Friday, March 29, 2013

കൂലി നല്‍കാന്‍ പണമില്ല: തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കാന്‍ ശ്രമം


തൊഴിലാളികള്‍ക്ക് കൂലി ലഭ്യമാക്കാതെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം. തൊഴിലാളികള്‍ ചെയ്ത ജോലിക്ക് കൂലി നല്‍കാനുള്ള തുക ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മാസങ്ങളായി സര്‍ക്കാര്‍ കൈമാറിയിട്ട്. ജോലിചെയ്ത് 14 ദിവസത്തിനകം കൂലി നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണിത്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പണമില്ലാതെ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധികൃതര്‍ നെട്ടോട്ടമോടുകയാണ്. കൂലിയില്ലാതെ ആയിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലായി. നൂറുജോലി പൂര്‍ത്തീകരിച്ച തൊഴിലാളികള്‍ക്ക് അതത് സാമ്പത്തികവര്‍ഷം കൂലി ലഭിച്ചില്ലെങ്കില്‍ നൂറ് ജോലി ചെയ്തതായി രേഖപ്പെടുത്തില്ല. ഇക്കാരണത്താല്‍ നൂറ് ജോലി പൂര്‍ത്തീകരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്‍കുന്ന 1000 രൂപയും ഓണക്കോടിയും നഷ്ടമാകും. സാംഖ്യ സോഫ്റ്റ്വെയര്‍ അപ്ലോഡ് ചെയ്ത പഞ്ചായത്തുകളില്‍ മാര്‍ച്ച് 31 കഴിഞ്ഞാല്‍ 2012-13 സാമ്പത്തികവര്‍ഷത്തെ കണക്കില്‍ ഈ ജോലികള്‍കൂടി ചേര്‍ക്കാന്‍ കഴിയുകയുമില്ല. ഇതിനാല്‍ ഇത്തരത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ഇല്ലാതാകും.

പല പഞ്ചായത്തുകളിലും ജോലി ചെയ്തതിന്റെ മസ്റ്ററോള്‍ തിരികെ ലഭിച്ച ശേഷം പണത്തിനായി ബ്ലോക്ക് ഓഫീസുകളില്‍ സമീപിച്ചപ്പോഴാണ് പണം ലഭ്യമല്ലാത്ത വിവരം അറിയുന്നത്. പല പഞ്ചായത്തുകള്‍ക്കും ആവശ്യപ്പെട്ട തുകയുടെ നാലിലൊന്ന് മാത്രമാണ് നല്‍കിയത്. രണ്ടും അതിലധികവും പ്രോജക്ടുകളുടെ പണം ലഭ്യമാകാതെ കിടക്കുന്ന പഞ്ചായത്തിലെ തൊഴിലാളികള്‍ ഇതുമൂലം ബുദ്ധിമുട്ടിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് പണം പഞ്ചായത്തുകളിലേക്ക് അലോട്ട് ചെയ്യാത്തത്. കഴിഞ്ഞകാലങ്ങളില്‍ അലോട്ട്മെന്റ് ചെയ്ത തുകയ്ക്ക് അനുസരിച്ച് തൊഴിലാളികളെക്കൊണ്ട് പണിചെയ്യിക്കാന്‍ പഞ്ചായത്തുകള്‍ മത്സരിക്കുമ്പോള്‍ ഈ വര്‍ഷം പണിചെയ്ത പണത്തിനായി യാചിക്കേണ്ട അവസ്ഥയാണ്.
(എ ബി അന്‍സാര്‍)

deshabhimani 290313

No comments:

Post a Comment