തിരുവനന്തപുരം പട്ടത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലാണ് തൊഴിലുറപ്പു പദ്ധതിക്കുള്ള പണം വരാറ്. ഇവിടെനിന്നാണ് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം അയക്കുക. എന്നാല്‍, പണം ലഭിക്കാത്തതിനാല്‍ ഈ മാസംമുതല്‍ പദ്ധതി നടത്തിപ്പിനായി പഞ്ചായത്തുകളിലും മറ്റും ജോലിചെയ്യുന്നവര്‍ക്കുപോലും വേതനം നിലയ്ക്കും. ഇത് ജോലിയെ ബാധിക്കും. അതോടെ പദ്ധതിനടത്തിപ്പ് അവതാളത്തിലാകും. ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ പണത്തിന്റെ വരവ് പൂര്‍ണമായി നിലയ്ക്കാനാണ് സാധ്യത. പണം യഥാസമയം വാങ്ങിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ശുഷ്കാന്തിയും കാട്ടുന്നുമില്ല.
നിയമസഭയില്‍ ഗ്രാമവികസനമന്ത്രി കെ സി ജോസഫ് ബുധനാഴ്ച നല്‍കിയ മറുപടിയില്‍ കുടിശ്ശിക ജനുവരി 21 വരെ 182.03 കോടിയെന്നാണ് അറിയിച്ചത്. എന്നാല്‍, എംഎന്‍ആര്‍ജിഎ വെബ്സൈറ്റില്‍ വ്യാഴാഴ്ചയും കേരളത്തില്‍ വേതന വിതരണത്തിലെ കുടിശ്ശിക 240.47 കോടി രൂപയാണെന്നാണുള്ളത്. മന്ത്രി തെറ്റായ കണക്ക് അവതരിപ്പിച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തൃപ്തികരമായാണ് നടപ്പാക്കുന്നതെന്നും നടപ്പ് സാമ്പത്തിക വര്‍ഷം 2643.20 കോടി രൂപ കേന്ദ്രത്തില്‍നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞെന്നും മറ്റൊരു ചോദ്യത്തിന് മന്ത്രി അവകാശപ്പെട്ടു. എന്നിട്ടും ഭീമമായ തുക വേതന കുടിശ്ശിക വരുന്നതെങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു. വേതനകുടിശ്ശിക വൈകുന്നതിനു കാരണം വേതനനിര്‍ണയത്തിലേക്കും വിതരണത്തിലേക്കും നയിക്കുന്ന പ്രക്രിയയുടെ വിവധ ഘട്ടങ്ങളില്‍ ഉണ്ടാകുന്ന കാലതാമസമാണെന്നാണ് കെ സി ജോസഫിന്റെ വിശദീകരണം. പണം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വെള്ളപൂശി പദ്ധതിനടത്തിപ്പിലെ പോരായ്മകള്‍ മറച്ചുപിടിക്കുകയാണ് മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ ഈ നയം ആയിരങ്ങളുടെ ഉപജീവനമാര്‍ഗത്തെയാണ് ഇല്ലാതാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ കുടിശ്ശിക തിരുവനന്തപുരത്താണ്- 38.78 കോടി രൂപ. ആലപ്പുഴയില്‍ 27.47 കോടിയും കോഴിക്കോട്ട് 25.21 കോടിയും കുടിശ്ശികയുണ്ട്. ജില്ലയും കുടിശ്ശിക വരുത്തിയ തുകയും (കോടിക്കണക്കില്‍) ചുവടെ. പാലക്കാട്- 12, വയനാട്- 6, ഇടുക്കി- 20, കാസര്‍കോട്- 18, എറണാകുളം- 13, കണ്ണൂര്‍- 12, കൊല്ലം- 18, കോട്ടയം-10, മലപ്പുറം- 19, പത്തനംതിട്ട- 13, തൃശൂര്‍- 13. ഏറ്റവും കൂടുതല്‍ വേതനകുടിശ്ശിക വരുത്തിയ സംസ്ഥാനങ്ങളില്‍ ബിഹാര്‍ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം കേരളത്തിനാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍പ്പോലും വേതന കുടിശ്ശിക 238 കോടി രൂപമാത്രമാണ്. ഇടതുപക്ഷം ഭരിക്കുന്ന ത്രിപുരയാകട്ടെ ഏറ്റവും കുറഞ്ഞ കുടിശ്ശികയുള്ള രണ്ടാമത്തെ സംസ്ഥാനമാണ്. 11 കോടിയാണ് കുടിശ്ശിക. 2005 ആഗസ്ത് 25ന് ഒന്നാം യുപിഎ സര്‍ക്കാര്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനവും കേരളമാണ്.
deshabhimani
No comments:
Post a Comment