Tuesday, May 13, 2014

ബ്ലേഡ് മാഫിയ വേട്ട ചെറുകിടക്കാരില്‍ ഒതുങ്ങി

തിരു: "ഓപ്പറേഷന്‍ കുബേര" എന്ന പേരിട്ട് പൊലീസ് രണ്ടു ദിവസം നടത്തിയ ബ്ലേഡ് മാഫിയ വേട്ടയില്‍ കുരുക്കിയത് ചെറുകിടക്കാരെമാത്രം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എംഎല്‍എമാരും കണ്ണികളായ കൊള്ളപ്പലിശസംഘത്തിലെ ഒരാളെപ്പോലും തൊടാന്‍ പൊലീസ് തയ്യാറായില്ല. ലക്ഷങ്ങള്‍ പലിശ വാങ്ങുന്നവരില്‍ ആരെയും പിടികൂടിയിട്ടില്ല. ഇവരുടെ വീട്ടിലോ ഓഫീസിലോ കടന്നുചെല്ലാനും പൊലീസ് ധൈര്യം കാണിച്ചില്ല. തിരുവനന്തപുരത്ത് പിടികൂടിയ ബോംബ് കണ്ണനുപിന്നിലെ ഉന്നതരെക്കുറിച്ച് ഒരു അന്വേഷണവുമില്ല. പൊലീസ് കോണ്‍സ്റ്റബിള്‍മുതല്‍ ഭരണകക്ഷി എംഎല്‍എവരെ ഇയാളുടെ ബിസിനസ് സാമ്രാജ്യത്തിലുണ്ടെന്ന് വ്യക്തമായി. ബ്ലേഡ് പലിശ വഴിയുള്ള സമ്പാദ്യം റിയല്‍ എസ്റ്റേറ്റ് ബിസിനസിലാണ് ബോംബ് കണ്ണന്‍ മുടക്കിയിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥരുടെയും കോണ്‍ഗ്രസ് എംഎല്‍എയുടെയും കോടികള്‍ ഇയാളുടെ ബിസിനസില്‍ മുടക്കിയിട്ടുണ്ടെന്ന് വ്യക്തമായെങ്കിലും ഇതുസംബന്ധിച്ച രേഖകള്‍ പിടിച്ചെടുക്കാന്‍ തയ്യാറായില്ല.

ചെറുകിടകച്ചവടക്കാര്‍ക്ക് നിസ്സാര പലിശയ്ക്ക് പണം കടം നല്‍കി ഉപജീവനം നടത്തിവരുന്നവരുടെ വീടുകളിലും മറ്റും കടന്നുകയറിയാണ് പൊലീസ് റെയ്ഡ് ഏറെയും നടത്തിയത്. എസ്പിമാര്‍, ഡിവൈഎസ്പിമാര്‍ എന്നിവരടക്കം ഉദ്ദേശം 140 പൊലീസ് ഉദ്യോഗസ്ഥര്‍ ബ്ലേഡ് പലിശസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇന്റലിജന്‍സിന് കിട്ടിയ വിവരം. ജ്വല്ലറിക്കാര്‍ക്കും മറ്റും കോടികള്‍ കടം നല്‍കി ലക്ഷങ്ങള്‍ പ്രതിദിനം പലിശ പിരിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. ബ്ലേഡ് പലിശയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍പ്പോലും പരിശോധന നടത്തിയില്ല. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച 669 റെയ്ഡ് നടത്തിയതായി ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യന്‍ അറിയിച്ചു. 28 പേര്‍ പിടിയിലായി. 48 കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ബ്ലാങ്ക് ചെക്ക് ലീഫ്, മുദ്രപ്പത്രം, ആര്‍സി ബുക്കുകള്‍ തുടങ്ങിയവ അനധികൃതമായി സൂക്ഷിച്ചതായി കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍നിന്നായി 27 ലക്ഷം രൂപ പിടിച്ചെടുത്തു. ഇതോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ റെയ്ഡുകളുടെ എണ്ണം 1700 കവിഞ്ഞു. അമിതപലിശക്കാരെക്കുറിച്ചും അനധികൃത പണമിടപാട് സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അതത് ജില്ലാ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിമാരെ അറിയിക്കണമെന്ന് ഡിജിപി പറഞ്ഞു. ഫോണ്‍ നമ്പര്‍: ആലപ്പുഴ- 9497990039. ഇടുക്കി- 9497990056. കോട്ടയം- 9497990049. കൊച്ചി സിറ്റി- 9497990064, റൂറല്‍- 9497990075.

deshabhimani

No comments:

Post a Comment