Wednesday, November 24, 2010

തൊഴില്‍ സമ്മേളനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശം

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ രൂക്ഷവിമര്‍ശം. ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ നയങ്ങള്‍ തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും ഹനിക്കുന്നതാണെന്ന് ട്രേഡ്‌യൂണിയനുകള്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ട്രേഡ്‌യൂണിയന്‍ ഐഎന്‍ടിയുസിയും സര്‍ക്കാരിനെതിരെ രംഗത്തെത്തി. സംയുക്ത ട്രേഡ്‌യൂണിയനുകള്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച അഞ്ചിന ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് എന്‍ സഞ്ജീവ റെഡ്ഡി ആവശ്യപ്പെട്ടു.

വിലക്കയറ്റം തടയുക, ഓഹരി വില്‍പ്പന നയം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്തംബര്‍ ഏഴിന് ട്രേഡ്‌യൂണിയനുകള്‍ സംയുക്തമായി പണിമുടക്ക് നടത്തിയിട്ടും അവരുന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സഞ്ജീവറെഡ്ഡി പറഞ്ഞു.

മനുഷ്യമുഖമുള്ള പരിഷ്കാരത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞ 20 വര്‍ഷമായി അതിനു വിരുദ്ധമായ കാര്യങ്ങളാണ് നടപ്പാക്കുന്നതെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. തൊഴിലാളികള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കുന്ന സമ്പദ്‌വര്‍ധനയില്‍ അവര്‍ക്കു ലഭിക്കുന്ന വിഹിതം വര്‍ഷംതോറും കുറഞ്ഞുവരികയാണ്. സാമ്പത്തിക പരിഷ്കാരം ആരംഭിച്ച 1991-92ല്‍ സമ്പദ്‌വര്‍ധനയുടെ 20.7 ശതമാനം തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ 2008-09 ആയപ്പോഴേക്കും ഒമ്പതു ശതമാനമായി കുറഞ്ഞു. അതേസമയം, തൊഴിലുടമകളുടെ ലാഭവിഹിതം 14.6 ശതമാനത്തില്‍നിന്ന് 53.8 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. തൊഴിലാളികളുടെ കൂലി കുറയുമ്പോള്‍ തൊഴിലുടമകളുടെ ലാഭവിഹിതം വര്‍ധിക്കുകയാണ്-തപന്‍സെന്‍ പറഞ്ഞു.

തൊഴില്‍നിയമങ്ങളില്‍ പലതും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തൊഴില്‍വളര്‍ച്ചയ്ക്ക് വിഘാതമായ ഇത്തരം നിയമങ്ങള്‍ മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടുദിവസത്തെ സമ്മേളനത്തില്‍ ട്രേഡ്യൂണിയന്‍ നേതാക്കളും തൊഴിലുടമകളും മന്ത്രിമാരും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ദേശാഭിമാനി 241110

1 comment:

  1. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ രൂക്ഷവിമര്‍ശം. ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ നയങ്ങള്‍ തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും ഹനിക്കുന്നതാണെന്ന് ട്രേഡ്‌യൂണിയനുകള്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ട്രേഡ്‌യൂണിയന്‍ ഐഎന്‍ടിയുസിയും സര്‍ക്കാരിനെതിരെ രംഗത്തെത്തി. സംയുക്ത ട്രേഡ്‌യൂണിയനുകള്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച അഞ്ചിന ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഐഎന്‍ടിയുസി പ്രസിഡന്റ് എന്‍ സഞ്ജീവ റെഡ്ഡി ആവശ്യപ്പെട്ടു.

    ReplyDelete