Friday, September 20, 2013

ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കുക

കൊച്ചി: ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പിരിച്ചുവിടുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഫണ്ട് വെട്ടിക്കുറച്ചു. 2012-13ല്‍ നിരവധി ഇടപെടലുകള്‍ ഉണ്ടായശേഷമാണ് ഫണ്ട് അനുവദിച്ചത്. ഈ വര്‍ഷത്തേക്ക് അനുവദിച്ച ഫണ്ട് മാര്‍ച്ച് അവസാന ദിവസം ലഭിച്ചതുകൊണ്ട് വിനിയോഗിക്കാനാവാതെ നഷ്ടപ്പെട്ടു. 2013-14 വര്‍ഷത്തേക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നാലു ഗഡുവായി നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇതുവരെ ഒരുരൂപപോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലൈബ്രറികള്‍ക്കുള്ള ഗ്രാന്റ് നല്‍കാതെ ഭാരതത്തിലെ ഏറ്റവും വലിയ അനൗപചാരിക വിദ്യാഭ്യാസ ശൃംഖലയെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഫലമായി 6000 ത്തോളം അംഗീകൃത ലൈബ്രറികള്‍ അടച്ചുപൂട്ടും. നിയമവിരുദ്ധമായി നിയമനം നടത്തിയെന്നാരോപിച്ചാണ് കൗണ്‍സില്‍ പിരിച്ചുവിടാനുള്ള നോട്ടീസ് നല്‍കിയത്. ഇതിനു മു ന്നോടിയായി നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയശേഷമാണ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുത്ത കൗണ്‍സിലിന്റെ അധികാരങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു. ചെറിയ തുക ഗ്രാന്റായി വാങ്ങി സേവനസന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ലൈബ്രേറിയന്‍മാരെയും ഇത് പ്രതിസന്ധിയിലാക്കും.

ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ എസ് രമേശന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, സി കെ രാജപ്പന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment