Wednesday, February 1, 2012

പതാകദിനം ഇന്ന്, : തിരുവനന്തപുരം ചുവപ്പണിയും

ജനഹൃദയങ്ങളില്‍ വിപ്ലവാവേശത്തിന്റെ അഗ്നിജ്വാലകളുമായി ബുധനാഴ്ച തലസ്ഥാന ജില്ലയിലെങ്ങും വീടുകളില്‍ രക്തപതാക ഉയരും. പാര്‍ടി അംഗങ്ങള്‍ , അനുഭാവികള്‍ , വര്‍ഗ-ബഹുജന സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെയടക്കം മൂന്നു ലക്ഷം വീടുകളിലാണ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഒരേസമയം ചെങ്കൊടി പാറിച്ച് ചരിത്രം സൃഷ്ടിക്കുന്നത്. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയും വഹിച്ചുള്ള ജാഥ കണ്ണൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ബുധനാഴ്ച കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം നടത്തും. വിവിധ ജില്ലകളിലെ സ്വീകരണത്തിനുശേഷം വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെത്തും.

കായികമത്സരങ്ങളും സെമിനാറുകളും സാംസ്കാരിക യാത്രകളുമെല്ലാം ഒത്തുചേര്‍ന്ന് അനന്തപുരി ആദ്യമായി ആതിഥ്യമേകുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ നാടിനാകെ ഉത്സവഛായ പകര്‍ന്നിരിക്കയാണ്. ചൊവ്വാഴ്ച കിളിമാനൂര്‍ മടവൂരില്‍ നടന്ന മരമടി മത്സരം ഗ്രാമീണമേളയായി മാറി. ലോക ബോക്സിങ് താരം കെ സി ലേഖ മത്സരം ഉദ്ഘാടനംചെയ്തു. ചൊവ്വാഴ്ച നടന്ന ചെസ് മത്സരത്തില്‍ ലോക ചെസ് അസോസിയേഷന്‍ റേറ്റിങ് നേടിയ നാല് ദേശീയ താരങ്ങളടക്കം പങ്കെടുത്തു. ഫെബ്രുവരി നാലിന് ദീര്‍ഘദൂര ഓട്ടമത്സരത്തോടെയാണ് കായികമത്സരം സമാപിക്കുക. നൂറിലേറെ പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തിനും ചൊവ്വാഴ്ച പുത്തരിക്കണ്ടം മൈതാനിയിലെ നായനാര്‍ പാര്‍ക്കില്‍ തുടക്കം കുറിച്ചു. ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ ഉദ്ഘാടനംചെയ്തു. നാടന്‍ വിഭവങ്ങളുമായി ഭക്ഷ്യമേളയും ആരംഭിച്ചു. രുചി ലോകത്ത് ചരിത്രമെഴുതിയ നൗഷാദും ലക്ഷ്മിനായരുമാണ് ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

സമ്മേളനവിളംബരവുമായി ചൊവ്വാഴ്ച വൈകിട്ട് ഇരുചക്ര വാഹനങ്ങളില്‍ രക്തപതാകയേന്തി നൂറിലേറെ കേന്ദ്രത്തില്‍ ഘോഷയാത്ര നടന്നു. കോവളത്ത് "കേരള വികസനം: ഇന്നലെ, ഇന്ന്, നാളെ" എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ദേശീയ സെമിനാര്‍ മൂന്നിന് ആരംഭിക്കും. "ലോക്പാല്‍ നിയമവും ഇന്ത്യന്‍ ജനാധിപത്യവും" എന്നതാണ് വിഷയം. 4നും 5നും 6നും വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. വിജെടി ഹാളില്‍ ബുധനാഴ്ച വൈകിട്ട് നാലിന് പ്രതിഭാവന്ദനം നടക്കും. രാത്രി ഏഴിന് പാട്ടബാക്കി നാടകം അവതരിപ്പിക്കും. കലാ-സാഹിത്യ മത്സരങ്ങള്‍ 4നും 5നും വിജെടി ഹാളില്‍ നടക്കും. ചരിത്രപ്രദര്‍ശനത്തോട് അനുബന്ധിച്ച് ബുധനാഴ്ച സിനിമാ പ്രദര്‍ശനവും ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ തിയറ്ററില്‍ ബുധനാഴ്ച പ്രിയനന്ദനന്റെ "നെയ്ത്തുകാരന്‍", ആദിമധ്യാന്തത്തിലൂടെ ശ്രദ്ധേയനായ ഷെറിയുടെ ഹ്രസ്വചിത്രം "കടല്‍ത്തീരത്ത്" എന്നിവ പ്രദര്‍ശിപ്പിക്കും. കഥാപ്രസംഗ പരമ്പരയ്ക്കും ബുധനാഴ്ച തുടക്കം കുറിക്കും. ഗാന്ധിപാര്‍ക്കില്‍ വൈകിട്ട് ആറിന് തേവര്‍തോട്ടം സുകുമാരന്‍ "വേഗത പോരാ പോരാ" എന്ന കഥ അവതരിപ്പിക്കും. പുത്തരിക്കണ്ടം മൈതാനത്ത് കുട്ടികളുടെ തായമ്പകയോടെ ബുധനാഴ്ച വൈകിട്ട് കലാപരിപാടികള്‍ ആരംഭിക്കും.

deshabhimani 010212

1 comment:

  1. ജനഹൃദയങ്ങളില്‍ വിപ്ലവാവേശത്തിന്റെ അഗ്നിജ്വാലകളുമായി ബുധനാഴ്ച തലസ്ഥാന ജില്ലയിലെങ്ങും വീടുകളില്‍ രക്തപതാക ഉയരും. പാര്‍ടി അംഗങ്ങള്‍ , അനുഭാവികള്‍ , വര്‍ഗ-ബഹുജന സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെയടക്കം മൂന്നു ലക്ഷം വീടുകളിലാണ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഒരേസമയം ചെങ്കൊടി പാറിച്ച് ചരിത്രം സൃഷ്ടിക്കുന്നത്. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയും വഹിച്ചുള്ള ജാഥ കണ്ണൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ബുധനാഴ്ച കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം നടത്തും. വിവിധ ജില്ലകളിലെ സ്വീകരണത്തിനുശേഷം വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെത്തും.

    ReplyDelete