല്‍ 20,000 രൂപ വരെ വര്‍ഷത്തില്‍ ഗ്രാന്റ് നല്‍കുന്നു. ലൈബ്രേറിയന്മാര്‍ക്ക് 850 മുതല്‍ 1100 വരെ മാസത്തില്‍ അലവന്‍സും നല്‍കുന്നു. വനിതാ പുസ്തകവിതരണ പദ്ധതി, വനിതാവേദി, ബാലവേദി, വയോജനവേദി, യുവജനവേദി എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴില്‍ പരിശീലന കേന്ദ്രം, നീന്തല്‍ പരിശീലന പരിപാടി എന്നിവയും ഗ്രന്ഥശാലകളുടെ നേതൃത്വത്തിലുണ്ട്. ഗ്രന്ഥശാലകള്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ ഓണ്‍ലൈന്‍ വായനക്കും ഡിജിറ്റല്‍ വായനക്കുമുള്ള സൗകര്യം ലഭ്യമാകും.

deshabhimani 140912

1 comment:

  1. "സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകരാന്‍ അക്ഷരം അറിയണം, അന്ധവിശ്വാസങ്ങള്‍ മാറ്റണം. അതിന് ഗ്രാമങ്ങള്‍ തോറും വായനശാല തുടങ്ങണം"- 1936ല്‍ കെപിസിസി സെക്രട്ടറിയായിരുന്ന ഇ എം എസിന്റെ ആഹ്വാനം. ഈ വാക്കുകളുടെ പ്രചോദനത്തില്‍ പുസ്തകങ്ങള്‍ വഴി മലയാളത്തിന്റെ ആര്‍ജവം വീണ്ടെടുക്കാന്‍ പ്രയത്നിച്ച ഗ്രന്ഥശാലാസംഘത്തിന് ഇന്ന് 67 വയസ് പൂര്‍ത്തിയാകുന്നു.

    ReplyDelete