Thursday, March 29, 2012

അവാര്‍ഡ് പെരുമയില്‍ നവോദയ ഗ്രന്ഥാലയം


തൃക്കരിപ്പൂര്‍: വായിച്ചാല്‍ തീരാത്ത പുസ്തകം പ്രകൃതിയാണെന്ന് തിരിച്ചറിഞ്ഞ് വായനയുടെ വിശാല ലോകത്തേക്ക് കുട്ടികളെ ആനയിച്ച ഇടയിലെക്കാട് നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് സംസ്ഥാനതല അംഗീകാരം. സംസ്ഥാനത്തെ ലൈബ്രറികളില്‍ ഏറ്റവും മികച്ച ബാലവേദിക്കുള്ള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ പി രവീന്ദ്രന്‍ സ്മാരക പുരസ്കാരമാണ് നവോദയക്ക് ലഭിച്ചത്. ഗ്രന്ഥാലയത്തിന്റെ സുവര്‍ണജൂബിലി ആഘോഷവേളയില്‍ ലഭിക്കുന്ന രണ്ടാമത്തെ സംസ്ഥാന അവാര്‍ഡാണിത്. ജനുവരിയില്‍ വനം- വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ "വനമിത്ര" പുരസ്കാരവും ഈ ഗ്രന്ഥാലയത്തിനാണ് ലഭിച്ചത്.

2001ല്‍ പ്രവര്‍ത്തനമാരംഭിച്ച ബാലവേദിയില്‍ 129 അംഗങ്ങളുണ്ട്. ഇടയിലെക്കാട് കാവിലെ വാനരര്‍ക്ക് തുടര്‍ച്ചയായി നാലുവര്‍ഷം അവിട്ടം നാളില്‍ നടത്തിയ വാനരസദ്യ, അടുക്കളക്ക് ഭീഷണിയായ പ്ലാസ്റ്റിക് മാലിന്യം മാസംതോറും ശേഖരിച്ച് ബോധവല്‍ക്കരണം, അത്യപൂര്‍വമായ ഓരിലത്താമരയുടെ രണ്ട് സ്പീഷീസുകളെ വംശനാശത്തില്‍നിന്ന് സംരക്ഷിച്ചത്, വെള്ളവയറന്‍ കടല്‍പരുന്ത്, പൂമ്പാറ്റകള്‍ എന്നിവയെ നിരീക്ഷിച്ചതും വേറിട്ട പ്രവര്‍ത്തനങ്ങളാണ്. കവ്വായി കായലില്‍ ബാലവേദി നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പുകളിലെ അംഗങ്ങള്‍ നൂറുകണക്കിന് കണ്ടലുകളാണ് വച്ചുപിടിപ്പിച്ചത്. ഇടയിലെക്കാട് കാവും കവ്വായിക്കായലും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ക്കൊപ്പം ബാലവേദി അംഗങ്ങളും പ്രകൃതി ക്ലാസുകള്‍ നല്‍കുന്നുവെന്നത് മറ്റൊരു സവിശേഷതയാണ്.

കാവിലെ മരങ്ങള്‍ക്ക് ശാസ്ത്രീയ നാമമുള്‍പ്പെടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. കാവിലെ അമ്പതോളം വാനരെ നിത്യവും ചോറൂട്ടുന്ന ചാലില്‍ മാണിക്കത്തെ ആദരിച്ചു. കാവിലെ മുഴുവന്‍ സസ്യങ്ങളെയും തിരിച്ചറിഞ്ഞ് വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന ജൈവ വൈവിധ്യ സെന്‍സസ്, 250 ജൈവ വൈവിധ്യ പഠനക്ലാസുകള്‍, തലമുറകളുടെ ഹരിത സംഗമം, വായനയെ പ്രോത്സാഹിപ്പിക്കാന്‍ മൂന്നുവര്‍ഷം നീണ്ട കുട്ടി ക്വിസ് പദ്ധതി തുടങ്ങിയവ നാടിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ബാലവേദിയുടെ സഹകരണത്തോടെ ഗ്രന്ഥാലയം തയ്യാറാക്കിയ "ദൈ്വപായനം" പ്രാദേശിക ചരിത്ര ഗ്രന്ഥം നിരവധി പേരെ ആകര്‍ഷിച്ചു. ഒരു പതിറ്റാണ്ടിലേറെ പ്രകൃതിയോടൊപ്പം സഞ്ചരിച്ചും സംരക്ഷിച്ചും ബാലവേദി പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനത്തിന് ലഭിച്ച സംസ്ഥാന അംഗീകാരത്തില്‍ ഗ്രാമമാകെ ആഘോഷത്തിമിര്‍പ്പിലാണ്. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
(പി മഷൂദ്)

deshabhimani 280312

1 comment:

  1. വായിച്ചാല്‍ തീരാത്ത പുസ്തകം പ്രകൃതിയാണെന്ന് തിരിച്ചറിഞ്ഞ് വായനയുടെ വിശാല ലോകത്തേക്ക് കുട്ടികളെ ആനയിച്ച ഇടയിലെക്കാട് നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് സംസ്ഥാനതല അംഗീകാരം. സംസ്ഥാനത്തെ ലൈബ്രറികളില്‍ ഏറ്റവും മികച്ച ബാലവേദിക്കുള്ള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ പി രവീന്ദ്രന്‍ സ്മാരക പുരസ്കാരമാണ് നവോദയക്ക് ലഭിച്ചത്. ഗ്രന്ഥാലയത്തിന്റെ സുവര്‍ണജൂബിലി ആഘോഷവേളയില്‍ ലഭിക്കുന്ന രണ്ടാമത്തെ സംസ്ഥാന അവാര്‍ഡാണിത്. ജനുവരിയില്‍ വനം- വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ "വനമിത്ര" പുരസ്കാരവും ഈ ഗ്രന്ഥാലയത്തിനാണ് ലഭിച്ചത്.

    ReplyDelete