ലൈബ്രറി കൗണ്‍സിലുകളെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ സെക്രട്ടറിയറ്റിലേക്ക് ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ ഉജ്വല മാര്‍ച്ച്. ആശാന്‍ സ്ക്വയറില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ 14 ജില്ലകളില്‍നിന്നായി നൂറുകണക്കിന് അക്ഷര സ്നേഹികള്‍ പങ്കെടുത്തു. സെക്രട്ടറിയറ്റിനുമുന്നില്‍ ധര്‍ണ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ ഹരികുമാര്‍ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ടി സി വിജയന്‍, മത്തച്ചന്‍ പുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ കെ ചന്ദ്രന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എന്‍ എസ് വിനോദ് നന്ദിയും പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ നാള്‍മുതല്‍ ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുംവിധം സങ്കുചിതതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാഭ്യാസവകുപ്പ് നടത്തുന്ന കുത്സിതശ്രമങ്ങള്‍ക്കെതിരായ പ്രതിഷേധം മാര്‍ച്ചില്‍ അലയടിച്ചു. ലൈബ്രറി കൗണ്‍സിലിനുള്ള ഗ്രാന്റ് തടഞ്ഞും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലുകള്‍ക്ക് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയും ആസ്ഥാന മന്ദിരനിര്‍മാണം തടസ്സപ്പെടുത്തിയും അതിന്റെ സ്വയംഭരണാധികാരത്തെ നിഷേധിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത അറിവിനെയും അക്ഷരങ്ങളെയും ജനാധിപത്യമൂല്യങ്ങളെയും സ്നേഹിക്കുന്നവര്‍ ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment