Sunday, December 4, 2011

പീടികത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ്: 26 സ്ഥിരംജീവനക്കാരെ പുറത്താക്കാന്‍ നീക്കം

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പീടികത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 26 സ്ഥിരം ജീവനക്കാരെ പുറത്താക്കാന്‍ നീക്കം. തൊഴില്‍മന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ജീവനക്കാര്‍ക്ക് കൂട്ടത്തോടെ ജോലി നിക്ഷേധിക്കുന്നത്. ഇതോടെ അഞ്ചുലക്ഷത്തിലധികം അംഗങ്ങളുള്ള ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു.

ബോര്‍ഡ് നിലവില്‍വന്ന കാലംമുതലുള്ള 26 ജീവനക്കാരെ കഴിഞ്ഞ സര്‍ക്കാരാണ് സ്ഥിരപ്പെടുത്തിയത്. മാര്‍ച്ചുമുതല്‍ ഇവര്‍ക്ക് സ്ഥിരം ജീവനക്കാരുടെ ആനൂകുല്യം ലഭിച്ചു. നവംബര്‍ 11ന് യുഡിഎഫ് സര്‍ക്കാര്‍ ഇവരെ പിരിച്ചുവിട്ട് ഉത്തരവിറക്കി. സ്ഥിരപ്പെടുത്തലിന് ധനവകുപ്പിന്റെ അംഗീകാരമില്ലെന്നും പിഎസ്സിയെ അറിയിച്ചില്ലെന്നും ആരോപിച്ചായിരുന്നു ഉത്തരവ്. ജീവനക്കാര്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് പിരിച്ചുവിടല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. സ്ഥിരപ്പെടുത്താന്‍ ധനവകുപ്പിന്റെ അംഗീകാരമുണ്ടെന്നും ക്ഷേമനിധി ബോര്‍ഡില്‍ സ്പെഷ്യല്‍ റൂള്‍സ് നടപ്പായിട്ടില്ലാത്തതിനാല്‍ നിയമനം പിഎസ്സിയെ അറിയിക്കേണ്ടതില്ലെന്നുമുള്ള ജീവനക്കാരുടെ വാദം അംഗീകരിച്ചായിരുന്നു കോടതി വിധി. തുടര്‍ന്ന് ഓഫീസുകളില്‍ എത്തിയ ജീവനക്കാരെ ഹാജര്‍ ബുക്കില്‍ ഒപ്പിടാന്‍ അനുവദിക്കുന്നില്ല.

റീജണല്‍ ലേബര്‍ കമീഷണറെയാണ് ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത്. ഭരണസമിതി യോഗം വിളിച്ചുചേര്‍ക്കാന്‍ ഇദ്ദേഹം തയ്യാറായിട്ടില്ല. കഴിഞ്ഞദിവസം യോഗം വിളിച്ചെങ്കിലും മന്ത്രി ഓഫീസില്‍നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് റദ്ദാക്കി. എല്‍ഡി ക്ലര്‍ക്ക്- കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലുള്ള ജീവനക്കാര്‍ക്കാണ് ജോലി നിഷേധിക്കുന്നത്. ഇതോടെ ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി.

deshabhimani 041211

1 comment:

  1. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പീടികത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 26 സ്ഥിരം ജീവനക്കാരെ പുറത്താക്കാന്‍ നീക്കം. തൊഴില്‍മന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ജീവനക്കാര്‍ക്ക് കൂട്ടത്തോടെ ജോലി നിക്ഷേധിക്കുന്നത്. ഇതോടെ അഞ്ചുലക്ഷത്തിലധികം അംഗങ്ങളുള്ള ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു.

    ReplyDelete