Thursday, March 29, 2012

പബ്ലിക് ലൈബ്രറിക്ക് ജനസേവനത്തിനുള്ള അംഗീകാരം


കാഞ്ഞങ്ങാട്: ജനസേവനത്തിന് അംഗീകാരമായി മടിക്കൈ പബ്ലിക്ക് റീഡിങ്റൂം ആന്‍ഡ് ലൈബ്രറിക്ക് ഡിസി പുരസ്കാരം. പതിനഞ്ചായിരത്തില്‍പരം പുസ്തകങ്ങള്‍, രണ്ടായിരത്തിലധികം അംഗങ്ങള്‍, വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമജീവിതത്തില്‍ സജീവമായി ഇടപെട്ട് അരനൂറ്റാണ്ടായി മടിക്കൈയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലക്കാണ് ലൈബ്രറി കൗണ്‍സില്‍ അവാര്‍ഡ്. കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവ് അള്ളങ്കേടന്‍ ചന്തു പ്രസിഡന്റും ടി കുഞ്ഞാമന്‍ സെക്രട്ടറിയുമായി 1963 ജൂലൈ 14നാണ് വായനശാല വാടകകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ബാല- വനിത- യുവജന- സീനിയര്‍സിറ്റിസണ്‍ വിഭാഗങ്ങളിലായി സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും ബന്ധപ്പെടുത്തിയുള്ളതാണ് ജില്ലാമോഡല്‍ വില്ലേജ് ലൈബ്രറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനം. വനിതകള്‍ക്കായി വീടുകളില്‍ പുസ്തക വിതരണവും നടത്തുന്നുണ്ട്. സെമിനാറുകള്‍, കരിയര്‍ ഗൈഡന്‍സ്, ഇക്കോ ഹെല്‍ത്ത്ക്ലബ്, ഫിലിംക്ലബ് എന്നിവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തും ആരോഗ്യവകുപ്പുമായി സഹകരിച്ച് നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളും ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ജനകീയ ആരോഗ്യരംഗത്ത് പുതുചലനങ്ങള്‍ സൃഷ്ടിക്കുന്നവയായിരുന്നു. "രക്തദാനം മഹാദാനം" എന്ന സന്ദേശമുയര്‍ത്തി ലൈബ്രറി രൂപീകരിച്ച രക്തദാനസേന അടിയന്തര ഘട്ടങ്ങളില്‍ നിരവധി രോഗികള്‍ക്ക് ആശ്രയമാകുന്നുണ്ട്.

15 സെന്റ് സ്ഥലവും സ്വന്തം കെട്ടിടവുമുള്ള ലൈബ്രറിയില്‍ ഏഴുലക്ഷം രൂപയുടെ പുസ്തകങ്ങളുണ്ട്. പഞ്ചായത്തിലെ മൂന്ന് ഹൈസ്കൂളികളിലായി എസ്എസ്എല്‍സി പരീക്ഷയെഴുതിയ നൂറിലധികം വിദ്യാര്‍ഥികളെ ബന്ധപ്പെടുത്തി നടപ്പാക്കിയ അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. പിന്നോക്കം നില്‍ക്കുന്ന വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠന സഹായങ്ങള്‍, പരീക്ഷാപ്പേടി മാറ്റാനുള്ള പാഠ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ മാതൃകാ പ്രവര്‍ത്തനങ്ങളായിരുന്നു. ലൈബ്രറിയുടെ സ്ഥാപക സെക്രട്ടറിയും റിട്ട. അധ്യാപകനും ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ ടി വി കുഞ്ഞാമനാണ് ഇപ്പോഴും സെക്രട്ടറി. സ്ഥാപക പ്രസിഡന്റ് അള്ളങ്കേട് ചന്തുവിന്റെ മകനും റിട്ട. അധ്യാപകനുമായ കെ നാരായണനാണ് പ്രസിഡന്റ്. 36 വര്‍ഷമായി ഇവര്‍ രണ്ടുപേരാണ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗ്രന്ഥാലയത്തില്‍ നിത്യവും വിദ്യാര്‍ഥികളടക്കം വലിയൊരു വായനസദസ് സജീവമാണ്. 44,444 രൂപയുടെ പുസ്തകങ്ങളും പ്രശംസാപത്രവുമാണ് അവാര്‍ഡ്.
(ടി കെ നാരായണന്‍)

deshabhimani 290312

2 comments:

  1. ജനസേവനത്തിന് അംഗീകാരമായി മടിക്കൈ പബ്ലിക്ക് റീഡിങ്റൂം ആന്‍ഡ് ലൈബ്രറിക്ക് ഡിസി പുരസ്കാരം. പതിനഞ്ചായിരത്തില്‍പരം പുസ്തകങ്ങള്‍, രണ്ടായിരത്തിലധികം അംഗങ്ങള്‍, വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമജീവിതത്തില്‍ സജീവമായി ഇടപെട്ട് അരനൂറ്റാണ്ടായി മടിക്കൈയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലക്കാണ് ലൈബ്രറി കൗണ്‍സില്‍ അവാര്‍ഡ്. കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവ് അള്ളങ്കേടന്‍ ചന്തു പ്രസിഡന്റും ടി കുഞ്ഞാമന്‍ സെക്രട്ടറിയുമായി 1963 ജൂലൈ 14നാണ് വായനശാല വാടകകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

    ReplyDelete
  2. ലൈബ്രറിയുടെ വൈവിദ്ധ്യ പുര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ താല്പര്യമുണ്ട്

    ReplyDelete