Tuesday, November 23, 2010

മ്യാന്‍മറില്‍ ഭരണകൂട അനുകൂലികള്‍ക്ക് മൃഗീയ ഭൂരിപക്ഷം

യാംഗോണ്‍: മ്യാന്‍മറില്‍ 20 വര്‍ഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാളഭരണകൂടത്തെ അനുകൂലിക്കുന്ന പാര്‍ട്ടികള്‍ വന്‍വിജയം നേടി. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ അരങ്ങേറിയെന്ന അന്താരാഷ്ട്രസമൂഹത്തിന്റെ വിലയിരുത്തലുകള്‍ തളളിക്കൊണ്ടാണ് പട്ടാള ഭരണകൂടം തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടത്. പട്ടാള ഭരണത്തെ അനുകൂലിക്കുന്ന യൂണിയന്‍ ആന്‍ഡ് സോളിഡാരിറ്റി ഡെവലപ്പ്‌മെന്റ് പാര്‍ട്ടി(യു എസ് ഡി പി) 76.8 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്തെത്തി. ഉപരിസഭയിലും പ്രാദേശിക സഭയിലും ആകെയുളള 1,069 സീറ്റുകളില്‍ യു എസ് ഡി പി 842 സീറ്റുകള്‍ നേടി.

പട്ടാള ഭരണകൂട അനുകൂല പാര്‍ട്ടികളായ നാഷണല്‍ യൂണിറ്റി പാര്‍ട്ടി 5.7 ശതമാനം സീറ്റുകള്‍ നേടി രണ്ടാംസ്ഥാനത്തും ഷാന്‍ നാഷണാലിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നാം സ്ഥാനവും 3.2 ശതമാനം വോട്ടുനേടി രഖായിംഗ് നാഷണല്‍ ഡെവലപ്പ്‌മെന്റ് പാര്‍ട്ടി തൊട്ടടുത്ത സ്ഥാനവും പങ്കിട്ടു. ജനാധിപത്യവാദി നേതാവ് ഓങ് സാന്‍ സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍ എല്‍ ഡി)യില്‍ നിന്നും തെറ്റിപ്പിരിഞ്ഞവര്‍ രൂപീകരിച്ച നാഷണല്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന് 1.5 ശതമാനം വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുളളൂ.

കരുതല്‍ തടങ്കലിലായിരുന്ന ജനാധിപത്യവാദി നേതാവ് ഓങ് സാന്‍ സൂകിയെയും അവരുടെ പാര്‍ട്ടിയെയും  തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാതിരുന്ന പട്ടാള ഭരണകൂടം സൂകിക്ക് വോട്ടവകാശവും നിഷേധിച്ചു. ജയില്‍ മോചിതയായി തിരിച്ചെത്തിയ സൂകി പട്ടാളഭരണകൂടത്തിന്റെ പാവസര്‍ക്കാരിനെതിരെ ഏതു രീതിയിലുളള സമരമാര്‍ഗ്ഗമായിരിക്കും അവലംബിക്കുകയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ജനയുഗം 231110

1 comment:

  1. മ്യാന്‍മറില്‍ 20 വര്‍ഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാളഭരണകൂടത്തെ അനുകൂലിക്കുന്ന പാര്‍ട്ടികള്‍ വന്‍വിജയം നേടി. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ അരങ്ങേറിയെന്ന അന്താരാഷ്ട്രസമൂഹത്തിന്റെ വിലയിരുത്തലുകള്‍ തളളിക്കൊണ്ടാണ് പട്ടാള ഭരണകൂടം തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടത്. പട്ടാള ഭരണത്തെ അനുകൂലിക്കുന്ന യൂണിയന്‍ ആന്‍ഡ് സോളിഡാരിറ്റി ഡെവലപ്പ്‌മെന്റ് പാര്‍ട്ടി(യു എസ് ഡി പി) 76.8 ശതമാനം വോട്ടോടെ ഒന്നാം സ്ഥാനത്തെത്തി. ഉപരിസഭയിലും പ്രാദേശിക സഭയിലും ആകെയുളള 1,069 സീറ്റുകളില്‍ യു എസ് ഡി പി 842 സീറ്റുകള്‍ നേടി.

    ReplyDelete