Monday, October 1, 2012

ജനശ്രീ-ബിഎസ്എസ് കൂട്ടുകെട്ട് കോണ്‍ഗ്രസ് പിന്തുണയോടെ


നിരവധി തട്ടിപ്പ് നടത്തിയ വിവാദ സംഘടന ഭാരത് സേവക് സമാജും(ബിഎസ്എസ്) ജനശ്രീയും തമ്മില്‍ ബന്ധം ഉറപ്പിച്ചത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ. ജനശ്രീ ചെയര്‍മാന്‍ എം എം ഹസ്സനും ബിഎസ്എസ് ചെയര്‍മാന്‍ ബി എസ് ബാലചന്ദ്രനും തമ്മിലുള്ള ഈ അവിഹിത കൂട്ടുകെട്ടിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് അണികള്‍ നല്‍കിയ നിരവധി പരാതികള്‍ മുക്കി. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ മറവില്‍ നടത്തിയ ഒത്തുകളിയിലാണ് പരാതികള്‍ മുക്കിയത്. പണാപഹരണം, വ്യാജകോഴ്സുകള്‍ തുടങ്ങി നിരവധി കേസുകളില്‍പെട്ട സ്ഥാപനമാണ് ബിഎസ്എസ്. ഇല്ലാത്ത തസ്തികകളില്‍ പ്രവേശനത്തിന് വ്യാജ എഴുത്തുപരീക്ഷ നടത്തിയതിന് കോട്ടയത്ത് പൊലീസ് അറസ്റ്റ് ചെയ്തവരില്‍ പ്രമുഖനാണ് ബാലചന്ദ്രന്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പുകള്‍. എന്നാല്‍, കേന്ദ്രത്തിനോ മറ്റേതെങ്കിലും ഏജന്‍സിക്കോ ഈ സ്ഥാപനവുമായി ബന്ധമില്ല. എന്നാല്‍, ഇപ്പോഴും സംസ്ഥാനത്ത് നിയമവിരുദ്ധമായി പാരാമെഡിക്കല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ ബാലചന്ദ്രന്‍ നടത്തുന്നുണ്ട്.

സ്ത്രീകളടക്കം പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘത്തിന്റെ ചെയര്‍മാനെ കണ്‍വീനറാക്കി ജനശ്രീ എന്ന പേരില്‍ ഒരു സംഘടന തുടങ്ങിയതെന്തിനെന്ന ചോദ്യത്തിന് ഹസ്സനോ കോണ്‍ഗ്രസ് നേതൃത്വമോ ഉത്തരം പറഞ്ഞിട്ടില്ല. ഇപ്പോഴും ഇയാള്‍ ഡയറക്ടറായി തുടരുന്നു. ജനശ്രീയുടെ പണമിടപാട് സ്ഥാപനമായ മൈക്രോഫിന്‍ ലിമിറ്റഡ് ഡയറക്ടറായി ബാലചന്ദ്രനെ പ്രതിഷ്ഠിച്ചതിനും മറുപടിയില്ല.

തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് ജനശ്രീയുമായി ബന്ധമില്ലെന്നു പറഞ്ഞ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറിയെങ്കിലും ജനശ്രീയുടെ പേരില്‍നടന്ന കള്ളക്കളികളില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് തലയൂരാനാവില്ല. ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നു ഗ്രാന്റ് തട്ടാനും ബിഎസ്എസും ജെഎസ്എസും(ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍) സ്വീകരിച്ച മാര്‍ഗങ്ങളാണ് ജനശ്രീയും പിന്തുടരുന്നത്. എല്ലാ അര്‍ഥത്തിലും ബിഎസ്എസിനെയും ജെഎസ്എസിനെയും പോലെ ദുരൂഹത നിറഞ്ഞ പ്രവര്‍ത്തനങ്ങളാണ് ജനശ്രീ നടത്തുന്നത്. കടലാസ് പദ്ധതികള്‍ തയ്യാറാക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നു പണംതട്ടുകയെന്ന ബിഎസ്എസ് പാത പിന്തുടര്‍ന്നാണ് കൃഷി-മൃഗസംരക്ഷണ വകുപ്പുകളില്‍നിന്ന് ഫണ്ട് നേടിയെടുത്തത്. മറ്റു വകുപ്പുകളില്‍നിന്ന് ഫണ്ട് തട്ടിയെടുക്കാനും ശ്രമം നടക്കുന്നു. ഇതിനു പുറമെയാണ് മൈക്രോഫിനിന്റെ പേരില്‍ വായ്പ തരപ്പെടുത്താനുള്ള നീക്കം. കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് ബ്ലേഡ് പലിശയ്ക്ക് നല്‍കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ്.

മൈക്രോഫിനിന്റെ അടച്ചുതീര്‍ത്ത ഓഹരി മൂലധനമായ രണ്ട് കോടി രൂപയില്‍ 1,99,40,000 രൂപയുടെ ഓഹരി എങ്ങനെ ഹസ്സന്റെ പേരില്‍ വന്നു? ഹസ്സന് ഈ ഓഹരി എങ്ങനെ കിട്ടി? അതിനുള്ള പണം എവിടെനിന്നു കിട്ടി? ഇപ്പോള്‍ ഈ ഓഹരി ഹസ്സന്റെ പേരിലില്ലെങ്കില്‍ അതെങ്ങനെ മറിച്ചുവിറ്റു? വിറ്റ കാശ് എന്ത് ചെയ്തു? ഹസ്സന്‍ ഓഹരി വാങ്ങിയതും വിറ്റതും മാനദണ്ഡങ്ങള്‍ പാലിച്ചാണോ? അംഗീകൃത മൂലധനം അഞ്ച് കോടിയാണെങ്കിലും പത്ത് കോടി പിരിക്കുമെന്ന് പറയുന്നത് ചട്ടങ്ങള്‍ പാലിച്ചാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയാനുള്ള ബാധ്യത കോണ്‍ഗ്രസ് നേതൃത്വത്തിനും ഹസ്സനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്കുമുണ്ട്.

deshabhimani 021012

1 comment:

  1. നിരവധി തട്ടിപ്പ് നടത്തിയ വിവാദ സംഘടന ഭാരത് സേവക് സമാജും(ബിഎസ്എസ്) ജനശ്രീയും തമ്മില്‍ ബന്ധം ഉറപ്പിച്ചത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ. ജനശ്രീ ചെയര്‍മാന്‍ എം എം ഹസ്സനും ബിഎസ്എസ് ചെയര്‍മാന്‍ ബി എസ് ബാലചന്ദ്രനും തമ്മിലുള്ള ഈ അവിഹിത കൂട്ടുകെട്ടിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് അണികള്‍ നല്‍കിയ നിരവധി പരാതികള്‍ മുക്കി. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ മറവില്‍ നടത്തിയ ഒത്തുകളിയിലാണ് പരാതികള്‍ മുക്കിയത്.

    ReplyDelete