Saturday, March 23, 2013

തൊഴിലുറപ്പ്: നെല്‍കൃഷിയും ഭൂവികസനവും ഒഴിവാക്കി


മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് നെല്‍കൃഷിയും ഭൂവികസന പ്രവര്‍ത്തനങ്ങളും ഭൂമിയൊരുക്കലും ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് വേണ്ടി ഗ്രാമീണ വികസന വകുപ്പ് പ്രസിദ്ധീകരിച്ച എംജിഎന്‍ആര്‍ഇഎ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശം-2013 പ്രകാരം ഏറ്റെടുക്കാന്‍ പാടില്ലാത്ത പ്രവര്‍ത്തനങ്ങളുടെ പട്ടികയിലാണ് ഇവയെല്ലാം ഉള്‍പെടുത്തിയിരിക്കുന്നത്. കയര്‍ മേഖലയെയും കൈത്തറി മേഖലയെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴാണ് അനുവദിച്ച മേഖലകളില്‍ പോലും നിയന്ത്രണം ചുമത്തി കേന്ദ്രം നിര്‍ദേശം നല്‍കിയത്.

ഭൂമിയിലെ പാറകളും ചപ്പുചവറുകളും കളകളും നീക്കം ചെയ്യുന്നതും ഏറ്റെടുക്കാന്‍ പാടില്ലാത്ത പ്രവൃത്തികളുടെ പട്ടികയിലാണ്. സാധാരണ കാര്‍ഷിക പ്രവൃത്തികളും ഈ പട്ടികയിലാണുള്ളത്. ഭൂമിയൊരുക്കല്‍, ഉഴുതുമറിക്കല്‍, കിളയ്ക്കല്‍, വിത്തുവിത, നനയ്ക്കല്‍, വിളവെടുപ്പ് എന്നിവയും പാടില്ല. ഭക്ഷ്യധാന്യം, പച്ചക്കറി, പൂക്കൃഷി എന്നിവയും അനുവദിക്കില്ല. ഈ കൃഷിക്കുള്ള വിത്ത്, വളം, കളനാശിനി, കീടനാശിനി എന്നിവയുടെ പണവും അനുവദിക്കില്ല. കളപറിക്കല്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ വനവല്‍ക്കരണത്തിന് മാത്രമേ അനുവദിക്കു. തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ ഒരിക്കല്‍ മാത്രം കല്ലും മറ്റു ചപ്പുകളും മാറ്റാനുള്ള പ്രവൃത്തി ഏറ്റെടുക്കാം. ഇതിനു വിരുദ്ധമായി തൊഴിലുറപ്പ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതും നടപ്പാക്കുന്നതുമായ ഉദ്യോഗസ്ഥരില്‍ നിന്ന് ഇതിന്റെ പണം ഈടാക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഈ നിര്‍ദേശങ്ങള്‍ കേരളത്തിന് പ്രത്യേകിച്ച് ആലപ്പുഴ ജില്ലയ്ക്ക് ദോഷകരമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ. ഡി പ്രിയേഷ്കുമാര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ കുടുംബശ്രീ ഗ്രൂപ്പ് മുഖേന കരനെല്ലും പച്ചക്കറിയും ഈ പദ്ധതിയില്‍ ഏറ്റെടുത്തിരുന്നു. ഭൂവികസന പദ്ധതികളും വന്‍തോതില്‍ ഏറ്റെടുത്തു. ഉല്‍പ്പാദനം വര്‍ധിക്കുകയും ചെയ്തു. ആലപ്പുഴയിലെ പഞ്ചായത്തുകള്‍ ദേശീയപാതയുടെ ഇരുവശങ്ങളിലും കപ്പയും മറ്റ് കിഴങ്ങുകളും തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിചെയ്യാന്‍ ആരംഭിച്ചു. റോഡരുകില്‍ പൂച്ചെടികള്‍ നട്ട് മനോഹരമാക്കുന്ന പദ്ധതികളും ഏറ്റെടുത്തു. ഈ പദ്ധതികള്‍ തുടരാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രതിബന്ധമാകും. സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണവും പാതിയാകും. 2011-12 വര്‍ഷം 3.726 കോടി തൊഴില്‍ ദിനങ്ങളാണ് കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടത്. കൂലിയിനത്തില്‍ 563.37 കോടി രൂപയും സാധാരണക്കാരുടെ കൈകളില്‍ എത്തി. ഇതിന്റെ 70 ശതമാനവും കാര്‍ഷിക മേഖലയിലായിരുന്നു. 2013- 14ല്‍ സംസ്ഥാനത്ത് 6.33 കോടി തൊഴില്‍ ദിനങ്ങള്‍ പ്രദാനം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ഈ മാര്‍ഗനിര്‍ദേശം കര്‍ശനമായി നടപ്പാക്കിയാല്‍ രണ്ടുകോടി തൊഴില്‍ ദിനങ്ങള്‍ പോലും സൃഷ്ടിക്കാനാകില്ല. കുടുംബങ്ങള്‍ക്ക് വരുമാനം കുറയുന്നതോടൊപ്പം പച്ചക്കറിയുടെയും നെല്ലിന്റെയും ഉല്‍പ്പാദനവും കുറയും. തൊഴിലുറപ്പ് പദ്ധതിയില്‍ വെള്ളം ചേര്‍ക്കാനുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ നീക്കമാണ് ഈ നിര്‍ദേശങ്ങളെന്ന് എംജിഎന്‍ആര്‍ഇ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് രാജേന്ദ്രന്‍ പറഞ്ഞു.
(ഡി ദിലീപ്)

deshabhimani 230313

No comments:

Post a Comment