Sunday, December 4, 2011

ജനസമ്പര്‍ക്കത്തിന് വ്യാപകപണപ്പിരിവ്

തൃശൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി പൊലിപ്പിക്കാന്‍ വ്യാപക പണപ്പിരിവ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ക്വോട്ട നിശ്ചയിച്ചാണ് നിര്‍ബന്ധ പിരിവ്. ക്വോട്ട തികച്ചില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് ഭയന്ന് മാഫിയകളില്‍നിന്നും ഉദ്യോഗസ്ഥര്‍ പണം പിരിക്കുന്നുണ്ട്. തൃശൂരില്‍ 15ന് നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് ജില്ലാ സപ്ലൈ ഓഫീസ് വഴി 40,000 പേര്‍ക്കുള്ള ഭക്ഷണമെത്തിക്കാനാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. ഡെപ്യൂട്ടി കലക്ടറും ജില്ലാ സപ്ലൈ ഓഫീസറും ഇടപെട്ട് ഇത് കൃത്യമായി നടത്തണമെന്നാണ് മുകളില്‍നിന്നുള്ള ഉത്തരവ്.

15ന് രണ്ടായിരത്തിലധികം ഉദ്യോഗസ്ഥര്‍ എത്തും. കോണ്‍ഗ്രസ് നേതാക്കളുമുണ്ടാകും. ഇവര്‍ക്കെല്ലാം നാലുനേരം ഭക്ഷണമേര്‍പ്പെടുത്താന്‍ ലക്ഷങ്ങള്‍ വേണം. റേഷന്‍ വ്യാപാരികളില്‍നിന്ന് പണംപിരിച്ച് ഉച്ചഭക്ഷണം നല്‍കാനാണ് പരിപാടി. പണം പിരിക്കേണ്ട ചുമതല സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കാണ്. രാത്രിഭക്ഷണം നല്‍കേണ്ടത് റേഷന്‍ മൊത്തവ്യാപാരികള്‍ . ഇവരില്‍നിന്ന് പതിനായിരംരൂപ മുതല്‍ മുകളിലേക്കാണ് പിരിവ്. മന്ത്രിമാരുള്‍പ്പെടെയുള്ള വിഐപികള്‍ക്ക് നാലുനേരം പ്രത്യേക ഭക്ഷണം ഗ്യാസ് ഏജന്‍സികളുടെ ചെലവില്‍ . ഇതിന് ഡെപ്യൂട്ടി കലക്ടര്‍ , ജില്ലാ സപ്ലൈ ഓഫീസര്‍ മുഖേന ശനിയാഴ്ച ഗ്യാസ് ഏജന്‍സി ഉടമകളുടെ പ്രത്യേകയോഗം വിളിച്ചിരുന്നു. മറ്റു ചെലവുകള്‍ക്ക് മണല്‍ , ക്വാറി, റിയല്‍ എസ്റ്റേറ്റ് മാഫിയകളില്‍നിന്നുള്‍പ്പെടെ പണം പിരിക്കുന്നു. ചില ഭരണകക്ഷി യൂണിയനില്‍പ്പെട്ടവരും ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ പണംപിരിക്കുന്നുണ്ട്.

പരിപാടിക്ക് ആളെക്കൂട്ടാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും കോണ്‍ഗ്രസ് നേതാക്കളും റേഷന്‍കാര്‍ഡുടമകളെക്കൊണ്ട് അപേക്ഷ നല്‍കിക്കുന്നതായും ആരോപണമുണ്ട്. ഇതിനകം ലഭിച്ച അപേക്ഷകളില്‍ ഇരുപതിനായിരത്തോളവും എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കാനാണ്. ബിപിഎല്‍ ആക്കാന്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് തടസ്സങ്ങളുണ്ടെന്നറിഞ്ഞുകൊണ്ടാണ് ജനങ്ങളെ പ്രലോഭിപ്പിക്കുന്നത്. ധനസഹായം സംഘടിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കളും പണം പിരിക്കുന്നുണ്ട്. ഇതുകൂടാതെ കേരളോത്സവ നടത്തിപ്പിനും വിവിധ വകുപ്പുകളില്‍നിന്ന് പണം പിരിക്കുന്നുണ്ട്.

deshabhimani 041211

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി പൊലിപ്പിക്കാന്‍ വ്യാപക പണപ്പിരിവ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ക്വോട്ട നിശ്ചയിച്ചാണ് നിര്‍ബന്ധ പിരിവ്. ക്വോട്ട തികച്ചില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് ഭയന്ന് മാഫിയകളില്‍നിന്നും ഉദ്യോഗസ്ഥര്‍ പണം പിരിക്കുന്നുണ്ട്. തൃശൂരില്‍ 15ന് നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് ജില്ലാ സപ്ലൈ ഓഫീസ് വഴി 40,000 പേര്‍ക്കുള്ള ഭക്ഷണമെത്തിക്കാനാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. ഡെപ്യൂട്ടി കലക്ടറും ജില്ലാ സപ്ലൈ ഓഫീസറും ഇടപെട്ട് ഇത് കൃത്യമായി നടത്തണമെന്നാണ് മുകളില്‍നിന്നുള്ള ഉത്തരവ്.

    ReplyDelete