Wednesday, February 1, 2012

പിഞ്ചുകുഞ്ഞുങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി യുഡിഎഫിന്റെ രാഷ്ട്രീയക്കളി

ആരോരുമില്ലാത്ത പിഞ്ചു കുഞ്ഞുങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി യുഡിഎഫിന്റെ രാഷ്ട്രീയക്കളി. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമസമിതി ഭരണസമി തിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് സമിതിയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. തൈക്കാടുള്ള സമിതി ഓഫീസിനൊപ്പം പ്രവര്‍ത്തിക്കുന്ന ശിശുപരിചരണ ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 55 പിഞ്ചുകുട്ടികളാണ് ഇവിടെയുള്ളത്. കേന്ദ്രത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയാണ്.
മനുഷ്യത്വരഹിതമായ നടപടിസ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. നിലവിലുള്ള ഏഴംഗ ഭരണസമിതിയെ ചട്ടവിരുദ്ധമായും അകാരണമായും കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭരണസമിതിയെന്ന് കേന്ദ്ര സര്‍ക്കാര്‍പോലും വിലയിരുത്തിയ ഭരണസമിതിയെ പിരിച്ചുവിട്ടതിന് കാരണം തേടുകയാണ് യുഡിഎഫുകാര്‍ . കുട്ടികളുടെ സംരക്ഷണത്തിനായി കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിര്‍മിച്ചത് നഗരസഭയുടെ അനുമതി വാങ്ങിയില്ലെന്നും മറ്റുമുള്ള ആരോപണങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ പുതുതായി തിരുകി കയറ്റിയ ആള്‍ നിരന്തരമായി നടത്തിക്കൊണ്ടിരുന്ന കള്ളപ്രചാരണം മുഖവിലക്കെടുത്താണ് നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ടതെന്നുള്ളതാണ് കൗതുകകരം.

അനാഥബാല്യങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കുട്ടികളുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഭരണസമിതി കാഴ്ചവച്ചിരുന്നത്. പാവ മ്യൂസിയം, ഡേ കെയര്‍ സെന്റര്‍ തുടങ്ങിയവയെല്ലാം മാതൃകയായി. ഒമ്പത് സംസ്ഥാനങ്ങളിലെ ശിശുക്ഷേമസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതും ഈ ഭരണസമിതിയെ ആയിരുന്നു. ശിശുക്ഷേമ സമിതി ഭരണസമിതി പിടിച്ചെടുക്കാന്‍ ഹീനമായ മാര്‍ഗങ്ങളാണ് യുഡിഎഫും സര്‍ക്കാരും സ്വീകരിച്ചത്. പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തെയടക്കം മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി സമിതി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമം കാട്ടി. പൊലീസ് സംരക്ഷണയില്‍ പൂട്ട് തല്ലിത്തകര്‍ത്ത സംഘം രേഖകളും ഫയലുകളും കടത്തിക്കൊണ്ടുപോകുകയും ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍ , സുനില്‍ സി കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിക്രമം.

deshabhimani 010212

1 comment:

  1. ആരോരുമില്ലാത്ത പിഞ്ചു കുഞ്ഞുങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി യുഡിഎഫിന്റെ രാഷ്ട്രീയക്കളി. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമസമിതി ഭരണസമി തിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് സമിതിയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. തൈക്കാടുള്ള സമിതി ഓഫീസിനൊപ്പം പ്രവര്‍ത്തിക്കുന്ന ശിശുപരിചരണ ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 55 പിഞ്ചുകുട്ടികളാണ് ഇവിടെയുള്ളത്. കേന്ദ്രത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയാണ്.

    ReplyDelete