Sunday, November 28, 2010

അഴിമതിക്ക് പ്രധാനമന്ത്രിയുടെ കൈയൊപ്പ്

തലപ്പത്തുനിന്നുയര്‍ന്ന അഴിമതി തരംഗം ഭാഗം 2

ഒന്നാം ഭാഗം കോണ്‍ഗ്രസ് കടയില്‍ വില്പന തകൃതി

സ്പെക്ട്രം അഴിമതിയുടെ നാള്‍വഴിയില്‍ ഏറ്റവും നിര്‍ണായക ദിനമാണ് 2008 ജനുവരി മൂന്ന്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കൈയൊപ്പ് ചാര്‍ത്തിയ ദിവസം. സഞ്ചാര്‍ഭവനിലെ ടെലികോംമന്ത്രിയുടെ കാര്യാലയത്തിലേക്ക് ജനുവരി മൂന്നിന് പ്രധാനമന്ത്രികാര്യാലയത്തില്‍നിന്ന് എത്തിയ കത്തില്‍ ഒരൊറ്റവാചകംമാത്രം- 'പ്രിയ ശ്രീ രാജ, ടെലികോംരംഗത്തെ പുതിയ സംഭവവികാസങ്ങള്‍ അറിയിച്ച് 2007 ഡിസംബര്‍ 26ന് താങ്കളയച്ച കത്ത് സ്വീകരിച്ചിരിക്കുന്നു. വിശ്വസ്തതയോടെ മന്‍മോഹന്‍ സിങ്'.

പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയായി. ടെലികോം സേവനം ആരംഭിക്കാന്‍ ആവശ്യമായ ഏകീകൃത ലഭ്യതാസേവന (യുഎഎല്‍) ലൈസന്‍സിനും സ്പെക്ട്രത്തിനുമായി അപേക്ഷ സമര്‍പ്പിച്ചവരില്‍ 'അര്‍ഹരായവര്‍ക്ക്' ജനുവരി പത്തിന് ടെലികോംമന്ത്രാലയം താല്‍പ്പര്യകത്ത് നല്‍കി. മന്ത്രാലയത്തിനു ലഭിച്ച 232 അപേക്ഷയില്‍ 121 പേര്‍ക്കാണ് കത്തു നല്‍കിയത്. ഇതില്‍ 78 അപേക്ഷകര്‍ അന്നുതന്നെ പ്രവേശനഫീസ് അടക്കം അടച്ചു. ശേഷിച്ച 43 അപേക്ഷകര്‍ തൊട്ടടുത്ത ദിവസവും. എല്ലാവര്‍ക്കും ജനുവരി 25ന് തന്നെ യുഎഎല്‍ ലൈസന്‍സ് നല്‍കി. 1.76 ലക്ഷം കോടിയുടെ അഴിമതിക്ക് പ്രധാനമന്ത്രിയുടെ ആശീര്‍വാദത്തോടെ ശുഭകരമായ പരിസമാപ്തി.

2ജി സ്പെക്ട്രം വിതരണം ലേലത്തിലൂടെ വേണമെന്നും ടെലികോം സേവനമേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന പുതിയ കമ്പനികളില്‍നിന്ന് ഈടാക്കേണ്ട പ്രവേശനഫീസില്‍ കാലനുസൃത മാറ്റം വേണമെന്നും 2007 നവംബര്‍ രണ്ടിന് രാജയ്ക്ക് അയച്ച കത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍കൂടി പ്രധാനമന്ത്രി ശ്രദ്ധിച്ചിരുന്നെങ്കില്‍ രാജ്യത്തിനുണ്ടായ വന്‍ നഷ്ടം ഒഴിവാക്കാമായിരുന്നു.

2007 നവംബര്‍ രണ്ടിനും 2008 ജനുവരി മൂന്നിനുമിടയിലുള്ള 60 ദിവസം പ്രധാനമന്ത്രിയുടെ നിലപാട് മാറാന്‍ തക്കവിധം ഭരണനേതൃത്വത്തില്‍ സംഭവിച്ച ഇടപെടലുകളാണ് യഥാര്‍ഥത്തില്‍ പുറത്തുവരേണ്ടത്. ഇടപാടുകള്‍ പൂര്‍ത്തിയായശേഷം രാജയെ സംരക്ഷിക്കാനും അഴിമതി മൂടിവയ്ക്കാനും പ്രധാനമന്ത്രി പ്രകടിപ്പിച്ച താല്‍പ്പര്യവും ശ്രദ്ധിക്കപ്പെടേണ്ടതുതന്നെ.

മാധ്യമങ്ങളില്‍ അഴിമതിവാര്‍ത്തകള്‍ വന്നപ്പോള്‍ രാജ പരിചയാക്കിയതും പ്രധാനമന്ത്രിയെത്തന്നെ. ഓരോ ഘട്ടത്തിലും പ്രധാനമന്ത്രിയെ അറിയിച്ചാണ് ഇടപാട് പൂര്‍ത്തിയാക്കിയതെന്നായിരുന്നു രാജയുടെ വിശദീകരണം. ഇത് വാസ്തവവുമാണ്. 2007 നവംബര്‍ രണ്ടിനും ഡിസംബര്‍ 26നുമിടയില്‍ സ്പെക്ട്രം ഇടപാടുകളിലെ പുരോഗതി അറിയിച്ച് നാലു കത്ത് രാജ പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്.

തുടക്കത്തില്‍ പ്രധാനമന്ത്രി സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നവംബര്‍ രണ്ടിനായിരുന്നു ആദ്യ കത്ത്. പുതിയ അപേക്ഷകര്‍ക്ക് ലേലത്തിലൂടെ സ്പെക്ട്രം അനുവദിക്കുന്നത് പക്ഷപാതപരവും അന്യായവുമാകുമെന്നായിരുന്നു കത്തില്‍ രാജയുടെ വിശദീകരണം. പുതിയ കമ്പനികള്‍ വന്നാല്‍ മത്സരം വര്‍ധിക്കും. സേവനം മെച്ചപ്പെടുകയും കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ടെലികോം സേവനം ലഭിക്കുകയുംചെയ്യും- രാജ ന്യായങ്ങള്‍ നിരത്തി. അന്നുതന്നെ പ്രധാനമന്ത്രിക്കയച്ച മറ്റൊരു കത്തില്‍ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യ പരിഗണന എന്ന കണക്കില്‍ സ്പെക്ട്രം വിതരണവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് വിശദീകരിക്കുന്നു. ഡിസംബര്‍ 26ന് അയച്ച അവസാന കത്തില്‍ സ്പെക്ട്രം വിഷയത്തില്‍ പ്രധാനമന്ത്രിയുമായി നടത്തിയ വ്യക്തിപരമായ ചര്‍ച്ചകള്‍ രാജ ഓര്‍മിപ്പിക്കുന്നുണ്ട്. മന്ത്രിസഭയിലെ രണ്ടാമനായ പ്രണബ് മുഖര്‍ജിക്കും എല്ലാ വിവരവും അറിയാമെന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു. ഇതിന്റെയെല്ലാംഅടിസ്ഥാനത്തില്‍ വില്‍പ്പനയുമായി മുന്നോട്ടുപോവുകയാണെന്ന അറിയിപ്പോടെയാണ് കത്തു അവസാനിക്കുന്നത്.

വില്‍പ്പനപ്രക്രിയ പൂര്‍ത്തിയായപ്പോള്‍ത്തന്നെ ഇടപാടുകളില്‍ സംശയം പ്രകടിപ്പിച്ച് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 2008 ഫെബ്രുവരി 29നാണ് അന്വേഷണം ആവശ്യപ്പെട്ട് യെച്ചൂരി കത്തയച്ചത്. തുടര്‍ന്ന് രണ്ടു കത്തുകൂടി യെച്ചൂരി അയച്ചു. സ്പെക്ട്രം കേസില്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് തുടര്‍ച്ചയായി കത്തുകള്‍ അയക്കുന്നതും ഈ ഘട്ടത്തില്‍തന്നെയാണ്. എന്നാല്‍, നടപടിയുണ്ടായില്ല. വീണ്ടും അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ടെലികോം രാജയെതന്നെ ഏല്‍പ്പിച്ചു.

കിട്ടിയ അവസരങ്ങളിലെല്ലാം സ്പെക്ട്രം ഇടപാടിനെ ന്യായീകരിക്കാനും പ്രധാനമന്ത്രി മടിച്ചിട്ടില്ല. 2010 മെയ് 24ന് ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടത്തിയ ദേശീയ വാര്‍ത്താസമ്മേളനത്തില്‍പ്പോലും സ്പെക്ട്രം ഇടപാടില്‍ സംശയിക്കാനൊന്നുമില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

എം പ്രശാന്ത് ദേശാഭിമാനി 271110

മൂന്നാം ഭാഗം വ്യവസ്ഥകള്‍ നോക്കുകുത്തിയായി മന്മോഹന്‍ കണ്ണടച്ചു
നാലാം ഭാഗം അടിമുടി ചട്ടലംഘനം തടസ്സമില്ലാതെ അഴിമതി  

1 comment:

  1. വില്‍പ്പനപ്രക്രിയ പൂര്‍ത്തിയായപ്പോള്‍ത്തന്നെ ഇടപാടുകളില്‍ സംശയം പ്രകടിപ്പിച്ച് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 2008 ഫെബ്രുവരി 29നാണ് അന്വേഷണം ആവശ്യപ്പെട്ട് യെച്ചൂരി കത്തയച്ചത്. തുടര്‍ന്ന് രണ്ടു കത്തുകൂടി യെച്ചൂരി അയച്ചു. സ്പെക്ട്രം കേസില്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് തുടര്‍ച്ചയായി കത്തുകള്‍ അയക്കുന്നതും ഈ ഘട്ടത്തില്‍തന്നെയാണ്. എന്നാല്‍, നടപടിയുണ്ടായില്ല. വീണ്ടും അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ടെലികോം രാജയെതന്നെ ഏല്‍പ്പിച്ചു.

    ReplyDelete