Sunday, November 28, 2010

ജനാധിപത്യം: യൂത്ത് കോണ്‍ഗ്രസ് സ്റ്റൈല്‍

യൂത്ത്കോണ്‍. തെരഞ്ഞെടുപ്പ്: റിട്ടേണിങ് ഓഫീസറെ ഐ ഗ്രൂപ്പുകാര്‍ ബന്ദിയാക്കി മര്‍ദിച്ചു
പുനലൂര്‍: യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഭാരവാഹികളുടെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന് മേല്‍നോട്ടം വഹിക്കാനെത്തിയ റിട്ടേണിങ്ഓഫീസറെ വിശാല ഐ ഗ്രൂപ്പുകാര്‍ സംഘംചേര്‍ന്ന് മര്‍ദിച്ച് ബന്ദിയാക്കി. മര്‍ദനത്തില്‍ കൈക്ക് പരിക്കേറ്റ ആന്ധ്രസ്വദേശിയായ റിട്ടേണിങ്ഓഫീസര്‍ ഹനുമാന്‍സിങ്ങിനെ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തിന് നേതൃത്വം നല്‍കിയ നേതാവിനെതിരെ ഹനുമാന്‍സിങ് സംസ്ഥാന റിട്ടേണിങ് ഓഫീസര്‍ക്കും രാഹുല്‍ഗാന്ധിക്കും കെപിസിസി അച്ചടക്കസമിതിക്കും പരാതി നല്‍കി. റിട്ടേണിങ്ഓഫീസറെ ബന്ദിയാക്കി നിര്‍ബന്ധപൂര്‍വം നല്‍കിയ നാമനിര്‍ദേശപത്രിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രൂപ്പ്നേതാക്കള്‍ പരാതിയുമായി രംഗത്തെത്തി.

ചടയമംഗലം മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലെയും ബൂത്ത്, മണ്ഡലം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിനമായ വെള്ളിയാഴ്ചയാണ് സംഭവം. ചടയമംഗലം റബ്ബര്‍മാര്‍ക്കറ്റിങ് സൊസൈറ്റിയായിരുന്നു പത്രിക സമര്‍പ്പിക്കേണ്ട കേന്ദ്രം. പത്രിക സമര്‍പ്പിക്കേണ്ട സമയം രാത്രി ഏഴു വരെയായിരുന്നു. സമയപരിധി കഴിഞ്ഞതോടെ പത്രിക സമര്‍പ്പണ നടപടി പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ ഹനുമാന്‍സിങ്ങിനെ മുന്‍ കെപിസിസി അംഗവും വിശാല ഐഗ്രൂപ്പ് നേതാവുമായ എം എം നസീറിന്റെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇനിയും പത്രിക നല്‍കാനുണ്ടെന്നും അതുകൂടി സ്വീകരിച്ചശേഷം പോയാല്‍ മതിയെന്നും എം എം നസീര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സമയപരിധി കഴിഞ്ഞതിനാല്‍ പത്രിക സ്വീകരിക്കാന്‍ പറ്റില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണിക്കും ഹനുമാന്‍സിങ് വഴങ്ങിയില്ല. പ്രവര്‍ത്തകര്‍ റബ്ബര്‍മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ വാതില്‍ പൂട്ടി. തുടര്‍ന്ന് എം എം നസീറിന്റെ നേതൃത്വത്തില്‍ ഹനുമാന്‍സിങ്ങിന്റെ ഹാന്‍ഡ്ബാഗുകള്‍ തട്ടിയെടുത്തു. ഹാന്‍ഡ്ബാഗുകളില്‍ സൂക്ഷിച്ചിരുന്ന നാമനിര്‍ദേശപത്രികകള്‍ വാരിയെറിഞ്ഞു.

അക്രമത്തെതുടര്‍ന്ന് ഹനുമാന്‍സിങ് ലോക്സഭാ റിട്ടേണിങ്ഓഫീസര്‍ ജഗദീശനെ ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ പിടിച്ചുവാങ്ങിയ നസീറിനോട് അച്ചടക്ക നടപടിയുണ്ടാകുമെന്ന് ജഗദീശ് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. ഇതിനിടെ ചിലര്‍ ഹനുമാന്‍സിങ്ങിന്റെ കൈ പിറകിലേക്ക് പിടിച്ചുതിരിച്ച് നിലത്ത് തള്ളിയിട്ട് മര്‍ദിച്ചു. വീണ്ടും മര്‍ദനമേല്‍ക്കുമെന്ന് ഭയന്ന ഹനുമാന്‍സിങ് ഗത്യന്തരമില്ലാതെ പത്രിക കൈപ്പറ്റാന്‍ നിര്‍ബന്ധിതനായി. സംഭവമറിഞ്ഞ് എ ഗ്രൂപ്പ്നേതാക്കള്‍ സ്ഥലത്തെത്തി. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം തമ്മില്‍തല്ലിന്റെ വക്കോളമെത്തി.

ദേശാഭിമാനി 281110

1 comment:

  1. യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഭാരവാഹികളുടെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന് മേല്‍നോട്ടം വഹിക്കാനെത്തിയ റിട്ടേണിങ്ഓഫീസറെ വിശാല ഐ ഗ്രൂപ്പുകാര്‍ സംഘംചേര്‍ന്ന് മര്‍ദിച്ച് ബന്ദിയാക്കി. മര്‍ദനത്തില്‍ കൈക്ക് പരിക്കേറ്റ ആന്ധ്രസ്വദേശിയായ റിട്ടേണിങ്ഓഫീസര്‍ ഹനുമാന്‍സിങ്ങിനെ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തിന് നേതൃത്വം നല്‍കിയ നേതാവിനെതിരെ ഹനുമാന്‍സിങ് സംസ്ഥാന റിട്ടേണിങ് ഓഫീസര്‍ക്കും രാഹുല്‍ഗാന്ധിക്കും കെപിസിസി അച്ചടക്കസമിതിക്കും പരാതി നല്‍കി. റിട്ടേണിങ്ഓഫീസറെ ബന്ദിയാക്കി നിര്‍ബന്ധപൂര്‍വം നല്‍കിയ നാമനിര്‍ദേശപത്രിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രൂപ്പ്നേതാക്കള്‍ പരാതിയുമായി രംഗത്തെത്തി.

    ReplyDelete