Monday, November 29, 2010

അടിമുടി ചട്ടലംഘനം തടസ്സമില്ലാതെ അഴിമതി

തലപ്പത്തുനിന്നുയര്‍ന്ന അഴിമതി തരംഗം ഭാഗം 4

ഒന്നാം ഭാഗം കോണ്‍ഗ്രസ് കടയില്‍ വില്പന തകൃതി

രണ്ടാം ഭാഗം അഴിമതിക്ക് പ്രധാനമന്ത്രിയുടെ കൈയൊപ്പ്

മൂന്നാം ഭാഗം വ്യവസ്ഥകള്‍ നോക്കുകുത്തിയായി, മന്മോഹന്‍ കണ്ണടച്ചു

രണ്ടാം തലമുറ സ്പെക്ട്രത്തിനും മൊബൈല്‍സേവന ലൈസന്‍സിനും അപേക്ഷിച്ച എസ്ടെല്‍ കമ്പനി 2007 നവംബര്‍ അഞ്ചിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സുപ്രധാനമായ ഒരു കത്തയച്ചു. പാന്‍ ഇന്ത്യ മൊബൈല്‍ ലൈസന്‍സ് ലഭിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ (2001 നിരക്ക്)}ആറായിരം കോടി രൂപ അധികമായി നല്‍കാമെന്ന് അറിയിച്ചായിരുന്നു കത്ത്.

മറുപടി കിട്ടാതെ വന്നപ്പോള്‍ 2007 ഡിസംബര്‍ 27ന് എസ്ടെല്‍ വീണ്ടുമൊരു കത്തയച്ചു. വാഗ്ദാനം 13,752 കോടി രൂപയായി ഉയര്‍ത്താന്‍ തയ്യാറാണെന്നായിരുന്നു ഈ കത്ത്. ഇതിലും മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചാല്‍ തുക കൂട്ടാന്‍ തയ്യാറാണെന്നും എസ്ടെല്‍ അറിയിച്ചിരുന്നു. ആരായാലും എസ്ടെല്ലിന്റെ കത്ത് ഗൌരവത്തോടെ പരിഗണിക്കും. എന്നാല്‍, മന്‍മോഹന്‍സിങ് കത്ത് ചവറ്റുകൊട്ടയിലിട്ടു. പാന്‍ ഇന്ത്യ ലൈസന്‍സിന് ശ്രമിച്ച എസ്ടെല്ലിന് ലഭിച്ചത് ആറു സര്‍ക്കിളിലെ ലൈസന്‍സ് മാത്രം.

എസ്ടെല്ലിന്റെ വാഗ്ദാനപ്രകാരംമാത്രം സ്പെക്ട്രം കച്ചവടത്തെ വിലയിരുത്തിയാല്‍ സര്‍ക്കാരിന് 53,523 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സിഎജിയുടെ വിലയിരുത്തല്‍. ഏതുഘട്ടത്തിലും തുക ഉയര്‍ത്താന്‍ തയ്യാറാണെന്ന എസ്ടെല്ലിന്റെ വാഗ്ദാനം കൂടി പരിഗണിക്കുമ്പോള്‍ നഷ്ടം പല ഇരട്ടിയാകും.

2007 മേയില്‍ എ രാജ ടെലികോം വകുപ്പ് ഏറ്റെടുത്തതോടെയാണ് സ്പെക്ട്രം കച്ചവടത്തിന്റെ തുടക്കം. ടെലികോം പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്ന മന്ത്രിസമിതിയുടെ പരിഗണനാ വിഷയങ്ങളില്‍നിന്ന് സ്പെക്ട്രം വിലനിര്‍ണയം പ്രധാനമന്ത്രി ബോധപൂര്‍വം എടുത്തുമാറ്റി. ഈ പഴുതിലാണ് സ്പെക്ട്രം കച്ചവടം ടെലികോം വകുപ്പ് തടസ്സമില്ലാതെ പൂര്‍ത്തീകരിച്ചത്. ഏതൊക്കെ ഘട്ടങ്ങളിലാണ് ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടതെന്ന് സിഎജി എണ്ണിയെണ്ണി പറയുന്നു.

ഒന്ന്: പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് മത്സരലേലത്തിലൂടെ വേണം സ്പെക്ട്രം അനുവദിക്കാനെന്ന് 2003 ഒക്ടോബറില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ട്രായ് നിര്‍ദേശിച്ചിരുന്നു. പൂര്‍ണതോതില്‍ ഉപയോഗിക്കുമെന്ന് ഉറപ്പുള്ള അര്‍ഹരായ കമ്പനികള്‍ക്കു വേണം നല്‍കാനെന്നും ട്രായ് അഭിപ്രായപ്പെട്ടു. രണ്ട് നിര്‍ദേശവും ലംഘിക്കപ്പെട്ടു.

രണ്ട്: സ്പെക്ട്രം വിലനിര്‍ണയം ധനമന്ത്രാലയവും ടെലികോം വകുപ്പും ചര്‍ച്ചചെയ്തു വേണം നിശ്ചയിക്കാനെന്ന് 2003 ഒക്ടോബര്‍ 31ന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പാലിച്ചില്ല.

മൂന്ന്: പുതിയ അപേക്ഷകരുടെ എണ്ണത്തില്‍ പരിധി പാടില്ലെന്ന ട്രായ് നിര്‍ദേശം അവഗണിച്ചു. 2007 ഒക്ടോബര്‍ 25 വരെയുള്ള അപേക്ഷകള്‍മാത്രമേ സ്വീകരിക്കൂ എന്നുകാട്ടി സെപ്തംബര്‍ 24 ന് ടെലികോം വകുപ്പ് വാര്‍ത്താക്കുറിപ്പിറക്കി. പിന്നീട് ഈ തീയതിയും തിരുത്തി. സെപ്തംബര്‍ 25 വരെയുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ എന്നായിരുന്നു നവംബര്‍ പത്തിനിറക്കിയ പുതിയ കുറിപ്പ്. ഇതോടെ അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ നിരവധി കമ്പനികള്‍ പുറത്തായി.

നാല്: പൂര്‍ണ ടെലികോം കമീഷന്റെ അംഗീകാരം വാങ്ങിയില്ല. സ്പെക്ട്രം വിതരണം ഏറെ സങ്കീര്‍ണമായ വിഷയമായതിനാല്‍ മന്ത്രിസമിതിയുടെ പരിഗണനയ്ക്ക് വിടണമെന്ന നിയമമന്ത്രാലയത്തിന്റെ ഉപദേശവും അവഗണിച്ചു. ലേലം നടത്തണമെന്ന ധനമന്ത്രാലയത്തിന്റെ ശുപാര്‍ശയും പരിഗണിക്കപ്പെട്ടില്ല.

അഞ്ച്: താല്‍പ്പര്യക്കത്ത് നല്‍കലും പ്രവേശന ഫീസ് വാങ്ങലുമെല്ലാം 2008 ജനുവരി പത്തിന് ഒരൊറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കി. അപേക്ഷ സ്വീകരിച്ചശേഷം താല്‍പ്പര്യക്കത്ത് 15 ദിവസങ്ങള്‍ക്കകം തപാലില്‍ അയക്കുമെന്ന വ്യവസ്ഥ ലംഘിച്ചു. താല്‍പ്പര്യക്കത്തിലെ ഉപാധികള്‍ ഏതെങ്കിലും രണ്ട് കമ്പനി ഒരേ ദിവസം പാലിച്ചാല്‍ ആദ്യം അപേക്ഷ സമര്‍പ്പിച്ച കമ്പനിക്കായിരിക്കും മുന്‍ഗണനയെന്ന വ്യവസ്ഥ തിരുത്തി. ഉപാധികള്‍ ആദ്യം പാലിക്കുന്നവര്‍ക്കായിരിക്കും മുന്‍ഗണനയെന്നായിരുന്നു തിരുത്തല്‍. താല്‍പ്പര്യക്കത്ത് പുറപ്പെടുവിക്കുന്ന ദിവസം മുന്‍കൂട്ടി അറിഞ്ഞ 'വേണ്ടപ്പെട്ട' കമ്പനികള്‍മാത്രം ഇതുവഴി മത്സരത്തില്‍ മുന്നിലായി.

ആറ്: ആകെ വിതരണംചെയ്ത 122 ലൈസന്‍സുകളില്‍ 85 എണ്ണവും നല്‍കിയത് യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക്. ഇത്തരത്തില്‍ അനര്‍ഹരായ 13 കമ്പനിക്ക് ലൈസന്‍സ് ലഭിച്ചു.

ഏഴ്: യൂണിടെക് ഗ്രൂപ്പിന്റെ ആറ് കമ്പനിയടക്കം അപേക്ഷ നല്‍കിയ ഒമ്പത് റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ അപേക്ഷയില്‍ വസ്തുതകള്‍ മറച്ചുവച്ചു. യൂണിടെക് കമ്പനികള്‍ക്കു പുറമെ അസേര്‍, അലയന്‍സ് തുടങ്ങിയ കമ്പനികളാണ് തട്ടിപ്പ് കാട്ടിയത്. ഷിപ്പിങ്സ്റ്റോപ്പ് ഡോട്ട്കോം എന്ന സോഫ്റ്റ്വെയര്‍ കമ്പനിയും അപേക്ഷയില്‍ വസ്തുതകള്‍ മറച്ചുവച്ചു.

എട്ട്: ലൈസന്‍സ് കിട്ടിയ 13 കമ്പനിക്ക് ആവശ്യമായ മൂലധനമുണ്ടായിരുന്നില്ല. ഇതില്‍ എട്ടെണ്ണം യൂണിടെക് ഗ്രൂപ്പിന്റേതാണ്. റിലയന്‍സിന് പത്തുശതമാനത്തിലേറെ ഓഹരിയുള്ള കമ്പനിയാണെന്ന വസ്തുത സ്വാന്‍ ടെലികോം മറച്ചുവച്ചു. നിയമപ്രകാരം നിലവില്‍ ഏതെങ്കിലും സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് അതേ സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയില്‍ പത്തുശതമാനത്തിലേറെ ഓഹരി പാടില്ല. 13 സര്‍ക്കിളിലാണ് സ്വാന്‍ ടെലികോം ലൈസന്‍സിന് അപേക്ഷിച്ചത്. ഈ സര്‍ക്കിളുകളിലെല്ലാം റിലയന്‍സുമുണ്ട്.

ഇടപാടിന്റെ ഏതു ഘട്ടമെടുത്ത് പരിശോധിച്ചാലും ക്രമക്കേട് വ്യക്തമാണ്. എന്നാല്‍, കേന്ദ്രഭരണത്തെ നയിക്കുന്ന പ്രധാനമന്ത്രി മാത്രം ക്രമക്കേടുകള്‍ അറിഞ്ഞില്ല. അതല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു. കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ സമ്മര്‍ദമാണ് ഗുരുതരമായ ഈ വീഴ്ചയ്ക്ക് കാരണമെന്ന് വാദിക്കുന്നവരുണ്ട്. വസ്തുതകള്‍ ആഴത്തില്‍ പരിശോധിച്ചാല്‍ അതിനുമപ്പുറമുള്ള കാരണങ്ങള്‍ തെളിയും.
(എം പ്രശാന്ത്)

ദേശാഭിമാനി 291110

1 comment:

  1. ഇടപാടിന്റെ ഏതു ഘട്ടമെടുത്ത് പരിശോധിച്ചാലും ക്രമക്കേട് വ്യക്തമാണ്. എന്നാല്‍, കേന്ദ്രഭരണത്തെ നയിക്കുന്ന പ്രധാനമന്ത്രി മാത്രം ക്രമക്കേടുകള്‍ അറിഞ്ഞില്ല. അതല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു. കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ സമ്മര്‍ദമാണ് ഗുരുതരമായ ഈ വീഴ്ചയ്ക്ക് കാരണമെന്ന് വാദിക്കുന്നവരുണ്ട്. വസ്തുതകള്‍ ആഴത്തില്‍ പരിശോധിച്ചാല്‍ അതിനുമപ്പുറമുള്ള കാരണങ്ങള്‍ തെളിയും.

    ReplyDelete