Monday, May 19, 2014

മാനസപത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യത്തിന് മൂന്നിരട്ടി തുക നല്‍കി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനുകൂലവാര്‍ത്ത നല്‍കുന്നതിന് പ്രതിഫലമായി മനോരമയ്ക്കും മാതൃഭൂമിക്കും മുന്‍കൂറായി പരസ്യനിരക്കിന്റെ മൂന്നിരട്ടിയിലധികം അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിനം പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ചുള്ള പരസ്യത്തിന്റെ മറവിലാണ് പെയ്ഡ് ന്യൂസിന് സമാനമായി സര്‍ക്കാര്‍ നേരിട്ട് രണ്ട് പത്രങ്ങള്‍ക്കും പിആര്‍ഡി നിരക്കിനേക്കാള്‍ മൂന്നിരട്ടിയിലേറെ കണക്കാക്കി ലക്ഷങ്ങള്‍ വഴിവിട്ട് അനുവദിച്ചത്. ഫെബ്രുവരി 11നും മാര്‍ച്ച് രണ്ടിനും രണ്ട് ദിവസങ്ങളായാണ് നേരിട്ട് പിആര്‍ഡി മുഖേന എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി മുഴുപേജ് കളര്‍ പരസ്യങ്ങള്‍ നല്‍കിയത്. സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുന്ന മറ്റ് മലയാളപത്രങ്ങള്‍ക്കും ഇംഗ്ലീഷ്പത്രങ്ങള്‍ക്കും ഉള്‍പ്പെടെ പിആര്‍ഡി നിരക്ക് കണക്കാക്കി പരസ്യം നല്‍കിയപ്പോഴാണ് മാതൃഭൂമിയോടും മനോരമയോടും ഉപകാരസ്മരണ കാട്ടിയത്.

പിആര്‍ഡിയുടെ ചരിത്രത്തില്‍ത്തന്നെ ഇതാദ്യമായാണ് പരസ്യത്തില്‍പ്പോലും അധികാരദുരുപയോഗം കാട്ടുന്നത്. മനോരമയുടെ പിആര്‍ഡി പരസ്യനിരക്ക് സംസ്ഥാനതലത്തില്‍ കോളം സെന്റീമീറ്ററിന് 1,425 രൂപയാണ്. ഇത് കളര്‍ ആകുമ്പോള്‍ 2,850 രൂപയാകും. ഒരു മുഴുപേജായ 400 സെന്റീമീറ്റര്‍ കോളത്തിന് ഇത് 11,40,000 രൂപയാകും. ഈ തുക നല്‍കുന്നതിനുപകരം മനോരമയുടെ വാണിജ്യനിരക്ക് കണക്കാക്കി അതിന്റെ മുപ്പത് ശതമാനം കുറച്ച് 37,69,920 രൂപ അനുവദിച്ചു. 26,29,920 രൂപ അധികം. യഥാര്‍ഥ നിരക്കിനേക്കാള്‍ മൂന്നിരട്ടിയിലും കൂടുതലാണിത്. ഇങ്ങിനെ രണ്ട് പരസ്യം നല്‍കി അരക്കോടിയിലേറെ രൂപയാണ് മനോരമയ്ക്ക് സര്‍ക്കാര്‍ "കോഴ" നല്‍കിയത്. ഇതേപോലെ മാതൃഭൂമിക്ക് രണ്ട് പരസ്യങ്ങളുടെ പേരില്‍ നല്‍കിയ കോഴ 35 ലക്ഷം രൂപയോളമാണ്. മാതൃഭൂമിയുടെ കോളം സെന്റീമീറ്റര്‍ പിആര്‍ഡി പരസ്യനിരക്ക് 1,035 രൂപയാണ്. കളറിന് 2,070 രൂപയും ഒരു മുഴുപേജ് കളറിന് 8,28,000 രൂപയുമാകും.

എന്നാല്‍, മനോരമയ്ക്കെന്നപോലെ വാണിജ്യനിരക്കിന്റെ 30 ശതമാനം കുറച്ച് കണക്കാക്കി 25,40,323 രൂപ നല്‍കി. 17,12,323 രൂപ കൂടുതല്‍. രണ്ട് പരസ്യത്തിനായി ഇത് 34,24,646 രൂപയായി. ഇതും പിആര്‍ഡി നിരക്കിനേക്കാള്‍ മൂന്നിരട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ രണ്ട് പരസ്യങ്ങളും നല്‍കിയത്. ഈ പത്രങ്ങളുടെ പരസ്യവിഭാഗവുമായി നടത്തിയ കൂടിയാലോചനയുടെ ഭാഗമായാണ് നിരക്ക് നിശ്ചയിച്ചതെന്ന് പിആര്‍ഡി സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ എസ് സുധീര്‍ വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അറിയിച്ചു. പിആര്‍ഡി നിരക്ക് പ്രകാരമല്ല ഈ പത്രങ്ങള്‍ക്ക് പരസ്യം നല്‍കിയതെന്ന് മറുപടിയില്‍ സമ്മതിച്ചു. പത്രങ്ങളുമായി നടത്തിയ കൂടിയാലോചനയിലൂടെ വാണിജ്യനിരക്കിന്റെ 30ശതമാനം കുറച്ചാണ് പരസ്യം നല്‍കിയത്. ഇത് ആരുടെ നിര്‍ദേശപ്രകാരമെന്നും എന്ത് മാനദണ്ഡമനുസരിച്ചാണെന്നും വ്യക്തമാക്കാന്‍ പറ്റില്ല. വിവരാവകാശത്തിന്റെ പരിധിയില്‍ വരാത്തതുകൊണ്ടാണിതെന്നും മറുപടിയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment