Thursday, April 1, 2010

എന്തിനീ കുതൂഹലം?

2009ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മത സ്ഥാപനങ്ങള്‍ (ഭേദഗതി) ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ചതോടെ യുഡിഎഫും മറ്റു ചില തല്‍പര സംഘങ്ങളും എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നു. എതിര്‍പ്പിനുവേണ്ടി എതിര്‍പ്പെന്നതിനപ്പുറം എന്തെങ്കിലും കാതലായ വിഷയം യുഡിഎഫിന്റെ എതിര്‍പ്പിന് ആധാരമായി കാണാന്‍ കഴിയുന്നില്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതാചാരങ്ങളില്‍ ദേവസ്വം ബില്ലിന്റെ പേരില്‍ കൈകടത്താന്‍ സര്‍ക്കാരിനെ യുഡിഎഫ് അനുവദിക്കുകയില്ലെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞതായി കാണുന്നു. ഇത് നിഴല്‍ യുദ്ധമാണ്. മതാചാരങ്ങളിലോ മതാനുഷ്ഠാനങ്ങളിലോ സര്‍ക്കാര്‍ ഇടപെടുന്നതിന് സഹായകമായ യാതൊരു വകുപ്പും ബില്ലിന്റെ ഉള്ളടക്കത്തില്‍ കണ്ടെത്താന്‍ കഴിയുന്നതല്ല. അങ്ങനെയൊരുദ്ദേശം എല്‍ഡിഎഫ് സര്‍ക്കാരിനില്ലെന്ന് പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.

ഏതെങ്കിലും മതവിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ സിപിഐ എമ്മോ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരോ നാളിതുവരെ ഇടപെട്ട അനുഭവം ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നതല്ല. 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ മലപ്പുറം നേര്‍ച്ചയോടെടുത്ത സമീപനം ഒരുദാഹരണമാണ്. മലപ്പുറം നേര്‍ച്ച ഏതാനും വര്‍ഷം നടത്താന്‍ കഴിയാതെവന്നിരുന്നു. ഇസ്ളാം മത നേതാക്കള്‍ മുഖ്യമന്ത്രി ഇ എം എസിനെ കണ്ട് പരാതി പറഞ്ഞു. മലപ്പുറം നേര്‍ച്ച നടത്താനുള്ള സംരക്ഷണം ആവശ്യപ്പെട്ടു. തനിക്ക് നേര്‍ച്ചയില്‍ വിശ്വാസമില്ലെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ മലപ്പുറം നേര്‍ച്ച യാതൊരു തടസ്സവും കൂടാതെ നടത്തുന്നതിന് പൊലീസ് സഹായമുള്‍പ്പെടെ എല്ലാ സഹായവും നല്‍കുമെന്നാണ് ഇ എം എസ് പറഞ്ഞത്. ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടുന്ന പ്രശ്നമേ ഉദിക്കുന്നില്ല.

തിരുവിതാംകൂര്‍-കൊച്ചി ദേവസ്വംബോര്‍ഡുകളില്‍ മൂന്നുവീതം അംഗങ്ങളാണുണ്ടായിരുന്നത്. ക്വാറം മൂന്നിലൊന്നാണെങ്കില്‍ ഒരാള്‍ മാത്രം ഹാജരായി യോഗംചേര്‍ന്ന് തീരുമാനമെടുക്കാന്‍ കഴിയും. അത് ജനാധിപത്യ രീതിയല്ല. വര്‍ധിച്ചുവരുന്ന ചുമതലകള്‍ നിര്‍വഹിക്കാന്‍ നിലവിലുള്ള അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന് സാമാന്യബോധമുള്ള ആരും സമ്മതിക്കും. മലബാറിലെ ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്നതിനായി മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കണമെന്ന് ഒ പി 214/92ന്റെ വിധിയില്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചതാണ്. ദേവസ്വംബില്‍ നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും അത് പാസാക്കാന്‍ യുഡിഎഫ് താല്‍പര്യം കാണിച്ചില്ല. നായനാര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അത് കാലഹരണപ്പെട്ടു. 2006ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നതിനുശേഷമാണ് മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത.് മലബാര്‍ ദേവസ്വംബോര്‍ഡില്‍ ഒമ്പതംഗങ്ങളാണുള്ളത്. ഹിന്ദുമതക്കാരനായ ഒരു ദാര്‍ശനികന്‍, ഹിന്ദുമതക്കാരനായ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവ്, ക്ഷേത്രോപദേശകസമിതിയിലെ ഒരംഗം, ഹിന്ദു ഭക്തിഗാനങ്ങള്‍ ചൊല്ലുന്ന ഒരു വനിത, പട്ടികജാതിയില്‍പെട്ട ഒരംഗം, പട്ടികവര്‍ഗത്തില്‍ പെട്ട ഒരംഗം, ഒരു വനിത, മറ്റുരണ്ടംഗങ്ങള്‍ എന്നിങ്ങനെ ഒമ്പതംഗങ്ങളടങ്ങുന്ന ബോര്‍ഡിന്റെ ഘടനയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല. ബില്ല് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. സബ്ജക്ട് കമ്മിറ്റിയിലെ യുമഡിഎഫ് അംഗങ്ങളായിരുന്ന ടി എന്‍ പ്രതാപനും തോമസ് ഉണ്ണിയാടനും വിയോജനകുറിപ്പ് രേഖപ്പെടുത്തി. 2008 നവംബര്‍ 25ന് എഴുതിയ വിയോജനകുറിപ്പില്‍ ബോര്‍ഡില്‍ അഞ്ച് അംഗങ്ങള്‍ വേണമെന്നാണ് നിര്‍ദ്ദേശിച്ചത്. മൂന്നംഗങ്ങള്‍ പോരെന്ന് യുഡിഎഫ് സമ്മതിച്ചു എന്നര്‍ഥം.

കൂടല്‍ മാണിക്യം ദേവസ്വം ആക്ട് - 1971ലെ ഏഴാമത് നിയമം 1971 ഏപ്രില്‍ 12ന് യുഡിഎഫ് മന്ത്രിസഭയിലെ എന്‍ കെ ബാലകൃഷ്ണനാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ പറയുന്നതിപ്രകാരമാണ്: "പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ക്ഷേത്രഭരണം മെച്ചപ്പെടുത്തുവാനും ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടത്തിന്റെകൂടി താല്‍പര്യമനുസരിച്ച് ക്ഷേത്രഭരണം കൈകാര്യംചെയ്യണമെന്ന ഉദ്ദേശത്തോടുകൂടിയും കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് (1971 ലെ 13) പ്രാബല്യം നല്‍കുന്നതിനുവേണ്ടി പാസാക്കിയ നിയമമാണിത്.

1971ലെ ഭേദഗതിനിയമപ്രകാരം ക്ഷേത്രഭരണത്തിനായി ഒരു മാനേജിങ് കമ്മിറ്റിയെ നിയോഗിച്ചു. ക്ഷേത്രാചാരങ്ങള്‍ മുറപ്രകാരം അനുഷ്ഠിക്കുവാനും വിശ്വാസികള്‍ക്ക് ആരാധന നടത്തുവാനും ആവശ്യമായ ക്രമീകരണമേര്‍പ്പെടുത്തുന്നത്, ക്ഷേത്ര ഫണ്ട് നീതിപൂര്‍വ്വം കൈകാര്യംചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തേണ്ടുന്ന ചുമതല പ്രസ്തുത കമ്മിറ്റിയില്‍ നിക്ഷിപ്തമാക്കി. എന്നാല്‍ ഗവണ്‍മെന്റിന്റെ അനുവാദത്തോടുകൂടി മാത്രമേ ക്ഷേത്രഭരണം നടത്തിക്കൊണ്ടുപോകുവാന്‍ സാധിക്കുകയുള്ളൂ എന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.''

2005 ജൂലൈ 7ന് മന്ത്രി കെ സി വേണുഗോപാല്‍ നിയമസഭയിലവതരിപ്പിച്ച ബില്‍ സബ്ജക്ട് കമ്മിറ്റിക്കയച്ചു. സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ജൂലൈ 11ന് സഭയില്‍ സമര്‍പ്പിച്ചു. 2005 ആഗസ്റ്റ് 1ന് ബില്‍ പരിഗണനയ്ക്കെടുത്ത് അന്നുതന്നെ പാസാക്കുകയും ചെയ്തു. ദേവസ്വം മാനേജിങ് കമ്മിറ്റിയില്‍ 7 അംഗങ്ങള്‍ ഉണ്ടായിരുന്നു. ക്ഷേത്ര തന്ത്രിമാരില്‍നിന്ന് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരാള്‍, മന്ത്രിസഭയിലെ ഹിന്ദുക്കള്‍ നാമനിര്‍ദ്ദേശംചെയ്യുന്ന ദേവസ്വം ജീവനക്കാരില്‍നിന്നുള്ള പ്രതിനിധി, ക്ഷേത്രത്തില്‍ താല്‍പര്യമുള്ള ആളുകളില്‍നിന്ന് മന്ത്രിസഭയിലെ ഹിന്ദുക്കള്‍ നാമനിര്‍ദ്ദേശംചെയ്യുന്ന അഞ്ചംഗങ്ങള്‍ (അവരില്‍ ഒരാള്‍ പട്ടികജാതി, അല്ലെങ്കില്‍ പട്ടികവര്‍ഗത്തില്‍പെട്ട ആളായിരിക്കേണ്ടതാണ്) എന്നിവര്‍ അംഗങ്ങളായിരിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. കോണ്‍ഗ്രസുകാരനായ മന്ത്രി വേണുഗോപാല്‍ അവതരിപ്പിച്ച കൂടല്‍ മാണിക്യം ക്ഷേത്രത്തിന് മാത്രമായി രൂപീകരിച്ച ഭരണസമിതിയിലും 7 അംഗങ്ങളാണ്. അതില്‍ ഒരാള്‍ പട്ടികജാതിയോ, പട്ടികവര്‍ഗമോ ആയിരിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തിയെന്ന വ്യത്യാസമേയുള്ളു. അതിനെയാണോ യുഡിഎഫ് എതിര്‍ക്കുന്നത്?

1978 മാര്‍ച്ച് 1ന് കോണ്‍ഗ്രസുകാരനായ മന്ത്രി കെ കെ ബാലകൃഷ്ണന്‍ ഗുരുവായൂര്‍ ക്ഷേത്രബില്ലിനുള്ള ഭേദഗതി കേരള നിയമസഭയില്‍ അവതരിപ്പിച്ചു. മാര്‍ച്ച് 2ന് ബില്‍ പരിഗണനയ്ക്കെടുക്കുകയും അന്നുതന്നെ പാസാക്കുകയും ചെയ്തു. ഭരണസമിതിയില്‍ സാമൂതിരിരാജാവ്, മല്ലിശ്ശേരി ഇല്ലത്തെ കാരണവര്‍, ക്ഷേത്രതന്ത്രി, മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാര്‍ തെരഞ്ഞെടുക്കുന്ന ദേവസ്വം ജീവനക്കാരുടെ പ്രതിനിധി എന്നിവരെ കൂടാതെ മറ്റ് അഞ്ചുപേര്‍ കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു പുതിയ ഭരണസമിതി. മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 5 പേരില്‍ ഒരാള്‍ പട്ടികജാതിയില്‍പ്പെട്ട ആളായിരിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതിയില്‍ 9 അംഗങ്ങളുണ്ടായിരിക്കണമെന്ന് കോണ്‍ഗ്രസ് മന്ത്രി അവതരിപ്പിച്ച ബില്ലിലാണ് വ്യക്തമാക്കിയത്. യുഡിഎഫ് മന്ത്രിമാര്‍ അവതരിപ്പിച്ച് പാസാക്കി നിയമമാക്കിയ ദേവസ്വം നിയമത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. നിയമനാധികാരം ഭരണസമിതിക്കാണ്. ഒമ്പതംഗങ്ങള്‍വരെയുണ്ട്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് പ്രാതിനിധ്യവും ഉണ്ട്. ഇതേ വകുപ്പുകള്‍ തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ബില്ലില്‍ ഉള്‍പ്പെടുത്തുമ്പോള്‍ കെപിസിസി പ്രസിഡണ്ട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് രാഷ്ട്രീയമായ അന്ധതകൊണ്ടല്ലാതെ മറ്റെന്താണ്?

പന്ത്രണ്ടാം കേരള നിയമസഭയില്‍ 242-ാം നമ്പര്‍ ബില്ലില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലും കൊച്ചി ദേവസ്വംബോര്‍ഡിലും 7 അംഗങ്ങള്‍ വീതമാണുള്ളത്. ജി സുധാകരന്‍ ദേവസ്വം വകുപ്പ് കൈകാര്യംചെയ്തകാലത്ത് തയ്യാറാക്കിയ ബില്ലാണ്. എല്‍ഡിഎഫ് കമ്മിറ്റിയും മന്ത്രിസഭയും അംഗീകരിച്ച് രാഷ്ട്രപതിയുടെ അനുമതിക്ക് സമര്‍പ്പിച്ചതാണ്; രാഷ്ട്രപതി ഒരു വര്‍ഷംമുമ്പ് അനുമതി നല്‍കിയതുമാണ്. കവനന്റിന്റെ പ്രശ്നമൊന്നും ഉദിക്കുന്നില്ല.ഏഴംഗബോര്‍ഡില്‍ പ്രസിദ്ധനായ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവ്, ക്ഷേത്ര ഉപദേശകസമിതിയിലെ ഒരംഗം, ഭക്തിഗാനങ്ങള്‍ ആലപിക്കുന്ന പ്രസിദ്ധയായ ഒരംഗം, ഒരു വനിത, മറ്റു രണ്ടംഗങ്ങള്‍ എന്നിങ്ങനെ ഏഴുപേരാണുണ്ടായിരിക്കുക. അംഗസംഖ്യയിലെ വര്‍ധനയും പുതിയതല്ല. കേരളം ഒന്നാണ്. കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് ബാധകമായ നിയമത്തിലും ഏകീകരണം വേണം. കേരളത്തിനായി ഏകീകൃത ദേവസ്വംബില്‍ വേണമെന്നാണ് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചതെന്നും ഓര്‍ക്കണം. ഏകീകൃത ദേവസ്വം ബില്‍ ഇപ്പോള്‍ പരിഗണനയിലില്ല. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 42-ാം ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പണിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. പ്രതിപക്ഷത്തിനും ഭരണകക്ഷികള്‍ക്കും ഭേദഗതി നിര്‍ദ്ദേശിക്കാന്‍ അവസരം നല്‍കുന്നതാണ് സബ്ജക്ട് കമ്മിറ്റി. ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന വാദം ബില്‍ അട്ടിമറിക്കാനാണ്. മലബാര്‍ ദേവസ്വം ബില്‍ സെലക്ട് കമ്മിറ്റിക്ക് യുഡിഎഫ് ഭരണത്തില്‍ വിട്ട അനുഭവം നമുക്കുണ്ട്. അന്നത്തെ ബില്‍ പിന്നീട് വെളിച്ചം കണ്ടില്ല. ബില്ലിനെപ്പറ്റിയോ ഹൈക്കോടതി വിധിയെപ്പറ്റിയോ നിയമസഭയില്‍ പരാമര്‍ശിക്കുന്നതിനുപോലും വിലക്ക് കല്‍പിച്ചു. അന്നത്തെ അനുഭവം ഇപ്പോഴത്തെ ദേവസ്വം ബില്ലിനുണ്ടായിക്കൂട. ബില്ല് പാസാക്കാന്‍ ഇപ്പോള്‍തന്നെ കാലതാമസം നേരിട്ടുകഴിഞ്ഞു. കുറച്ചുകാലമായി ഉദ്യോഗസ്ഥ ഭരണമാണ്. അത് തുടരാനനുവദിച്ചുകൂട. ബില്ല് പാസാക്കി നിയമമാക്കണം. ദേവസ്വംബോര്‍ഡ് ഉടന്‍തന്നെ നിലവില്‍വരണം.

വി വി ദക്ഷിണാമൂര്‍ത്തി chintha weekly 02042010

1 comment:

  1. 2009ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മത സ്ഥാപനങ്ങള്‍ (ഭേദഗതി) ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ചതോടെ യുഡിഎഫും മറ്റു ചില തല്‍പര സംഘങ്ങളും എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നു. എതിര്‍പ്പിനുവേണ്ടി എതിര്‍പ്പെന്നതിനപ്പുറം എന്തെങ്കിലും കാതലായ വിഷയം യുഡിഎഫിന്റെ എതിര്‍പ്പിന് ആധാരമായി കാണാന്‍ കഴിയുന്നില്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതാചാരങ്ങളില്‍ ദേവസ്വം ബില്ലിന്റെ പേരില്‍ കൈകടത്താന്‍ സര്‍ക്കാരിനെ യുഡിഎഫ് അനുവദിക്കുകയില്ലെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞതായി കാണുന്നു. ഇത് നിഴല്‍ യുദ്ധമാണ്. മതാചാരങ്ങളിലോ മതാനുഷ്ഠാനങ്ങളിലോ സര്‍ക്കാര്‍ ഇടപെടുന്നതിന് സഹായകമായ യാതൊരു വകുപ്പും ബില്ലിന്റെ ഉള്ളടക്കത്തില്‍ കണ്ടെത്താന്‍ കഴിയുന്നതല്ല. അങ്ങനെയൊരുദ്ദേശം എല്‍ഡിഎഫ് സര്‍ക്കാരിനില്ലെന്ന് പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.

    ReplyDelete