Tuesday, December 14, 2010

ഉദ്യോഗത്തട്ടിപ്പ്: മാതൃകാ നടപടി അനിവാര്യം

കേരളത്തിന്റെ ആകെ ജനസംഖ്യയില്‍ 40 ശതമാനത്തോളംപേര്‍ യുവജനങ്ങളാണ്. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനവും നമ്മുടേതുതന്നെ. വിദ്യാസമ്പന്നരുടെ എണ്ണം ഏറെയും അവസരങ്ങള്‍ പരിമിതവുമായ കേരളത്തില്‍ യുവജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. ഇവിടെ ഏറ്റവും വലിയ പ്രതീക്ഷ സര്‍ക്കാര്‍ സര്‍വ്വീസുകളാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനം പരിമിതപ്പെട്ടതോടെ കേരളസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വലിയ ആശ്വാസമാണ് യുവജനങ്ങള്‍ അര്‍പ്പിച്ചുപോരുന്നത്.

    കഴിഞ്ഞ 50 വര്‍ഷമായി പൊതുവില്‍ വളരെ നിഷ്പക്ഷമായും വിശ്വാസ്യതയോടുംകൂടി പ്രവര്‍ത്തിച്ചുവരികയാണ് കേരള പബ്ളിക്സര്‍വ്വീസ് കമ്മീഷന്‍. എന്നാല്‍ നിയമന ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ തട്ടിപ്പിന്റെ കഥകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പിഎസ്സി പരീക്ഷപോലും എഴുതാത്തവര്‍ വ്യാജരേഖചമച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിപ്പറ്റിയതായി കണ്ടെത്തിയിരിക്കുന്നു. ഇതിനായി വ്യാജ അഡ്വൈസ് മെമ്മോയും ഹാള്‍ടിക്കറ്റുമാണ് ഇവര്‍ ഹാജരാക്കിയത്. ആദ്യം രണ്ടുപേരുടെ തട്ടിപ്പാണ് പുറത്തുവന്നതെങ്കില്‍ കള്ള നിയമനം നേടിയ ആറുപേരെക്കൂടി പിന്നീട് കണ്ടെത്തുകയായിരുന്നു. റാങ്ക്ലിസ്റ്റ് പ്രകാരമുള്ള നിയമനം എത്രത്തോളമായെന്ന് കണ്ടെത്താന്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ ശ്രമമാണ് ഈ വന്‍ തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്.

    വയനാട് ജില്ലയില്‍ ഈ കാലയളവില്‍ 8 ഒഴിവുകളാണ് റവന്യുവകുപ്പ് റിപ്പോര്‍ട്ടുചെയ്തത്. ഇതിലേക്കായി 8 പേരുള്‍പ്പെട്ട അഡ്വൈസ് മെമ്മോ പിഎസ്സി അയച്ചുകൊടുക്കുകയും ചെയ്തു. പിഎസ്സി അഡ്വൈസ്ലെറ്റര്‍ അയച്ച 8 പേരേയും ഒരു വ്യാജനേയും ചേര്‍ത്ത് 9 പേരുടെ മറ്റൊരു ലിസ്റ്റ് അവിടെ തയ്യാറാക്കുകയാണുണ്ടായതെന്നും വ്യക്തമായിരിക്കുന്നു. അങ്ങനെ അര്‍ഹരായ എട്ടുപേര്‍ക്കൊപ്പം ഒരാളെക്കൂടി തിരുകിക്കയറ്റി. പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഒഴിവിലേക്ക് ഒരാളുടെ പേരിലുള്ള അഡ്വൈസ് ലെറ്ററാണ് പിഎസ്സി അയച്ചതെങ്കില്‍ അതിലും ഒരു പേരുകൂടി ചേര്‍ത്ത് ലിസ്റ്റുണ്ടാക്കി. ഇതേ രീതിയിലാണ് മറ്റുള്ളവരും കള്ള നിയമനം നേടിയതെന്നും തെളിഞ്ഞിരിക്കുന്നു. ഇവിടെ വ്യാജ അഡ്വൈസ്ലെറ്റര്‍ ഹാജരാക്കിയാണ് നിയമനാധികാരികളില്‍നിന്ന് നിയമന ഉത്തരവ് ഒപ്പിട്ടുവാങ്ങിയതെന്ന് കരുതണം. എസ്റ്റാബ്ളിഷ്മെന്റിലെ എ1 സെക്ഷനിലെ യുഡി ക്ളാര്‍ക്ക് ആയ അഭിലാഷ് ആണ് ഈ കാര്യങ്ങളെല്ലാം കൈകാര്യംചെയ്തതെന്നതും പുറത്തുവന്നിരിക്കുന്നു. പിഎസ്സിയുടെ നിലവിലുള്ള രീതിപ്രകാരം ജില്ലാ ഓഫീസില്‍നിന്ന് രജിസ്ട്രേഡ് ആയിട്ടാണ് അഡ്വൈസ് മെമ്മോ കളക്ട്രേറ്റിലേക്ക് അയക്കുന്നത്. ഈ നിര്‍ണ്ണായകമായ രേഖ കൈകാര്യംചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ എച്ച് എസ് (ഹുസൂര്‍ ശിരസ്തദാര്‍) ആണ്. ഇദ്ദേഹം നിയമനാധികാരിയായ കളക്ടര്‍ക്ക് ഇതു കൈമാറുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ വെറും യുഡി ക്ളാര്‍ക്കായ അഭിലാഷാണ് ഇതെല്ലാം കൈകാര്യംചെയ്തതെന്നത് സംശയാതീതമായി ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഏതെങ്കിലുമൊരു സെക്ഷന്‍ ക്ളാര്‍ക്കോ, ഏതാനും ഉദ്യോഗസ്ഥരോ തീരുമാനിച്ചാല്‍ ഇത്തരത്തില്‍ പിഎസ്സി ലിസ്റ്റില്‍പെടാത്തവര്‍ക്ക് ജോലി സംഘടിപ്പിച്ചു നല്‍കാന്‍ കഴിയുമെന്ന് സ്ഥിരബുദ്ധിയുള്ള ആര്‍ക്കും കരുതാനാവില്ല. നിയമനാധികാരിയായ കലക്ടറെ മറികടന്നുകൊണ്ട് സുല്‍ത്താന്‍ബത്തേരി താലൂക്ക് ഓഫീസില്‍ വ്യാജനിയമനം നേടിയ കണ്ണനെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഓര്‍ഡര്‍ എഡിഎം ആണ് ഒപ്പിട്ടിരിക്കുന്നത് . ഏതെങ്കിലും കാരണവശാല്‍ എഡിഎം ഇത്തരത്തില്‍ ഉത്തരവിറക്കണമെങ്കില്‍ അത് കലക്ടറുടെ അനുമതിപ്രകാരം മാത്രമേ പാടുള്ളൂ. എന്നാല്‍ കണ്ണന്റെ നിയമന ഉത്തരവില്‍ എഡിഎം ആണ് ഒപ്പിട്ടിരിക്കുന്നത്. ഇതില്‍നിന്നും വ്യക്തമാകുന്നത് ഇതിന്റെ പിന്നില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ്.

    ജീവനക്കാരുടെ നിയമനത്തിന് പിഎസ്സി ശുപാര്‍ശചെയ്യുമ്പോള്‍ കലക്ടറേറ്റില്‍ അഡ്വൈസ് മെമ്മോയ്ക്കുപുറമെ ഫോട്ടോപതിച്ച ഹാള്‍ടിക്കറ്റും അയച്ചുകൊടുക്കാറുണ്ട്. ഉദ്യോഗാര്‍ത്ഥിയാകട്ടെ നിയമന ഉത്തരവിനുപുറമെ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നാണ് വ്യവസ്ഥ. കലക്ടര്‍ക്ക് പിഎസ്സി അയച്ചുകൊടുക്കുന്ന ഹാള്‍ടിക്കറ്റിലെ ഫോട്ടോ ഒത്തുനോക്കി ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയേണ്ടതുമാണ്. ബന്ധപ്പെട്ടവരെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചശേഷം ഒടുവില്‍ ഫയല്‍ കലക്ടര്‍ കാണേണ്ടതുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ പിഎസ്സിയുടെ അഡ്വൈസ് മെമ്മോയും ഫോട്ടോപതിച്ച ഹാള്‍ടിക്കറ്റും ഇല്ലാത്തവരെ ജോലിയില്‍ പ്രവേശിപ്പിച്ചത് ഉന്നതര്‍ അറിയാതെ നടക്കില്ലെന്ന് തീര്‍ച്ചയാണ്. ഉദ്യോഗാര്‍ത്ഥികളെ ജോലിയില്‍ പ്രവേശിപ്പിച്ച വിവരം നിയമനാധികാരി പിഎസ്സിയെ അറിയിക്കേണ്ടതുമുണ്ട്. ഇതുകൂടിയാവുമ്പോഴാണ് നിയമന നടപടികള്‍ പൂര്‍ത്തിയാകുന്നത്.

    നിയമരീതികള്‍ ഇതായിരിക്കെ ഉദ്യോഗാര്‍ത്ഥികള്‍ക്കു വന്ന അഡ്വൈസ്മെമ്മോ കലക്ടര്‍ അറിഞ്ഞില്ലെന്നുപറയുന്നത് അമ്പരപ്പുളവാക്കുന്നതാണ്. ഉദ്യോഗത്തട്ടിപ്പിനെക്കുറിച്ച് 4-ാം തീയതി രാവിലെ 10.30ന് വിവരം ലഭിച്ചിട്ടും അന്ന് വൈകിട്ട് 7 മണിയോടെ മാത്രമാണ് പൊലീസില്‍ റിപ്പോര്‍ട്ട്ചെയ്തത്. മാത്രമല്ല മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ വളഞ്ഞവഴിയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത് സംബന്ധിച്ച് പരാതി ലഭിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനു ലഭിച്ച ഈ കത്ത് ഒക്ടോബര്‍ 10ന് വയനാട് കലക്ടര്‍ക്ക് അയച്ചുകൊടുത്തതുമാണ്. എന്നാല്‍ ഗൌരവമേറിയ ഈ പരാതി കലക്ടറേറ്റില്‍വച്ച് മുക്കുകയാണുണ്ടായത്. ഇങ്ങനെയൊരു പരാതി വയനാട് കലക്ടര്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഈ ഉദ്യോഗത്തട്ടിപ്പ് നേരത്തേ പുറത്തുകൊണ്ടു വരാമായിരുന്നു. മാത്രവുമല്ല തട്ടിപ്പിലൂടെ ജോലി നേടിയവരെ പൊലീസ് വെരിഫിക്കേഷന്‍പോലുമില്ലാതെ റെഗുലറൈസ് ചെയ്തതായും പ്രാഥമികാന്വേഷണത്തില്‍ വെളിവായതാണ്. ഈ തട്ടിപ്പ് ജില്ലാ ഭരണാധികാരിയായ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണ് എന്നതാണ് പുറത്തുവന്ന കാര്യങ്ങള്‍ തെളിയിക്കുന്നത്. മുഖ്യ പ്രതിയായ അഭിലാഷ് എസ് പിള്ള തിരുവനന്തപുരത്തുനിന്നും വയനാട്ടിലേക്ക് വന്നിട്ട് 3 വര്‍ഷംപോലുമായിട്ടില്ല. ഇത്തരമൊരാള്‍ മാത്രം വിചാരിച്ചാല്‍ ഇതെല്ലാം ചെയ്യാന്‍ കഴിയില്ലെന്നത് തീര്‍ച്ചയാണ്. മാത്രമല്ല കലക്ട്രേറ്റില്‍ കലക്ടറുടേയും മറ്റ് ഉന്നതോദ്യോഗസ്ഥരുടേയും മേല്‍ അവിശ്വസനീയമായത്രയും സ്വാധീനം ഇദ്ദേഹത്തിനുണ്ടായിരുന്നു എന്നു തെളിയുന്നു. കലക്ട്രേറ്റില്‍ എന്തു നടക്കണം, നടക്കണ്ട എന്നുവരെ തീരുമാനിക്കാന്‍ കഴിയുംവിധം സ്വാധീനം ചുരുങ്ങിയ കാലംകൊണ്ട് ഇയാള്‍ക്കെങ്ങനെ നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതും പരിശോധിക്കേണ്ടതുണ്ട്. കലക്ടറുടെ തൊട്ടു കീഴിലുള്ള താക്കോല്‍ തസ്തികകളിലുണ്ടായിരുന്ന ചിലരെ തിരിഞ്ഞുപിടിച്ച് ഒഴിവാക്കുന്നതിലും, മറ്റു ചിലരെ പ്രതിഷ്ഠിക്കുന്നതിലും ജില്ലാ കലക്ടര്‍ കാണിച്ച വ്യഗ്രതയും അമിത താല്‍പര്യവും ദുരൂഹതയുയര്‍ത്തുന്നുണ്ട്. ഇവിടെ ഒരു കാര്യം വ്യക്തമാവുകയാണ്. കലക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും ഇടനിലക്കാരുമെല്ലാം ചേര്‍ന്നാണ് ഈ ഉദ്യോഗത്തട്ടിപ്പ് നടത്തിയത് എന്നതാണത്. ഉത്തരവാദപ്പെട്ട ഒരു സംഘടനയുടെ ഭാരവാഹിത്വമുള്ളയാളാണ് ഉദ്യോഗത്തട്ടിപ്പിന് സാരഥ്യംവഹിച്ചതെന്ന വസ്തുത അമ്പരപ്പിക്കുന്നതാണ്. ഈ കാര്യത്തില്‍ സംഘടനകള്‍ കുറെക്കൂടി ജാഗ്രത കാണിക്കേണ്ടതുണ്ട്.

    നിയമിക്കപ്പെടുന്നവര്‍ യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥികള്‍തന്നെയാണെന്ന് പരിശോധിക്കാന്‍ കുറ്റമറ്റ സംവിധാനം ആവശ്യമാണെന്നുള്ളതാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പിഎസ്സി ഒഴിവുകള്‍ റിപ്പോര്‍ട്ട്ചെയ്യുന്ന കാര്യത്തില്‍ കുറെക്കൂടി കണിശമായ നിലപാട് ഓരോ സര്‍ക്കാര്‍ വകുപ്പും സ്വീകരിക്കണം. വിരമിക്കല്‍പ്രായം ഏകീകരണത്തോടെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിക്കുന്നത് ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള ജാഗ്രത ബന്ധപ്പെട്ട വകുപ്പുകള്‍ കാണിക്കണം. ഒഴിവുകള്‍ റിപ്പോര്‍ട്ട്ചെയ്യുന്നതില്‍ അനാവശ്യമായ ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന പിശകും ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല.

    മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശംപോലും തെല്ലും ഗൌനിക്കാത്ത ചില വകുപ്പുമേധാവികളുണ്ട്. വിവിധ ജില്ലകളില്‍ വ്യത്യസ്ത തസ്തികകളിലേക്കുള്ള ഒഴിവുകള്‍ ഡിവൈഎഫ്ഐ ഉള്‍പ്പെടെ ഇടപെട്ടതിന്റെ ഭാഗമായാണ് പലപ്പോഴും റിപ്പോര്‍ട്ട്ചെയ്യാന്‍ തയ്യാറായത്. പലയിടത്തും ശക്തമായ ഇടപെടല്‍ നടത്തിയതിന്റെ ഭാഗമായിട്ടാണ് ഒഴിവുകളില്‍ പൂര്‍ണ്ണമായും നിയമനം നടന്നത്. തസ്തികകളില്‍ ഒഴിവുവരുന്ന മുറയ്ക്ക് പിഎസ്സിയെ അറിയിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമുണ്ടാകണം. ഇല്ലെങ്കില്‍ അത് അഴിമതിക്ക് വഴിയൊരുക്കുമെന്ന് വയനാട് സംഭവം വെളിവാക്കുന്നു. ഇതുസംബന്ധിച്ച് 10 വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത ബന്ധപ്പെട്ട വകുപ്പുകള്‍ പുലര്‍ത്തണം.

ടി വി രാജേഷ് സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ചിന്ത വാരിക 171210

1 comment:

  1. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശംപോലും തെല്ലും ഗൌനിക്കാത്ത ചില വകുപ്പുമേധാവികളുണ്ട്. വിവിധ ജില്ലകളില്‍ വ്യത്യസ്ത തസ്തികകളിലേക്കുള്ള ഒഴിവുകള്‍ ഡിവൈഎഫ്ഐ ഉള്‍പ്പെടെ ഇടപെട്ടതിന്റെ ഭാഗമായാണ് പലപ്പോഴും റിപ്പോര്‍ട്ട്ചെയ്യാന്‍ തയ്യാറായത്. പലയിടത്തും ശക്തമായ ഇടപെടല്‍ നടത്തിയതിന്റെ ഭാഗമായിട്ടാണ് ഒഴിവുകളില്‍ പൂര്‍ണ്ണമായും നിയമനം നടന്നത്. തസ്തികകളില്‍ ഒഴിവുവരുന്ന മുറയ്ക്ക് പിഎസ്സിയെ അറിയിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമുണ്ടാകണം. ഇല്ലെങ്കില്‍ അത് അഴിമതിക്ക് വഴിയൊരുക്കുമെന്ന് വയനാട് സംഭവം വെളിവാക്കുന്നു. ഇതുസംബന്ധിച്ച് 10 വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത ബന്ധപ്പെട്ട വകുപ്പുകള്‍ പുലര്‍ത്തണം.

    ReplyDelete