Friday, July 23, 2010

പൊടിതട്ടിയെടുത്താലോ ആ പഴയ സൈക്കിള്‍?

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ ചൂലിശ്ശേരിയില്‍ ഒരു വിശേഷത്തിനുപോയി മടങ്ങുകയായിരുന്നു. ഉച്ചനേരം. നല്ല വെയിലുണ്ട്. നാട്ടിന്‍പുറത്തിന്റെ ഊടുവഴികള്‍ താണ്ടി ബസ് സ്റ്റോപ്പിലെത്തി. സ്റ്റോപ്പില്‍ ആരുമില്ല. അടുത്ത ബസ്സിന്റെ സമയം ചോദിക്കാന്‍ ഒരു പെട്ടിക്കടയ്ക്കടുത്തു ചെന്നു.

കടക്കാരന്‍ ബീഡി വാങ്ങാന്‍വന്ന ഒരാളുമായി സംസാരിക്കുകയായിരുന്നു. കടയ്ക്കു പുറത്ത് നിര്‍ത്തിയിട്ടിരുന്ന സൈക്കിളില്‍ തലോടി അയാള്‍ പറഞ്ഞു: ''മിനിയാന്നാ വാങ്ങീത്. എന്തെങ്ക്‌ലും ആവശ്യത്തിന് ടൗണീപ്പുവ്വാന്‍ ബസ്സ് കാത്ത്‌നിക്കണ്ടല്ലോ. നടക്കാണെങ്കില്‍ അര മണിക്കൂറ് വേണം. ഇത്‌ലാച്ചാലോ, അഞ്ച് മിന്റ്റ്!'' എന്നിട്ട് അയാള്‍ സന്തോഷത്തോടെ ചിരിച്ചു. ആ മനുഷ്യന്റെ മുന്‍വശത്തെ നാലു പല്ലുകള്‍ ഇളകിപ്പോയിരുന്നു. അയാള്‍ അരുമയോടെ സൈക്കിള്‍ തലോടി. അയാളുടെ കൈവിരലുകളുടെ ചൂട് സൈക്കിളിന്റെ തിളങ്ങുന്ന ഹാന്‍ഡിലില്‍ മഞ്ഞുചിത്രങ്ങള്‍ വരച്ചു.
ബീഡി വാങ്ങാന്‍ വന്ന ആളോട് അയാള്‍ തുടര്‍ന്നു: ''ഞാനിദ് നാലഞ്ചെണ്ണം വാങ്ങിയിട്ടാലോ എന്നാലോചിയ്ക്ക്ാണ്. വാടകയ്ക്ക് കൊടക്കാം. ഏദ് വഴിയ്ക്കാ ഐശ്വര്യം വരാന്ന് പറയാന്‍ പറ്റ്‌ല്യലോ.''

സൈക്കിള്‍ നമ്മുടെ കുടുംബങ്ങളില്‍ അക്കാലത്ത് ഒരു ഐശ്വര്യം തന്നെയായിരുന്നു. 'വണ്ടി' എന്നു വെച്ചാല്‍ ഈ രണ്ടുചക്രവണ്ടിയായിരുന്നു നമുക്ക് അന്നൊക്കെ. കരുതലോടെ ഓടിച്ചും വൃത്തിയായി തുടച്ചും മനസ്സുകൊണ്ട് താലോലിച്ചും കണ്ണുപോലെ സൂക്ഷിച്ചും കൊണ്ടുനടന്ന വാഹനം. മുറ്റത്തായിരുന്നില്ല, പൂമുഖത്തോ ഇടനാഴിയിലോ ആയിരുന്നു അതിന്റെ സ്ഥാനം. എന്റെയെന്നോ നിന്റെയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും ഓമനയായി അതു നിലകൊണ്ടു.
മിനിയാന്ന് ജോലികഴിഞ്ഞുമടങ്ങുമ്പോള്‍ ആ സൈക്കിളിനേക്കുറിച്ചായിരുന്നു ആലോചിച്ചിരുന്നത്. രാവിലെ വായിച്ച ലേഖനമായിരുന്നു മനസ്സില്‍. ചൈനയിലെ ഷാങ്ഹായിലെ പുഡോങ് ജില്ലയില്‍ കഴിഞ്ഞ ഒരു കൊല്ലമായി ഒരു സൈക്കിള്‍വിപ്ലവം നടന്നുകൊണ്ടിരിയ്ക്കുകയാണ്. കാറുകളും മോട്ടോര്‍ബൈക്കുകളും സമ്പന്നതയുടെ അടയാളമായതോടെ നഗരം വലിയ ഒരു ഗതാഗതക്കുരുക്കിലായിരുന്നു. ഇതിനു പരിഹാരമായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഫ്രീ സൈക്കിള്‍ റെന്റിങ്. നഗരവാസികള്‍ക്കായി 12,000 സൈക്കിളുകളാണ് സര്‍ക്കാര്‍ ഒരുക്കിയത്. മെട്രോ റെയിലിന്റെ 230 സ്റ്റേഷനുകളിലായി 24 മണിക്കൂറും ഇവ ഒരുക്കിനിര്‍ത്തി. ആവശ്യം കഴിഞ്ഞാല്‍ ഈ പറഞ്ഞ 230 സ്റ്റേഷനുകളില്‍ ഏതിലെങ്കിലും എത്തിച്ചാല്‍ മതി സൈക്കിള്‍. നിസ്സാരമായ വാടകയാണ് ഈടാക്കുന്നത്. മണിക്കൂറിന് രണ്ടു യുവ. ഈ സൗകര്യം ദിവസവും പതിനായിരത്തിലധികം പേര്‍ ഉപയോഗപ്പെടുത്തുന്നു. ഈ പദ്ധതിയുടെ വിജയം സൈക്കിള്‍ക്കമ്പനികളേയും ആകര്‍ഷിച്ചിട്ടുണ്ട്. സോങ് മിങ് സൈക്കിള്‍ക്കമ്പനിക്കാര്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 6,500 സൈക്കിളുകള്‍ നല്‍കാന്‍ പോവുകയാണുപോല്‍. ഇന്നിപ്പോള്‍ തൊട്ടടുത്ത പട്ടണങ്ങളിലേയ്ക്ക് ഈ പദ്ധതി വ്യാപിപ്പിക്കുകയാണ്.

വീട്ടിലേയ്ക്കു നടക്കുമ്പോള്‍ എത്രപേര്‍ ഇപ്പോഴും സൈക്കിള്‍ ഓടിക്കുന്നുണ്ടെന്ന് ഒരു കൗതുകത്തിനായി ഞാന്‍ പരതിനോക്കി. മൂന്നു കിലോമീറ്റര്‍ നടത്തത്തിനിടയ്ക്ക് ഒരേയൊരു സൈക്കിള്‍ക്കാരനെയാണ് കണ്ടത്. അതേസമയം എന്നെ കടന്നുപോയ മോട്ടോര്‍ബൈക്കുകളുടെ എണ്ണം ഇരുപത്തഞ്ചില്‍ക്കൂടുതലായിരുന്നു. അതില്‍ത്തന്നെ പകുതിയും ഏതോ അത്യാഹിതസ്ഥലത്തേയ്‌ക്കെന്നപോലെ പാഞ്ഞുപോയവരായിരുന്നു.
എന്നെ കടന്നുപോയ ഏകനായ സൈക്കിള്‍സവാരിക്കാരന്റെ മുഖം ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്തോ തെറ്റു ചെയ്യുന്നപോലെയാണ് ആ ചെറുപ്പക്കാരന്‍ എന്റെ നോട്ടത്തെ നേരിട്ടത്. യുവതലമുറയുടെ പ്രതീകമായ ആ അതിവേഗവാഹനം ഇല്ലാത്തത് വലിയൊരു അപകര്‍ഷബോധം അയാളില്‍ ഉണ്ടാക്കിയെന്നു തോന്നി. വൈകാതെ ഒരു മോട്ടോര്‍ബൈക്ക് വാങ്ങിക്കോളാം എന്ന് വാക്കുതരികപോലുമായിരുന്നു അയാള്‍ എന്നും തോന്നി.
ചെറുപ്പക്കാരാ, ഞാന്‍ മനസ്സില്‍ പറഞ്ഞു. നിനക്ക് ഒരപകര്‍ഷബോധവും വേണ്ട. അറിയാമോ, ഈ വര്‍ഷം രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയ ഡോ. വെങ്കട്‌രാമന്‍ രാമകൃഷ്ണന്‍ ജോലിസ്ഥലത്തേയ്ക്ക് സൈക്കിള്‍ ഓടിച്ചാണത്രേ പോവുന്നത്. ഇരുപത്തഞ്ചു നാഴികയൊക്കെ സൈക്കിളോടിയ്ക്കാന്‍ ഒരു വിഷമവുമില്ലത്രേ അദ്ദേഹത്തിന്. മാത്രമല്ല കാറ് സ്വന്തമായി ഇല്ലതാനും. ഇത്ര വലിയ ഒരുദ്യോഗസ്ഥന് കാറു വാങ്ങാനുള്ള പാകമില്ലാത്തതാവില്ലല്ലോ. ബംഗളൂരില്‍ വന്നപ്പോള്‍ ഒരു കൂട്ടം കുട്ടികള്‍ അദ്ദേഹത്തിനോട് ഈ സൈക്കിള്‍സവാരിയേക്കുറിച്ചു ചോദിച്ചു. സൈക്കിളോടിച്ച് ജോലിസ്ഥലത്തെത്തുമ്പോഴേയ്ക്കും മനസ്സ് പണിയെടുക്കാന്‍ പാകപ്പെടുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റു വ്യായാമങ്ങളൊന്നും ചെയ്യാന്‍ സമയമില്ലാത്തതുകൊണ്ട് ഈ യാത്ര വളരെ ഗുണം ചെയ്യുന്നുണ്ടത്രേ.

സൈക്കിളിന്റെ ഗുണഗണങ്ങളേക്കുറിച്ച് വാചാലനായി അദ്ദേഹം. അന്തരീക്ഷമലിനീകരണമില്ല എന്നതാണ് അതിലൊന്ന്. ട്രാഫിക് നിയമങ്ങള്‍ക്ക് ഇളവുകളുള്ളതുകൊണ്ട് യാത്ര കൂടുതല്‍ വേഗത്തിലാവുന്നു എന്നത് മറ്റൊന്ന്. പല സ്ഥലത്തും കാറോടിച്ചുവരുന്നവരേക്കാള്‍ നേരത്തെ എത്താറുണ്ടത്രേ അദ്ദേഹം. ഇതില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍ പെട്രോള്‍ മാത്രമല്ല ലാഭമത്രേ: സൈക്കിളില്‍ കെട്ടിപ്പൂട്ടി വെയ്ക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് വാരിവലിച്ച് ഒന്നും വാങ്ങിക്കൂട്ടുകയുമില്ല!

അമേരിക്കയിലുള്ള എന്റെ ഒരു ബന്ധുവിന്റെ സൈക്കിള്‍ ഈയിടെ കളവുപോവുകയുണ്ടായി. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അവിടെ നോബല്‍ ജേതാവു മാത്രമല്ല, മറ്റുപലരും സൈക്കിളിലാണത്രേ യാത്ര! അതും സമ്പന്നരാഷ്ട്രമെന്നു പുകള്‍പെറ്റ അമേരിക്കയില്‍. അതിലും വലിയ അദ്ഭുതം അവിടെ സൈക്കിള്‍ക്കള്ളന്മാരൊക്കെ ഇപ്പോഴുമുണ്ട് എന്ന അറിവായിരുന്നു. നമ്മുടെ കള്ളന്മാരേക്കാള്‍ കഷ്ടമാണല്ലോ!

വിറ്റോറിയോ ഡിസീക്കയുടെ വിഖ്യാതമായ 'ബൈസിക്ക്ള്‍ തീവ്‌സ്' എന്ന ഇറ്റാലിയന്‍ ചിത്രം നാളിതുവരെ ഇറങ്ങിയവയില്‍വെച്ച് ഏറ്റവും ഉല്‍ക്കൃഷ്ടം എന്ന് ഒരു അഭിപ്രായവോട്ടെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടതാണ്. സാധാരണക്കാരന്റെ ജീവിതത്തോട് ഒരു സൈക്കിള്‍ എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നു പറയുകയാണ് ഈ ചിത്രം. മുനിസിപ്പാലിറ്റിയില്‍ പോസ്റ്ററൊട്ടിക്കുന്ന ജോലിയ്ക്ക് ഒഴിവുണ്ട്. പക്ഷേ സ്വന്തമായി സൈക്കിള്‍ വേണം. അതുകൊണ്ട് കഥാനായകന്‍ പുതപ്പുകള്‍ പണയംവെച്ച് ഒരു സൈക്കിള്‍ കരസ്ഥമാക്കുന്നു. പക്ഷേ അത് ആദ്യദിവസംതന്നെ മോഷണം പോയി. പിന്നെ അതു തിരിച്ചുകിട്ടാനുള്ള പരിശ്രമത്തിലാണ് അയാള്‍. അതു പരാജയപ്പെട്ടപ്പോള്‍ അയാള്‍ മറ്റൊരു സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ കയ്യോടെ പിടിക്കപ്പെട്ടു. സൈക്കിളില്ലാതെ അയാളുടെ ജീവിതം വഴിമുട്ടുകയാണ്.
നമ്മുടെ നാട്ടിലും സൈക്കിള്‍ പലതരം ജോലിയുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. പത്രക്കാരന്‍, പാല്‍ക്കാരന്‍, പോസ്റ്റുമാന്‍, മീന്‍ കച്ചവടക്കാരന്‍, പച്ചക്കറിക്കാരന്‍ എന്നിങ്ങനെ സൈക്കിള്‍ മാത്രം ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട്. അവരുടെ സൈക്കിളിന്റെ മണിയടികള്‍ പലതരം അറിയിപ്പുകളായിരുന്നു. സമയവ്യത്യാസം കൊണ്ടാണെങ്കിലും നമുക്കതു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.

പത്രക്കാരനും പാല്‍ക്കാരനും മറ്റും അവരുടെ തൊഴിലിന്റെ ഭാഗമായാണ് സൈക്കിള്‍ ഉപയോഗിച്ചതെങ്കില്‍ സൈക്കിള്‍തന്നെ ഉപജീവനമാര്‍ഗ്ഗമാക്കുന്ന പതിവും പണ്ടുണ്ടായിരുന്നു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പതിവുള്ള സൈക്കിള്‍യജ്ഞം അതായിരുന്നു. തുടര്‍ച്ചയായി ആറോ ഏഴോ ദിവസം സൈക്കിളില്‍ നിന്നിറങ്ങാതെ ഒരു മൈതാനത്തിന്റെ അതിരുകള്‍ വലംവെയ്ക്കുകയാണ് അയാള്‍ ചെയ്യുന്നത്. കുളിയും ഊണുമൊക്കെ സൈക്കിളില്‍നിന്നിറങ്ങാതെത്തന്നെ നിര്‍വ്വഹിക്കുന്നു. ഗിന്നസ് ബുക്കില്‍ പേരു വരാനായിരുന്നില്ല അത്തരം ഒരഭ്യാസത്തിനു അയാള്‍ മുതിര്‍ന്നിരുന്നത്. തന്റെ പാവപ്പെട്ട കുടുംബം പോറ്റാനായിരുന്നു. പലപ്പോഴും അയാളുടെ ഭാര്യയും കുട്ടികളും അതിനു സാക്ഷ്യം വഹിയ്ക്കാനെത്തും. കുട്ടികളുടെ ചില്ലറ അഭ്യാസങ്ങളുമുണ്ടാവും. കാണികളായി എത്തുന്നവര്‍ ചില്ലറ നാണയങ്ങള്‍ എറിഞ്ഞുകൊടുക്കും. പെട്ടിയില്‍നിന്നുയരുന്ന പാട്ടുകേള്‍ക്കാന്‍ വേണ്ടി മാത്രം ചുറ്റും കൂടിനില്‍ക്കുന്നവരും ഉണ്ടായിരുന്നു. ഒരു സൈക്കിളില്‍ കറങ്ങുന്ന ഒരു ചെറിയ ജീവിതം.

ഇന്നാലോചിക്കുമ്പോള്‍ ആ യജ്ഞത്തിന് പുതിയ മാനങ്ങള്‍ തോന്നുന്നുണ്ട്. ഈ 'ഠ' വട്ടത്തിനപ്പുറം ജീവിതമില്ല എന്നാവാം അയാള്‍ നമ്മളോട് പറഞ്ഞിരുന്നത്. എത്ര ഓടിയിട്ടും ഫലമൊന്നുമില്ല, എല്ലാം തുടങ്ങിയേടത്തുതന്നെ അവസാനിക്കുന്നു. എല്ലാം വെട്ടിപ്പിടിക്കാന്‍ നില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പാവാം. എത്രയോ ലളിതമാണ് ഈ ജീവിതം എന്നു പറയുകയുമാവാം. അതെന്തായാലും പറിച്ചെടുക്കാനാവാത്തവിധം ആ സൈക്കിള്‍ അയാളുടെ ഉടലിനോട് പറ്റിച്ചേര്‍ന്നിരുന്നു.

ഈ വണ്ടി നമ്മുടെ ജീവിതത്തോട് അത്രമേല്‍ ഒട്ടിനിന്നിരുന്ന അക്കാലത്ത് നാല്‍ക്കവലകളില്‍ സൈക്കിള്‍ വാടകയ്ക്കുകൊടുക്കുന്ന കടകളുണ്ടായിരുന്നു. മണിക്കൂറിന് ഒരണ എന്ന മട്ടില്‍ നിസ്സാരമായ സംഖ്യയ്ക്ക് സൈക്കിള്‍ കിട്ടിയിരുന്നു.

ഇത്തരം ഒരു കടയാണ് വൈശാഖന്റെ 'സൈലന്‍സര്‍' എന്ന കഥയിലെ ഈനാശുവും നടത്തിയിരുന്നത്. സൈക്കിള്‍ റിപ്പെയറിങ്ങുമുണ്ടായിരുന്നു അയാള്‍ക്ക്. പിന്നെപ്പിന്നെ സൈക്കിള്‍ ആര്‍ക്കും വേണ്ടാതായി. കൈയാളായി നിന്നിരുന്ന പീറ്റര്‍ മോട്ടോര്‍ബൈക്ക് റിപ്പെയറിങ് പഠിച്ച് വേറെ ജോലികിട്ടിപ്പോയി. മകന് ബാര്‍ ഹോട്ടല്‍ തുടങ്ങാന്‍ വേണ്ടി ഈനാശുവിന് കടനില്‍ക്കുന്ന സ്ഥലം വില്‍ക്കേണ്ടിവന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപാദത്തിലെ കേരളീയജീവിതത്തിന്റെ നേര്‍പ്പകര്‍പ്പാണ് ആ കഥ. സൈക്കിളുകള്‍ നിരത്തില്‍നിന്നു മറഞ്ഞു. എത്രയോ സൈക്കിള്‍ക്കടകള്‍ പൂട്ടിപ്പോയി. മോട്ടോര്‍ബൈക്കുകളുടെ പ്രചാരം തന്നെയാവാം കാരണം. പിന്നെയും കാരണങ്ങളുണ്ടാവാം. മുക്കുമൂലകളിലേയ്ക്ക് ബസ്സുകള്‍ ഓടിത്തുടങ്ങി. ഓട്ടോറിക്ഷകള്‍ നമ്മുടെ വിളി കാത്ത് വഴിയരികുകളില്‍ കാതോര്‍ത്തുകിടക്കാനും തുടങ്ങി. പിന്നെ നമുക്കെന്തിന് ഈ പാവം സൈക്കിളുകള്‍?

ഷാങ്ഹായ് മാതൃക നമുക്ക് നടപ്പിലാക്കാനാവുമോ? സംശയമാണ്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള നമ്മുടെ പാതകളില്‍ സൈക്കിളിനുവേണ്ടി പ്രത്യേകഭാഗം മാറ്റിവെയ്ക്കാനൊന്നും എളുപ്പമാവില്ല. പകരം വേറൊന്ന് ആലോചിക്കാവുന്നതാണ്. വിദ്യുച്ഛക്തി ബോര്‍ഡ് മുപ്പതുറുപ്പികയ്ക്ക് രണ്ടു സി എഫ് എല്‍ ബള്‍ബുകള്‍ ഓരോ വീട്ടിലേയ്ക്കും കൊടുത്തതുപോലെ വില കുറച്ച് ഓരോ വീട്ടിലേയ്ക്കും ഓരോ സൈക്കിള്‍ എത്തിച്ചുകൊടുക്കാവുന്നതല്ലേ? പെട്രോളിനും ഡീസലിനും വില കൂട്ടുമ്പോഴൊക്കെ ഹര്‍ത്താല്‍ വിളിക്കുന്നതിനു പകരം ഇത്രയെങ്കിലും ക്രിയാത്മകമായ ഒരു പദ്ധതിക്കു രൂപം കൊടുക്കാന്‍ കഴിയേണ്ടതല്ലേ നമുക്ക്?

ഇതുകൊണ്ടുണ്ടാവുന്ന ഗുണം പെട്രോള്‍ ഉപഭോഗം കുറയ്ക്കല്‍ മാത്രമല്ല. അന്തരീക്ഷമലിനീകരണം കുറയ്ക്കല്‍ കൂടിയാണ്. അമിതമായ മോട്ടോര്‍ബൈക്കു യാത്രകൊണ്ട് ഇന്നത്തെ യുവതലമുറയ്ക്കുണ്ടാവുന്ന പുറംവേദനയടക്കമുള്ള രോഗങ്ങള്‍ക്കും കുറവുവരും. ദേഹമനങ്ങാതെയുള്ള ഈ ജീവിതചര്യകൊണ്ടുകൂടിയാണല്ലോ രോഗികള്‍ പെരുകുന്നത്.

ഇതൊന്നും അറിയാത്തതല്ല നമുക്ക്. പക്ഷേ സൈക്കിള്‍ എന്നത് ഇന്ന് ദാരിദ്ര്യത്തിന്റെ അടയാളമായിപ്പോയി. അതു തിരുത്താന്‍ എന്താണ് ചെയ്യാന്‍ കഴിയുക? സൈക്കിളിന് ഒരു ബ്രാന്‍ഡ് അംബാസഡറെ നമുക്കു കണ്ടെത്തിയാലോ?

ഞങ്ങളുടെ നാട്ടില്‍ ഒരു സഖാവുണ്ടായിരുന്നു. എം എന്‍ നായര്‍ എന്ന മാതേത്തു നാരായണന്‍ നായര്‍. അദ്ദേഹം തൊണ്ണൂറു വയസ്സുവരെയും സൈക്കിളിലാണ് സഞ്ചരിച്ചിരുന്നത്. അദ്ദേഹത്തോളമോ അധിലധികമോ വയസ്സുള്ള ഒരു സൈക്കിള്‍. തൊപ്പിയും കാക്കിഷര്‍ട്ടും ട്രൗസറുമായിരുന്നു ആ തൊണ്ണൂറുകാരന്റെ വേഷം. ചെറുപ്പക്കാരെ നാണിപ്പിക്കുന്ന ആര്‍ജ്ജവവും ഓജസ്സുമുണ്ടായിരുന്നു അദ്ദേഹത്തിന്.

അല്ല; അദ്ദേഹത്തെ ബ്രാന്‍ഡ് അംബാസഡറാക്കണമെന്നല്ല. അദ്ദേഹം രണ്ടുകൊല്ലം മുമ്പു മരിച്ചുപോയല്ലോ. അല്ലെങ്കില്‍ത്തന്നെ ഒരു മുതുകിഴവന്‍ എങ്ങനെ ചെറുപ്പക്കാര്‍ക്കു ഹരമാവാന്‍! നമുക്കു സിനിമാതാരങ്ങളേത്തന്നെ ഉപയോഗിക്കാം. ആരാധകസംഘങ്ങള്‍വഴി അവര്‍ക്ക് ഇതൊക്കെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിഞ്ഞേയ്ക്കും. ഉപകാരമുള്ളത് എന്തെങ്കിലും ചെയ്തതിന്റെ പേരില്‍ അവര്‍ക്കു മോക്ഷം കിട്ടട്ടെ.

അല്ലെങ്കില്‍ വേണ്ട. സൈക്കിളോടിക്കുന്നത് അവരുടെ പ്രതിച്ഛായയ്ക്കു ചേര്‍ന്നതാവില്ല. പിന്നെ രാഷ്ട്രീയകക്ഷികളോ? അധികാരത്തിന്റെ പിന്നാലെ പായുന്നതിനിടയ്ക്ക് അവര്‍ക്കും ഇത്തരം നിസ്സാരകാര്യങ്ങള്‍ക്ക് സമയമുണ്ടാവില്ല. പിന്നെ ആരാണ്? സംഘടനകള്‍ തന്നെ വരണം. 'ശാസ്ത്രം നാടിന്റെ നന്മയ്ക്ക്' എന്ന മുദ്രാവാക്യം മുഴക്കുന്ന ശാസ്ത്രസാഹിത്യപരിഷത്തിനേത്തന്നെ സമീപിയ്ക്കാം. കുടുംബബജറ്റില്‍ മാസം ഇരുപതുറുപ്പികമാത്രം വരുന്ന സോപ്പുണ്ടാക്കുന്നതിനു പകരം അവര്‍ ഈ സൈക്കിള്‍സംസ്‌ക്കാരം പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കട്ടെ. കേരളത്തില്‍ സൈക്കിള്‍ക്കടകള്‍ പെരുകട്ടെ!
ചൂലിശ്ശേരിയില്‍ ആ കട ഇപ്പോഴും ഉണ്ടോ ആവോ. ഉണ്ടെങ്കില്‍ത്തന്നെ ആ കടക്കാരന്‍ ഉണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല. അന്നുതന്നെ അറുപതുവയസ്സിനപ്പുറം പ്രായമുണ്ടായിരുന്നു അയാള്‍ക്ക്. അയാള്‍ അന്നു പറഞ്ഞതുപോലെ കൂടുതല്‍ സൈക്കിളുകള്‍ വാങ്ങിയിട്ടുണ്ടാവുമോ? ഉണ്ടെങ്കില്‍ത്തന്നെ അയാളുടെ മക്കള്‍ ആ കട തുടര്‍ന്നു കൊണ്ടുപോയിട്ടുണ്ടാവാന്‍ സാദ്ധ്യതയില്ല.

എന്നാലും ഉച്ചവെയിലില്‍ തിളങ്ങിനിന്ന ആ സൈക്കിള്‍ എന്തുകൊണ്ടോ ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. വിടര്‍ന്നുനിന്ന അയാളുടെ കണ്ണുകളും. വാങ്ങാന്‍ പോവുന്ന സൈക്കിളുകളുടെ പേരില്‍ എന്തെന്തു സൗഭാഗ്യങ്ങള്‍ അയാള്‍ സ്വപ്നം കണ്ടിട്ടുണ്ടാവണം!

ശരിയാണ്. സ്വപ്നങ്ങള്‍ അങ്ങനെയാണ്. അവ കാലഹരണപ്പെടുന്നത് എപ്പോഴാണെന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല. നല്ല സ്വപ്നങ്ങള്‍ക്കിടയ്ക്കാണ് കൊതുകുകടിയേറ്റ് നമ്മള്‍ ഞെട്ടിയുണരുക.

എന്നാലും സ്വപ്നം കാണാതിരിക്കാന്‍ നമുക്കാവില്ല. വലിയ വലിയ സ്വപ്നങ്ങള്‍ക്കിടയ്ക്ക് ചില ചെറിയ സ്വപ്നങ്ങളും നമുക്കു കാണാം. ഏതു സ്വപ്നമാണ് നാളെ ഫലിക്കാന്‍ പോവുന്നതെന്നും ആര്‍ക്കും തിട്ടപ്പെടുത്താനാവില്ലല്ലോ!

അഷ്ടമൂര്‍ത്തി ജനയുഗം

ഉന്മേഷ് ദസ്തക്കീറിന്റെ 2 ചിത്രങ്ങള്‍

the bicycle days

Bicycle Days 2

15 comments:

  1. സൈക്കിള്‍ നമ്മുടെ കുടുംബങ്ങളില്‍ അക്കാലത്ത് ഒരു ഐശ്വര്യം തന്നെയായിരുന്നു. 'വണ്ടി' എന്നു വെച്ചാല്‍ ഈ രണ്ടുചക്രവണ്ടിയായിരുന്നു നമുക്ക് അന്നൊക്കെ. കരുതലോടെ ഓടിച്ചും വൃത്തിയായി തുടച്ചും മനസ്സുകൊണ്ട് താലോലിച്ചും കണ്ണുപോലെ സൂക്ഷിച്ചും കൊണ്ടുനടന്ന വാഹനം. മുറ്റത്തായിരുന്നില്ല, പൂമുഖത്തോ ഇടനാഴിയിലോ ആയിരുന്നു അതിന്റെ സ്ഥാനം. എന്റെയെന്നോ നിന്റെയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും ഓമനയായി അതു നിലകൊണ്ടു

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഹൃദ്യമാ‍യ കുറിപ്പ്. നന്ദി.

    ReplyDelete
  4. ഷാങ്ഹായ് മാതൃക നമുക്ക് നടപ്പിലാക്കാനാവുമോ?
    shanghai is not the best example to mention, when we discuss “cycling culture”. Amsterdam and Copenhagen are the best cycle friendly cities in the world. They have been cycling for more than last 100 years. In Amsterdam and Copenhagen there are separate and dedicated tracks available on each roads for cycling. More than 30% of the urban work force go to work on cycle. And the governments have plans to increase this to 50% by 2020.
    Why can’t we in India or at least in Kerala have something like that? A dedicated track for cycling on each road!!!
    People not willing to adapt cycle is first a cultural issue and secondly an infrastructure issue. In Copenhagen, even members of the parliament go to office every morning on cycle. In Kerala if someone go on cycle he is a “Kuthara”. That is how the society looks at him.
    With today’s road and traffic condition in Kerala, will someone reach home alive if he use a cycle?

    ReplyDelete
  5. ഈ മഴക്കാലം കഴിഞ്ഞ് എല്ലാ ശ്നിയഴ്ചയും കാറിന് അവധി കൊടുത്ത് സൈക്കിലില് യാത്രയാകാം എന്നൊരു തീരുമാനമെടുത്തിരിക്കുകയായിരുന്നു ഇതു കൂടി വായ്ച്ചപ്പോള്‍ തീര്‍ച്ചയാക്കി അതിനിടെ പേടിപ്പിക്കാതെ താരം With today’s road and traffic condition in Kerala, will someone reach home alive if he use a cycle

    ReplyDelete
  6. ഞാൻ സൈക്കിളിലേക്ക് മടങ്ങുന്നത് ഗൌരവമായി ആലോച്ഇച്ചു വരികയാണ്. കഴിഞ്ഞ ആഴ്ച കൂടി ഇത് വീട്ടിൽ ചർച്ച ചെയ്തു. തിരുവനന്തപുരം നഗരത്തിന്റെ കിടപ്പ് സൈക്കിൾ യാത്രയ്ക്ക് ശരിയല്ലെങ്കിൽ കൂടി അതു ചെയ്യാൻ തന്നെയാണ് തീരുമാനം. കൂടാൻ താല്പര്യമുൾലവർ അറിയിച്ചാൽ ഒരുമിച്ചു തുടങ്ങാം!

    ReplyDelete
  7. വളരെ പ്രസക്തിയുള്ള വിഷയം വളരെ ലാളിത്യത്തോടെ മനസ്സിലേക്ക് തന്നു. ഭാവുകങ്ങൾ.
    മലേഷ്യ്യിലെ സ്ത്രീകൾ അധികവും സൈക്കിൾ യാത്രക്കാറണ്‌.എന്തിനേറെ, ഗർഭിണികൾ പ്രസവത്തിന്‌ ഏകദേശം അര മണിക്കൂർ മുൻപ് സൈക്കിളിൽ വന്ന് പ്രസവത്തിനുള്ള സാധനസാമഗ്രികൾ ഞങ്ങളൂടെ കടയിൽ നിന്നും വാങ്ങിയിരുന്നത് ഇന്നും ഓർത്ത് പോകുന്നു.
    എന്റെ ഉപ്പയ്ക്ക് രണ്ട് തവണ ഹൃദയാഘാതം വന്ന വ്യക്തിയാണെ അദ്ദേഹം ഇന്നും കാതങ്ങളോളം സഞ്ചരിക്കുന്നത് സൈക്കിളീൽ തന്നെ. മക്കളായ ഞങ്ങളൊ..?. നടക്കേണ്ട ദൂരമായാലും ബൈക്കിൽ തന്നെ.

    ReplyDelete
  8. കുറേ ദിവസങ്ങള്‍ക്കു ശേഷം മനസ്സിരുത്തി വായിച്ച ഒരു ബ്ലോഗ് വായന. അതിമനോഹരമായിത്തന്നെ എഴുതിയിരിക്കുന്നു. വളരെ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാവുന്ന ഒരു കാര്യം തന്നെയാണ്. പക്ഷെ, നാശത്തിന്റെ അങ്ങേയറ്റം വരെ ചെന്ന് ഇനിയൊരു മടക്കം ഇല്ല എന്നു തിരിച്ചറിയുമ്പോളല്ലേ നമ്മള്‍ ബദലിനെക്കുറീച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്!!
    (ഫ്ലാറ്റില്‍ നിന്നും ഓഫീസിലേക്ക് പോകാന്‍ ഒരു സൈക്കിള്‍ വാങ്ങിയാലോ എന്ന ആലോചന മാസങ്ങള്‍ കഴിഞ്ഞിട്ടും അവശേഷിക്കുന്നു)

    ReplyDelete
  9. നല്ല ലേഖനം...

    സൈക്കിളിനെ സ്നേഹിച്ച്‌ സമൂഹ്യ-ശാരിരികാരോഗ്യ പ്രശ്നങ്ങളെ മറികടക്കാം...

    പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും സൈക്കിളിന്‌ പ്രത്യേകമായി പാർക്കിംഗ്‌ സൗകര്യം ഏർപ്പെടുത്തുക... സൈക്കിളുകൾ തിരിച്ചുവരും...

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. http://www.youtube.com/watch?v=a_8dGodhGtI

    ബ്ലോഗ്‌ വായിച്ചു കേരളത്തില്‍ സൈകില്‍ യാത്ര ചെയുവാന്‍ ആത്മാര്‍ഥമായി പലരും ആഗ്രഹിക്കുന്നു എന്നറിയുമ്പോള്‍ വലിയ സന്തോഷം.
    ജോലി സ്ഥലതിക്ക് ദിനവും 12 + 12 കിലോ മീറ്റര്‍ സൈക്കിള്‍ യാത്ര ചെയുന്ന ആള്‍ ആണ് ഞാന്‍. കേരളത്തിലും ഇന്ത്യയിലും അല്ല എന്ന് മാത്രം.

    ഇവിടെ സൈക്കിള്‍ ഓടിക്കുമ്പോള്‍ അനുഭവിക്കുന്ന ഒരു സുരക്ഷിതത്വം ഉണ്ട്, ഒരു സാമൂഹിക അംഗികാരം ഉണ്ട്, റോട്ടിലെ വായു ശ്വസിച്ചാല്‍ അസുഖം വാരില്ല എന്നൊരു ഉറപ്പുണ്ട്. സൈക്കിള്‍ സംസ്കാരം ഒരു ചെറിയ കാര്യമേ അല്ല എന്ന കാര്യം എനിക്ക് ഉറപ്പാണ്. ഒരു നാട് പല തരം ഉയരങ്ങളില്‍ എത്തി എന്നതിന്റെ തെളിവാണ് അത്തരം ഒരു സംസ്കാരം.

    അമേരിക്കയില്‍ പൊതുവില്‍ അങ്ങനെ ഒരു സംസ്കാരം ഇല്ല എന്നത് ശ്രദ്ധേയമാണ്.

    കുറഞ്ഞത്‌ ഫുട്ട് പാതിനോട് ചേര്‍ന്ന് രണ്ടു സൈക്ലിളിനെങ്കിലും പോകാവുന്ന പ്രതേക പാത ഇരു വശങ്ങളിലും അത്യാവശ്യം ആണ്. (ജീവനോടെ വീട്ടില്‍ എത്തുമെന്ന് ഉറപ്പിക്കുവാന്‍).

    സൈക്ലിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളിക്ക് ഒരു സുന്ദരമായ ഗത കാലമാണ് ഓര്‍മ വരുക.(മറ്റു പല നല്ല കാര്യങ്ങളെ പോലെ തന്നെ.) എന്നാല്‍ പല നാടുകളിലും അത് ആളുകള്‍ക്ക് ഒരു ദിനംദിന യാദാര്‍ത്ഥ്യം ആണ്. മറ്റു വഴക്കുകള്‍ എല്ലാം ഒഴിഞ്ഞു എന്നാണു സ്വപ്‌നങ്ങള്‍ ഇന്നെകളില്‍ നമ്മുക്ക് ജീവിക്കുവാന്‍ പറ്റുക. സൈക്കിള്‍ ഒരു ചെറിയ കാര്യം അല്ല. വലിയ പല കാര്യങ്ങളുടെയും അവസാമാണ് അത്.



    കേരളത്തില്‍ സൈക്കിള്‍ promote ചെയുന്ന ഒരു കൂട്ടായ്മ ഉണ്ടെങ്കില്‍ അതിനോട് ചേര്‍ന്ന് തല്‍പരരായ എല്ലാവര്ക്കും പ്രവര്‍ ത്തിക്കാമായിരുന്നു

    അങ്ങനെ ഒന്ന് ഇല്ലങ്കില്‍ ഒന്ന് ഉണ്ടാകേണ്ടത് വളരെ ആവശ്യമാണ് ; പാര്‍ട്ടികള്‍ക്കും മത സാമുദായിക സംഖടനകള്‍ക്കും അതീതമായി.

    ReplyDelete
  12. http://www.youtube.com/watch?v=nv6MJeabQSc

    ReplyDelete