Monday, November 22, 2010

അഴിമതി പ്രധാനമന്ത്രിയുടെ അറിവോടെ

അഴിമതി പ്രധാനമന്ത്രിയുടെ അറിവോടെ: യെച്ചൂരി

രണ്ടാംതലമുറ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതിലെ അഴിമതി പൂര്‍ണമായും പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനധികൃതമായി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്. സ്പെക്ട്രം കേസില്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്പെക്ട്രം വില്‍പ്പന നടന്നത് പ്രധാനമന്ത്രിയുടെ അറിവോടെയെന്ന് വ്യക്തമാകുന്നത്. ലൈസന്‍സ് നല്‍കുന്ന 'നിലവിലുള്ള നയത്തില്‍ പ്രധാനമന്ത്രിയുമായി ഒരഭിപ്രായവ്യത്യാസവുമില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസിനെ എല്ലാതീരുമാനങ്ങളും അറിയിച്ചുവെന്നും' സത്യവാങ്മൂലത്തിലെ 45-ാം പേജിലെ 94-ാം ഖണ്ഡിക പറയുന്നു. ടെലികോം മന്ത്രി എ രാജ ലൈസന്‍സ് നല്‍കുന്നതിന് തൊട്ടുമുമ്പ് 2007 ഡിസംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് എഴുതിയ കത്തില്‍ കാലതാമസംകൂടാതെ തീരുമാനം നടപ്പാകുമെന്നും അറിയിച്ചു. എന്നിട്ടും പ്രധാനമന്ത്രി ഒരു നടപടിയും കൈക്കൊണ്ടില്ല.

രാജയ്ക്ക് അഴിമതി നടത്താന്‍ പ്രധാനമന്ത്രി തന്നെ മൌനസമ്മതം നല്‍കുകയായിരുന്നെന്ന് ടെലികോം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ സീതറാം മീണ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 2007 നവംബര്‍ രണ്ടിനും പ്രധാനമന്ത്രി മന്ത്രി എ രാജയ്ക്ക് കത്തെഴുതിയിരുന്നു. അതിന് അന്നു തന്നെ എ രാജ മറുപടിയും നല്‍കി. തുടക്കംമുതല്‍ ഒടുക്കംവരെ പ്രധാനമന്ത്രിക്ക് എല്ലാകാര്യങ്ങളും അറിയാമായിരുന്നെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നതായി എ കെ ജി ഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞു. ഈ സത്യവാങ്മൂലം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യത്തെ ബലപ്പെടുത്തുകയാണ്. കുറ്റവാളികളെ കണ്ടെത്താനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ജെപിസി അന്വേഷണം ആവശ്യമാണ്. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ നിയമനിര്‍മാണങ്ങള്‍ ഉണ്ടാവുക. പ്രധാനമന്ത്രിയുടെ ആത്മാര്‍ഥതയെയല്ല ചോദ്യംചെയ്യുന്നത്. അപ്രമാദിത്വത്തെയാണ്. രണ്ടിനെയും കൂട്ടിക്കുഴയ്ക്കുന്നതില്‍ അര്‍ഥമില്ല-യെച്ചൂരി പറഞ്ഞു.

സിബിഐ അന്വേഷണം കേന്ദ്രം വിലക്കി

കോര്‍പറേറ്റ് ലോബിയും പ്രമുഖ മാധ്യമപ്രവര്‍ത്തകരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ കേന്ദ്രസര്‍ക്കാരിലെയും കോണ്‍ഗ്രസിലെയും പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്ന വാദം ശക്തമാകുന്നു. സ്പെക്ട്രം അഴിമതിക്കേസിന് സഹായകമാകുന്ന സൂചനകള്‍ കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയയുടെ വിവാദ ഫോണ്‍ സംഭാഷണങ്ങളില്‍ ഉണ്ടായിട്ടും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം തയ്യാറായില്ല. അന്വേഷണത്തില്‍നിന്നു സിബിഐയെ വിലക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയാണ് ഈ വാദത്തിനു ബലമേകുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാങ്വി, എന്‍ഡിടിവി ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ക്കദത്ത് എന്നിവരുമായി കോര്‍പറേറ്റ് ലോബിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്ന നിര റാഡിയ നടത്തിയ ടെലിഫോ സംഭാഷണമാണ് മാധ്യമ-കോര്‍പറേറ്റ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നത്. ഇപ്പോള്‍ പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പ് ഒരു വര്‍ഷം മുമ്പുതന്നെ ആദായനികുതി ഡയറക്ടറേറ്റ് സിബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണ ഈ കൂട്ടുകെട്ടിന് ഉണ്ടായതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണമുണ്ടായില്ല.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും സ്വാധീനിക്കാനുള്ള വഴികള്‍ പോലും ഇവരുടെ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്നുണ്ട്. 2008-2009ലാണ് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് നല്‍കിയ സൂചന പ്രകാരം ആദായനികുതി വകുപ്പ് നിര റാഡിയയുടെ ഫോ ചോര്‍ത്തിയത്. രത്തന്‍ ടാറ്റയുടെയും മുകേഷ് അംബാനിയുടെയും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന നിരയുടെ പല ഇടപാടിലും കണക്കില്‍പ്പെടാത്ത സമ്പാദ്യങ്ങളിലും സംശയമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. അന്നത്തെ ടെലികോം മന്ത്രി എ രാജ, നിര റാഡിയ, കരുണാനിധിയുടെ മകളും രാജ്യസഭാ അംഗവുമായ കനിമൊഴി എന്നിവരടക്കമുള്ള പ്രമുഖരുടെ സംഭാഷണങ്ങള്‍ സിബിഐക്ക് കൈമാറുന്നത് 2009ലാണ്. 2 ജി സ്പെക്ട്രം ഇടപാട് അന്വേഷണം ഏറ്റെടുത്ത സിബിഐക്ക് സഹായകമായ വിവരങ്ങള്‍ നിരയുടെ ഫോണ്‍ സംഭാഷണങ്ങളില്‍ ഉണ്ടെന്നു ബോധ്യമായതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ഇതുവരെ റാഡിയയെ ചോദ്യംചെയ്യാന്‍ പോലും സിബിഐ തയ്യാറായിട്ടില്ല. ടേപ്പ് രഹസ്യമാക്കി വച്ചതല്ലാതെ കോടതിയില്‍ ഹാജരാക്കിയില്ല. സ്പെക്ട്രം കേസന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രമം ചോദ്യംചെയ്ത് ഒരു സന്നദ്ധ സംഘടന സുപ്രീം കോടതിയില്‍ നല്‍കിയ കേസിനെ തുടര്‍ന്നാണ് റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നത്. കേസില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തന്റെ വാദമുഖങ്ങള്‍ സമര്‍ഥിക്കാനായാണ് കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ വിവാദ ടേപ്പുകള്‍ സമര്‍പ്പിച്ചത്. ഒരുവര്‍ഷം മുമ്പ് ഈ തെളിവ് കൈയില്‍കിട്ടിയിട്ടും സിബിഐ മിണ്ടാതിരുന്നത് സംശയകരമാണെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 221110

2 comments:

  1. രണ്ടാംതലമുറ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതിലെ അഴിമതി പൂര്‍ണമായും പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനധികൃതമായി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്. സ്പെക്ട്രം കേസില്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്പെക്ട്രം വില്‍പ്പന നടന്നത് പ്രധാനമന്ത്രിയുടെ അറിവോടെയെന്ന് വ്യക്തമാകുന്നത്. ലൈസന്‍സ് നല്‍കുന്ന 'നിലവിലുള്ള നയത്തില്‍ പ്രധാനമന്ത്രിയുമായി ഒരഭിപ്രായവ്യത്യാസവുമില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസിനെ എല്ലാതീരുമാനങ്ങളും അറിയിച്ചുവെന്നും' സത്യവാങ്മൂലത്തിലെ 45-ാം പേജിലെ 94-ാം ഖണ്ഡിക പറയുന്നു. ടെലികോം മന്ത്രി എ രാജ ലൈസന്‍സ് നല്‍കുന്നതിന് തൊട്ടുമുമ്പ് 2007 ഡിസംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് എഴുതിയ കത്തില്‍ കാലതാമസംകൂടാതെ തീരുമാനം നടപ്പാകുമെന്നും അറിയിച്ചു. എന്നിട്ടും പ്രധാനമന്ത്രി ഒരു നടപടിയും കൈക്കൊണ്ടില്ല.

    ReplyDelete
  2. സ്പെക്ട്രം അഴിമതി കേസില്‍ പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് സുപ്രീംകോടതി. കോടതി പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും കോടതി വിമര്‍ശിച്ചു. മാര്‍ച്ച് മാസത്തോടെ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് CBI കോടതിയില്‍ അറിയിച്ചു. (people channel news)

    ReplyDelete