Thursday, September 1, 2011

കണ്ണൂര്‍: കെപിസിസിയും വെട്ടില്‍

ഡിസിസി പ്രസിഡന്റിനെ ഓഫീസില്‍ കയറ്റാതെ തടഞ്ഞുവച്ചു

കണ്ണൂര്‍ : കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്ന കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനെ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ എതിര്‍വിഭാഗം മൂന്നു മണിക്കൂര്‍ തടഞ്ഞുവച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിയുടെ അനുയായികളാണ് രാമകൃഷ്ണനെ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ 12 വരെ ഓഫീസില്‍ കയറ്റാതെ അവഹേളിച്ചത്. സുധാകരനെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ആവശ്യം തള്ളിയ രാമകൃഷ്ണന്‍ അവഹേളനത്തിനെതിരെ മുറ്റത്തെ കൊടിമരത്തിനു കീഴിലിരുന്ന് പ്രതിഷേധിച്ചതോടെ ഡിസിസി ഓഫീസ് സംഘര്‍ഷഭരിതമായി. ഗ്രൂപ്പ് വൈരം തീര്‍ക്കാന്‍ രണ്ടിന് തിരുവനന്തപുരത്ത് യോഗം വിളിക്കുമെന്നും പ്രശ്നത്തെക്കുറിച്ചു പഠിക്കാന്‍ മുതിര്‍ന്ന നേതാക്കളായ ആര്യാടന്‍ മുഹമ്മദിനെയും പി പി തങ്കച്ചനെയും ചുമതലപ്പെടുത്തിയതായും അറിയിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഫാക്സ് സന്ദേശമെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.

വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് രാമകൃഷ്ണന്‍ ഡിസിസി ഓഫീസില്‍ എത്തിയത്. ഉടനെ സുധാകര വിഭാഗം നേതാക്കളായ എം നാരായണന്‍കുട്ടി, സുമ ബാലകൃഷ്ണന്‍ , ടി ഒ മോഹനന്‍ , മാര്‍ട്ടിന്‍ ജോര്‍ജ്, വി രാധാകൃഷ്ണന്‍ , സത്യന്‍ വണ്ടിച്ചാല്‍ , എം പി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘം മുറ്റത്ത് തടഞ്ഞുനിര്‍ത്തി. സുധാകരനെതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാതെ ഓഫീസില്‍ കയറ്റില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചു. അതിനുതയ്യാറല്ലെന്ന് പറഞ്ഞ രാമകൃഷ്ണന്‍ കൊടിമരക്കീഴിലിരുന്നു. ഈ സമയം ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിനു സുധാകരന്‍ ഗ്രൂപ്പുകാര്‍ രാമകൃഷ്ണനെതിരെ മുദ്രാവാക്യം വിളിച്ച് ഓഫീസ് മുറ്റത്ത് ബഹളമാരംഭിച്ചു. നഗരത്തിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊടിമരച്ചുവട്ടിലിരുന്ന ഡിസിസി പ്രസിഡന്റിനെ വളഞ്ഞുവച്ച് ഭീഷണിപ്പെടുത്തി. സ്വേഛാധിപതിയെപോലെയാണ് രാമകൃഷ്ണന്‍ പെരുമാറുന്നതെന്നും രണ്ടുവര്‍ഷമായി ഡിസിസി നിര്‍വാഹകസമിതി വിളിച്ചിട്ടില്ലെന്നും പരാതിപറയാനെത്തുന്ന പ്രവര്‍ത്തകരോട് മോശമായാണ് പെരുമാറുന്നതെന്നും ഓഫീസ് മുറ്റത്ത് പ്രവര്‍ത്തകരോട് സംസാരിച്ച സുധാകര വിഭാഗം നേതാവ് എം നാരായണന്‍കുട്ടി കുറ്റപ്പെടുത്തി. കെ സുധാകരനാണ് രാമകൃഷ്ണനെ ഡിസിസി പ്രസിഡന്റാക്കിയത്. അന്നതിനെ എതിര്‍ത്ത എ ഗ്രൂപ്പുകാരുടെ തടങ്കലിലാണ് ഇപ്പോള്‍ രാമകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.

മാപ്പു പറയാന്‍ രാമകൃഷ്ണന്‍ തയ്യാറാകാത്തതിനാല്‍ ഉപരോധം അവസാനിപ്പിക്കാനാകാതെ സുധാകരന്‍ വിഭാഗം കുഴങ്ങി. ഇതിനിടെ ഒരുസംഘം ക്രിമിനലുകള്‍ രാമകൃഷ്ണനുനേരെ കൈയേറ്റത്തിനും മുതിര്‍ന്നു. കാര്യങ്ങള്‍ വഷളാവുകയാണെന്നു തിരിച്ചറിഞ്ഞ നേതാക്കള്‍ കെപിസിസി ഫാക്സിന്റെ പേരില്‍ ഉപരോധം നിര്‍ത്താന്‍ നിര്‍ബന്ധിതരായി. ഉപരോധം അവസാനിപ്പിച്ചുവെന്ന് പറഞ്ഞിട്ടും ക്രിമിനല്‍സംഘം രാമകൃഷ്ണനെ ഓഫീസ് പടിയില്‍ തടഞ്ഞു. അതോടെ വീണ്ടും കൊടിമരത്തിനു കീഴിലേക്ക് നീങ്ങിയ രാമകൃഷ്ണനെ നേതാക്കളിടപെട്ട് ഓഫീസിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞദിവസം സ്വകാര്യചാനല്‍ അഭിമുഖത്തിലാണ് പി രാമകൃഷ്ണന്‍ കെ സുധാകരനെ രൂക്ഷമായി വിമര്‍ശിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചു, രക്തസാക്ഷിഫണ്ട് മുക്കി, തോക്കും ബോംബുമുപയോഗിച്ചാണ് സുധാകരന്‍ ഡിസിസി പ്രസിഡന്റായത്, കുഞ്ഞനന്തന്‍ നായരെ പിന്തുണയ്ക്കുന്നതിനു പിന്നില്‍ പണമുണ്ടാക്കാനുള്ള ശ്രമമാണ് തുടങ്ങി കടുത്ത ആരോപണങ്ങളാണ് രാമകൃഷ്ണന്‍ ഉന്നയിച്ചത്. സുധാകരന്റെ പാര്‍ടിവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ പരാതിനല്‍കുമെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും രാമകൃഷ്ണന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കെപിസിസിയും വെട്ടില്‍

കണ്ണൂര്‍ : ജില്ലാ കോണ്‍ഗ്രസിലെ തുറന്ന പോര് കെപിസിസി നേതൃത്വത്തെയും വെട്ടിലാക്കി. കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിയും ഡിഡിസി പ്രസിഡന്റ് പി രാമകൃഷ്ണനും തമ്മിലുള്ള വൈരമാണ് തെരുവു കലാപമായി വളര്‍ന്നത്. ഫലത്തില്‍ ഇത് സംസ്ഥാനത്തെ എ ഗ്രൂപ്പും വിശാല ഐ ഗ്രൂപ്പും തമ്മിലുള്ള യുദ്ധമായി മാറിക്കഴിഞ്ഞു. ഡിസിസി പ്രസിഡന്റിനെ സുധാകരന്‍ വിഭാഗം ബുധനാഴ്ച മൂന്ന് മണിക്കൂര്‍ തടഞ്ഞുവച്ചിട്ടും സംസ്ഥാന നേതൃത്വം വേണ്ടരീതിയില്‍ പ്രതികരിച്ചില്ലെന്ന വിവാദവും കോണ്‍ഗ്രസില്‍ പുകയുന്നുണ്ട്.
ചെന്നിത്തലയ്ക്കുനേരെയാണ് ആരോപണം നീളുന്നത്. സുധാകരന്‍ വിഭാഗം പി രാമകൃഷ്ണനെ ആക്രമിക്കുമെന്ന ഘട്ടത്തില്‍ ,പ്രശ്നം ഒഴിവാക്കുന്നതിന് രണ്ടിന് കണ്ണൂരിലെ കാര്യം ചര്‍ച്ചചെയ്യാന്‍ കെപിസിസി പ്രത്യേകയോഗം വിളിക്കുമെന്ന് അറിയിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും അന്ന് യോഗം നടക്കുമെന്ന് ഉറപ്പില്ല. രാമകൃഷ്ണനെ ഈ പ്രശ്നത്തിന്റെ പേരില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്നതിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിയോജിച്ചതായി അറിയുന്നു. ജില്ലയില്‍ എ ഗ്രൂപ്പ് നേടിക്കൊണ്ടിരിക്കുന്ന ആധിപത്യം തകര്‍ക്കാന്‍ മനഃപൂര്‍വം വിശാല ഐ ഗ്രൂപ്പ് ശ്രമിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി വി ജെ പൗലോസിനെ കണ്ണൂരിലേക്കയച്ച് പ്രശ്നത്തിന് അയവുവരുത്താനുളള ശ്രമമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

പി രാമകൃഷ്ണനും സുധാകരനും തമ്മിലുള്ള തര്‍ക്കം നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് രണ്ടു തവണ പറഞ്ഞു തീര്‍ത്തതാണ്. ഐ ഗ്രൂപ്പുകാരനായാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയതെങ്കിലും സുധാകരന്റെ ഫാസിസ്റ്റ് രീതിക്കെതിരെ നിലപാട് സ്വീകരിച്ച് എ ഗ്രൂപ്പിന്റെയും പിന്തുണ നേടുകയായിരുന്നു പി രാമകൃഷ്ണന്‍ . ഉമ്മന്‍ ചാണ്ടിയുടെയും എ കെ ആന്റണിയുടെയും പിന്തുണയും നേടാനായി. വയലാര്‍ രവി ഗ്രൂപ്പിലായിരുന്ന സുധാകരന് വിശാല ഐഗ്രൂപ്പിന്റെ ഭാഗമായിട്ടും അവരുടെ പൂര്‍ണ പിന്തുണയാര്‍ജിക്കാന്‍ സാധിച്ചിട്ടില്ല.

deshabhimani 010911

2 comments:

  1. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്ന കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനെ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ എതിര്‍വിഭാഗം മൂന്നു മണിക്കൂര്‍ തടഞ്ഞുവച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിയുടെ അനുയായികളാണ് രാമകൃഷ്ണനെ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ 12 വരെ ഓഫീസില്‍ കയറ്റാതെ അവഹേളിച്ചത്.

    ReplyDelete
  2. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന് വധഭീഷണി. വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ വധഭീഷണി വന്നത്. പയന്നൂര്‍ ഭാഗത്തുനിന്നാണ് ഫോണ്‍ വന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞദിവസം കെ സുധാകരന്‍ എംപിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് സുധാകര വിഭാഗം രാമകൃഷ്ണനെ ഡിസിസി ഓഫീസില്‍ കയറ്റാതെ തടഞ്ഞിരുന്നു.

    ReplyDelete