Monday, May 19, 2014

25 ശതമാനത്തിലേറെ വൈദ്യുതിനിരക്കും കൂട്ടും

വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിച്ചുള്ള തീരുമാനം ആഗസ്തില്‍. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കടക്കം വന്‍വര്‍ധനയ്ക്കുള്ള അനുമതി തേടി വൈദ്യുതി റെഗുലേറ്ററി കമീഷന് കെഎസ്ഇബി അപേക്ഷ നല്‍കി. 25 ശതമാനത്തിനു മുകളില്‍ വര്‍ധനയ്ക്കുള്ള ശുപാര്‍ശകളാണ് നല്‍കിയിരിക്കുന്നത്. 3000 കോടിയുടെ നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി വന്‍നിരക്കുവര്‍ധന ലക്ഷ്യമിടുന്നത്. നഷ്ടത്തില്‍ പകുതിയിലധികവും ഉപയോക്താക്കളില്‍നിന്ന് ഈടാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കടക്കം വര്‍ധന ഇരുട്ടടിയാകും.

നിലവിലുള്ള സ്ലാബ് സമ്പ്രദായം പൊളിച്ചെഴുതി ഉപയോക്താക്കളെ കൊള്ളയടിക്കാനുള്ള നീക്കത്തിലാണ് വൈദ്യുതി ബോര്‍ഡ്. ബോര്‍ഡിന്റെ അപേക്ഷയില്‍ റഗുലേറ്ററി കമീഷന്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ആരായും. ഇതിനുശേഷം വര്‍ധനയ്ക്ക് കമീഷന്‍ അനുമതി നല്‍കും. സിറ്റിങ് തീയതി നിശ്ചയിച്ചിട്ടില്ല. ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാകും വര്‍ധനയെന്നും സൂചനയുണ്ട്. നിരക്കുവര്‍ധന ശുപാര്‍ശ നല്‍കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പായതിനാല്‍ ബോര്‍ഡ് വൈകിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞ സാഹചര്യത്തില്‍ ഇത് വൈകിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാരും ബോര്‍ഡും എത്തിച്ചേര്‍ന്നു. പ്രസരണനഷ്ടത്തിനുസരിച്ച് വൈദ്യുതിനിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടുതവണ വൈദ്യുതിനിരക്ക് കൂട്ടി. ഒരുതവണ സര്‍ചാര്‍ജും ചുമത്തി. പുതിയ വൈദ്യുതി കണക്ഷനുള്ള നിരക്ക് കുത്തനെ കൂട്ടി ഉത്തരവിറക്കിയതും അടുത്തിടെയാണ്. ഗാര്‍ഹിക കണക്ഷന് 300 മുതല്‍ 10,000 രൂപവരെയാണ് കൂട്ടിയത്. വന്‍കിട ഉപയോക്താക്കള്‍ക്കുള്ള നിരക്ക് കുത്തനെ കുറയ്ക്കുകയും ചെയ്തു.

deshabhimani

No comments:

Post a Comment