Tuesday, October 9, 2012

1.99 കോടിയുടെ ഓഹരിയുണ്ടെന്ന് ഹസ്സന്‍ മാര്‍ച്ചില്‍ കത്തുമെഴുതി


ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡില്‍ തനിക്ക് 1.99 കോടി രൂപയുടെ ഓഹരിയുണ്ടെന്ന് കാണിച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ എം എം ഹസ്സന്‍ അയച്ച കത്തും പുറത്തുവന്നു. കുറഞ്ഞ പലിശനിരക്കില്‍ പത്തു കോടി രൂപ വായ്പ ആവശ്യപ്പെട്ട് കേരള പിന്നോക്ക വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്ക് അയച്ച കത്തിനോടൊപ്പം സമര്‍പ്പിച്ച രേഖയിലാണ് ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡില്‍ പത്ത് രൂപ വീതമുള്ള 19,94,000 ഓഹരിയുണ്ടെന്ന് ഹസ്സന്‍ സ്ഥാപിച്ചത്. 2012 മാര്‍ച്ച് 23ന് ഹസ്സന്‍ ഒപ്പിട്ട് അയച്ച കത്തും കത്തിനോടൊപ്പം സമര്‍പ്പിച്ച രേഖകളും കോര്‍പറേഷനില്‍നിന്ന്, വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ "ദേശാഭിമാനി"ക്ക് ലഭിച്ചു. ഈ രേഖയിലും കമ്പനിയുടെ അടച്ചുതീര്‍ത്ത മൂലധനം രണ്ട് കോടി രൂപയാണെന്ന് പറയുന്നു. മറ്റ് ആറ് ഡയറക്ടര്‍മാര്‍ക്ക് നേരത്തെ "ദേശാഭിമാനി" വാര്‍ത്തയില്‍ പറഞ്ഞപോലെ പതിനായിരം രൂപയുടെ വീതം ഓഹരിമാത്രമേയുള്ളൂ. കമ്പനി രജിസ്റ്റര്‍ചെയ്ത് അഞ്ചുമാസം കഴിഞ്ഞശേഷം 2010 ആഗസ്ത് 14ന് രണ്ടു കോടി രൂപ നിക്ഷേപിച്ച് ആദ്യ ഓഹരി വിതരണം നടത്തിയതെന്നാണ് ഹസ്സന്‍ ഇപ്പോഴും അവകാശപ്പെടുന്നത്. അന്നുമുതല്‍ ഇപ്പോള്‍വരെ തനിക്ക് 50,000 രൂപയുടെ ഓഹരിമാത്രമേ ഉള്ളൂവെന്നും ഹസ്സന്‍ അവകാശപ്പെടുന്നു. എന്നാല്‍,2010 ഫെബ്രുവരി 24ന് ഹസ്സന്‍ ഒപ്പിട്ട സത്യവാങ്മൂലപ്രകാരം 1.99 കോടിയുടെ ഓഹരിയുണ്ടെന്നതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം "ദേശാഭിമാനി" പുറത്തുവിട്ടിരുന്നു. 2012 മാര്‍ച്ച് 23ന് പിന്നോക്ക വികസന കോര്‍പറേഷന് അയച്ച കത്തിലും ഇത് ആവര്‍ത്തിച്ചതോടെ ഹസ്സന്റെ എല്ലാ അവകാശവാദങ്ങളും പൊളിയുകയാണ്. 2010 ഫെബ്രുവരി 24 മുതല്‍ 2012 മാര്‍ച്ച് 23 വരെ ഹസ്സന് ഇത്രയും ഭീമമായ ഓഹരിയുണ്ടായിരുന്നുവെന്നാണ് രേഖകള്‍ തെളിയിക്കുന്നത്.

ജനശ്രീ സുസ്ഥിര വികസന മിഷനും ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡും വ്യത്യസ്ത സ്ഥാപനങ്ങളാണെന്ന ഹസ്സന്റെ അവകാശവാദവും ശരിയല്ലെന്ന് ഹസ്സന്‍ ഒപ്പിട്ട കത്തുതന്നെ വെളിപ്പെടുത്തുന്നു. 2006ല്‍ തുടങ്ങിയ ജനശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കാനാണ് ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതെന്ന് ഹസ്സന്‍ ഈ കത്തില്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ നിശ്ചിത ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ബാങ്കിങ്ങിതര പണമിടപാട് കമ്പനിയാണെന്നും പറയുന്നു. കുറഞ്ഞ പലിശയ്ക്ക് വായ്പ സംഘടിപ്പിച്ച് കൊള്ളപ്പലിശയ്ക്ക് നല്‍കുകയെന്ന തന്ത്രമാണ് ഈ കത്തിനു പിന്നില്‍.

പിന്നോക്ക വികസന കോര്‍പറേഷന്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടിയുള്ള സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെ ഫണ്ട് ആ വിഭാഗത്തിന് നല്‍കുന്നതിന് പകരം തങ്ങളുടെ സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള ഗൂഢാലോചനയും ഈ നീക്കത്തിനു പിന്നിലുണ്ട്. ജനശ്രീ മൈക്രോഫിന്‍ ഡയറക്ടറും ജനശ്രീ മിഷന്‍ സംസ്ഥാന സെക്രട്ടറിയുമായ ബി എസ് ബാലചന്ദ്രന്‍ മുമ്പ് ഭാരത് സേവക് സമാജിന്റെ മറവില്‍ കോര്‍പറേഷനില്‍നിന്ന് വായ്പ എടുത്തിരുന്നു. ജപ്തി നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍മാത്രമാണ് ഈ തുക തിരിച്ചടച്ച് തടിതപ്പിയത്്്. ബാലചന്ദ്രനെതിരായ പരാതികള്‍ പരിശോധിച്ചശേഷം ഒരു കാരണവശാലും വായ്പയോ മറ്റ് ധനസഹായമോ നല്‍കരുതെന്ന് 2003ല്‍ പട്ടികജാതി വികസനവകുപ്പ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഈ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് വീണ്ടും ബാലചന്ദ്രന്‍ ഡയറക്ടറായ മൈക്രോഫിന്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചത്. അതുകൊണ്ടുതന്നെ ബാലചന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായ കുടുംബശ്രീ മിഷന് കൃഷി-മൃഗസംരക്ഷണ വകുപ്പുകള്‍ 14.36 കോടി ധനസഹായവും അനുവദിച്ചതും കടുത്ത ചട്ടലംഘനവുമാണ്.

deshabhimani 091012

1 comment:

  1. ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡില്‍ തനിക്ക് 1.99 കോടി രൂപയുടെ ഓഹരിയുണ്ടെന്ന് കാണിച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ എം എം ഹസ്സന്‍ അയച്ച കത്തും പുറത്തുവന്നു. കുറഞ്ഞ പലിശനിരക്കില്‍ പത്തു കോടി രൂപ വായ്പ ആവശ്യപ്പെട്ട് കേരള പിന്നോക്ക വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ക്ക് അയച്ച കത്തിനോടൊപ്പം സമര്‍പ്പിച്ച രേഖയിലാണ് ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡില്‍ പത്ത് രൂപ വീതമുള്ള 19,94,000 ഓഹരിയുണ്ടെന്ന് ഹസ്സന്‍ സ്ഥാപിച്ചത്. 2012 മാര്‍ച്ച് 23ന് ഹസ്സന്‍ ഒപ്പിട്ട് അയച്ച കത്തും കത്തിനോടൊപ്പം സമര്‍പ്പിച്ച രേഖകളും കോര്‍പറേഷനില്‍നിന്ന്, വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ "ദേശാഭിമാനി"ക്ക് ലഭിച്ചു.

    ReplyDelete