Saturday, October 26, 2013

തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ആദിവാസികള്‍ പുറന്തള്ളപ്പെടുന്നു

മാനന്തവാടി: ജില്ലയിലെ തൊഴിലുറപ്പ് പദ്ധതികളില്‍ നിന്നും ആദിവാസികള്‍ പുറംതള്ളപ്പെടുത്തുന്നതായി കണക്ക്. 2009-10 വര്‍ഷങ്ങളില്‍ 868,286 തൊഴില്‍ ദിനങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ 2012-13 വര്‍ഷത്തില്‍ 647,846 ദിനങ്ങളായി ചുരുങ്ങി. നൂറു ദിനം പൂര്‍ത്തിയാക്കിയ ആദിവാസികളും നാമമാത്രമായി. 2011-12 വര്‍ഷത്തില്‍ ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാള്‍പോലും നൂറുദിനം പൂര്‍ത്തിയാക്കിയിട്ടില്ല. 18%ത്തോളം ആദിവാസികളുള്ള ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതികളില്‍ നിന്നും ആദിവാസികളെ പുറത്താക്കുകയാണ്. തൊഴിലുറപ്പ് ജോലിയില്‍ 50% ലധികവും വരേണ്ടത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.എന്നാല്‍ ഇവര്‍ പിന്തളളപ്പെടുകയാണ് ചെയ്യുന്നത്.

2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 96,457 തൊഴില്‍ കാര്‍ഡുകളാണ് വിതരണം ചെയ്യപ്പെട്ടത്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഈ കാലയളവില്‍ 20,906 തൊഴില്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. പട്ടികജാതി വിഭാഗങ്ങള്‍ക്കും തൊഴില്‍ ദിനം നല്‍കുന്നതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2009-10 വര്‍ഷത്തില്‍ 202,884 തൊഴില്‍ ദിനം ഉണ്ടായിരുന്നെങ്കില്‍ 2012-13ല്‍ 127,709 ആയി ചുരുങ്ങി. എന്നാല്‍ പൊതു വിഭാഗത്തില്‍നല്‍കുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. 2009-10 ല്‍ 21,21,348 ദിനങ്ങളായിരുന്നു നല്‍കിയതെങ്കില്‍ 2012-13 വര്‍ഷത്തില്‍ 26,10,948 തൊഴില്‍ ദിനങ്ങള്‍ നല്‍കി. ചില സമയങ്ങളില്‍ മാസങ്ങളോളം തൊഴിലുറപ്പ് കൂലി തടസ്സപ്പെട്ടതും ആദിവാസി വിഭാഗത്തിനെ ഈ മേഖലയില്‍ നിന്നും പിന്നോട്ടടിച്ചു.അക്കൗണ്ട് നമ്പര്‍ മാറിയും മറ്റും പലപ്പോഴും കൂലി വൈകിയാണ് ലഭിക്കുന്നത്. തൊഴില്‍ കാര്‍ഡുകള്‍ കൃത്യമായി പുതുക്കാത്തതും ഇവര്‍ക്ക് വിനയായി.തൊഴിലുറപ്പ് ജോലിക്ക് വേണ്ടി പരമാവധി ആദിവാസി കുടുംബങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. ആദിവാസി മേറ്റുകള്‍ക്ക് 14 കൂലിക്ക് പുറമേ 500 രൂപ നല്‍കാന്‍ നിര്‍ദ്ദേശം ഉണ്ടെങ്കിലും ജില്ലയിലെ ഒരു ആദിവാസി മേറ്റിനു പോലും 500 രൂപ നല്‍കിയിട്ടില്ല.

തൊഴില്‍ കാര്‍ഡ് ലഭിച്ച് പ്രൊജക്ട് മീറ്റിങില്‍ പങ്കെടുത്ത് സൈറ്റ് ഡയറിയില്‍ ഒപ്പിട്ട് മസ്റോളില്‍ പേര് വന്നാല്‍ മാത്രമേ സാധാരണയായി തെഴില്‍ ലഭിക്കുകയുള്ളൂ. പലപ്പോഴും പണി തുടങ്ങുന്ന കാര്യം ഇവര്‍ വൈകി മാത്രമാണ് അറിയുന്നത്. അതിനാല്‍ തന്നെ ഇവര്‍ക്ക് തൊഴിലും നഷ്ടമാകുന്നു. പ്രൊജക്ട് മീറ്റിങിന്റെ വിവരം പലപ്പോഴും മേറ്റുമാര്‍ ആദിവാസികളെ അറിയിക്കാറില്ല. മേറ്റുമാര്‍ ഇഷ്ടപ്പെട്ട തൊഴിലാളികളെ മെബൈല്‍ ഫോണില്‍ വിളിച്ചാണ് പ്രൊജക്ട് മീറ്റിങിന്റെ വിവരം അറിയിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പഞ്ചായത്തും, കുടുംബശ്രീ സംവിധാനവും മൂലം നിരന്തരമായി ഇത്തരം കാര്യങ്ങള്‍ അറിയിച്ചിരുന്നു. കൂടാതെ പ്രൊജക്ട് മീറ്റിങ് വിവരം മുന്‍കൂട്ടി പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ആ സമ്പ്രദായം നിലച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ പ്രശ്നങ്ങള്‍ അവലോകനം ചെയ്യാനും അവ പരിഹരിക്കാനുമുള്ള ജില്ലാ അഡൈ്വസിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറും കലക്ടര്‍ ചെയര്‍മാനുമായുള്ള ജില്ലാ അഡൈ്വസിങ് കമ്മിറ്റി കഴിഞ്ഞ മൂന്നു വര്‍ഷമായി യോഗം ചേര്‍ന്നിട്ട്. ഇതോടെ ജില്ലയിലെ പാവപ്പെട്ടവനു താങ്ങാവേണ്ട തൊഴിലുറപ്പ് പദ്ധതി താളം തെറ്റി.

deshabhimani

No comments:

Post a Comment