Monday, April 22, 2013
കൗണ്‍സില്‍ യോഗം വിളിക്കാതെ മന്ത്രി
കൂലിക്കുടിശ്ശികയും തൊഴിലും കിട്ടാതെ സംസ്ഥാനത്തെ 27 ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികള്‍ പട്ടിണിയിലായിട്ടും സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍ യോഗം വിളിക്കാന്‍ ചെയര്‍മാന്‍ മന്ത്രി കെ സി ജോസഫ് തയ്യാറാകുന്നില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന നിര്‍വഹണ ചുമതല തൊഴിലുറപ്പ് പദ്ധതി സ്റ്റേറ്റ് കൗണ്‍സിലിനാണ്. കഴിഞ്ഞ ഡിസംബര്‍ 26നാണ് ഒടുവില്‍ ഈ യോഗം ചേര്‍ന്നത്. എന്നാല്‍, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കൂലി ഇനത്തില്‍ 62.85 കോടി രൂപ കുടിശ്ശികയായപ്പോള്‍. യോഗം ചേരണമെന്നും കൂലി നല്‍കാന്‍ താല്‍ക്കാലിക സംവിധാനം ഉണ്ടാക്കണമെന്നും പഞ്ചായത്ത് വകുപ്പ് നിരന്തരം അഭ്യര്‍ഥിച്ചിട്ടും മന്ത്രി ജോസഫ് അനങ്ങിയില്ല. കൗണ്‍സില്‍ യോഗം ആറുമാസത്തിലൊരിക്കല്‍ മതിയെന്ന കടുംപിടുത്തമാണ് മന്ത്രിക്ക്.
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്ന് ആഴ്ചയായിട്ടും ഒരു ദിവസംപോലും തൊഴിലാളികള്‍ക്ക് പണി കിട്ടിയില്ല. കൂലിക്കുടിശ്ശിക അനുവദിക്കാതെയും പുതിയ തൊഴില്‍ നല്‍കാതെയും ആയതോടെ തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസുകളില്‍ കൂലിക്കായി കയറി ഇറങ്ങുകയാണ്. പഞ്ചായത്ത് വകുപ്പും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷനും തൊഴിലുറപ്പ് കൗണ്‍സില്‍ യോഗം വിളിക്കാന്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മന്ത്രി മിണ്ടുന്നില്ല.
മിഷന്‍ ഡയറക്ടര്‍ പ്രണബ്നാഥ് ജ്യോതിയെ പത്തനംതിട്ട കലക്ടറായി നിയമിച്ചതോടെ പദ്ധതി നടത്തിപ്പിന് നാഥനില്ലാത്ത അവസ്ഥയായി. രണ്ടുമന്ത്രിമാരും ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും അടങ്ങുന്ന കൗണ്‍സില്‍ യോഗം ചേരാത്തതിനാല്‍ അടുത്ത വര്‍ഷത്തെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടങ്ങാനായില്ല. ഇതും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാണ്. കാലവര്‍ഷത്തിനുമുമ്പ് തോടുകളുടെയും കുളങ്ങളുടെയും ആഴം കൂട്ടണം. ഉപയോഗശൂന്യമായ കുളങ്ങളും കിണറുകളും നവീകരിക്കണം. കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയില്‍ ആറ് ലക്ഷം പ്രവൃത്തികള്‍ നടത്തിയിരുന്നു. അതുവഴി അഞ്ചുലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനായി. പദ്ധതിയില്‍ 400 കോടി രൂപ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചു. എന്നാല്‍, സംസ്ഥാനം കൊടുംവരള്‍ച്ചയെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ വരള്‍ച്ച പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകാത്തത് ഗുരുതരമായ അലംഭാവമാണ്.
ഇത്രയായിട്ടും തൊഴിലുറപ്പ് പദ്ധതി കൗണ്‍സില്‍ യോഗം വിളിക്കാന്‍ തയ്യാറാകാത്ത മന്ത്രി വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞ 22ന് പഞ്ചായത്തുകള്‍ക്ക് കത്തയച്ചു. തൊഴിലുറപ്പ് പദ്ധതി ആരംഭിക്കാതെ മന്ത്രിയുടെ കത്തയച്ചാല്‍ എങ്ങനെ പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാരുടെ ചോദ്യം. വരള്‍ച്ചാ സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് ദിനങ്ങള്‍ 150 ദിവസമാക്കാമെന്ന് നിയമമുണ്ടായിരിക്കെയാണ് കേരളത്തില്‍ ഒരു ദിവസംപോലും തൊഴില്‍ നല്‍കാതിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്താല്‍ 14 ദിവസത്തിനകം കൂലി നല്‍കണമെന്നത് പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്. കഴിയാതെ വന്നാല്‍ 12 ശതമാനം പലിശയും നല്‍കണം. കൂലികിട്ടാത്ത തൊഴിലാളികള്‍ കോടതിയെ സമീപിച്ചാല്‍ സംസ്ഥാനത്തെ കൂലിക്കുടിശ്ശികയ്ക്ക് പലിശ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്ന് ഉറപ്പാണ്
deshabhimani 220413
Labels:
തൊഴിലുറപ്പ് പദ്ധതി,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment