Thursday, August 25, 2011

മാറാട്: സിബിഐ അന്വേഷണത്തിന് കേന്ദ്രം തയ്യാറാകണം- വി എസ്

സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ മുസ്ലിംലീഗും ബിജെപിയിലെ ഒരുവിഭാഗവും നടത്തിയ നീക്കം പുറത്തുവന്ന പശ്ചാത്തലത്തില്‍ മാറാട് കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സംഭവത്തിലെ ഉന്നതതല ഗൂഢാലോചനയും വിദേശത്തുനിന്നെത്തിയ ഫണ്ടും സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യമാണെന്ന് മാറാട് കൂട്ടക്കൊലക്കേസ് അന്വേഷിച്ച തോമസ് പി ജോസഫ് കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. അതുപ്രകാരം സംസ്ഥാന സര്‍ക്കാര്‍ പലതവണ കേന്ദ്രസര്‍ക്കാരിനോട് സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ , ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല.

മാറാട് കൂട്ടക്കൊല സംബന്ധിച്ച് സിബിഐ അന്വേഷണം ഒഴിവാക്കാന്‍ മുസ്ലിംലീഗ് നേതൃത്വം ബിജെപിയിലെ ഒരുവിഭാഗത്തിന്റെ സഹായത്തോടെ ശ്രമിച്ചെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കയാണ്.

ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ മാറാട് വര്‍ഗീയാക്രമണം കേരളത്തെ നടുക്കിയ സംഭവമാണ്. സംഭവത്തിലെ കുറ്റവാളികളായി കോടതി വിധിച്ച നിരവധിപേര്‍ ഇപ്പോള്‍ ജയിലിലാണ്. എന്നാല്‍ , കൂട്ടക്കൊല നടത്തുന്നതിനും അതുവഴി കേരളത്തിലാകെ വര്‍ഗീയകലാപമിളക്കിവിടാനും ആസൂത്രണംചെയ്തവരെയും ഇതിന്റെ സാമ്പത്തികസ്രോതസ്സിനെയും കുറിച്ച് ഇനിയും അന്വേഷണം നടത്തേണ്ടതായിട്ടുണ്ട്. വിദേശത്തുനിന്നുള്ള പണം ഉള്‍പ്പെടെ എത്തിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ അടിയന്തര നടപടിയെടുക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടെന്താണെന്നറിയാന്‍ താല്‍പ്പര്യമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ സഹപ്രവര്‍ത്തകനായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സിബിഐ അന്വേഷണം തടയാന്‍ ശ്രമിച്ചു എന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാസര്‍കോട്ടെ വര്‍ഗീയാക്രമണം സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമീഷനെ ലീഗ് നേതൃത്വത്തിന്റെ സമര്‍ദത്തെതുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാരിന് പിരിച്ചുവിടേണ്ടിവന്നതെന്നത് ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. മാറാട് കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ലീഗിന്റെ നിലപാടുതന്നെയാണോ കോണ്‍ഗ്രസിന്റെ നിലപാടെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കണമെന്ന് വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 250811

1 comment:

  1. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ മുസ്ലിംലീഗും ബിജെപിയിലെ ഒരുവിഭാഗവും നടത്തിയ നീക്കം പുറത്തുവന്ന പശ്ചാത്തലത്തില്‍ മാറാട് കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സംഭവത്തിലെ ഉന്നതതല ഗൂഢാലോചനയും വിദേശത്തുനിന്നെത്തിയ ഫണ്ടും സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യമാണെന്ന് മാറാട് കൂട്ടക്കൊലക്കേസ് അന്വേഷിച്ച തോമസ് പി ജോസഫ് കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. അതുപ്രകാരം സംസ്ഥാന സര്‍ക്കാര്‍ പലതവണ കേന്ദ്രസര്‍ക്കാരിനോട് സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ , ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല.

    ReplyDelete