Sunday, December 29, 2013

ജീവന് ഉറപ്പില്ലാത്ത തൊഴിലുറപ്പ്; പരിഹാസംമാത്രം കൂലി

പെരുമ്പാവൂര്‍: ഏറെ പ്രതീക്ഷയോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ അംഗങ്ങളായ ലക്ഷക്കണക്കിനു തൊഴിലാളികള്‍ നിരാശയില്‍. കൂലി 180 രൂപയേയുള്ളൂ എന്നതുമാത്രമല്ല, തൊഴിലിന് ഉറപ്പും ഇല്ലാതായി. കേന്ദ്ര നിബന്ധനകള്‍ കേരളത്തിന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാതായതോടെ ഈ സാമ്പത്തികവര്‍ഷത്തെ പദ്ധതികള്‍ക്ക് അനുമതി മൂന്നുമാസം വൈകി. ഇതോടെ ഒരുവര്‍ഷം 100 തൊഴില്‍ദിനമെന്നത് ഏറെ ദുഷ്കരമായി. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസംമാത്രം ബാക്കിനില്‍ക്കെ ശരാശരി 60 തൊഴില്‍ദിനങ്ങളെ ഇതുവരെ ഉറപ്പാക്കാനായിട്ടുള്ളൂ. 100 തൊഴില്‍ദിനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് 400 രൂപയുടെ പുടവ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും പൂര്‍ണമായി നടപ്പാക്കാനായില്ല. തീരുമാനത്തിലെ അവ്യക്തതമൂലം ഒരു കുടുംബത്തില്‍ ഒരാള്‍ക്കുമാത്രമായി അത് പരിമിതപ്പെടുത്തി. 100 തൊഴില്‍ദിനം പൂര്‍ത്തീകരിക്കുന്നവരുടെ മക്കള്‍ക്ക് 1000 രൂപയുടെ പഠനോപകരണം നല്‍കുമെന്ന പ്രഖ്യാപനവും പിന്നീടുവന്നു. ഇതും ജലരേഖയായി. തൊഴില്‍ചെയ്ത് 14 ദിവസത്തിനകം കൂലി നല്‍കണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല.

രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ തൊഴില്‍ചെയ്താല്‍ ലഭിക്കുന്നത് 180 രൂപയാണ്. മെക്കാട്പണിക്കുപോലും നാട്ടില്‍ 600 രൂപയാണ് കൂലി. ഭാവിയില്‍ കൂലിക്കൂടുതല്‍ ലഭിക്കുമെന്നും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് പട്ടിണിക്കൂലിക്ക് പലരും തൊഴിലെടുക്കുന്നത്. എന്നാല്‍, നിലനില്‍പ്പിനുവേണ്ടി സാഹസികമായി തൊഴിലെടുക്കാന്‍പോലും തൊഴിലാളികള്‍ നിര്‍ബന്ധിതമാകുന്നു. രായമംഗലം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നൂറോളം തൊഴിലാളികള്‍ കനാല്‍ ശുചീകരണത്തിന്റെ ഭാഗമായി ചെയ്യുന്ന സാഹസികകാഴ്ച ഇതിനുദാഹരണമാണ്. മുപ്പതടിയിലേറെ താഴ്ചയുള്ള കീഴില്ലം ലോലെവല്‍ കനാലിന്റെ ശുചീകരണം നടത്താന്‍ വടത്തില്‍ തൂങ്ങി സാഹസികമായി ജോലിചെയ്യുകയാണിവര്‍. വരള്‍ച്ച രൂക്ഷമായപ്പോള്‍ ശുചീകരണം പൂര്‍ത്തിയാകുംമുമ്പെ കനാലിലൂടെ വെള്ളവും വിട്ടു. വടത്തില്‍നിന്നും അബദ്ധത്തില്‍ കൈവിട്ടാല്‍ ശക്തമായ ഒഴുക്കില്‍പ്പെടും. നീന്തലറിയാവുന്നവര്‍ ആരുമില്ലതാനും. വെള്ളം തുറന്നുവിടുംമുമ്പ് രണ്ടുപേര്‍ പിടിവിട്ട് കനാലില്‍വീണ് പരിക്കേറ്റിട്ടും പഞ്ചായത്ത് അധികൃതര്‍ ഒരു സഹായവും ചെയ്തില്ല. 18-ാം വാര്‍ഡില്‍ രാജമ്മ എന്ന തൊഴിലാളി വീണ് കാലൊടിഞ്ഞ് അരലക്ഷത്തിലേറെ രൂപ ആശുപത്രിയില്‍ ചെലവായിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ മേഖലാ സെക്രട്ടറി കെ എന്‍ ഹരിദാസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല.

deshabhimani

No comments:

Post a Comment