Sunday, December 4, 2011

മുക്കാല്‍ലക്ഷം മനുഷ്യജീവന്‍ എജിക്കും മന്ത്രിക്കും നിസ്സാരം

എജിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തുരങ്കംവച്ച വാദമുഖങ്ങള്‍ നിരത്തിയ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയെ പദവിയില്‍നിന്ന് ഉടന്‍ നീക്കില്ല. എജിക്കെതിരെ രോഷം അണപൊട്ടിയിട്ടും തല്‍ക്കാലം നടപടി വേണ്ട എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. ഈ നിലപാടിനെതിരെ യുഡിഎഫ് ഘടക കക്ഷികളും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങി.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഒഴുകിവരുന്ന വെള്ളം താങ്ങാന്‍ ഇടുക്കി ആര്‍ച്ച് ഡാമിനും ചെറുതോണി, കുളമാവ് ഡാമുകള്‍ക്കും സാധിക്കുമെന്നാണ് അഡ്വക്കറ്റ് ജനറല്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ പറഞ്ഞത്. തിങ്കളാഴ്ചത്തെ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ പ്രശ്നം ഏറ്റുമുട്ടലിന് വഴിയൊരുക്കും. എജിയുടെ വാദം ആവര്‍ത്തിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും നടപടി വേണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നു. എജി തങ്ങളുമായി ആലോചിച്ചിട്ടില്ലെന്ന് നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. ശനിയാഴ്ച ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി സഹമന്ത്രിമാരുമായും മറ്റും എജി പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. എജിക്ക് പറയാനുള്ളതുകൂടി കേട്ടശേഷം നടപടി സംബന്ധിച്ച് തീരുമാനിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രി വിശദമാക്കിയത്.

എജിയെ സംരക്ഷിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ഉള്ളിലിരിപ്പ് ഭരണമുന്നണിയിലും അമ്പരപ്പ് സൃഷ്ടിച്ചിരിക്കയാണ്. ഇതിനിടെ ഹൈക്കോടതിയില്‍ ദണ്ഡപാണി നടത്തിയ വെളിപ്പെടുത്തല്‍ അപ്പാടെ ശരിവച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മലക്കംമറിഞ്ഞു. താനും പ്രതിസ്ഥാനത്തായെന്ന് തിരിച്ചറിഞ്ഞാണ് ചുവടുമാറ്റം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ദുരന്തകൈകാര്യ സമിതി യോഗം തലസ്ഥാനത്ത് നടക്കുമ്പോഴാണ് എജി ഹൈക്കോടതിയില്‍ നിലപാട് പ്രഖ്യാപിച്ചത്. അതിനുമുമ്പ് തിരുവഞ്ചൂര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറുമായി അഡ്വക്കറ്റ് ജനറല്‍ ചര്‍ച്ച നടത്തിയിരുന്നു. എജിയെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തലയും കെപിസിസി വക്താവ് എം എം ഹസ്സനും പരസ്യമായി ആവശ്യപ്പെട്ടു. ചില എംഎല്‍എമാരും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്. മന്ത്രി കെ എം മാണി തിങ്കളാഴ്ച മുല്ലപ്പെരിയാറില്‍ ഉപവാസം നടത്തുമെന്നും പ്രഖ്യാപിച്ചു. എജി പ്രശ്നത്തില്‍ മുഖ്യമന്ത്രിയും മറ്റും ഒരു വശത്തും കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ മറുവശത്തുമാണ്. ജനവികാരം സസൂക്ഷ്മം അളന്നുനോക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
മുല്ലപ്പെരിയാര്‍ കേസ് ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. എജിയെ നീക്കിയാല്‍ പകരം ആളെ കണ്ടെത്തുക ദുഷ്കരമാണ്. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ ബാബു കൂട്ടുകെട്ടാണ് ദണ്ഡപാണിയെ എജിയാക്കിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ബെന്നി ബഹനാന്‍ എംഎല്‍എയും ഇതിനായി ചരട് വലിച്ചു. മുല്ലപ്പെരിയാര്‍ കേസ് ഹൈക്കോടതിയില്‍ വരുന്ന വിവരംപോലും എജി നിയമവകുപ്പിനെയോ മന്ത്രി കെ എം മാണിയെയോ അറിയിച്ചിട്ടില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് നിയമവകുപ്പിന്റെ നിലപാട് ആരായുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് നിയമവകുപ്പ് സെക്രട്ടറി സി പി രാമരാജ പ്രേമപ്രസാദ് നിയമമന്ത്രിയുടെ ഓഫീസില്‍ രേഖാമൂലം അറിയിച്ചത്. മന്ത്രി കെ എം മാണിയുടെ നിര്‍ദേശപ്രകാരം നിയമസെക്രട്ടറിയില്‍നിന്ന് ഇക്കാര്യം എഴുതിവാങ്ങുകയായിരുന്നു. നിയമസെക്രട്ടറി കത്ത് നല്‍കിയ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടുണ്ട്.
(കെ ശ്രീകണ്ഠന്‍)

മുക്കാല്‍ലക്ഷം മനുഷ്യജീവന്‍ എജിക്കും മന്ത്രിക്കും നിസ്സാരം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഇടുക്കി ആര്‍ച്ച് ഡാം താങ്ങുമെന്ന് വാദിക്കുന്ന അഡ്വക്കറ്റ് ജനറലും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിസ്സാരമാക്കുന്നത് മുക്കാല്‍ ലക്ഷം മനുഷ്യജീവനെ. ദുരന്തമുണ്ടായാല്‍ മുല്ലപ്പെരിയാറിനും ഇടുക്കിക്കുമിടയിലുള്ള ആറ് പഞ്ചായത്തുകളിലെ 75,000 പേര്‍ ദുരന്തത്തിനിരയാകുമെന്നതും സംസ്ഥാനത്തിന്റെ ഊര്‍ജകലവറയായ ഇടുക്കി പദ്ധതിയുടെ പകുതിയിലേറെ പ്രദേശം നികത്തപ്പെടുമെന്നുമുള്ള വസ്തുതയും ഇവര്‍ മറച്ചുവെച്ചു.

അണക്കെട്ടിനുതാഴെ പെരിയാര്‍ കടന്നുപോകുന്നത് ആറ് പഞ്ചായത്തുകളിലൂടെ. ഇടുക്കി തടാകം വരെയുള്ളത് കുമളി, വണ്ടിപ്പെരിയാര്‍ , പീരുമേട്, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെ 20ലധികം ജനവാസകേന്ദ്രങ്ങളും. ആദ്യജനവാസകേന്ദ്രം വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വള്ളക്കടവ്. തുടര്‍ന്ന് അമ്പലപ്പടി, കുരിശുമ്മൂട്, എച്ച്പിസി,കറുപ്പുപാലം, പെരിയാറിന്റെ ഇരുകരകളിലുമായി പരന്നുകിടക്കുന്ന വണ്ടിപ്പെരിയാര്‍ പട്ടണം.കീരിക്കര, മ്ലാമല, തേങ്ങാക്കല്‍ , പാത്തിമുക്ക്, മരുതുംപേട്ട, ചപ്പാത്ത്, ആലടി, പരപ്പ്, തോണിത്തടി, അയ്യപ്പന്‍കോവില്‍ , ആനക്കുഴി, ഉപ്പുതറ, പൊരികണ്ണി, കാക്കത്തോട് എന്നീ ഗ്രാമങ്ങളുമുണ്ട് പെരിയാറിന്റെ തീരത്ത്. പെരിയാര്‍ നദിയിലൂടെ അണക്കെട്ടില്‍നിന്ന് ഇടുക്കി തടാകത്തിലെത്താന്‍ 30 കിലോമീറ്റര്‍ ദൂരമുണ്ട്. നേര്‍രേഖയില്‍ 23 കിലോമീറ്റര്‍ മാത്രം.

ദുരന്തമുണ്ടായാല്‍ ഇത്രയും ദൂരം വെള്ളം ഒഴുകിയെത്താന്‍ രണ്ടുമുതല്‍ നാലു വരെ മണിക്കൂറെടുക്കുമെന്നും അതിനുള്ളില്‍ അറിയിപ്പുനല്‍കി ആളുകളെ രക്ഷപ്പെടുത്താമെന്നുമാണ് കഴിഞ്ഞദിവസം മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞത്. പെരിയാറില്‍ 50 അടി വെള്ളം ഉയരുമെന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ദുരന്തമുണ്ടായാല്‍ 136 അടി ഉയരത്തില്‍ കെട്ടി നിര്‍ത്തിയ വെള്ളം താഴേക്ക് കുതിക്കുന്നത് 120 കിലോമീറ്ററെങ്കിലും വേഗത്തിലും 200 അടിവരെ ഉയരത്തിലുമായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വെള്ളപ്പാച്ചില്‍ സര്‍വസംഹാരം നടത്തി മിനിറ്റുകള്‍ക്കുള്ളില്‍ ഇടുക്കി തടാകത്തിലെത്തും. ദുരന്തവിവരമറിയുംമുന്‍പേ ജനങ്ങളും വസ്തുവകകളും ഇടുക്കി തടാകത്തിലടിയും. ഇടുക്കിയുടെ സംഭരണശേഷി 70.5 ടിഎംസി യാണ്. മുല്ലപ്പെരിയാറിലുള്ള 11.3 ടിഎംസി വെള്ളം ഒഴുകിയെത്തിയാല്‍ ശേഖരിക്കാന്‍ ഇടുക്കിയിലെ വെള്ളം ഒഴുക്കിക്കളയാമെന്നു പറയുന്നവര്‍ വെള്ളത്തിനൊപ്പം ഈ പ്രദേശങ്ങളാകെ കുത്തിയൊഴുകി ഇടുക്കി പുനര്‍നിര്‍മിക്കാനാകാത്തവിധം നികന്നുപോകുമെന്നത് ഒളിച്ചുവയ്ക്കുന്നു. വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന മണ്ണ് അണക്കെട്ടിന്റെ സംഭരണശേഷി പകുതിയാക്കി കുറയ്ക്കും. പന്നിയാറില്‍ കേവലം ഒരു പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടിയപ്പോള്‍ താഴ്വാരത്തുള്ള മലയടക്കം കുത്തിയൊലിച്ചുപോയിരുന്നു. മുല്ലപ്പെരിയാറിലെ വെള്ളമെത്തുമ്പോഴേക്കും ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും രണ്ട് ഔട്ട്ലെറ്റ് ഗേറ്റും തുറന്നാല്‍ പത്ത് മിനിട്ടിനുള്ളില്‍ ചെറുതോണിയാറില്‍ 60 അടിയിലേറെ വെള്ളമുയരും. ചെറുതോണി ടൗണ്‍ വെള്ളത്തിനടിയിലാകും. പെരിയാറ്റിലെ വെള്ളപ്പൊക്കത്തില്‍ പനംകൂട്ടി പവര്‍ഹൗസില്‍ വെള്ളം കയറും. കവിഞ്ഞൊഴുകുന്നതിനുമുന്‍പേ താഴെയുള്ള ലോവര്‍ പെരിയാര്‍ അണക്കെട്ടും തുറന്നുവിടേണ്ടിവരും.
(കെ ജെ മാത്യു)

സര്‍ക്കാര്‍ കൂറുമാറ്റത്തില്‍ പ്രതിഷേധം ശക്തം

മുല്ലപ്പെരിയാര്‍ : മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂറുമാറിയതിനെതിരായ പ്രതിഷേധം സമരകേന്ദ്രങ്ങളില്‍ ആഞ്ഞടിക്കുന്നു. എംഎല്‍എമാരടക്കമുള്ളവര്‍ നിരാഹാരംനടത്തുന്ന ചപ്പാത്തിലും വണ്ടിപ്പെരിയാറിലും അഭിവാദ്യം അര്‍പ്പിക്കാനെത്തുന്നവര്‍ക്കെല്ലാം പറയാനുള്ളത് എജിയെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ വഞ്ചനയെക്കുറിച്ച്. മന്ത്രിമാരും കെപിസിസി ഭാരവാഹികളും അണക്കെട്ടിലും വള്ളക്കടവിലും വണ്ടിപ്പെരിയാറിലുമൊക്കെയെത്തി പറഞ്ഞ വാക്കുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തിയത്. പുതിയ അണ കെട്ടുകയല്ലാതെ കേരളത്തിന് രക്ഷയില്ലെന്നും അതുവരെയുള്ള ആശങ്കയും ഭീതിയും കുറയ്ക്കാന്‍ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കാന്‍ പരിശ്രമിക്കുമെന്നുമാണ് ഇവര്‍ മാധ്യമങ്ങളെ സാക്ഷിയാക്കി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. എന്നാല്‍ ഹൈക്കോടതിയില്‍ എത്തിയതോടെ ഭരണക്കാര്‍ വാക്കുമാറ്റുകയായിരുന്നു.

deshabhimani 041211

1 comment:

  1. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തുരങ്കംവച്ച വാദമുഖങ്ങള്‍ നിരത്തിയ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയെ പദവിയില്‍നിന്ന് ഉടന്‍ നീക്കില്ല. എജിക്കെതിരെ രോഷം അണപൊട്ടിയിട്ടും തല്‍ക്കാലം നടപടി വേണ്ട എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. ഈ നിലപാടിനെതിരെ യുഡിഎഫ് ഘടക കക്ഷികളും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങി.

    ReplyDelete