Wednesday, February 1, 2012

സ്വാശ്രയസ്ഥാപനങ്ങള്‍ വിദ്യാഭ്യാസനിലവാരം തകര്‍ത്തു: ഹൈക്കോടതി

സംസ്ഥാനത്ത് സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തിയത് വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്കു കാരണമായതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്വകാര്യ സ്വാശ്രയ കോളേജുകള്‍ വര്‍ധിച്ചതാണ് ഇതിനു കാരണമെന്നും ജസ്റ്റിസ് എസ് സിരിജഗന്‍ വിലയിരുത്തി.

സര്‍വകലാശാല പരീക്ഷകളിലെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് കോടതി പരാമര്‍ശം. ഗുണനിലവാരമില്ലാത്ത അഭ്യസ്തവിദ്യരെയാണ് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം സൃഷ്ടിക്കുന്നത്. ഡോക്ടറെയോ, ഡെന്റിസ്റ്റിനെയോ സമീപിക്കുന്നതിനുമുമ്പ് ഏതു സ്ഥാപനത്തില്‍നിന്നാണ് ബിരുദം സമ്പാദിച്ചതെന്ന് ആദ്യം അന്വേഷിക്കേണ്ട കാലം വിദൂരമല്ലെന്നും കോടതി പറഞ്ഞു. പത്രങ്ങളിലെ വൈവാഹിക കോളങ്ങളില്‍പ്പോലും വധുവോ, വരനോ എടുത്ത ബിരുദം മെറിറ്റിലാണെന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നത് കോടതി ചൂണ്ടിക്കാട്ടി. നിലവാരത്തകര്‍ച്ച തടയാനും ഇടപെടാനും അവസരം ലഭിച്ചിട്ടും കോടതിയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയില്ലെന്നും വിമര്‍ശനപരമായി വിലയിരുത്തി. ഇനിയെങ്കിലും കാര്യങ്ങള്‍ ശരിയായ ദിശയില്‍ കൊണ്ടുവരാനുള്ള വിവേകം കാണിക്കാന്‍ കോടതികളും ഭരണകൂടവും തയ്യാറാവുമെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവവും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലുള്ള വീഴ്ചയുംമൂലം ജനങ്ങള്‍ക്ക് നിസ്സാര കാര്യങ്ങള്‍ക്കുപോലും കോടതിയെ സമീപിക്കേണ്ടിവരികയാണ്. നിരുത്തരവാദപരമായരീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിപരമായി പിഴചുമത്തേണ്ടകാലം അതിക്രമിച്ചിരിക്കയാണെന്നും കോടതി പറഞ്ഞു.

deshabhimani 010212

2 comments:

  1. സംസ്ഥാനത്ത് സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തിയത് വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്കു കാരണമായതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്വകാര്യ സ്വാശ്രയ കോളേജുകള്‍ വര്‍ധിച്ചതാണ് ഇതിനു കാരണമെന്നും ജസ്റ്റിസ് എസ് സിരിജഗന്‍ വിലയിരുത്തി.

    ReplyDelete
  2. വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയ്ക്ക് കാരണം സ്വാശ്രയ സ്ഥാപനങ്ങളാണെന്ന ഹൈക്കോടതിയുടെ പരാമര്‍ശം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണെന്ന് കേരള സെല്‍ഫ് ഫൈനാന്‍സിങ് കോളജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എന്‍ ബാലഗോപാല്‍ എംപി പ്രസ്താവനയില്‍ പറഞ്ഞു. സ്വാശ്രയ കോളേജുകളുടെ നിലവാരം ഉയര്‍ത്താന്‍ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ ശുപാര്‍ശ ചെയ്യുന്ന നിരക്കില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ടോ എന്നും പരിശോധിക്കണം. വിദ്യാര്‍ഥി പ്രവേശനത്തില്‍ മെറിറ്റ് പാലിക്കാത്തതുപോലെ അധ്യാപക നിയമനത്തിലും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മിക്ക മാനേജ്മെന്റുകളും തയ്യാറാകുന്നില്ല. അര്‍ഹതപ്പെട്ട ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ലെ ന്ന് മാത്രമല്ല ചോദ്യം ചെയ്യുന്നവരെ മൃഗീയമായി പീഡിപ്പിക്കുകയാണ്. സമരം ചെയ്യുന്ന അധ്യാപകരെയും അനധ്യാപകരെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള മാനേജ്മെന്റുകളുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് സര്‍ക്കാര്‍ . സമാനമായ സ്ഥിതിയാണ് നേഴ്സിങ് മേഖലയിലും ഉള്ളത്. ന്യായമായ ആവശ്യങ്ങളുന്നയിച്ച് 20 ദിവസമായി കോഴിക്കോട് എഡബ്ല്യുഎച്ച് എന്‍ജിനിയറിങ് കോളേജിലെ അധ്യാപകരും അനധ്യാപകരും സമരരംഗത്താണ്. അടിച്ചമര്‍ത്താനാണ് മാനേജ്മെന്റ് ശ്രമം. ജനപിന്തുണയോടെ സമരം ശക്തിപ്രാപിക്കുകയാണ്. സമരം അതിവേഗം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബാലഗോപാല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete